22 September Friday

അതിക്രൂരം, വേദനാകജകം

വീണാ ജോര്‍ജ്/ ആരോഗ്യ.മന്ത്രിUpdated: Thursday May 11, 2023

കൊട്ടാരക്കരയിലെ യുവഡോക്ടറുടെ കൊലപാതകം ദൗർഭാഗ്യകരമാണ്. ചികിത്സിക്കാനായി പൊലീസ് കൊണ്ടുവന്നയാളാണ് ഡോ. വന്ദന ദാസിനെ ക്രൂരമായി ആക്രമിച്ചത്. ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്ന സംഭവമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്നത്. പൊലീസുകാർക്കും ആക്രമണത്തിൽ പരിക്കേറ്റു. സാധാരണ മെഡിക്കൽ കോളേജിലാണ് പൊലീസ് എയ്ഡ് പോസ്റ്റുള്ളത്. കൊട്ടാരക്കര ആശുപത്രിയിൽ എയ്ഡ് പോസ്റ്റുണ്ടായിരുന്നു. അവിടെ സിഎംഒയും ആരോഗ്യപ്രവർത്തകരും ഉണ്ടായിരുന്നു. ആക്രമണമുണ്ടായ ഉടൻതന്നെ ഡോക്ടറുടെ ജീവൻ രക്ഷിക്കാനായി പരിശ്രമിച്ചു. തിരുവനന്തപുരത്ത്‌ എത്തിച്ച് വിദഗ്ധ ചികിത്സ നൽകുന്നതിനിടെയാണ് മരിച്ചത്. വളരെ വിഷമകരമായ സംഭവമാണ്. ഇനിയൊരാൾക്കും ഇത് സംഭവിക്കാൻ പാടില്ല.

ആരോഗ്യപ്രവർത്തകർക്ക്‌ എതിരെയുള്ള അതിക്രമങ്ങൾ തടയാൻ 2012ൽ സംസ്ഥാന സർക്കാർ നിയമം പാസാക്കിയിരുന്നു. അതിക്രമങ്ങൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കാനും കാലോചിതമായി നിയമം ഭേദഗതി വരുത്താനുമാണ് ശ്രമിക്കുന്നത്. സമഗ്ര നിയമനിർമാണം നടത്താനാണ് ആലോചിക്കുന്നത്. എല്ലാവിഭാഗം ആരോഗ്യജീവനക്കാരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള നിയമമായിരിക്കും അത്. ഒപ്പം പൊതുജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കണം.
നിലവിലെ നിയമപ്രകാരം ആരോഗ്യരക്ഷാ സേവനപ്രവർത്തകർ എന്ന നിർവചനത്തിൽ രജിസ്‌റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർമാർ, രജിസ്‌റ്റേഡ് നഴ്‌സുമാർ, മെഡിക്കൽ വിദ്യാർഥികൾ, നഴ്‌സിങ്‌ വിദ്യാർഥികൾ, ആരോഗ്യസേവന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ്. ആരോഗ്യസ്ഥാപനത്തിന് എതിരായ ആക്രമണത്തിൽ ആദ്യം ഇരയാകുന്നത് സുരക്ഷാ ജീവനക്കാർ, റിസപ്ഷൻ ജീവനക്കാർ മുതലായവരാണ്. അതിനാൽ മറ്റു വിഭാഗം ജീവനക്കാരുടെ സുരക്ഷകൂടി ഉറപ്പാക്കേണ്ടതുണ്ട്. കൂടാതെ, അടുത്തകാലത്തായി ഒറ്റപ്പെട്ടതെങ്കിലും ആരോഗ്യസ്ഥാപനങ്ങൾക്കും സേവനപ്രവർത്തകർക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങൾ പ്രസ്തുത നിയമം കൂടുതൽ കാര്യക്ഷമമായും കർശനമായും നടപ്പാക്കുന്നതിന് ഉതകുന്ന രീതിയിൽ ഭേദഗതി വരുത്തുന്നതിന്  മേഖലയിലെ വിവിധ സംഘടനകൾ നിർദേശങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. നിയമംഭേദഗതി വരുത്തുന്നതിന് സർക്കാർ തത്വത്തിൽ തീരുമാനിക്കുകയും നടപടികളുമായി മുന്നോട്ടുപോകുകയുമാണ്.

കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ ഫയൽ ചെയ്ത കേസിൽ ഡോക്ടർമാർക്കും ഇതര ആരോഗ്യപ്രവർത്തകർക്കും എതിരായി ഉണ്ടാകുന്ന സംഭവങ്ങളിൽ ഹൈക്കോടതി സർക്കാരിന്റെ ഭാഗം കേൾക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

2012 ലെ കേരള ആരോഗ്യരക്ഷാ സേവനപ്രവർത്തകരും ആരോഗ്യസേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ആക്ട് ഭേദഗതി ചെയ്യുന്നതിന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു.അക്രമങ്ങൾ നടത്തുന്ന സാമൂഹ്യവിരുദ്ധർക്കെതിരെ കർശന നടപടിയെടുക്കാനും സ്ഥാപനങ്ങൾ സ്ഥിരമായി നിരീക്ഷിക്കാനും സംസ്ഥാന പൊലീസ് മേധാവിയോട്  വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.ഇത്തരത്തിൽ സർക്കാർ എടുത്തിട്ടുള്ള വിവിധങ്ങളായ നടപടികളിൽ  ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു. ഐഎംഎ, കെജിഎംഒഎ, കെജിഎംസിടിഎ തുടങ്ങിയ വിവിധ സംഘടനകളുമായി  വകുപ്പ്‌ മന്ത്രി നേരിട്ട് ചർച്ച നടത്തി. ഈ നിയമം എത്രയുംവേഗം യാഥാർഥ്യമാക്കാനാണ് ശ്രമിക്കുന്നത്.
അത്യാഹിത വിഭാഗത്തിലും മറ്റും അധിക കൂട്ടിരിപ്പുകാർ പാടില്ലെന്ന് തീരുമാനിച്ചതാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡിജിപി ഉൾപ്പെടെയുള്ളവരുടെ യോഗം നടത്തിയിരുന്നു. പുതുതായി നിയമിക്കുന്ന സെക്യൂരിറ്റി ജീവനക്കാർ വിമുക്തഭടൻമാരായിരിക്കണമെന്ന് നിർദേശം നൽകി. ആശുപത്രികളിലെ പ്രധാന ഭാഗങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിക്കാനും നിർദേശിച്ചു.മെഡിക്കൽ കോളേജുകളിലെ സുരക്ഷ വർധിപ്പിക്കാനും  ഉത്തരവിട്ടിരുന്നു. രോഗികളുടെകൂടെ ഒരു സമയം ഒരാൾ മാത്രമെന്നരീതിയിൽ പരമാവധി രണ്ട്‌ കൂട്ടിരിപ്പുകാരെ അനുവദിക്കാവുന്നതാണ്. അനധികൃതമായി ആശുപത്രിയിൽ കടക്കുന്നവരെ പൊലീസിന്‌ കൈമാറേണ്ടതാണ്.  |

അക്രമം നേരിടാൻ പൊതുനിർദേശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി  വകുപ്പ് ഡയറക്ടർക്കും ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും പൊതുനിർദേശങ്ങൾ നൽകിയിരുന്നു.  കാഷ്വാലിറ്റി, ഒപി പരിസരങ്ങളിൽ സിസിടിവി സ്ഥാപിച്ച്‌ പൊലീസ്‌  എയ്‌ഡ് പോസ്റ്റുമായി ബന്ധപ്പെടുത്തും. സെക്യൂരിറ്റി ജീവനക്കാരെ നിരീക്ഷിക്കാൻ പ്രത്യേക ചുമതല നൽകും. പാരാമെഡിക്കൽ ജീവനക്കാർക്കും മറ്റുള്ളവർക്കും സുരക്ഷാപരിശീലനം  ഉറപ്പുവരുത്തും. ഒപി, കാഷ്വാലിറ്റി പരിസരത്ത് സുരക്ഷയ്‌ക്കായി വിമുക്തഭടൻമാരെ മാത്രമേ നിയമിക്കാവൂ.

മരിച്ച ഡോക്ടർക്ക് ആദരാഞ്ജലി അർപ്പിച്ച് ആരോഗ്യ മന്ത്രിയെന്നനിലയിൽ നടത്തിയ പ്രതികരണം ചില മാധ്യമങ്ങൾ വളച്ചൊടിച്ച് പ്രചരിപ്പിച്ചു.  ഈ സംഭവത്തെക്കുറിച്ച് അവിടെയുള്ള ആരോഗ്യപ്രവർത്തകർ പറഞ്ഞ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. ഒരു പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ, വളച്ചൊടിച്ച് വിവാദമാക്കാൻ ശ്രമിക്കുന്നത് എന്ത് ക്രൂരതയാണ്. അത് മാധ്യമങ്ങളുടെ തലപ്പത്തുള്ളവരും പ്രതിപക്ഷവും ചിന്തിക്കണം. ഒരു ദുരന്തമുഖത്തുപോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്ട മനസ്സാണ് ഇവിടെ വെളിവാകുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top