24 April Wednesday
ഡോ. പൗലോസ്‌ മാർ
ഗ്രിഗോറിയോസിന്റെ
ജന്മശതാബ്ദി ഇന്ന്‌

നീതിയുടെ പ്രവാചകനായ ചുവന്ന മെത്രാൻ

ലെനി ജോസഫ്‌Updated: Tuesday Aug 9, 2022

‘‘ ഒരു പുരോഹിതശ്രേഷ്ഠന്‌ എത്രമാത്രം പുരോഗമനവാദിയാകാൻ കഴിയും? സംഘടിതമതരംഗത്ത്‌ ആധികാരികസ്ഥാനം വഹിക്കുന്ന ഒരാൾക്ക്‌ ഭൗതിക, സാമൂഹ്യ ചിന്തകളുമായി പൊരുത്തപ്പെടാനൊക്കുമോ?  ക്രൈസ്‌തവദർശനത്തിൽനിന്ന്‌ കരുത്താർജിച്ചുകൊണ്ടുതന്നെ  വിപ്ലവവീക്ഷണം പുലർത്തുക സാധ്യമാണോ?  എങ്ങനെയാണ്‌ ഒരാൾക്ക്‌ ഏകകാലത്ത്‌ ക്രൈസ്‌തവ മെത്രാ പോലീത്തായും വിശ്വമാനവികനുമാകാൻ കഴിയുന്നത്‌?  യാഥാസ്ഥിതികനായ ഒരു ഓർത്തഡോക്സ്‌ മതപുരോഹിതന്‌ എങ്ങനെയാണ്‌ അങ്ങേയറ്റം ഉൽപ്പതിഷ്ണുക്കളായ പ്രൊട്ടസ്‌റ്റന്റുകാരോട്‌ സഹകരിക്കാൻ കഴിയുന്നത്‌? ക്രിസ്‌തുമതത്തെ ഏതുവിധത്തിലാണ്‌ കമ്യൂണിസവുമായി ബന്ധിപ്പിക്കാൻ കഴിയുന്നത്‌? എങ്ങനെയാണ്‌ യുക്തിവാദികൾക്കും നിരീശ്വരർക്കും തിന്മയിൽ ആഴുന്നവർക്കും മുക്തി ലഭിക്കുമെന്ന്‌ വാദിക്കാനാകുന്നത്‌?  ഏറ്റവും അധുനാതനമായ ശാസ്‌ത്രത്തെ  മതവുമായി യോജിപ്പിക്കാൻ സാധിക്കുന്നത്‌ എങ്ങനെ? ... ഈ ചോദ്യങ്ങൾക്കെല്ലാം അസന്ദിഗ്ധമാംവിധം ഉത്തരം പറയാൻ കഴിവുള്ള ലോകത്തിലെ വളരെച്ചുരുക്കം പേരിലൊരാളാണ്‌ ഡോ. പൗലോസ്‌ മാർ ഗ്രിഗോറിയോസ്‌ ’’–-  ഇ എം എസിന്റെ  ആറ്റിക്കുറുക്കിയ വാക്കുകൾ ബഹുമുഖപ്രതിഭയും കേരളം കണ്ട ധിഷണാശാലികളിൽ പ്രമുഖനുമായ മാർ ഗ്രിഗോറിയോസിനെക്കുറിച്ചുള്ള രത്നച്ചുരുക്കമാണ്‌.

അടിയുറച്ച വിശ്വാസിയായിരിക്കുമ്പോഴും അദ്ദേഹം ലോകത്തിന്റെ ഗതിവിഗതികളെ സൂക്ഷ്‌മമായി നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും വൈജ്ഞാനികമേഖലയിലുണ്ടാകുന്ന പുത്തനറിവുകളെ സ്വാംശീകരിക്കുകയും ചെയ്‌തു.  മതം, കമ്യൂണിസം, ശാസ്‌ത്രം, തത്വചിന്ത, വേദാന്തം, ചരിത്രം, ഭാഷാശാസ്‌ത്രം, ദൈവശാസ്‌ത്രം തുടങ്ങി അദ്ദേഹം വ്യാപരിക്കാത്ത മേഖലകളില്ല.

വിശ്വാസം സോഷ്യലിസത്തിലും
സോവിയറ്റ്‌ യൂണിയന്റെയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെയും തകർച്ചയോടെ സോഷ്യലിസത്തിന്റെ  അന്ത്യമായെന്ന പ്രചാരണം  കൊടുമ്പിരിക്കൊണ്ട കാലം.  സോഷ്യലിസമെന്ന മാനവരാശിയുടെ സ്വപ്‌നം ഒരിക്കലും അവസാനിക്കില്ലെന്ന തന്റെ വിശ്വാസം അദ്ദേഹം ഉറക്കെത്തന്നെ പറഞ്ഞു. അതിന്‌ അദ്ദേഹം അന്ന്‌ നിരത്തിയ കാരണങ്ങളിലൊന്ന്‌ സോഷ്യലിസം ഉണ്ടെങ്കിലും ഇല്ലെങ്കിലും,  സാമൂഹ്യനീതിക്കുവേണ്ടിയുള്ള ആവശ്യം നിലയ്‌ക്കില്ല എന്നതായിരുന്നു. ഏതെല്ലാം രാജ്യങ്ങൾ സാമ്രാജ്യത്വ  രാജ്യങ്ങളുമായി ഒത്തുതീർപ്പുണ്ടാക്കിയാലും പാവപ്പെട്ടവന്റെ കരച്ചിൽ അവിടെത്തന്നെയുണ്ടാകും. അനീതിക്ക്‌ വിധേയനാകുന്ന മനുഷ്യന്റെ   ശക്തി ഈ ലോകത്തിൽ ഇപ്പോഴും  പ്രവർത്തിക്കുന്നു. അത്‌ നിലച്ചിട്ടില്ല. ആ ശക്തിയാണ്‌ സോഷ്യലിസത്തിന്റെ ഭാവി. അതു പറയാതിരിക്കാൻ തനിക്കാകില്ല. വർഗസമരമെന്ന അനുസ്യൂതം തുടരുന്ന യാഥാർഥ്യത്തെയാണ്‌, ആ വാക്ക്‌ ഉപയോഗിക്കാതെ തന്നെ  അദ്ദേഹം ഊന്നുന്നതെന്ന്‌ വ്യാഖ്യാനിക്കുന്നതിൽ തെറ്റുണ്ടാകില്ല.

രണ്ടാമതായി അദ്ദേഹം ഉദാഹരിക്കുന്നത്‌ സോഷ്യലിസ്‌റ്റ്‌ വ്യവസ്ഥിതിക്ക കത്തുള്ള മനുഷ്യന്റെ dignityയുടെ  (അന്തസ്സ്‌, മഹത്വം എന്നീ വാക്കുകളൊന്നും  യഥാർഥ പരിഭാഷയാകില്ലെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം) പ്രസക്തിയാണ്‌.  മനുഷ്യത്വം എന്ന ഗുണം അടിച്ചമർത്താൻ ശ്രമിച്ചാലും തിരിച്ചുവരുമെന്നാണ്‌ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്‌. അതാണ്‌ സോഷ്യലിസത്തിന്റെ ഭാവി. നീതിപോലെ പ്രധാനമാണ്‌ സമാധാനം എന്നത്‌ സോഷ്യലിസത്തിന്റെ  മറ്റൊരു പ്രസക്തിയാണ്‌. 

ഗ്രിഗോറിയോസിന്റെ ആത്മീയത
ജനങ്ങൾ തമ്മിൽ കലഹമില്ലാത്തതും പരസ്‌പരം  നശിപ്പിക്കാത്തതും ഒരുമിച്ചു വളരുന്നതുമായ ദൈവത്തിന്റെ ഭരണമാണ്‌ മാർ ഗ്രിഗോറിയോസിന്റെ ആത്മീയത.  ദൈവം രാജാവായിരിക്കുകയും രാജത്വം നീതിയുക്തമായി ഉപയോഗിക്കുകയും ചെയ്യുന്ന ഭരണം.  എല്ലാവർക്കും നീതി ലഭിക്കുന്ന ആ വ്യവസ്ഥ സോഷ്യലിസ്റ്റ്‌ സങ്കൽപ്പവുമായി ചേർന്നുപോകുന്നു.  അനീതിക്കു വശംവദരായി വീണുകിടക്കുന്നവരെ താങ്ങിയെഴുന്നേൽപ്പിക്കുന്നതും നീതിയുടെ ഭാഗമായാണ്‌ അദ്ദേഹം വിശദീകരിക്കുന്നത്‌.

താനൊരു മിഷനറിയല്ലെന്ന്‌ അദ്ദേഹം പലപ്പോഴും  പറഞ്ഞിട്ടുണ്ട്‌. കാരണമായി അദ്ദേഹം വിശദീകരിച്ചത്‌  മിഷനറി എന്ന വാക്കുകൊണ്ട്‌ അർഥമാക്കുന്നത്‌ താൻ മികച്ചവനാണെന്നും  തന്നേക്കാൾ കുറഞ്ഞവരായ ആളുകളെ ഉയർത്തിക്കൊണ്ടുവരാൻ അയക്കപ്പെട്ടവനാണെന്നുമാണ്‌. സായിപ്പ്‌ ഇവിടെ വന്നതും കേരളത്തിൽനിന്ന്‌ മിഷനറിപ്രവർത്തനത്തിന്‌ ആളുകൾ വടക്കേ ഇന്ത്യയിലേക്ക് പോകുന്നതും ഈ ചിന്താഗതിയിലാണ്‌.  ഇത്‌ തനി സാമ്രാജ്യത്വമല്ലാതെ മറ്റൊന്നുമല്ല. ക്രിസ്‌ത്യാനി ലോകത്തെ മാറ്റേണ്ടത്‌ പ്രസംഗത്തിലൂടെയല്ല, ശരിയായ ജീവിതത്തിലൂടെയും സംഭാഷണത്തിലൂടെയുമാണ്‌.  ലോകത്തെ മാറ്റാൻ വേണ്ടി ശരിയായ ക്രിസ്‌തീയജീവിതം നയിക്കുമ്പോൾ സുവിശേഷകനായി മാറുന്നു.

ഡോ. പൗലോസ്‌ മാർ ഗ്രിഗോറിയോസ്‌ ഇ എം എസിനൊപ്പം. സമീപം പ്രകാശ്‌ കാരാട്ട്‌

ഡോ. പൗലോസ്‌ മാർ ഗ്രിഗോറിയോസ്‌ ഇ എം എസിനൊപ്പം. സമീപം പ്രകാശ്‌ കാരാട്ട്‌

 

ലോകസമാധാനപ്രസ്ഥാനത്തിന്റെ 
നേതാവ്‌
ലോകസമാധാന പ്രസ്ഥാനത്തിന്റെ നേതാവ്‌, ഇ ത്യോപ്യൻ ചക്രവർത്തിയായിരുന്ന ഹെയ്‌യി സലാസി ചക്രവർത്തിയുടെ സെക്രട്ടറി , ദൈവശാസ്‌ത്രജ്ഞൻ  എന്നീ നിലകളിലെല്ലാം ലോകവേദികളിൽ സുപരിചിതനായിരുന്നു  മാർ ഗ്രിഗോറിയോസ്‌. 1922 ആഗസ്‌ത്‌ ഒമ്പതിന്‌ തൃപ്പൂണിത്തുറ തടിക്കൽ കുടുംബത്തിലാണ്‌ ജനിച്ചത്‌. ഫ്രീലാൻസ്‌ പത്രപ്രവർത്തകനായും പോസ്‌റ്റ്‌ ആൻഡ്‌ ടെലിഗ്രാഫ്‌ ഉദ്യോഗസ്ഥനായും പ്രവർത്തിച്ച ശേഷമാണ്‌ പൗരോഹിത്യത്തിന്റെ പാത തെരഞ്ഞെടുത്തത്‌. ഇ എം എസ്‌, പി ഗോവിന്ദപ്പിള്ള തുടങ്ങിയവരുമായി വലിയ സൗഹൃദമുണ്ടായിരുന്ന അദ്ദേഹം ഇവർക്കൊപ്പം നിരവധി വൈജ്ഞാനിക സംവാദങ്ങളിൽ പങ്കെടുത്തു.  മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ഡൽഹി ഭദ്രാസനാധിപനും കോട്ടയം  വൈദിക സെമിനാരി പ്രിൻസിപ്പലുമായിരുന്ന അദ്ദേഹം വൈവിധ്യമുള്ള വിഷയങ്ങൾ ആധാരമാക്കിയ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്‌. 1996 നവംബർ 24നായിരുന്നു അന്ത്യം. പി ഗോവിന്ദപ്പിള്ള രചിച്ച ‘മാർ ഗ്രിഗോറിയോസിന്റെ മതവും മാർക്സിസവും’ എന്ന  പുസ്‌തകം  ശ്രദ്ധേയമാണ്‌. അതിൽ മുഖവുരയിൽ പി ഗോവിന്ദപ്പിള്ള പറയുന്നത്‌ ‘‘എന്റെ നാടൻ കഴിവുകൾകൊണ്ട്‌ ഈ വിജ്ഞാനസാഗരം കടക്കാൻ കഴിയില്ലെന്ന്‌ ഈ പുസ്‌തകം എഴുതിത്തീർത്തപ്പോൾ ബോധ്യമായി. വിജ്ഞാനഭണ്ഡാരമായ പി ഗോവിന്ദപ്പിള്ളയുടെ ഈ വാചകം മാത്രംമതി ഈ ‘ചുവന്ന മെത്രാൻ’ എത്രമാത്രം ഔന്നത്യമുള്ള മനുഷ്യനായിരുന്നെന്നു മനസ്സിലാക്കാൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top