23 September Saturday

കേരളം സാധ്യതകളുടെ നാട്‌ - ഡോ.ടി പ്രദീപ് സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
ചെന്നൈ ഐഐടിയിലെ രസതന്ത്ര അധ്യാപകനും നാനോ ടെക്നോളജി രംഗത്തെ ഇന്ത്യയിലെ മുൻനിര ഗവേഷകനുമാണ് മലയാളിയായ ഡോ.ടി പ്രദീപ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മിറ്റി അംഗം കൂടിയാണ് അദ്ദേഹം. ശാസ്ത്ര ഗവേഷണ രംഗത്ത് കേരളത്തിൻ്റെ ഭാവി സാധ്യതകൾ വിലയിരുത്തുകയാണദ്ദേഹം. ഡോ. ടി പ്രദീപുമായി ദേശാഭിമാനി അസിസ്റ്റൻറ് എഡിറ്റർ കെ എൻ സനിൽ നടത്തിയ അഭിമുഖത്തിന്റെ  പൂർണ രൂപം.
 
 
കേരളം ഒരു ജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്ക്‌ വളരാനുള്ള പരിശ്രമത്തിലാണല്ലോ. അതിനായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം എങ്ങനെയൊക്കെ മാറേണ്ടതുണ്ട്‌ ?
 
കേരളം നൂറിലേക്കെത്തുമ്പോൾ, അതായത്‌ 2056 ലെ കേരളം എന്നകാഴ്‌ചപ്പാടിൽ മുന്നോട്ടുപോകുമ്പോൾ നമ്മളെ സഹായിക്കാനുള്ളത്‌ ഇവിടുത്തെ മനുഷ്യർ മാത്രമാണ്‌. ഇവിടത്തെ ജീവിതം മാറണം, സാമൂഹ്യ സാഹചര്യങ്ങൾ മാറണം. മലയാളി ലോകസമൂഹത്തിൽ മുന്നിട്ടുനിൽക്കണമെങ്കിൽ ഇവിടത്തെ മനുഷ്യർ മാത്രമാണ്‌ അതിനുള്ള വഴി. ഇന്ന്‌ കേരളത്തിന്റ റെമിറ്റൻസ്‌ ഇക്കോണമി (പ്രവാസി സമ്പദ്‌ വ്യവവസ്ഥ) പ്രതിവർഷം 49000 കോടി രൂപയാണ്‌. ഈ റെമിറ്റൻസ്‌ ഇക്കോണമിയിൽനിന്ന്‌ റിസെയ്‌ലിയന്റ്‌ (ദൃഢമായ) സമ്പദ്‌ വ്യവസ്ഥയിലേക്ക്‌ മാറണമെങ്കിൽ ഇത്രയെങ്കിലും പൈസ നാം സ്വയം ഉണ്ടാക്കിയേ പറ്റൂ.
 
1947ലാണ്‌ നമുക്ക്‌ സ്വാതന്ത്ര്യം കിട്ടിയത്‌. ഇതോടൊപ്പം സ്വാതന്ത്രം കിട്ടിയ വേറെയും രാജ്യങ്ങളുണ്ട്‌. വിയറ്റ്‌നാം നമ്മുടേതുപോലുള്ള ഒരു സമൂഹമാണ്‌. വിയറ്റ്‌നാമിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) നമ്മളുടേതിനേക്കാൾ മൂന്നിരട്ടിയാണ്‌. ഞാൻ കേരളത്തെക്കുറിച്ചാണ്‌ സംസാരിക്കുന്നത്‌. മൊത്തം ഇന്ത്യയെക്കുറിച്ചല്ല. കേരളം പല രംഗങ്ങളിലും ശരാശരി ഇന്ത്യയേക്കാൾ എത്രയോ വലുതാണ്‌. എങ്ങിനെയാണ് വിയറ്റ്‌നാം ഈ വഴിക്ക്‌ എത്തിയത്‌. താരതമ്യം ചെയ്യാവുന്ന പലരുമുണ്ട്‌. സിംഗപ്പൂരുണ്ട്‌, തയ്‌വാനുണ്ട്‌, തായ്‌ലന്റുണ്ട്‌. ഇവിടേക്കൊന്നും പോകണ്ട. വിയറ്റ്‌നാമിലേക്ക്‌ പോയാൽതന്നെ ഇത്രയും വലിയ വ്യത്യാസമാണ്‌. വളർച്ചയിലേക്കുള്ള ഈ വഴിയിൽ എങ്ങിനെയാണ്‌ നാം എത്തുക.
 
കേരളം ശ്രദ്ധിക്കേണ്ട, കേരളത്തിന്‌ കഴിവുള്ള മൂന്നുരംഗങ്ങളുണ്ടെന്നാണ്‌ ഞാൻ കരുതുന്നത്‌. ഒന്ന്‌ വിദ്യാഭ്യാസം. മലയാളിയാണ്‌ ഇന്ത്യയെ പൊതുവേ പഠിപ്പിച്ചത്‌ എന്ന്‌ പറയാം. നമ്മുടെ മിഷണറിമാരും ശ്രീനാരായണപ്രസ്ഥാനമടക്കമുള്ള നവോത്ഥാന പ്രസ്ഥാനങ്ങളും ഒന്നാം കേരള സർക്കാരും എല്ലാം ചേർന്നാണ്‌ കേരളത്തെ ഈ വഴിയിൽ എത്തിച്ചിട്ടുള്ളത്‌. ഇവിടെ അമ്പത്തിയഞ്ചു വയസിൽ മനുഷ്യൻ റിട്ടയർ ചെയ്യുകയാണ്‌. വിരമിച്ച അധ്യാപകർക്കൊക്കെയും ചുരുങ്ങിയത്‌ പത്തുവർഷത്തേക്കെങ്കിലും സേവനത്തിനുള്ള സാധ്യതകളുണ്ട്‌. ഈ സാധ്യതകളും ഇന്നത്തെ വിദ്യാഭ്യാസരംഗത്തെ ഡിജിറ്റൈസേഷൻ ഉൾപ്പെടെയുള്ള വലിയ മാറ്റങ്ങളും ഉപയോഗിച്ച്‌, കേരളത്തിലെ മൊത്തം മനുഷ്യ വിഭവ ശേഷിയുമുപയോഗിച്ച്‌ നമുക്ക്‌ ലോകത്തെ പഠിപ്പിക്കാൻ പറ്റും. ലോകത്തുള്ള വിദ്യാഭ്യാസത്തിന്റെ വലിപ്പം, അതിനെ ഒരു മാർക്കറ്റായി കണ്ടാൽ, അത്‌ 11.8 ലക്ഷം കോടി ഡോളർ വരും. അത്രയും വലുതാണ്‌ വിദ്യാഭ്യാസം. ഇതിലെ ഒരു ചെറിയ ഭാഗം കേരളത്തിലെ വിഭവസ്രോതസ്‌ ഉപയോഗിച്ചുകൊണ്ട്‌ കൈകാര്യം ചെയ്യാൻ കഴിയും. കേരളത്തിലെ ഈ രംഗത്തെ മൊത്തം വിഭവസ്രോതസ്‌ ഉപയോഗിച്ച്‌ മുന്നിട്ടിറങ്ങിയാൽ ഇന്ത്യയെ മൊത്തത്തിൽ പഠിപ്പിക്കാനാവില്ലേ? ആഫ്രിക്കയെ പഠിപ്പിക്കാനാവില്ലേ? അതിനുതക്കവണം നമ്മുടെ സർവകലാശാലകളും സ്ഥാപനങ്ങളും മാറണം. മറ്റുള്ളവർക്ക്‌ ആവശ്യമായ ഡിഗ്രികൾ നൽകാൻ നമുക്ക്‌ കഴിയണം. അതിനാവശ്യമായ ഡിഗ്രികൾ ഉണ്ടാക്കാൻ കഴിയണം.
 
രണ്ടാമതായി, കേരളം ആയുരാരോഗ്യ രംഗത്ത്‌ വലിയ സംഭാവനകൾ നൽകുന്ന ഒരു സ്ഥലമാണ്‌. കേരളത്തിലെ നഴ്‌സുമാരാണ്‌ ലോകത്തിലെ മികച്ച നഴ്‌സുമാർ. നമ്മുടെ ഡോക്ടർമാരാണ്‌ മികച്ച ഡോക്ടർമാർ.  ആയുർവേദത്തിന്റെ വിപുല സാധ്യതകൾ നമുക്കറിയാവുന്നതാണ്‌. ഇതൊക്കെ കൂട്ടിച്ചേർത്തുകൊണ്ട്‌ കേരളത്തിന്‌ എന്തുകൊണ്ട്‌ ലോകത്തിന്റെ ഹോസ്‌പിറ്റലായിക്കൂടാ. ഇങ്ങനെ പോയാൽ പോര. ആയുരാരോഗ്യരംഗത്ത്‌ ഡിജിറ്റൈസേഷനിലൂടെയാണ്‌ ഇനി മുന്നേറാനാവുക. നമ്മുടെ കൈവശമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച്‌ പലതും ചെയ്യാൻ കഴിയും. സമ്പൂർണ രോഗ നിർണയം ഇന്ന്‌ ഇതിലൂടെ സാധ്യമാണ്‌. ലോകത്ത്‌ എവിടെയുമുള്ള രോഗിയെ ചികിൽസിക്കാനുള്ള സാധ്യത ഇത്‌  തുറന്നുതരുന്നുണ്ട്‌.
 
മൂന്നാമതായി കാലാവസ്ഥാ വ്യതിയാനമുൾപ്പെടെ കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളൊക്കെയും നമുക്കറിയാം. സസ്റ്റൈനബിലിറ്റി (സുസ്ഥിരത) ആണ്‌ ഇന്ന്‌ നാം നേരിടുന്ന പ്രധാന  പ്രശ്‌നം. യുഎന്നിന്റെ സുസ്ഥിരതാലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനാണ്‌ നാം മുന്നോട്ടുപോകുന്നതുതന്നെ. 2030 ആകുമ്പോഴേക്കും ഈ സുസ്ഥിര ലക്ഷ്യം നേടിയെടുക്കണമെങ്കിൽ വളരെ വിശാലമായ പലകാര്യങ്ങളും ചെയ്‌തു തീർക്കേണ്ടതുണ്ട്‌. ഇതൊക്കെയും കേരളവുമായി ബന്ധപ്പെട്ടതുമാണ്‌. ഇതിലേക്കുള്ള വഴി നമ്മൾതന്ന തുറന്നിട്ടേപറ്റൂ. കോഴിക്കോട്‌ ഒരു യൂണിവേഴ്‌സൽ ഹെൽത്ത്‌ കെയർ ഉണ്ടെന്നു കരുതുക. അവിടെ വഴിക്ക്‌ ഒമ്പത്‌ അടി വീതിയേ ഉള്ളൂ. ഒമ്പതടി വീതിയിൽ കൊണ്ടുപോകാവുന്ന ഒരു ആംബുലൻസ്‌ എങ്ങനെ ഉണ്ടാക്കാം. അത്തരം ഒരു സ്ഥലത്ത്‌ എങ്ങനെ മരുന്ന്‌ വിതരണം നടത്താം. അങ്ങനെ വന്നാൽ അതിനുവേണ്ട കാര്യങ്ങൾ നമ്മൾ വികസിപ്പിച്ചെടുത്തേ പറ്റൂ. ആ സാഹചര്യത്തിനുതകുന്ന രോഗ നിർണയ ശൈലി വികസിപ്പിച്ചേപറ്റൂ. ഇങ്ങനെയുള്ള ഒരു രോഗ നിർണയ സംവിധാനം, മരുന്ന്‌ വിതരണ സംവിധാനം വികസിപ്പിച്ചെടുക്കാനായാൽ നാളെ ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും മറ്റ്‌ പലേടത്തും ഇത്‌ ആവശ്യമായിവരും. ഇത്‌ പുതിയ കണ്ടുപിടുത്തങ്ങൾ ഉണ്ടാക്കും. സുസ്ഥിര വികസനത്തിലേക്കുള്ള വഴിയിൽ നമ്മൾ പുതിയ കണ്ടുപിടിത്തങ്ങൾ നടത്തുകയും ഇത്‌ കേരളത്തെത്തന്നെ മാറ്റാനുള്ള വഴി തുറക്കുകയും ചെയ്യും. വിദ്യാഭ്യാസം, ആരാഗ്യപരിരക്ഷ, സുസ്ഥിര വികസനം എന്നീ മൂന്നുരംഗങ്ങളിലാണ്‌ കേരളത്തിൽ വലിയ നിക്ഷേപത്തിന്‌ സാധ്യതയുള്ളത്‌. കേരളത്തെ മറ്റാനുതകുന്നതരത്തിലുള്ള വികസനം ഈ മൂന്നുമേഖലയിലൂടെയും സാധ്യമാവും എന്നാണ്‌ ഞാൻ പ്രതീക്ഷിക്കുന്നത്‌. ഇതിനായി വളരെ ശ്രദ്ധാപൂർവം നിക്ഷേപം കൊണ്ടുവന്നേ പറ്റൂ. വിദ്യാഭ്യാസ രംഗം മാറിയേപറ്റൂ.
 
ഇത്തരത്തിലൊരു മുന്നേറ്റത്തിന്‌ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം എപ്രകാരം മാറണം ?
 
നവീകരണം എന്നത്‌ വിദ്യാഭ്യാസത്തിന്റെ മുഖ്യ ലക്ഷ്യമായി മാറണം. സംരംഭകത്വം വിദ്യാഭ്യാസത്തിന്റെ പരിണിത ഫലമായി മാറണം. എല്ലാ സർവകലാശാലകളിലും ഇതിനുള്ള വഴിയുണ്ടാവണം. എല്ലാ വിദ്യാർഥികൾക്കും അത്‌ അനുഭവ വേദ്യമാകണം. അങ്ങനെ കേരളം മാറണം. ഇന്ത്യയിൽത്തന്നെ ഏറ്റവുമധികം സംരംഭകത്വം സാധ്യമായ നഗരമാണ്‌ തിരുവനന്തപുരം, അതുപോലെത്തന്നെ സാധ്യതയുള്ള സ്ഥലമാണ്‌ എറണാകുളം. പക്ഷെ, ഇത്‌ വിദ്യാഭ്യാസത്തിലേക്ക്‌ എത്തുന്നില്ല. ഇന്ന്‌ ഏറ്റവും ചെലവ്‌ കുറഞ്ഞ, ക്വാളിറ്റി കൂടിയ മനുഷ്യ വിഭവ സ്രോതസുള്ളത്‌ കേരളത്തിലാണ്‌. സംരംഭകത്വമുണ്ട്‌ പക്ഷെ, യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും അതില്ല. ആ തലത്തിലേക്ക്‌ വിദ്യാഭ്യാസത്തെ മാറ്റുമ്പോൾ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലുംതന്നെ ഈ സംരംഭകത്വം സംഭവിക്കുകയും മൂന്നോ നാലോ വർഷത്തെ പ്രവൃത്തി പരിചയത്തിനായി കുട്ടികൾ കാത്തിരിക്കേണ്ട അവസ്ഥ ഉല്ലാതാവുകയും ചെയ്യും. കുട്ടികളുടെ കണ്ടുപിടിത്തങ്ങൾ കോളേജുകളിൽനിന്നോ, യൂണിവേഴ്‌സിറ്റികളിൽനിന്നോ നാളെ സംരംഭങ്ങളായി പുറത്തുവരും. ഇങ്ങനെയാവുമ്പോഴാണ്‌ നമ്മുടെ വിദ്യാഭ്യാസം സമൂഹവുമായി കൂടുതൽ ഇഴചേരുക. ഇതുപോലെ എല്ലാ രംഗങ്ങളിലും മാറ്റങ്ങൾ ഉണ്ടാവണം.
 
ഒരുകുട്ടിക്ക്‌ സംഗീതം പഠിക്കാൻ താൽപര്യമുണ്ട്‌, പക്ഷെ, അയാൾക്ക്‌ അതിനൊപ്പം ഫിസിക്‌സ്‌ പഠിക്കാനാവുന്നില്ല, ഇന്നത്തെ സാഹചര്യത്തിൽ അതിന്‌ കഴിയില്ല. ഇത്‌ രണ്ടും കൂടിച്ചേരാൻ കഴിയണം. കലയും സാങ്കേതികവിദ്യയും കൂടിച്ചേരുമ്പോഴാണ്‌ മികച്ച ഉൽപ്പന്നങ്ങൾ ഉണ്ടാകുന്നത്‌. നമ്മുടെ വിദ്യാഭ്യാസ രംഗത്ത്‌ വലിയ സംയോജനം  ആവശ്യമാണ്‌. അതാണ്‌ ഉന്നത വിദ്യാഭ്യാസ കമീഷൻ റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുള്ളത്‌. നമ്മുടെ അധ്യാപകരോ പൊതുസമൂഹമോ ആഗാേളതലത്തിൽ വിദ്യാഭ്യാസത്തിൽ പങ്കാളികളാവുന്നില്ല. അതിന്‌ നമ്മുടെ സംവിധാനം അവരെ അനുവദിക്കുന്നില്ല. ഒരധ്യാപകന്‌ വിദേശത്ത്‌ ഒരു പരിശീലന പരിപാടിയിൽ പങ്കെടുക്കണമെങ്കിൽ അതിന്‌ വഴിയില്ല. കോൺഫറൻസ്‌ കഴിഞ്ഞിട്ടാവും ഭരണസംവിധാനങ്ങളിൽനിന്ന്‌ അയാൾക്ക്‌ അനുമതി കിട്ടുന്നത്‌. ഭരണസംവിധാനത്തിൽ കാര്യമായ ഒരു മാറ്റം ഉണ്ടായേ പറ്റു. ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നും മികച്ച അധ്യാപകരും വിദ്യാർഥികളും ഇവിടെ വരണം. വിദേശത്തുനിന്ന്‌ ആൾക്കാർ വരണം. എങ്കിൽ മാത്രമേ ഒരു തുറന്ന സമീപനം ഉണ്ടാവുകയുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വൈവിധ്യങ്ങൾ കൊണ്ടുവന്നേപറ്റു. പുതുരക്തത്തിനേ മാറ്റങ്ങൾ കൊണ്ടുവരാനാവൂ.  
 
സർവകലാശാലകളിൽ വലിയ ഫണ്ടിങ്‌ ആവശ്യമാണ്. ഒരിക്കൽ കാലിക്കറ്റ്‌ സർവകലാശാലയിൽനിന്ന്‌ എന്നോട്‌ പറഞ്ഞത്‌ ഒരുവർഷത്തേയ്‌ക്ക്‌ ആകെ ഗവേഷണത്തിന്‌ കിട്ടുന്നത്‌ 20 കോടി രൂപയാണെന്നാണ്‌. ഇതുകൊണ്ട്‌ എന്ത്‌ ഗവേഷണമാണ്‌ നടക്കുക. എന്റെ റിസർച്ചിനുവേണ്ടി വർഷം ഞാൻ മൂന്നുകോടി രൂപ ഉണ്ടാക്കുന്നുണ്ട്‌. അപ്പോഴാണ്‌ ഒരു സർവകലാശാലയിലെ ആകെ ഗവേഷണത്തിന്‌ 20 കോടി മാത്രം കിട്ടുന്നത്‌.
ഹ്യൂമൻ ക്യാപിറ്റൽ കൊണ്ടുമാത്രം കാര്യമില്ല.വലിയ നിക്ഷേപവും ആവശ്യമാണ്‌. ഭരണസംവിധാനത്തിന്റെ നൂലാമാലകൾ അഴിയണം. നമ്മുടെ കാര്യക്ഷമതയിൽ മാറ്റമുണ്ടാവണം.
 

 
 
 
ഉന്നത വിദ്യാഭ്യാസ കമീഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്ന സ്വാശ്രയ സുസ്ഥിര മേഖല എന്നതുകൊണ്ട്‌ എന്താണ്‌ അർഥമാക്കുന്നത്‌ ?
 
ലോകത്ത്‌ ഒരിടത്തും സർവകലാശാലകൾ മാത്രമായി മാറ്റങ്ങൾ കൊണ്ടുവന്നിട്ടില്ല. സർവകലാശാലകൾ ഗവേഷകരുടെയും  നിക്ഷേപകരുടെയും ഒപ്പം ചേർന്ന്‌ ഒരു സംരംഭം ഉണ്ടാക്കുമ്പോൾ മാത്രമാണ്‌ ഉൽപ്പാദനത്തിൽ പങ്കാളികളാവുന്നത്‌. പ്രഫസറും വിദ്യാർഥിയും കണ്ടുപിടിച്ചതുകൊണ്ടുമാത്രം ഒരു സംരംഭം ഉണ്ടാവില്ല. അവർക്ക്‌ ചെയ്യാൻ കഴിയുന്നതിന്‌ ഒരു പരിധിയുണ്ട്‌. പരീക്ഷണ ശാലയിൽ പിറവികൊള്ളുന്ന ഒരു ഉൽപ്പന്നം സമൂഹത്തിന്‌ ഗുണകരമായി ലഭിക്കണമെങ്കിൽ അതിനൊരു നിക്ഷേപകൻ വേണം. ഉൽപ്പാദന സംവിധാനം വേണം, ഒരു മാർക്കറ്റിങ് സംവിധാനം വേണം. ഇത്‌ സാധ്യമാക്കാനുള്ള ഒരു ഇക്കോ സിസ്‌റ്റമായി സർവകലാശാലാകൾ മാറണം. ഇതിലൂടെയുണ്ടാവുന്ന  വരുമാനം സർവകലാശാലകളിലേക്ക്‌ തിരിച്ചെത്തണം. സംരംഭകനും നിക്ഷേപകനും ഈ വരുമാനം ഉണ്ടാകണം. ഇതിനൊരു നയപരമായ ചട്ടക്കൂട്‌ വേണം. എങ്കിലേ കൂടുതലാളുകൾ ഗവേഷണരംഗത്തേയ്‌ക്ക്‌ വരികയുള്ളൂ. ഇതിനു കഴിയാവുന്ന നിർദേശങ്ങൾ ഉന്നത വിദ്യാഭ്യാസ കമീഷൻ റിപ്പോർട്ടിൽ മുന്നോട്ടുവച്ചിട്ടുണ്ട്‌.
 
ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കണത്തിനനുഗുണമായ തരത്തതിലുള്ളതാണോ നമ്മുടെ സ്‌കൂൾ വിദ്യാഭ്യാസം. അവിടെയും പരിഷ്‌കാരങ്ങൾ ആവശ്യമാണോ ?
 
ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ സ്‌കൂൾവിദ്യാഭ്യാസം  മികച്ചതാണ്‌. പന്ത്രണ്ടാംക്ലാസ്‌ വരെ  മികച്ച സിസ്റ്റമാണ്‌ ഇവിടെയുള്ളത്‌. അതിനുശേഷം ഗുണമേൻമയിൽ വൻ വീഴ്‌ചയാണ്‌ ഉണ്ടാവുന്നത്‌. ഇത്‌ കുട്ടികളുടെ കുഴപ്പമല്ല. ഉന്നത വിദ്യാഭ്യാസരംഗം പരിഷ്‌കരിക്കപ്പെട്ടുകഴിഞ്ഞാൽ കോളേജ്‌ വിദ്യാഭ്യാസവും സ്‌കൂൾ വിദ്യാഭ്യാസവും തമ്മിൽ പരസ്‌പരം ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വേണ്ടിവരും. ഇന്നില്ലാത്തത്‌ അനുഭവത്തിലൂടെയുള്ള പഠനമാണ്‌. സയൻസിൽ മാത്രമല്ല, കലയിലും സാഹിത്യത്തിലും അനുഭവജ്ഞാനത്തിലൂടെയുള്ള പഠനം ആവശ്യമാണ്‌. ചിന്തമാത്രമല്ല, വസ്‌തു കൂടി പഠനമാണ്‌.
 
ഗവേഷണ രംഗത്ത്‌ മുന്നോട്ടുപോകുന്നതിന്‌ അംഗീകാരങ്ങൾ വലിയ പ്രേരണയാണല്ലോ. ആ പശ്‌ചാത്തലത്തിൽ ശാസ്‌ത്ര പുരസ്‌കാരങ്ങൾ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനംശാസ്‌ത്ര ഗവേഷണമേഖലയെ എങ്ങനെ ബാധിക്കും ?
 
ഓരോകാലത്തും നമ്മൾ പലരീതിയിലുള്ള പുരസ്‌കാരങ്ങൾ ഏർപ്പെടുത്തുകയും നൽകുകയും ചെയ്‌തിട്ടുണ്ട്‌. ഒരുകാലത്ത്‌ അവാർഡുകളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട്‌ ശാസ്‌ത്ര ഗവേഷണരംഗത്ത്‌ വലിയ അവാർഡുകൾ വന്നു. പല വകുപ്പുകളും പലതരത്തിലുള്ള പുരസ്‌കാരങ്ങൾ കൊണ്ടുവന്നു. ഇന്ത്യപോലൊരു രാജ്യത്ത്‌ കൂടുതൽ ആളുകൾ ഗവേഷണ രംഗത്തേയ്‌ക്ക്‌ കടന്നുവരാൻ ഇത്‌ ആവശ്യമാണ്‌. അതേസമയം പുരസ്‌കാരങ്ങളുടെ നിലവാരം കുയുന്നുവോ എന്നൊരു ശങ്കയുമുണ്ട്‌. പുനരവലോകനം തെറ്റാണെന്ന അഭിപ്രായം എനിക്കില്ല. പക്ഷെ, പുരസ്‌കാരങ്ങൾ ഉണ്ടാകണം. അവ തിരിച്ചുവരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇതുവര പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എസ്‌ എസ്‌ ഭട്‌നാഗർ പോലുള്ള പുരസ്‌കാരങ്ങൾ ഇല്ലാതാക്കില്ല എന്ന്‌ കരുതുന്നു. പുരസ്‌കാരങ്ങളുടെ മേഖലയിലൊക്കെ ഒരുതരം വിഭജനം വന്നുപെട്ടിട്ടുണ്ട്‌. അതില്ലാതാവണം.
 
അങ്ങ്‌ മികച്ച ഒരു സാഹിത്യാസ്വാദകൻകൂടിയാണല്ലോ. ശാസ്‌ത്രമുന്നേറ്റങ്ങളുടെ സ്വാധീനം ഒരുകാലത്ത്‌ മലയാള സാഹിത്യത്തെ സ്വാധീനിച്ചിരുന്നു. ഇന്ന്‌ അതിൽ കുറവുവന്നതായി തോന്നുന്നുണ്ടോ ?
 
തീരെ ഇല്ല എന്നുപറയാൻ പറ്റില്ല. പക്ഷെ, കുറവുവന്നിട്ടുണ്ട്‌. ഭാഷയും ശാസ്‌ത്രവുമൊക്കെ ഉപയോഗിച്ചുള്ള വലിയ ചേരുവ സാഹിത്യത്തിൽ ഉണ്ടായിരുന്നു. അതിൽ കുറവുവന്നിട്ടുണ്ട്‌. നമ്മളിൽ വന്നുപെട്ടിട്ടുള്ള വിഭജനമാണ്‌ അതിന്‌ കാരണം. ഫിസിക്‌സും കെമിസ്‌ട്രിയും പഠിക്കുന്നവർക്ക്‌ മലയാളം പഠിച്ചുകൂട എന്നൊരുചിന്തയുണ്ട്‌. ഇത്‌ മാർക്കറ്റുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടിയാണെന്ന്‌ തോന്നുന്നു. ഭാഷപഠിച്ചാൽ ജോലിയില്ല എന്ന ഒരു സാഹചര്യം ഇവിട ഉണ്ടായി. അതിൽ മാറ്റം വരുന്നുണ്ട്‌. വേണ്ടത്രമാറുന്നില്ല. അതിനുപയുക്തമായ തരത്തിൽ നമ്മുടെ സർവകലാശാലകൾ മാറുന്നില്ല. സാഹിത്യകുതുകിയായ ശാസ്‌ത്രകാരനുണ്ടാകണമെങ്കിൽ അതിന്‌ കെൽപ്പുള്ള അധ്യാപകർ വേണം. ലൈബ്രറികൾ വേണം. കലാലയ അന്തരീക്ഷം വേണം. വെള്ളം കടക്കാത്ത അറകളായി നിന്നാൽ ഇതൊന്നും സംഭവിക്കില്ല.
 
ഗവേഷണരംഗത്ത്‌ നിലവിലെ സ്‌ത്രീ സാന്നിധ്യം ആശാവഹമാണോ ?
 
ഇന്ത്യയിൽ ഗവേഷണ രംഗത്തെ സ്‌ത്രീസാന്നിധ്യം വളരെ കുറവാണ്‌. ഏഷ്യൻ രാജ്യങ്ങളിലും ഇത്‌ വളരെ കുറവാണ്‌. സ്‌ത്രീകളുടെ സാന്നിധ്യം വർധിപ്പിക്കാൻ ബോധപൂർവമായ ഇടപെടൽ നടക്കുന്നുണ്ട്‌. ഐഐടികളിൽ വനിതാ ഗവേഷകർക്കായി സ്‌പെഷ്യൽ ഡ്രൈവ്‌ നടക്കുന്നു. ശിശുപരിപാലനം മൂലം ഉണ്ടാകുന്ന സമയനഷ്‌ടം, കുടുംബ പരിപാലനത്തിലെ  സമയനഷ്‌ടം ഒക്കെ സ്ത്രീകളുടെ കരിയറിനെ  ബാധിക്കുന്നു. ഇതൊക്കെ നമ്മുടെ പുതിയ തിരിച്ചറിവുകളാണ്‌. യൂറോപ്പ്‌ ഇത്‌ നേരത്തേ തിരിച്ചറിഞ്ഞു. ഞാൻ അടുത്തിടെ ഇസ്രായേലിൽ പോയിരുന്നു. അവിടത്തെ ഗവേഷണ കേന്ദ്രങ്ങളിൽ വലിയതോതിലുള്ള വനിതാപ്രാതിനിധ്യമുണ്ട്‌. മദ്രാസ്‌ ഐഐടിയിൽ 34 ഗവേഷകരിൽ രണ്ടുപേർ മാത്രമാണ്‌ സ്‌ത്രീകൾ. ഈ അവസ്ഥമാറാൻ സാമൂഹത്തിൽ ഘടനാപരമായ മാറ്റങ്ങൾ വേണം. നല്ല ശിശുപരിചരണ കേന്ദ്രങ്ങൾ ഉണ്ടാവണം, നല്ല ഗതാഗത സൗകര്യം ഉണ്ടാവണം, സുരക്ഷിതമായ ഗതാഗത സംവിധാനങ്ങൾ ഉണ്ടാവണം, യാത്രാസ്വാതന്ത്ര്യം ഉണ്ടാവണം. നമ്മുടെ ഭക്ഷണ ശീലങ്ങളിൽ തന്നെ വലിയ മാറ്റം ഉണ്ടാവണം. നിത്യേന ഇഡ്ഡലി വേണം, സാമ്പാർ അതിന്റെ കൂടെ നിർബന്ധമാണ്‌, അത്‌ അമ്മിയിൽതന്നെ അരയ്‌ക്കണം എന്നൊക്കെപ്പറഞ്ഞാൽ പിന്നെ എന്ത്‌ ഗവേഷണമാണ്‌. നമ്മുടെ ശീലങ്ങളാണ്‌ പലപ്പോഴും സ്‌ത്രീകളെ കുടുംബിനികളാക്കുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top