27 April Saturday

കളംമാറില്ല ഈ നിലപാടുകൾ - ഡോ. ജോ ജോസഫ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

ഫുട്ബോളിനെ ആഗോളമതമെന്ന്‌ വിശേഷിപ്പിക്കാറുണ്ട്. ആലങ്കാരിക പ്രയോഗം എന്നതിനപ്പുറം മതവുമായി ഫുട്ബോളിന് ബന്ധമില്ല.അതേസമയം, ഫുട്ബോളിന് പ്രകടമായൊരു രാഷ്ട്രീയ സ്വഭാവമുണ്ട്. അവ തമ്മിലുള്ള അന്തർധാര സജീവവുമാണ്.

ഫുട്ബോളിന്റെ മാസ്മരികത വലതുപക്ഷത്തിന് എന്നും ആവേശമായിരുന്നു. ഏകാധിപതിയായിരുന്ന മുസോളിനി, 1934ലെ ഇറ്റലിയുടെ ലോകകപ്പ് വിജയം തന്റെ ഫാസിസ്റ്റ് അജൻഡയെ ജനകീയതയുടെ  ആട്ടിൻതോലണിയിക്കാനായി ഉപയോഗിച്ചത് വ്യക്തമായ ഉദാഹരണം. സ്പെയിനിലെ ഏകാധിപതിയായിരുന്ന ഫ്രാൻസിസ്കോ ഫ്രാൻകോയെ സംബന്ധിച്ചാണെങ്കിൽ റയൽ മാഡ്രിഡ് എന്ന ക്ലബ് അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന ആശയങ്ങളുടെ പ്രതീകംതന്നെയായിരുന്നു. ഏകീകൃത സ്പെയിനിന്റെ ശക്തി, മാഡ്രിഡ് എന്ന നഗരത്തിന്റെ പ്രാധാന്യം,  പരമ്പരാഗത പ്രാദേശിക വിശ്വാസങ്ങൾ എന്നിങ്ങനെ പലതിന്റെയും  പ്രതീകമായിരുന്നു ആ ക്ലബ്ബ്.  റയലിന്റെ ഓരോ കിരീടനേട്ടവും  ഫ്രാൻകോയുടെ രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള ഉപകരണമായും നയതന്ത്ര ഉപാധിയായും മാറി. ലോകയുദ്ധത്തിനുശേഷം ഒറ്റപ്പെട്ട സ്പെയിനിന് റയലിന്റെ ഓരോ വിജയവും സമ്പത്തും സന്തോഷവും നിറഞ്ഞ ഐക്യ സ്പെയിനിന്റെ ചിത്രം പുറംലോകത്തെ കാണിക്കാനുള്ള  വഴികളായിരുന്നു.

ഫുട്ബോൾ ചരിത്രത്തിലെതന്നെ ഏറ്റവും വിവാദമായ ലോകകപ്പായിരുന്നു 1978ൽ അർജന്റീനയിൽ നടന്നതും അർജന്റീനയ്‌ക്കുതന്നെ കിരീടം  ലഭിച്ചതുമായ മത്സരം. ജനകീയ സർക്കാരിനെ അട്ടിമറിച്ച് ജനറൽ ജോർജേ റാഫേൽ റീബല്ല എന്ന സൈനികമേധാവി ഭരണം പിടിച്ച്‌ വെറും രണ്ടു വർഷത്തിനുശേഷം നടന്ന  ലോകകപ്പ്. രാഷ്ട്രത്തിന്റെ ശത്രുക്കളെന്ന്‌ സൈനിക ഭരണകൂടം മുദ്രകുത്തുന്നവരെല്ലാം നിഗൂഢമായി അപ്രത്യക്ഷരായിക്കൊണ്ടിരുന്ന കാലം. ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങൾ തുടർച്ചയായി ശ്രദ്ധയിൽപ്പെട്ടിട്ടും  ഫിഫ അനങ്ങിയതേയില്ല.


 

എന്തിനധികം ലോകകപ്പ് സംഘാടകസമിതിയുടെ ചെയർമാനായിരുന്ന ജനറൽ ഒമർ ആക്ടിസ്  ആദ്യ ഔദ്യോഗിക വാർത്താസമ്മേളനത്തിനായി വേദിയിലേക്ക് വരുമ്പോൾ കൊല്ലപ്പെടുക പോലുമുണ്ടായി. ലോകകപ്പിനായി ചെലവഴിക്കപ്പെടുന്ന വലിയ തുകയെക്കുറിച്ച് വെളിപ്പെടുത്താനിരിക്കുകയായിരുന്നത്രെ അദ്ദേഹം. സൈനിക മേധാവിത്വത്തിനു കീഴിൽ റഫറികൾ മാത്രമല്ല, മൈതാനത്തിലെ കാറ്റുപോലും ആതിഥേയർക്ക് അനുകൂലമായിരുന്നതുകൊണ്ട് അവർ തന്നെ ജയിച്ചു. ഹംഗറിയും ഫ്രാൻസും ഇറ്റലിയും ഉൾപ്പെടുന്ന മരണ ഗ്രൂപ്പിലായിരുന്നു അർജന്റീന. ഒരു മത്സരശേഷം ഒരു സൈനികമേധാവി ടീമംഗമായിരുന്ന ലിയോപാൾഡോ ലൂക്കെയോട് പറഞ്ഞത്രേ, ‘നിങ്ങളെ സംബന്ധിച്ചും ഇതൊരു മരണകാലമായി മാറിയേക്കാം'.

വലതുപക്ഷം ഫുട്ബോളിനെ രാഷ്ട്രീയമായി ഉപയോഗിച്ച ഇത്തരം അനേകം ഉദാഹരണം കാണാം. അവർ ഫുട്‌ബോളിനെ ഇങ്ങനെയൊക്കെയാണ്‌ ഉപയോഗിച്ചതെങ്കിൽ  മാനവികതയുടേയും ജനകീയതയുടേയും അടിത്തറയിൽ  ഇടതുപക്ഷ സ്വഭാവം മുറുകെ പിടിക്കുന്ന ധാരാളം ക്ലബ്ബുകളുണ്ട്. ഈ കളിയെ ജനകീയോത്സവമായി മാറ്റുന്നതിൽ ഇത്തരം ക്ലബ്ബുകൾ വഹിക്കുന്ന പങ്ക്‌ ഫുട്‌ബോൾ ചരിത്രത്തിലെ മായാമുദ്രയാണ്‌.

എഎസ് ലിവോർണോ ഇറ്റലി
1921ൽ അന്റോണിയോ ഗ്രാംഷി  ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർടി രൂപീകരിച്ച സ്ഥലമാണ് ലിവോർണോ. അവിടത്തെ പ്രാദേശിക ക്ലബ്ബാണ്‌ ഇത്. ഇറ്റാലിയൻ ലീഗായ സീരി എയിൽ പങ്കെടുത്ത ആദ്യ ക്ലബ്ബുകളിൽ ഒന്നെന്ന ഖ്യാതിയുമുണ്ട്. രാഷ്ട്രീയ നിലപാടുകൾ മയപ്പെടുത്താൻ തയ്യാറല്ലാത്തതുകൊണ്ട് മുസോളിനിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ  ക്രൂരതയ്ക്ക് ഇരയായവരാണ്‌ ഇവർ. ഇപ്പോൾ ഇറ്റാലിയൻ രണ്ടാംനിര ലീഗായ സീരി ബിയിലാണ് കളിക്കുന്നത്.

ചൂഷകരിൽനിന്നുള്ള സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ‘ബെല്ലാ ഗ്രാസ്' എന്ന ഗാനം ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ അർമാണ്ടോ പിപ്പി സ്റ്റേഡിയത്തിൽ ഇന്നും മുഴങ്ങിക്കേൾക്കാം. കമ്യൂണിസ്റ്റ് പതാകകളും ചെയുടെ പ്ലക്കാർഡുകളുമായി ഇരമ്പിയാർക്കുന്ന ആരാധകരാണ് ഇവരുടെ സ്റ്റേഡിയങ്ങളിൽ.

സെൽറ്റിക് എഫ്സി സ്കോട്‌ലൻഡ്
ഗ്രീൻ ബ്രിഗേഡ് എന്നാണ്  ഈ ക്ലബ്ബിന്റെ ആരാധകരുടെ വിളിപ്പേര്. അവർ സ്വയം വിശേഷിപ്പിക്കുന്നത് ഫാസിസ്റ്റ് വിരുദ്ധർ, വർഗീയ വിരോധികൾ, വിഭാഗീയതാ വിരുദ്ധർ എന്നിങ്ങനെയൊക്കെയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‌ എതിരെയുള്ള ഐറിഷ് ജനതയുടെ ഐതിഹാസിക പോരാട്ടത്തിന് പിന്തുണ നൽകിയവരാണ്‌ ഇവർ. 2018ൽ ഗാസയിലെ ഇസ്രയേൽ വെടിവയ്‌പിൽ 16 പലസ്തീനികൾക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ സെൽറ്റിക് എഫ്സിയുടെ അടുത്ത ഹോം മാച്ചിനിടയിൽ  ആരാധകർ 16 പലസ്തീനിയൻ പതാക ഉയർത്തിയാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇസ്രയേലി ക്ലബ്ബായ ഹാപ്പോൾ ബർഷീവ ഒരു ചാമ്പ്യൻസ് ലീഗിന് മൽസരത്തിന്‌ എത്തിയപ്പോൾ സെൽറ്റിക്ക്  എഫ്സിയുടെ ആരാധകർ പലസ്തീൻ പതാകകളും സയണിസ്റ്റ് വിരുദ്ധ ബാനറുകളുമായാണ് എത്തിയത്.

ഹാപ്പോൾ ടെൽ അവീവ് ഇസ്രയേൽ
ആദ്യത്തെ ഏഷ്യൻ  ക്ലബ് ചാമ്പ്യന്മാരാണ് ടെൽ അവീവ് ക്ലബ്. ഇവരുടെ ചുവന്ന പതാകയിൽ ഗാന്ധിജിയും മാർക്സും ഉൾപ്പെടുന്നു.  ഹപ്പോൾ എന്നാൽ തൊഴിലാളി എന്നാണ് അർഥം. ക്ലബ്ബിന്റെ ചിഹ്നത്തിൽ  അരിവാളും ചുവന്ന ചുറ്റികയേന്തിയ മനുഷ്യനുമുണ്ട്. ഏഴു ദശകത്തോളം ഹിസ്റ്ററട്ട എന്ന ഇസ്രയേലിലെ തൊഴിലാളി സംഘടനയായിരുന്നു ക്ലബ്ബിന്റെ ഉടമസ്ഥർ. ഇസ്രയേലികളുടെ തീവ്രവലതു നിലപാടുകളോട് ചേർന്നുനിൽക്കുന്ന ബിറ്റേയാർ ജറുസലേം എന്ന ക്ലബ്ബിനെ പരമ്പരാഗത ശത്രുക്കളായാണ് ഇവർ കാണുന്നത്.

എഫ്സി സെന്റ്‌ പോൾ - ജർമനി
വലതുപക്ഷ ആക്രോശങ്ങളും ചിഹ്നങ്ങളും സ്റ്റേഡിയത്തിൽ നിരോധിച്ച ജർമനിയിലെ ആദ്യ ക്ലബ്ബാണ്‌ ഇത്. വംശീയതയോളമെത്തുന്ന  അതിദേശീയതയെ കഠിനമായി എതിർക്കുന്ന ഇവർ ജർമൻ ദേശീയതയുടെ പ്രതീകമായ പ്രത്യേകതരം ചായപോലും  സ്റ്റേഡിയത്തിൽ ഉപയോഗിക്കാറില്ല.

2006ൽ ജർമനി ലോകകപ്പിന് വേദിയായപ്പോൾ ഈ നഗരം സമാന്തരമായ ഫിഫി ലോകകപ്പ് നടത്തി (ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫുട്ബോൾ ഇൻഡിപെൻഡൻസ്). ഫിഫ അംഗീകരിക്കാത്ത രാജ്യങ്ങളിലെ അംഗങ്ങൾ ചേർന്നതാണ്‌ ഇത്. ആറ് ടീമുകളാണ് മെയ് –ജൂൺ മാസങ്ങളിൽ നടന്ന  ലോകകപ്പിൽ പങ്കെടുത്തത്. ഗ്രീൻലാൻഡ്‌,  ഉത്തര സൈപ്രസ്, സാൻസിബാർ, ജിബ്രാൾട്ടർ, തിബറ്റ്, റിപ്പബ്ലിക് ഓഫ് സെന്റ്‌ പോൾ എന്നിവയായിരുന്നു ടീമുകൾ. ആരാധക പിന്തുണ കുറവായതുകൊണ്ട് ഈ ലോകകപ്പിന്റെ മറ്റൊരു എഡിഷൻ ഉണ്ടായില്ലെങ്കിൽപ്പോലും അവർ ഉയർത്തിയ മാനവികതയുടെ രാഷ്ട്രീയത്തെ അംഗീകരിക്കാതിരിക്കാനാകില്ല.

ലിവർപൂൾ ഇംഗ്ലണ്ട്
ലോകത്തിലെ തന്നെ ഏറ്റവും മുതലാളിത്തവൽക്കരിക്കപ്പെട്ട ഫുട്‌ബോൾ ലീഗായ ചാമ്പ്യൻസ് ലീഗിലെ സോഷ്യലിസ്റ്റ് മുഖമുള്ള ടീമാണ് ലിവർപൂൾ. ലീഗിലെ മറ്റു ക്ലബ്ബുകളെല്ലാം അരാഷ്ട്രീയരായാണ്  അറിയപ്പെടുന്നതെങ്കിലും തങ്ങളുടെ ഇടതുസ്വഭാവം മറച്ചുവയ്‌ക്കാൻ ലിവർപൂളും ഏവർട്ടണും തയ്യാറായിട്ടില്ല. ലേബർ പാർടിയുടെ ഈറ്റില്ലമായ ലിവർപൂളിൽനിന്നുള്ള ഈ ക്ലബ് പാവപ്പെട്ടവരെ തകർക്കുന്നതിനേക്കാൾ നല്ലത് നിയമം തകർക്കുന്നതാണ് എന്നാണ് വിശ്വസിക്കുന്നത്. സോഷ്യലിസ്റ്റ് പാതയിൽനിന്ന്‌ ഇംഗ്ലണ്ടിലെ പല പട്ടണങ്ങളും വ്യതിചലിച്ചെങ്കിലും ഈ ചുവപ്പന്മാർ പട്ടണത്തിലെ തൊഴിലാളി വർഗത്തിന്റെയും സോഷ്യലിസത്തിന്റെയും വക്താക്കളായി ഇന്നും നിലനിൽക്കുന്നു.

റയോ വല്ലേക്കാനോ -സ്പെയിൻ
സ്പാനിഷ് ആഭ്യന്തര യുദ്ധകാലം മുതലിങ്ങോട്ട് ഒരു ശരാശരി ക്ലബ് മാത്രമായ ഈ മാഡ്രിഡ് ക്ലബ് നഗരത്തിലെ വരേണ്യവർഗത്തിന്റെ ക്ലബ്ബായി കണക്കാക്കപ്പെടുന്ന റയൽ മാഡ്രിഡുമായി ബദ്ധശത്രുതയിലാണ്. തൊഴിലാളികൾ  തിങ്ങിപ്പാർക്കുന്ന മാഡ്രിഡിലെ വല്ലേക്കായിൽനിന്നുള്ള ഈ ക്ലബ് അടിമുടി ഫാസിസ്റ്റ് വിരുദ്ധരാണ്. ‘ധീരത, ധൈര്യം, കുലീനത' ഇതാണ് ആരാധകരുടെ ബാഡ്ജിലെ വാചകം.

എഇകെ ഏതൻസ്
കോൺസ്റ്റാന്റിനോപ്പിളിൽനിന്ന്‌ കുടിയേറിയ ഗ്രീക്ക് അഭയാർഥികൾ 1974ൽ ഏതൻസിൽ തുടങ്ങിയ ക്ലബ്. സമാന മനസ്കരായ എസ് ലോവിനോ, ഒളിമ്പിക് ഡേ മാർസ്ലെലേ എന്നീ ക്ലബ്ബുകളുമായി ചേർന്ന് സാഹോദര്യത്തിന്റെ ത്രികോണം ഉണ്ടാക്കിയവരാണ്.  ഇടതുപക്ഷ സ്വഭാവമുള്ള ക്ലബ്ബുകളുമായി സൗഹൃദ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഏതൻസിലെ ഒളിമ്പിക് സ്റ്റേഡിയമാണ് ഹോം ഗ്രൗണ്ട്.

ബൊക്ക ജൂനിയേഴ്‌സ് അർജന്റീന
ഇറ്റലിയിൽനിന്നും സ്പെയിനിൽനിന്നും എത്തിയ കുടിയേറ്റക്കാർ  തുടങ്ങിയ അർജന്റീനയിലെ തുറമുഖ നഗരത്തിലെ ക്ലബ്ബാണ്‌ ഇത്. അതുകൊണ്ടുതന്നെ തൊഴിലാളിവർഗ ആഭിമുഖ്യം ഈ ക്ലബ്ബിന് ആദ്യംമുതലേയുണ്ട്. ബ്യൂണസ് അയേഴ്‌സിലെ കുലീനരുടെ ക്ലബ്ബായ റിവർ പ്ലേറ്റുമായുള്ള വൈരം പലപ്പോഴും മൈതാനത്തിന് പുറത്തേക്കും  നീളാറുണ്ട്.

എസ്‌പോർട്ടെ  ക്ലബ് ബഹിയ ബ്രസീൽ
2013 മുതൽ ആരാധകർ കൈയടക്കിയ ഈ ക്ലബ്‌ ലോകത്തിലെ തന്നെ ഏറ്റവും പുരോഗമനാത്മകമായ ക്ലബ്ബുകളിൽ ഒന്നാണ്. സ്ത്രീസുരക്ഷയ്‌ക്ക് പ്രാധാന്യം നൽകുന്ന സ്റ്റേഡിയം, വംശീയതയ്‌ക്ക് എതിരായ നിലപാടുകൾ, പരിസ്ഥിതി-, ലിംഗനീതി വിഷയങ്ങളിൽ സ്വീകരിക്കുന്ന ക്രിയാത്മകമായ ഇടപെടലുകൾ എന്നിവയാണ് ഇവരെ വ്യത്യസ്തരാക്കുന്നത്.

ഖത്തറിൽ പന്തുരുളുമ്പോൾ കേരളത്തിലും ആവേശവും ആരവവും അലയടിക്കുന്നതിനു കാരണം അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പക്ഷംചേർന്നുള്ള ഈ രാഷ്ട്രീയ ഐക്യദാർഢ്യപ്പെടുത്തലാകാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top