29 March Friday

പ്രചോദനമേകിയ ഭരണാധികാരി - ഡോ. വി വേണു എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022


കോടിയേരിയെ അവസാനമായി കണ്ടു. അഞ്ചു വർഷത്തോളം അദ്ദേഹത്തിന്റെ കീഴിൽ ടൂറിസം വകുപ്പ്‌ സെക്രട്ടറിയായി ജോലി ചെയ്യാൻ അവസരം ലഭിച്ചിരുന്നു. ഈ കാലഘട്ടത്തിൽ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരായി മൂന്നുപേർ വന്നുപോയി. എന്നാൽ, ടൂറിസം വകുപ്പിന്റെ ചുമതല അദ്ദേഹം മറ്റാർക്കും നൽകിയില്ല. എന്റെ ഔദ്യോഗിക ജീവിതത്തിൽ മറ്റൊരു മന്ത്രിയുടെ കൂടെയും ഇത്രയുംകാലം ജോലി ചെയ്യുകയോ ഇതുപോലൊരു കാലമുണ്ടാകുകയോ ചെയ്‌തിട്ടില്ല, ഇനി ഉണ്ടാകുകയുമില്ല.

ഒരു മന്ത്രിയും സെക്രട്ടറിയും തമ്മിലുള്ള ബന്ധം എന്താകണമെന്നതിന്റെ  ഉദാഹരണമായിരുന്നു ഞങ്ങൾ. തന്റെ സെക്രട്ടറി സർക്കാരിന്റെയും വകുപ്പിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിച്ച്‌ ജോലി ചെയ്യുമെന്ന ഉത്തമവിശ്വാസം മന്ത്രിക്ക് ഉണ്ടാകണം. കോടിയേരിക്കൊപ്പം പ്രവർത്തിച്ച കാലം അദ്ദേഹത്തിന് എന്നിലുണ്ടായിരുന്ന വിശ്വാസത്തിലോ എനിക്ക് അദ്ദേഹത്തോടുണ്ടായിരുന്ന കൂറിലോ ഒരു അണുവിട കുറവുപോലും ഉണ്ടായിരുന്നില്ല.

ആഭ്യന്തര മന്ത്രിയെന്നനിലയിൽ ശക്തനായ ഭരണാധികാരിയെന്ന ഖ്യാതി അദ്ദേഹം നേടിയത് നേതൃപാടവത്തിലൂടെയായിരുന്നു. പൊലീസ് സേനയുടെ ഘടനയിലും പ്രവർത്തനത്തിലും കാതലായ മാറ്റങ്ങൾ അദ്ദേഹം കൊണ്ടുവന്നു. സമയത്തിന്റെ ഭൂരിപക്ഷവും പൊലീസ് വകുപ്പിനുവേണ്ടി മാറ്റിവച്ചു. വകുപ്പിന് പുതിയ ദിശാബോധം നൽകി. നിരന്തരമായ അവലോകനങ്ങളിലൂടെയും കൃത്യമായ ഇടപെടലിലൂടെയും വകുപ്പിന്റെ പ്രവർത്തനത്തെ ഉടച്ചുവാർത്തു.


 

എന്നാൽ, ടൂറിസം വകുപ്പിൽ തികച്ചും വ്യത്യസ്തമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. ടൂറിസം രംഗത്തെ എല്ലാ മേഖലയിലെയും വ്യക്തികളോട്‌ സംസാരിച്ചു. പ്രശ്നങ്ങൾ മനസ്സിലാക്കി. പുതുതായി ഏറ്റെടുത്ത വകുപ്പായതിനാൽ പാർടിയിൽ ടൂറിസം വ്യവസായത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചവർ കുറവായിരുന്നു. അതിനാൽ ഉദ്യോഗസ്ഥരുമായി വിഷയങ്ങൾ വിശദമായി ചർച്ചചെയ്തു. ദൈനംദിന കാര്യങ്ങളും സാങ്കേതിക വിഷയങ്ങളും പൂർണമായും സെക്രട്ടറിയുടെ മേൽനോട്ടത്തിൽ നടത്താൻ നിർദേശിച്ചു.

കേരള ടൂറിസത്തിന്റെ സുവർണ കാലഘട്ടത്തിന്റെ അമരക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണൻ. ഇന്ന് ലോകത്തിന്‌ മാതൃകയായ ഉത്തരവാദിത്വ ടൂറിസം ആരംഭിച്ചത് അദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു. മുസിരിസ് പൈതൃക ടൂറിസം പദ്ധതി, തലശേരി പൈതൃക ടൂറിസം, തീരദേശ ടൂറിസം ഡെസ്റ്റിനേഷനുകളുടെ സ്ഥാപനവും നവീകരണവും, കെടിഡിസിയുടെ പുതിയ സംരംഭങ്ങൾ, ലോക ടൂറിസം വ്യവസായരംഗത്ത് കേരളത്തിന്റെ ക്യാമ്പയിനുകൾ, ആഭ്യന്തരടൂറിസത്തിലെ കുതിപ്പ്... ഇങ്ങനെ നിരവധി സംരംഭങ്ങൾ, ചുവടുവയ്‌പുകൾ.

ടൂറിസത്തിലെ കേരളത്തിന്റെ മുന്നേറ്റങ്ങളുടെ പിന്നിൽ കോടിയേരിയുടെ ഉപദേശവും അനുമതിയും ആശീർവാദവും ഉണ്ടായിരുന്നു. ഈ കാലയളവിൽ ഒരിക്കൽപ്പോലും അദ്ദേഹം ഞങ്ങളോട് ശബ്ദമുയർത്തുകയോ കയർത്തു സംസാരിക്കുകയോ ചെയ്തില്ല. സൗമ്യമായ പെരുമാറ്റം, ദൃഢമായ തീരുമാനങ്ങൾ, മികവിനെ അംഗീകരിക്കാനുള്ള മനസ്സ്. ഒരു യഥാർഥ ഭരണാധികാരിയുടെ ഏറ്റവും മികച്ച രൂപമാണ് കോടിയേരിയിൽ കണ്ടത്. തന്റെ ടീമിൽ ജോലി ചെയ്ത ഓരോ വ്യക്തിയോടും സ്നേഹത്തോടും ബഹുമാനത്തോടും പെരുമാറുന്ന ഭരണാധികാരിയായിരുന്നു കോടിയേരി. ആ വേർപാട്‌ ഏറെ വേദനാജനകമാണ്, വ്യക്തിപരമായി വലിയ നഷ്ടവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top