08 June Thursday

മനുഷ്യാവകാശങ്ങളുടെ ദൈവശാസ്ത്രജ്ഞൻ - ഡോ. കാവുമ്പായി ബാലകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

മതനിരപേക്ഷ ദൈവശാസ്ത്രജ്ഞൻ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഡോ. പൗലോസ് മാർ പൗലോസ് വിടപറഞ്ഞിട്ട് 25 വർഷം തികയുകയാണ്. 57–-ാമത്തെ വയസ്സിലാണ്, 1998 മാർച്ച് 24ന്, അദ്ദേഹം അന്തരിച്ചത്. ആ വേർപാട് സൃഷ്ടിച്ച ശൂന്യത, കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും നികത്തപ്പെട്ടിട്ടില്ലെന്ന്, ഞെട്ടലോടെ, ദുഃഖത്തോടെ, ആശങ്കയോടെ നമ്മൾ തിരിച്ചറിയുകയാണ്. വിമോചനദൈവശാസ്ത്രത്തിന്റെ കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ വ്യാഖ്യാതാവും ശക്തനായ വക്താവും ആയിരുന്നു അദ്ദേഹം. മതത്തിന്റെ വിമോചനാത്മകത ഉയർത്തിപ്പിടിച്ചുകൊണ്ട്, പൗരോഹിത്യത്തെയും പോരാട്ടത്തെയും സമന്വയിപ്പിച്ചുകൊണ്ട്, അദ്ദേഹം മതത്തിലും സമൂഹത്തിലും ഇടപെട്ടു.

അസാമാന്യമായ ഉൾക്കാഴ്ചയോടും ദീർഘക്കാഴ്ചയോടുംകൂടി അദ്ദേഹം മതത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും എഴുതുകയും പറയുകയും ചെയ്തു. സഭ, ദൈവശാസ്ത്രം, ആത്മീയത, രാഷ്ട്രീയം, ന്യൂനപക്ഷം മുതലായവയെക്കുറിച്ചെല്ലാം തനിമയും തെളിമയുമാർന്ന വീക്ഷണം ബിഷപ്പിനുണ്ടായിരുന്നു. അതാകട്ടെ പലപ്പോഴും പരമ്പരാഗത കാഴ്ചപ്പാടിൽനിന്ന് വ്യത്യസ്തവും വിരുദ്ധവുമായിരുന്നു. അക്രമവും ചൂഷണവും അടിച്ചമർത്തലുമെല്ലാം നടമാടുന്ന ഇന്നത്തെ ലോകത്തിൽ സഭയുടെ ദൗത്യമെന്താണ്? സഭ ആരുടെ പക്ഷത്താണ് നിലകൊള്ളേണ്ടത്? ബിഷപ്പിന് സംശയമുണ്ടായിരുന്നില്ല. ‘‘ആക്രമണത്തിന്റെയും ചൂഷണത്തിന്റെയും അടിമത്തത്തിന്റെയും ഇരകളായി ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരുടെ വിമോചനത്തിനായുള്ള സമരത്തിൽ അവരോടൊപ്പംനിന്ന് ചരിത്രത്തിന്റെ ഗതിയെ നിയന്ത്രിക്കാനും മാറ്റാനും സഭ ശ്രമിക്കണം.

നാം ജീവിക്കുന്ന സമൂഹത്തിലെ മർദിതരോടും ചൂഷിതരോടും താദാത്മ്യം പ്രാപിച്ച്, മനുഷ്യാവകാശസംരക്ഷണത്തിനായുള്ള പോരാട്ടത്തിൽ അവരോടുകൂടി പങ്കുചേരുന്നുവെങ്കിൽ മാത്രമേ ആരാധനകളും ശുശ്രൂഷകളും അർഥവത്താകുകയുള്ളൂ.'' ലോകമെമ്പാടും ഭരണകൂട നൃശംസതയുടെ ബലിയാടുകളാകുന്ന പാവപ്പെട്ടവരോടൊപ്പമാണ് വിശ്വാസികൾ നിലയുറപ്പിക്കേണ്ടതെന്ന് അദ്ദേഹം  ഉറക്കെപ്പറഞ്ഞു. ഹിറ്റ്‌ലറുടെ നരനായാട്ടിനെതിരെ ശബ്ദിക്കാതിരുന്ന ക്രിസ്ത്യാനികളെ ജർമൻ ദൈവശാസ്ത്രകാരനായ ഡിട്രിച്ച് ബോൺ ഹോഫറുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വിമർശിച്ചു. ഇതേ കാഴ്ചപ്പാടോടെ, വിമോചനസമരത്തിലും പിൽക്കാലത്ത് കോളേജ് സമരത്തിലും മറ്റും കേരളത്തിലെ സഭകൾ സ്വീകരിച്ച സമീപനത്തെയും അദ്ദേഹം വിമർശവിധേയമാക്കി. ദുർബലമായ, ബലഹീനമായ ഒരു മതഘടനയ്ക്ക് മാത്രമേ ക്രിസ്‌തുവിന്റെ വചനം നടപ്പാക്കാനാകൂ എന്നും സഭയുടെ ശക്തി അതിന്റെ ബലഹീനതയിലാണ് കുടിയിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു.

മാർക്‌സിന്റെ ഹ്യൂമനിസവും ബോൺ ഹോഫറുടെ മതപരിവേഷമില്ലാത്ത ആത്മീയതയും തന്നെ സ്വാധീനിച്ചതിനെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്.

ദൈവശാസ്ത്രത്തെപ്പോലെതന്നെ മാർക്‌സിസവും അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിന്തകളെ ഏറ്റവുമധികം സ്വാധീനിച്ചവരിൽ മാർക്‌സും ഇ എം എസും  ഉൾപ്പെടുന്നുണ്ട്. ‘കാൾ മാർക്‌സിന്റെ മതവിമർശത്തിന് ബോൺ ഹോഫർ നടത്തുന്ന തിരുത്ത്' എന്നതായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണവിഷയം. മാർക്‌സിന്റെ ഹ്യൂമനിസവും ബോൺ ഹോഫറുടെ മതപരിവേഷമില്ലാത്ത ആത്മീയതയും തന്നെ സ്വാധീനിച്ചതിനെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്.

മതസ്വാതന്ത്ര്യത്തെപ്പറ്റിയുള്ള വികലമായ ധാരണകൾ സാമുദായികമൈത്രിക്കും മതസൗഹാർദത്തിനും തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. മതസ്വാതന്ത്ര്യം ക്രിസ്‌ത്യാനികളോ മുസ്ലിങ്ങളോ അവകാശപ്പെടേണ്ടത് ന്യൂനപക്ഷസമുദായങ്ങളുടെ അവകാശമായിട്ടല്ല; പ്രത്യുത, രാഷ്ട്രത്തിലെ ഏതു പൗരന്റെയും മൗലികാവകാശങ്ങളുടെ ഭാഗമായിട്ടാണെന്ന് അദ്ദേഹം വിശ്വസിച്ചു. ന്യൂനപക്ഷത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണവും ശ്രദ്ധിക്കേണ്ടതാണ്. ന്യൂനതയുള്ള പക്ഷമാണ് ന്യൂനപക്ഷം. മർദിതർ, ചൂഷിതർ, കഷ്ടപ്പെടുന്നവർ, അധികാരമില്ലാത്തവർ, പൊതുവെ പറഞ്ഞാൽ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടിട്ടുള്ളവർ –-അവരാണ് ന്യൂനപക്ഷം. ഈ പക്ഷം എണ്ണത്തിൽ കൂടുതലാണ്, ഭൂരിപക്ഷമാണ്. ഇന്ന് നമ്മുടെ രാജ്യത്ത് എല്ലാ അവകാശങ്ങളും കൈയടക്കിവച്ചിരിക്കുന്ന ഒരു ന്യൂനപക്ഷം, എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടിട്ടുള്ള ഈ ഭൂരിപക്ഷത്തെ അടിച്ചമർത്തുകയാണ്. ഈ ന്യൂനപക്ഷത്തിന്റെ മൃഗീയാവകാശങ്ങൾ സംരക്ഷിക്കാനാണോ നാം ശ്രദ്ധിക്കേണ്ടത്? അതോ എല്ലാം നിഷേധിക്കപ്പെട്ടിട്ടുള്ള  ഭൂരിപക്ഷത്തിന്റെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനോ? ഇവിടെ സഭയ്ക്ക് മാതൃകയാകേണ്ടത് യേശുവിന്റെ ജീവിതരീതിയും പ്രവർത്തനശൈലിയുമാണെന്ന് ബിഷപ് എഴുതി.

മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഈ കരുതൽ മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരായ ചെറുത്തുനിൽപ്പിലേക്കും പോരാട്ടങ്ങളിലേക്കുമാണ് അദ്ദേഹത്തെ നയിച്ചത്. ലോകത്തിന്റെ ഏതു കോണിലായാലും, ജീവിതസമരങ്ങളിലേർപ്പെട്ടവരോട് ഐക്യപ്പെടാൻ അദ്ദേഹം ശ്രദ്ധിച്ചു. ചുമട്ടുതൊഴിലാളിസമരത്തിലും ആദിവാസി പ്രശ്നത്തിലും അദ്ദേഹം ഇടപെട്ടു.

മാനുഷികമൂല്യങ്ങൾ ചവിട്ടിമെതിക്കപ്പെടുമ്പോൾ, സാമൂഹ്യനീതി നിഷേധിക്കപ്പെടുമ്പോൾ  ബിഷപ് ശക്തിയായി പ്രതിഷേധിച്ചു, പ്രതിരോധപ്രവർത്തനങ്ങൾക്ക് പിൻബലമേകി. നാക്കില്ലാത്തവന്റെ നാക്കായും ശബ്ദമില്ലാത്തവന്റെ ശബ്ദമായും അദ്ദേഹം മാറി. സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെയും പിൻമടക്കത്തിനുശേഷം  സോഷ്യലിസത്തിനെതിരെയുണ്ടായ  പ്രചാരണം നേരിടാനും  ഈ ബിഷപ്പ്‌ രംഗത്തുണ്ടായിരുന്നു. 

വർഗീയതയെക്കുറിച്ച്, ആഗോളീകരണം സൃഷ്ടിക്കുന്ന ജീവിതദുരിതങ്ങളെക്കുറിച്ച്, ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ച്, ഹൈന്ദവഫാസിസത്തെക്കുറിച്ച്, സ്ത്രീനീതിയെക്കുറിച്ച് എല്ലാം തന്റെ വ്യക്തമായ അഭിപ്രായങ്ങൾ ബിഷപ്‌, രേഖപ്പെടുത്തിയിട്ടുണ്ട്. സത്യം പറയുന്നവൻ എക്കാലവും ഒറ്റപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുമെന്നും എന്നാൽ ഒറ്റപ്പെടുമെന്ന ഭീതിയുള്ളവർക്ക് ക്രിസ്ത്യാനിയെന്ന് പറയാൻ അർഹതയില്ലെന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചു. അദ്ദേഹത്തിന്റെ പ്രതികരണങ്ങളും പ്രവർത്തനങ്ങളും പലരെയും അലോസരപ്പെടുത്തിയിരുന്നു എന്നതും ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹത്തിനെതിരെ പലരും പലവിധ ആക്ഷേപങ്ങളും ഉയർത്തിയിരുന്നു എന്നതും വസ്തുതയാണല്ലോ.

ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ വെല്ലുവിളി നേരിടുന്ന സന്ദർഭമാണിത്. ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ ശക്തിയായി നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാരംഗത്തും കേന്ദ്രീകരണവും വർഗീയവൽക്കരണവും ത്വരിതഗതിയിൽ നടക്കുകയാണ്. ഇന്ത്യ എന്ന ആശയത്തിന്റെ ഉൾക്കാമ്പായ വൈവിധ്യത്തിലെ ഏകത്വമെന്ന തത്വം തന്നെ നിരാകരിക്കപ്പെടുകയാണ്. വിശ്വാസത്തിന്റെ, വ്യത്യസ്താഭിപ്രായങ്ങളുടെ, എന്തിന്, ഭക്ഷണത്തിന്റെ പേരിൽപ്പോലും മനുഷ്യർ ക്രൂരമായി ആക്രമിക്കപ്പെടുകയാണ്. ഇതിനെതിരെ ശബ്ദമുയർത്താതെ അധികാരത്തിന്റെ ഇടനിലക്കാരായി ചിലർ മാറുന്ന ലജ്ജാകരമായ ചില കാഴ്ചകളും നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ നിലനിൽപ്പുതന്നെ അപകടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ നിർണായകഘട്ടത്തിൽ ബിഷപ്പിന്റെ സ്മരണ നമ്മളോട് ചോദിച്ചുകൊണ്ടേയിരിക്കുന്നു: ‘‘നിശ്ശബ്ദരായിരിക്കാൻ നിങ്ങൾക്കെന്തധികാരം?'' അദ്ദേഹത്തിന്റെ സ്മരണ പുതുക്കുമ്പോൾ നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ടിയിരിക്കുന്നു: ‘‘നിശ്ശബ്ദരായിരിക്കാൻ നമ്മൾക്കെന്തധികാരം?''

(തൃശൂർ ശ്രീകേരള വർമ കോളേജിൽ 
മലയാളം അധ്യാപകനായിരുന്ന ലേഖകൻ ശാസ്ത്ര സാഹിത്യപരിഷത്തിന്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top