28 March Thursday

സുപ്രീം കോടതി വിധിയും ജിഎസ്‌ടിയും...ഡോ. ടി എം തോമസ് ഐസക് എഴുതുന്നു

ഡോ. ടി എം തോമസ് ഐസക്Updated: Friday Jun 10, 2022

ഡോ. ടി എം തോമസ് ഐസക്

ജി.എസ്.ടി  സംബന്ധിച്ച് ഗൗരവമായ ചില നിരീക്ഷണങ്ങള്‍ നടത്തുന്നതിനു സുപ്രീംകോടതി തെരഞ്ഞെടുത്ത സമയം ഇതിനേക്കാള്‍ സന്ദര്‍ഭോചിതമാകാനാവില്ല. വിധി യഥാര്‍ത്ഥത്തില്‍ കപ്പല്‍ കടത്തുകൂലി അടക്കം വില നിശ്ചയിച്ച് വിദേശത്തുനിന്നു ചരക്കുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ അതിന്റെ കടത്തുകൂലിയുടെമേല്‍ പ്രത്യേകം ജി.എസ്.ടി ചുമത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടോ എന്നതിനെക്കുറിച്ചാണ്. ഗുജറാത്ത് ഹൈക്കോടതി ഇല്ല എന്നു വിധിച്ചു. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ നല്‍കി. സുപ്രീംകോടതി ആ വിധി ശരിവച്ചു. ഇതിനെക്കുറിച്ച് വിവാദമൊന്നും ഇല്ല.

തങ്ങളുടെ നിലപാട് സമര്‍ത്ഥിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ നികുതി ചുമത്തുന്നതിന് ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചതാണ്, അതിനാല്‍ മറിച്ചു തീരുമാനിക്കാന്‍ കേന്ദ്രസര്‍ക്കാരിനോ സംസ്ഥാനസര്‍ക്കാരുകള്‍ക്കോ അധികാരമില്ല എന്നു വാദിച്ചു. ഈ വാദത്തെ പൂര്‍ണ്ണമായി സുപ്രീംകോടതി തള്ളിക്കളഞ്ഞു. അതുമായി ബന്ധപ്പെട്ട് ജി.എസ്.ടി കൗണ്‍സിലിന്റെ സ്വഭാവത്തെ കുറിച്ചും നികുതി ചുമത്താനുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തെ സംബന്ധിച്ചും ചില നിരീക്ഷണങ്ങള്‍ സുപ്രീംകോടതി നടത്തി. അവയാണ് വിവാദമായി മാറിയത്.

കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ തന്നെ സുപ്രീം കോടതി വീണ്ടും എടുത്തുപറഞ്ഞിരിക്കുകയാണ്. അതുകൊണ്ട് ജി.എസ്.ടിയുടെ നടത്തിപ്പില്‍ ഒരു മാറ്റവും ഈ വിധി അനിവാര്യമാക്കുന്നില്ല എന്നാണ്. അതേസമയം, എല്ലാ പ്രതിപക്ഷ സംസ്ഥാനസര്‍ക്കാരുകളും ഈ വിധിയെ സ്വാഗതം ചെയ്തു. ഏകീകൃത നികുതിയുടെ പേരില്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ പൂര്‍ണമായി കവരുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ഈ വിധി സഹായിക്കുമെന്നാണ് കേരളം അടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങള്‍ വിലയിരുത്തിയിട്ടുള്ളത്.

സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍

ഇവയാണ് സുപ്രീംകോടതിയുടെ പ്രധാന നിരീക്ഷണങ്ങള്‍:
ഒന്ന്, ഭരണഘടന പ്രകാരം ജി.എസ്.ടി കൗണ്‍സില്‍ ഒരു ഉപദേശക സമിതിയാണ്. അവയുടെ തീരുമാനങ്ങള്‍ കേന്ദ്രþസംസ്ഥാന സര്‍ക്കാരുകളുടെ നിയമങ്ങളായി മാറ്റണം. ജി.എസ്.ടി കൗണ്‍സില്‍ ഭരണഘടനാ ഭേദഗതി നിയമസഭകളുടെയും പാര്‍ലമെന്റിന്റെയും നിയമനിര്‍മ്മാണ പരമാധികാരത്തെ ഇല്ലാതാക്കുന്നില്ല.

സംസ്ഥാനങ്ങള്ക്കും കേന്ദ്രത്തിനും അതില്‍നിന്നു വ്യത്യസ്തമായ തീരുമാനങ്ങള്‍ എടുക്കാം. മറിച്ച് കൗണ്‍സില്‍ തീരുമാനങ്ങളെല്ലാം അനിവാര്യമായി അംഗീകരിക്കേണ്ടതാണ് എന്ന നിലപാട് ധനപരമായ ഫെഡറലിസത്തിനു വിരുദ്ധമാണ്.

രണ്ട്, കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ജി.എസ്.ടി നിയമം നിര്‍മ്മിക്കുന്നതിന് അധികാരമുണ്ട്. കേന്ദ്ര നിയമത്തിനു വ്യത്യസ്തമായി സംസ്ഥാന നിയമം നിര്‍മിച്ചാല്‍ അതു സാധുവാകില്ല എന്നുള്ള വിസമ്മതവ്യവസ്ഥ (repugnancy clause)നിയമത്തില്‍ ഇല്ല. അതുകൊണ്ട് കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യവും സമാന്തരവുമായ അധികാരമുണ്ട്.

മൂന്ന്, ഇന്ത്യയുടെ ഫെഡറലിസം സഹകരണാത്മകവും നിഷേധാത്മകവുമായ ഫെഡറല്‍ നിലപാടുകള്‍ തമ്മിലുള്ള ഒരു സംവാദമാണ്. ഇതില്‍ വിവിധ ഫെഡറല്‍ ഘടകങ്ങള്‍ സ്വാധീനം ചെലുത്തുന്നതിനു സഹകരണം മുതല്‍ കഠിന എതിര്‍പ്പുവരെ വ്യത്യസ്തമായ രീതികള്‍ അവലംബിക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട്.

ജി.എസ്.ടി നഷ്ടപരിഹാര കാലാവധി

ജി.എസ്.ടിയില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് എല്ലാവരും ചിന്തിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് ഇത്തരത്തില്‍ നിരീക്ഷണവും വ്യാഖ്യാനവും സുപ്രീംകോടതി നല്‍കിയത്. ഇതാണു വിധിയുടെ പ്രാധാന്യം. കേരളം തുടക്കം മുതല്‍ എടുത്തുവന്ന നിലപാട് ജി.എസ്.ടി നിയമത്തില്‍ സംസ്ഥാന ധന സ്വയംഭരണം പരിഗണിച്ച് അയവുകള്‍ കൊണ്ടുവരണമെന്നാണ്. അതുപോലെ ജി.എസ്.ടി പണക്കാരുടെമേല്‍ കൂടുതല്‍ നികുതി ചുമത്തുന്ന നികുതി വ്യവസ്ഥയായി ഭേദഗതി ചെയ്യണമെന്നാണ്. അതുവഴി കൂടുതല്‍ വിഭവസമാഹരണവും സംസ്ഥാനങ്ങള്‍ക്ക് ഉറപ്പാക്കാനാവും.

എന്നാല്‍ ഇതിനുവിരുദ്ധമായി കേന്ദ്രസര്‍ക്കാരും കോര്‍പ്പറേറ്റുകളും നികുതി നിരക്കുകളുടെ എണ്ണം കുറച്ചുകൊണ്ട് ജി.എസ്.ടിയെ ലളിതവല്‍ക്കരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
സുപ്രീംകോടതി വിധി കൂടുതല്‍ ഫെഡറല്‍ സ്വഭാവം നികുതി നിരക്കുകളിലും അവ പിരിക്കുന്നതിനുള്ള നടപടിക്രമങ്ങളിലും ജി.എസ്.ടി കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തിലും കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങള്‍ക്കു സഹായകരമാണ്. ഏതായാലും വിധിയുടെ പശ്ചാത്തലത്തില്‍ വിശദമായ ചര്‍ച്ച വേണമെന്ന് എല്ലാവരും പറയുന്നുണ്ട്. ഇതിനു കുറച്ചു സമയമെടുക്കും. അതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് ജി.എസ്.ടി നഷ്ടപരിഹാര കാലാവധി ജൂലൈയില്‍ അവസാനിക്കുന്നത് ഏതാനും വര്‍ഷത്തേയ്ക്കുകൂടി നീട്ടുക എന്നതാണ്. ഇത് സഹകരണാത്മകമായ രീതിയില്‍ തര്‍ക്ക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള അന്തരീക്ഷവും സമയവും ഉറപ്പുവരുത്തും.

ജിഎസ്ടിക്കു സംസ്ഥാനങ്ങള്‍ സമ്മതംമൂളിയത് എല്ലാവര്‍ഷവും 14 ശതമാനം നികുതി വരുമാന വര്‍ദ്ധനവ് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയതുകൊണ്ടാണ്. ഇതില്‍ കുറവുവന്നാല്‍ നഷ്ടപരിഹാരത്തുകയില്‍ നിന്നു കുറവു വന്ന തുക നഷ്ടപരിഹാരമായി നല്‍കും. ഈ തുക പിരിക്കുന്നതിനു പുകയിലയുടെമേലും ഏതാനും സൂപ്പര്‍ ആഡംബര വസ്തുക്കളുടെമേലും സെസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് നഷ്ടപരിഹാരം കേന്ദ്രസര്‍ക്കാരിന്റെ ബജറ്റില്‍ നിന്നല്ല. നഷ്ടപരിഹാര കാലാവധി നീട്ടിയതുകൊണ്ട് കേന്ദ്രത്തിന് ഒരു നഷ്ടവുമില്ലതാനും.

ജിഎസ്ടിക്കു സംസ്ഥാനങ്ങള്‍ സമ്മതംമൂളിയത് എല്ലാവര്‍ഷവും 14 ശതമാനം നികുതി വരുമാന വര്‍ദ്ധനവ് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയതുകൊണ്ടാണ്. ഇതില്‍ കുറവുവന്നാല്‍ നഷ്ടപരിഹാരത്തുകയില്‍ നിന്നു കുറവു വന്ന തുക നഷ്ടപരിഹാരമായി നല്‍കും. ഈ തുക പിരിക്കുന്നതിനു പുകയിലയുടെമേലും ഏതാനും സൂപ്പര്‍ ആഡംബര വസ്തുക്കളുടെമേലും സെസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് നഷ്ടപരിഹാരം കേന്ദ്രസര്‍ക്കാരിന്റെ ബജറ്റില്‍ നിന്നല്ല. നഷ്ടപരിഹാര കാലാവധി നീട്ടിയതുകൊണ്ട് കേന്ദ്രത്തിന് ഒരു നഷ്ടവുമില്ലതാനും. പുകയിലയുടെ നികുതി കുറയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ എന്തിനു വാശിപിടിക്കണം? എന്നാല്‍ കേന്ദ്രം ദുര്‍വാശിയിലാണ്. നഷ്ടപരിഹാര കാലാവധി നീട്ടുന്നതിനെക്കുറിച്ചു ചര്‍ച്ചയ്ക്കുപോലും കേന്ദ്രം തയ്യാറല്ല. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയാല്‍ ഈ നിലപാടില്‍ ഒരു മാറ്റംവരുത്താനാകുമെന്നാണു ഞാന്‍ കരുതുന്നത്.

എസ് ജി.എസ്.ടി നിരക്ക് സംബന്ധിച്ച അവകാശം

ചര്‍ച്ച ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്. ജിഎസ്ടിയുടെ പൊതു ചട്ടക്കൂടില്‍ നിന്നുകൊണ്ട് സംസ്ഥാന ജിഎസ്ടിയുടെ നിരക്കുകളില്‍ മാറ്റം വരുത്താനും സ്വന്തമായി നടപടി ക്രമങ്ങളില്‍ ഭേദഗതി വരുത്താനും സംസ്ഥാനങ്ങള്‍ക്ക് അവകാശം കൂടിയേ തീരൂ. ജിഎസ്ടി നികുതിയില്‍ ഇത്തരം ഒരു പുനഃസംഘടന നടത്തുന്നതിന് സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ശക്തമായ വാദം ഉയര്‍ത്താനാവും.

വാറ്റിന്റെ ദേശീയതലത്തിലേക്കുള്ള വളര്‍ച്ചയാണ് ജി.എസ്.ടി എന്നു പറയാം. വാറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നതിനും അതിന്റെ നടത്തിപ്പിനും ദേശീയതലത്തില്‍ സംസ്ഥാന ധനമന്ത്രിമാരുടെ എംപവേര്‍ഡ് കമ്മിറ്റി ഉണ്ടായിരുന്നു. ഏകീകൃത നിരക്കു സംബന്ധിച്ച് സമിതി തീരുമാനിച്ചിരുന്നെങ്കിലും എല്ലാ സംസ്ഥാനങ്ങളും നികുതി നിരക്കില്‍ ചെറിയ വ്യത്യാസങ്ങളുണ്ടായിരുന്നു. 2006ലെ ബജറ്റില്‍ നികുതി നിശ്ചയിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നു പറഞ്ഞ് ചില ആഡംബര വസ്തുക്കളുടെ നികുതി 20 ശതമാനമായി ഉയര്‍ത്തുകയുണ്ടായി. എന്നാല്‍ കച്ചവടം നികുതി കുറവുള്ള കര്‍ണാടകത്തിലേക്കും തമിഴ്നാട്ടിലേക്കും പോകുന്നുവെന്നുകണ്ട് പിറ്റേവര്‍ഷം നികുതി കുറയ്ക്കേണ്ടിവന്നു. നികുതി നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. പക്ഷേ ചെറിയൊരു റെയ്ഞ്ചിലേ പറ്റൂ. ഇത് സംസ്ഥാനത്തിനുള്ളില്‍ മാത്രം പിരിയ്ക്കുന്ന എസ്.ജിഎസ്ടിയുടെ കാര്യത്തിലാണ്.

അങ്ങനെ ചെയ്താല്‍ ദേശീയതലത്തിലുള്ള ജി.എസ്.ടിയുടെ നടത്തിപ്പിന് ഒരു പ്രശ്നവും സൃഷ്ടിക്കില്ല. 2018ലെ പ്രളയം കഴിഞ്ഞപ്പോള്‍ ജിഎസ്ടി കൗണ്‍സിലില്‍ കേരളം ശക്തമായി വാദിച്ച് ഒരു ശതമാനം പ്രളയ സെസ് എസ്.ജി.എസ്.ടിയുടെ മേല്‍ ചുമത്തിയല്ലോ. 2000ത്തോളം കോടി രൂപ നാം അധികമായി സമാഹരിക്കുകയും ചെയ്തു. ഇതു ദേശീയതലത്തിലുള്ള ജി.എസ്.ടിയുടെ നടത്തിപ്പില്‍ ഒരു പ്രശ്നവും സൃഷ്ടിച്ചില്ല. ഇത്തരത്തില്‍ എസ്.ജി.എസ്.ടിയുടെമേല്‍ ചില ഭേദഗതികള്‍ വരുത്താനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കു നല്‍കണം.

സാമൂഹ്യനീതിയും നിരക്കുഘടനയും

അതുപോലെ തന്നെ കോര്‍പ്പറേറ്റുകള്‍ വാദിക്കുന്നതുപോലെ നിരക്കുകളില്‍ മാറ്റംവരുത്താന്‍ പാടില്ല. ആഡംബരവസ്തുക്കളുടെമേലുള്ള നികുതി വര്‍ദ്ധിപ്പിക്കണം. അതേസമയം അവശ്യവസ്തുക്കളുടെമേലുള്ള നികുതി വര്‍ദ്ധിപ്പിക്കരുത്. ഇതു സാധിക്കണമെങ്കില്‍ ഇന്നുള്ള നാലു നിരക്കുകള്‍ നിലനിര്‍ത്തണം. അതു മൂന്നായി കുറയ്ക്കുന്നതു ശരിയല്ല. ജി.എസ്.ടിക്കു മുമ്പുണ്ടായിരുന്ന കാക്കത്തൊള്ളായിരം നിരക്കുകള്‍ ലഘൂകരിച്ച് നാലായി ചുരുക്കിയതാണ്. അതുകൊണ്ട് ജി.എസ്.ടി നികുതി സമ്പ്രദായം മുന്‍കാലത്തെ അപേക്ഷിച്ച് അതിലളിതവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. ഇനിയും ജി.എസ്.ടി ലളിതവല്‍ക്കരിക്കുന്നതിനേക്കാള്‍ പ്രധാനമാണ് സാമൂഹ്യനീതിയുടെ പ്രശ്നം.
മോഡി സര്‍ക്കാരിന്റെ രണ്ടാം ഊഴത്തില്‍ ജി.എസ്.ടി കൗണ്‍സിലിന്റെ പ്രവര്‍ത്തന ശൈലിയിലും കാതലായ മാറ്റം വരികയുണ്ടായി. അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളില്‍ എത്തുന്നതിനുപകരം തങ്ങളുടെ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ ശൈലി കേന്ദ്രസര്‍ക്കാര്‍ മാറ്റണം. കാലത്ത് എംപവേര്‍ഡ് കമ്മിറ്റി രൂപം നല്കിയത് ജി.എസ്.ടിയുടെ ആദ്യഘട്ടങ്ങളില്‍ പിന്തുടര്‍ന്നിരുന്ന ശൈലിയിലേക്ക്, സഹകരണാത്മക ഫെഡറലിസത്തിന്റെ ശൈലിയിലേക്ക് തിരിച്ചുപോകണം. ഇതിനെല്ലാം സംസ്ഥാനസര്‍ക്കാരുകളുടെ സംയുക്തനിര ഉയര്‍ത്താന്‍ സുപ്രീംകോടതി വിധി ഉത്തേജകമാകും.
കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊന്നുമല്ല ചിന്തിക്കുന്നതെന്നു തോന്നുന്നു. സുപ്രീംകോടതിവിധി മറികടക്കാനുള്ള നിയമനിര്‍മ്മമാണത്തെക്കുറിച്ചുള്ള സൂചന മോദി സര്‍ക്കാരില്‍നിന്ന് വന്നുകഴിഞ്ഞു. വിനാശകാലേ വിപരീതബുദ്ധി.

(ചിന്ത വാരികയിൽ നിന്ന്)


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top