29 October Friday

മാർപാപ്പ ലോകത്തോട്‌ പറയുന്നത് - സെബാസ്റ്റ്യൻ പോൾ എഴുതുന്നു

സെബാസ്റ്റ്യൻ പോൾUpdated: Monday Sep 20, 2021

ഊർബൻ രണ്ടാമനിൽനിന്ന് ഫ്രാൻസിസിലേക്ക് കത്തോലിക്കാ സഭ വളരെ ദൂരം സഞ്ചരിച്ചിരിക്കുന്നു. 11–-ാം നൂറ്റാണ്ടിൽ കുരിശുയുദ്ധത്തിന് ആഹ്വാനംചെയ്ത മാർപാപ്പയാണ് ഊർബൻ രണ്ടാമൻ. ഇസ്ലാമിന്റെ വ്യാപനം തടഞ്ഞ് ജറുസലേമിലെ പുണ്യസ്ഥലങ്ങളുടെ വീണ്ടെടുപ്പായിരുന്നു ആവർത്തിക്കപ്പെട്ടതും പരാജയപ്പെട്ടതുമായ കുരിശുയുദ്ധങ്ങളുടെ ലക്ഷ്യം. ബുഡാപെസ്റ്റിൽ ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപനം കുറിക്കുന്ന ബലിമധ്യേ കുരിശിനെ രാഷ്ട്രീയമായ അടയാളമോ ആയുധമോ ആക്കരുതെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. മതാധിഷ്ഠിതമായ തീവ്രവലതുപക്ഷക്കാരനായ ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഒർബാനുവേണ്ടി മാത്രമുള്ളതായിരുന്നില്ല മാർപാപ്പയുടെ വാക്കുകൾ. 1934ലെ ഹിറ്റ്‌‌ലറുടെ ചിത്രം ലോകത്തിന്റെ മനസ്സിൽനിന്ന് മാഞ്ഞുപോയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞത് നാസിസത്തിന്റെയും ഫാസിസത്തിന്റെയും പാതയിൽ സഞ്ചരിക്കുന്ന എല്ലാ രാജ്യത്തിനുമുള്ള മുന്നറിയിപ്പാണ്.

അത്ര നിസ്സാരമല്ലാത്ത ഉദരശസ്ത്രക്രിയക്കുശേഷം മാർപാപ്പ നടത്തിയ നാലു ദിവസത്തെ മധ്യയൂറോപ്യൻ പര്യടനം അസാധാരണമായ രീതിയിൽ ശ്രദ്ധേയമായത് അദ്ദേഹത്തിന്റെ മതപ്രബോധനത്തിൽ ഉൾക്കൊള്ളിച്ച രാഷ്ട്രീയമാണ്. ആരുടെയും വികാരങ്ങളെ സ്പർശിക്കാതെ വികാരപരമായ പരാമർശങ്ങൾ അദ്ദേഹം നടത്തി. പണ്ഡിതോചിതമല്ലാത്ത ലാളിത്യമാണ് അദ്ദേഹത്തിന്റെ ശൈലി. യൂറോപ്പിൽ നിലനിൽക്കുന്ന യഹൂദവിരുദ്ധത അവസാനിപ്പിക്കണമെന്ന് ഹംഗേറിയൻ പ്രധാനമന്ത്രിയുമായുള്ള 40 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം മാർപാപ്പ പറഞ്ഞു. യഹൂദർക്കും മുസ്ലിങ്ങളായ കുടിയേറ്റക്കാർക്കുമെതിരെ വംശീയമായ നിലപാടുള്ള ആളാണ് തീവ്രദേശീയവാദിയായ ഒർബാൻ. ക്രൈസ്തവ ഹംഗറിയെ ഇല്ലാതാക്കരുതെന്നാണ് കാൽവിനിസ്റ്റ് പ്രൊട്ടസ്റ്റന്റുകാരനായ ഒർബാൻ ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനോട് അഭ്യർഥിച്ചത്.

സമാശ്ലേഷത്തിനുള്ള ആഹ്വാനമാണ് ഫ്രാൻസിസ് പാപ്പ എവിടെയും നൽകുന്നത്. ക്രിസ്ത്യാനികളുടെ എണ്ണത്തിലല്ല ക്രിസ്തുവിന്റെ സന്ദേശം ഉൾക്കൊള്ളുന്നവരുടെ എണ്ണത്തിലാണ് വർധനയുണ്ടാകേണ്ടതെന്ന് അദ്ദേഹം പറയുന്നു. ഞാൻ നിങ്ങൾക്ക് ആരാണെന്ന യേശുവിന്റെ ശിഷ്യരോടുള്ള ചോദ്യം മാർപാപ്പ ബുഡാപെസ്റ്റിലെ പ്രഭാഷണത്തിൽ ഉന്നയിച്ചു. പഠിച്ചുവച്ച വേദോപദേശം ഓർത്തെടുത്ത് ഉത്തരം കണ്ടെത്താവുന്ന ചോദ്യമല്ല ഇതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അഭയാർഥികളോട് അനുകമ്പയുള്ള ഫ്രാൻസിസിന് വേദപാഠത്തിൽനിന്ന് വ്യത്യസ്തമായ ഉത്തരമാണ് ക്രിസ്തുവിന്റെ ചോദ്യത്തിനു നൽകാനുള്ളത്. ഓരോരുത്തരും അപരന് ആരായിരിക്കണമെന്ന് നല്ല സമരിയാക്കാരന്റെ കഥയിലൂടെ യേശു വ്യക്തമാക്കിയിട്ടുണ്ട്. അതാണ് ഫ്രാൻസിസ് പ്രചരിപ്പിക്കുന്ന സുവിശേഷം.

യൂറോപ്പിലേക്കുള്ള പ്രവേശനകവാടമാണ് ഗ്രീസിലെ ലെസ്ബോസ് ദ്വീപ്. 2016ൽ അവിടെയെത്തിയ ഫ്രാൻസിസ് പാപ്പയുടെ വിമാനത്തിൽ സിറിയയിൽനിന്നുള്ള മൂന്ന് മുസ്ലിം കുടുംബമുണ്ടായിരുന്നു. കടൽത്തീരത്ത്‌ അടിഞ്ഞ മൂന്നു വയസ്സുള്ള സിറിയൻ ബാലിക അയ്‌‌ലൻ കുർദിയുടെ സംസ്കരിക്കാനാകാത്ത ചിത്രത്തെ മുൻനിർത്തി അഭയാർഥികളുടെ ദുരിതത്തിലേക്ക് മാർപാപ്പ ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു. നാമെല്ലാം കുടിയേറ്റക്കാരും അഭയാർഥികളുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയുടെ അർഥതലങ്ങൾ പലതാണ്. സിറിയൻ അഭയാർഥികൾക്കുവേണ്ടി യൂറോപ്പിന്റെ കവാടങ്ങൾ തുറക്കണമെന്ന്‌ ആവശ്യപ്പെട്ട മാർപാപ്പ പൂർവപിതാവായ അബ്രഹാമിന്റെ വിശ്വാസത്തിൽ യഹൂദരും ക്രൈസ്തവരും മുസ്ലിങ്ങളും തമ്മിൽ നിലനിൽക്കേണ്ടതായ സാഹോദര്യത്തെക്കുറിച്ച് ലോകത്തെ ഓർമപ്പെടുത്തി. സാഹോദര്യത്തിൽ കുരിശുയുദ്ധത്തിനും ജിഹാദിനും സർഗാത്മകമായ അർഥങ്ങളുണ്ടാകും. ഒന്ന് മറ്റൊന്നിനെ കീഴ്പ്പെടുത്തുന്നതിനുള്ള ആഹ്വാനമല്ലാതാകും. മ്യാൻമറിലെ സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ രോഹിൻഗ്യൻ അഭയാർഥികളെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളിലും മനുഷ്യത്വത്തിന്റെ ചോര കിനിയുന്നുണ്ടായിരുന്നു. കൂട്ടങ്ങൾ പലതുണ്ടെങ്കിലും എല്ലാ കൂട്ടത്തെക്കുറിച്ചും കരുതലുള്ള നല്ല ഇടയനാണ് ഫ്രാൻസിസ്. ആദ്യത്തെ ചാക്രിക ലേഖനത്തിൽ ഭൂമിയെ പൊതുഭവനമായി വിശേഷിപ്പിച്ച ഫ്രാൻസിസ് അവിടെ എല്ലാവർക്കും വാസയോഗ്യമായ ഇടങ്ങളുണ്ടാകണമെന്ന് കരുതുന്നയാളാണ്.

വിക്ടർ ഒർബാന്റെ വികലമായ ക്രൈസ്തവ ദേശീയതയെ അപലപിക്കുന്നതുപോലെ ഇന്ത്യയിലെ ഹിന്ദുത്വ ദേശീയതയെയും ന്യൂനപക്ഷവിരുദ്ധതയെയും മാർപാപ്പയ്ക്ക് അപലപിക്കേണ്ടിവരും. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇന്ത്യയിലേക്ക് ക്ഷണമില്ലാത്തത്. മനുഷ്യർക്കുവേണ്ടിയാകുമ്പോൾ ആതിഥേയർക്ക് രുചിക്കാത്ത കാര്യങ്ങൾ പറയുന്ന ശീലം ഫ്രാൻസിസിനുണ്ട്.

പരമ്പരാഗതമായ അപ്രമാദിത്വം ഇപ്പോൾ അവകാശപ്പെടാത്ത മാർപാപ്പയുടെ വാക്കുകൾ ലക്ഷ്യം തെറ്റുകയോ ആരെയെങ്കിലും മുറിവേൽപ്പിക്കുകയോ ചെയ്യുന്നില്ല. കാരണം അത് കത്തോലിക്കരെന്നോ അകത്തോലിക്കരെന്നോ വ്യത്യാസമില്ലാതെ സമസ്ത ലോകത്തിനും വേണ്ടിയുള്ളതാണ്

കത്തോലിക്കരുടെ മഹാസംഗമത്തിൽ അവരുടെ മഹാപുരോഹിതൻ നൽകിയ സുവിശേഷാധിഷ്ഠിതമായ സാരോപദേശം ലോകത്തിന്റെ സവിശേഷമായ ശ്രദ്ധയ്ക്കും ചർച്ചയ്ക്കും വിഷയമായത് അതിൽ അടങ്ങിയിരിക്കുന്ന സന്ദേശം ലോകത്തിന് ഇന്ന് ആവശ്യമായിരിക്കുന്നതുകൊണ്ടാണ്. ഇതാണ് ഫ്രാൻസിസിന്റെ വചനപ്രഘോഷണത്തിന്റെ സവിശേഷത. പരമ്പരാഗതമായ അപ്രമാദിത്വം ഇപ്പോൾ അവകാശപ്പെടാത്ത മാർപാപ്പയുടെ വാക്കുകൾ ലക്ഷ്യം തെറ്റുകയോ ആരെയെങ്കിലും മുറിവേൽപ്പിക്കുകയോ ചെയ്യുന്നില്ല. കാരണം അത് കത്തോലിക്കരെന്നോ അകത്തോലിക്കരെന്നോ വ്യത്യാസമില്ലാതെ സമസ്ത ലോകത്തിനും വേണ്ടിയുള്ളതാണ്. അപ്രകാരം ഹൃദയത്തിന്റെ ഭാഷയിൽ പക്ഷമില്ലാതെ സംസാരിക്കുമ്പോഴാണ് മാർപാപ്പ ലോകം അംഗീകരിക്കുന്ന ധാർമികശക്തിയാകുന്നത്. ഉത്തമവിശ്വാസത്തിൽനിന്നുണ്ടാകുന്ന ബോധ്യത്തോടെയുള്ള സംസാരം തിരുത്തോ ക്ഷമാപണമോ ആവശ്യപ്പെടുന്നില്ല.

നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് കരുതലോടെയുള്ള സംസാരമാണ് മാർപാപ്പ നടത്തിയത്. ഗർഭച്ഛിദ്രത്തെ നരഹത്യയായി കണ്ട് സഭയുടെ നിലപാട് വ്യക്തമാക്കിയപ്പോഴും സ്വവർഗാനുരാഗികൾക്ക് വിവാഹമെന്ന കൂദാശയ്ക്ക് അർഹതയില്ലെന്ന് പറഞ്ഞപ്പോഴും വ്യത്യസ്തമായ അഭിപ്രായമുള്ളവർ രോഷാകുലരാകാതിരുന്നത് സംസാരം ആർജവത്തോടെ ആയതുകൊണ്ടാണ്. സ്വവർഗാനുരാഗികൾക്ക് കുടുംബമായി കഴിയുന്നതിനുള്ള അവകാശത്തെ മാർപാപ്പ അംഗീകരിക്കുന്നുണ്ട്. ഭിന്നിപ്പിക്കുന്നതിനുവേണ്ടിയല്ല, യോജിപ്പിക്കുന്നതിനുവേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നത്. മുൻഗാമിയായ ബെനഡിക്ട് 16–-ാമനിൽനിന്ന് വ്യത്യസ്തമായ ശൈലിയാണ് ഫ്രാൻസിസിന്റേത്. ഇസ്ലാമിനോട് ബെനഡിക്ടിന്‌ ഉണ്ടായിരുന്ന സമീപനമല്ല ഫ്രാൻസിസിന്റേത്. വിയോജിപ്പിന് ഇടംനൽകുന്ന സംവാദശൈലിയാണ്‌ അത്. ശ്രോതാക്കളെ യുക്തിസഹമായി ചിന്തിക്കാൻ പ്രേരിപ്പിക്കുമ്പോൾ വിയോജിപ്പിനുള്ള ഇടം പരിമിതമാകുന്നു.

സാഹോദര്യമാണ് സമാധാനത്തിന്റെ അടിത്തറയെന്ന് ഫ്രാൻസിസ് മാർപാപ്പ കൂടെക്കൂടെ ഓർമിപ്പിക്കുന്നു. സഹോദരനെ സംശയിക്കുമ്പോൾ വർത്തമാനം ദുർവ്യാഖ്യാനത്തിനും ശത്രുതയ്ക്കും കാരണമാകുന്നു. ആടുകളിൽ ഒന്നിനെപ്പോലും നഷ്ടപ്പെടാതിരിക്കാൻ കരുതലുള്ള ഇടയൻ തന്റെ അജഗണത്തിൽ ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൾ കടക്കുന്നുണ്ടോ എന്നു സംശയിക്കുന്നത് സ്വാഭാവികമാണ്.. ആശയത്തിന്റെ ആവിഷ്കാരത്തിൽ മാത്രമല്ല, സംരക്ഷണത്തിലും വാക്കുകൾ പ്രധാനപ്പെട്ടതാണ്. അർഥം മാത്രമല്ല, അനർഥവും അറിഞ്ഞ് വാക്കുകളെ പ്രയോഗിക്കുന്നയാളാണ് ഫ്രാൻസിസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top