28 March Thursday

സൂചിക നൽകുന്ന അപകട സൂചന; ഡോ. ജോ ജോസഫ്‌ എഴുതുന്നു

ഡോ. ജോ ജോസഫ്‌Updated: Monday Sep 19, 2022

‘ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യം 2004 ൽ ഇന്ത്യയിലാകെ മുഴങ്ങിക്കേട്ടതാണ്. കോർപറേറ്റ് മേഖലയിലും നിക്ഷേപ സൂചികകളിലും മാത്രമുണ്ടായിരുന്ന മുന്നേറ്റത്തെ ഇന്ത്യയുടെ പൊതുവളർച്ചാമുന്നേറ്റമായി ചിത്രീകരിക്കാനുള്ള ഒരു മാർക്കറ്റിങ്‌ തന്ത്രമായിരുന്നു അത്. ആ വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഭരണ കക്ഷിയുടെ പ്രധാന മുദ്രാവാക്യവും അതുതന്നെയായിരുന്നു. പൊതുഖജനാവിൽനിന്ന് അനേകം കോടികൾ മുടക്കി ഒരു അമേരിക്കൻ പരസ്യക്കമ്പനിയെക്കൊണ്ട്‌ തയ്യാറാക്കിപ്പിച്ച നിരവധി  പരസ്യങ്ങളാണ് ഈ മുദ്രാവാക്യത്തിൽ ഊന്നി വിവിധ മാധ്യമങ്ങളിൽ ഇടംപിടിച്ചത്.

കൗതുകകരമെന്ന് പറയട്ടെ, ആ തെരഞ്ഞെടുപ്പിൽ ഭരണകക്ഷി പരാജയപ്പെടുകയാണുണ്ടായത്. പരാജയ കാരണങ്ങളിൽ ഒന്നായി വിലയിരുത്തപ്പെട്ടതും ഈ മുദ്രാവാക്യം തന്നെയായിരുന്നു. അശേഷം തിളങ്ങാത്ത യഥാർഥ ഇന്ത്യയെ ജനങ്ങളുടെ മുമ്പിൽ വരച്ചുകാട്ടാൻ അന്നത്തെ പ്രതിപക്ഷത്തിനും സാധിച്ചു. ഇത്തരമുള്ള

വാചക കസർത്തുകളും വ്യാജ ആഖ്യാന നിർമിതികളും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ ഇന്നും തുടരുന്നു. ഭരണാധികാരികളുടെ നെഞ്ചളവ് മുതൽ ആകാര സൗന്ദര്യം  വരെ ദേശശക്തിയുടെ പ്രതീകമായി ഉയർത്തി കാണിക്കപ്പെടുന്നു.

വാചക കസർത്തുകളും വ്യാജ ആഖ്യാന നിർമിതികളും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ ഇന്നും തുടരുന്നു. ഭരണാധികാരികളുടെ നെഞ്ചളവ് മുതൽ ആകാര സൗന്ദര്യം  വരെ ദേശശക്തിയുടെ പ്രതീകമായി ഉയർത്തി കാണിക്കപ്പെടുന്നു. ലോകത്തെ തന്നെ മുന്നോട്ടുനയിക്കാൻ നെടുനായകത്വം വഹിക്കുന്നത് ഇന്ത്യയാണ് എന്ന ധ്വനി  ഉയർത്തിക്കൊണ്ട് ‘വിശ്വഗുരു' എന്ന ആഖ്യാന നിർമിതിയും വീണ്ടും ഒരു പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി അധികാരത്തിന്റെ അന്തഃപുരങ്ങളിൽ ഒരുങ്ങുന്നുണ്ട്.

എന്നാൽ ഈ സത്യാനന്തര കാലത്ത് ഇന്ത്യയുടെ പച്ചയായ യാഥാർഥ്യം വിവിധ ഏജൻസികളുടെ പഠനങ്ങളിലൂടെ പുറത്തുവരുന്ന സൂചികകളിൽ തെളിഞ്ഞു കാണുന്നു. നാം കുതിപ്പിലല്ല, മറിച്ചു കിതപ്പിലാണ് എന്ന് ഇവ അർഥശങ്കയ്‌ക്കുമിടമില്ലാതെ നമ്മെ ബോധ്യപ്പെടുത്തുന്നു.

UNDP (യുണൈറ്റഡ് നേഷൻസ് ഡെവലപ്പ്മെന്റ്‌ പ്രോഗ്രാം) പ്രസിദ്ധീകരിച്ച മാനവ വികസന സൂചിക (Human Development Index)) ഏകദേശം 190 രാജ്യങ്ങളുടെ പുരോഗതി നിരീക്ഷിച്ച് 1990 മുതൽ എല്ലാവർഷവും പ്രസിദ്ധീകരിക്കുന്ന ആഗോളതലത്തിൽത്തന്നെ ഏറ്റവും പ്രധാനപ്പെട്ട സൂചികകളിൽ ഒന്നാണിത്. മാനവപുരോഗതിയുടെ പ്രധാനപ്പെട്ട മൂന്നുതലങ്ങളായ  ആരോഗ്യപൂർണമായ ജീവിതദൈർഘ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയിലൂന്നിയ പല അടിസ്ഥാന അളവുകോലുകളിലൂടെയാണ് ഈ സൂചിക തയ്യാറാക്കുന്നത്.

ആയുർദൈർഘ്യം, സാക്ഷരത, വൈദ്യുതി ലഭിക്കുന്ന ഗ്രാമീണ മേഖലകളുടെ എണ്ണം, ജിഡിപി, കയറ്റുമതി, ഇറക്കുമതി, കൊലപാതക നിരക്ക്, പട്ടിണിയുടെ തോത്, വേതനനിരക്കിലെ അസമത്വം, ഇന്റർനെറ്റ് ലഭ്യത എന്നിവ ഈ സൂചിക തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഘടകങ്ങളിൽ ചിലതുമാത്രമാണ്.

ഇവയെല്ലാം പരിഗണിച്ച് 0 മുതൽ 1 വരെയുള്ള പോയിന്റുകൾ നൽകി, വളരെ മികച്ചത് ( 0.8‐1.0), മികച്ചത് (.7‐.79) ഇടത്തരം (.55‐.7)   താഴ്‌ന്നത് (<.55)  എന്നിങ്ങനെ രാജ്യങ്ങളെ തരംതിരിക്കുന്നു. 0.957 പോയിന്റുകളോടുകൂടി നോർവേയാണ് ഒന്നാം സ്ഥാനത്ത്. 0.645  പോയിന്റുകൾ മാത്രം നേടി  131 ‐ ാം സ്ഥാനത്താണ് ഇന്ത്യ. ഭൂട്ടാൻ, ചൈന, ശ്രീലങ്ക എന്നീ അയൽപക്ക രാജ്യങ്ങൾ നമ്മളെക്കാൾ മുമ്പിലാണ്. ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ എന്നീ അയൽക്കാർ മാത്രമാണ് നമ്മെക്കാൾ പിറകിൽ.

സ്വാതന്ത്ര്യ സൂചിക

(HUMAN FREEDOM INDEX)

കനഡയിലെ ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടും, അമേരിക്കയിലെ കേറ്റോ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് 2020 ഡിസംബറിൽ നടത്തിയ പഠനപ്രകാരം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ സ്വാതന്ത്ര്യ സൂചികയിലെ റാങ്ക് കഴിഞ്ഞ വർഷത്തെതിനെക്കാൾ, 17 സ്ഥാനങ്ങളാണ് ഒറ്റയടിക്ക് താഴേക്ക് പതിച്ചത്.

(ഇപ്പോഴത്തെ റാങ്ക്  111/162  .2019 ൽ 94) വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും 76 വ്യത്യസ്ത സൂചികകളെ  അടിസ്ഥാനപ്പെടുത്തിയാണ് സ്വാതന്ത്ര്യസൂചിക തയ്യാറാക്കുന്നത്.

അയല്‍പക്ക രാജ്യങ്ങളായ പാക്കിസ്ഥാന്‍ (140), ബംഗ്ലാദേശ് (139), ചൈന (129) എന്നിവയെക്കാള്‍ ഇന്ത്യയുടെ റാങ്ക് മെച്ചമാണെങ്കിലും ഭൂട്ടാന്‍ (102),  ശ്രീലങ്ക (94), നേപ്പാള്‍ (92) എന്നിവരെക്കാള്‍ മോശമാണ് നമ്മുടെ സ്ഥിതി.

ഈ റിപ്പോര്‍ട്ട്‌ പ്രകാരം ശ്രദ്ധേയമായ മറ്റൊരുകാര്യം ആഗോളതലത്തില്‍തന്നെ സ്വാതന്ത്ര്യം കുറയുകയാണ് എന്നതാണ്. രാജ്യങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിയും സ്വാതന്ത്ര്യവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് എന്നതാണ് മറ്റൊരു പ്രധാന നിരീക്ഷണം.

ആഗോള പട്ടിണി സൂചിക

(GLOBAL HUNGER INDEX )

2021 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ആഗോള പട്ടിണി സൂചിക പ്രകാരം ഗുരുതരമായ അവസ്ഥയിൽ പട്ടിണി നിലനിൽക്കുന്നുവെന്ന് കണ്ടെത്തിയ 31 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. മുൻവർഷത്തെ 94‐ ാം റാങ്കിൽനിന്നും 101‐ ാം  റാങ്കിലേക്കാണ് ഇന്ത്യ പിന്തള്ളപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ നാം പല അയല്‍ രാജ്യങ്ങളെക്കാള്‍ പിന്നിലാണെന്നതും ഞെട്ടിപ്പിക്കുന്നതാണ്.

ഉദാഹരണത്തിന് പാക്കിസ്ഥാന്‍ (92), നേപ്പാള്‍ (76) ബംഗ്ലാദേശ് (76). പോഷകാഹാരക്കുറവ്, ഉയരത്തിനും പ്രായത്തിനുമനുസരിച്ചുള്ള തൂക്കമില്ലായ്മ, 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സൂചിക തയ്യാറാക്കുന്നത്. ഈ പഠനപ്രകാരം ഇന്ത്യയിൽ 15.3% പേര്‍ക്കും പോഷകാഹാരക്കുറവുണ്ട്. 5 വയസ്സില്‍ താഴെയുള്ള 17.3% കുട്ടികള്‍ക്കും പ്രായത്തിനനുസരിച്ചുള്ള ഭാരമില്ല, 34.7% കുട്ടികള്‍ക്കും ഉയരത്തിനനുസരിച്ചുള്ള ഭാരമില്ല. 3.4% കുട്ടികള്‍ തങ്ങളുടെ 5‐ ാം പിറന്നാളിനുമുമ്പ് മരണപ്പെടുന്നു.

ലിംഗസമത്വ സൂചിക

(GLOBAL GENDER GAP INDEX)

ലോക സാമ്പത്തിക ഫോറം 2021 ൽ പ്രസിദ്ധീകരിച്ച ലിംഗസമത്വ സൂചിക പ്രകാരവും ഇന്ത്യയുടെ റാങ്ക് പിറകിലേക്ക് തന്നെയാണ്.
റാങ്ക്  140/156 ( 2020 ൽ 112/153)
സ്ത്രീകളെ സംബന്ധിച്ചുള്ള മിക്കവാറും സൂചികകളിൽ  ഇന്ത്യ ദയനീയമാംവിധം പിറകോട്ടുപോയി. സ്ത്രീകളുടെ തൊഴില്‍/സാമ്പത്തിക പങ്കാളിത്തം, പ്രൊഫഷണല്‍  സാങ്കേതിക പങ്കാളിത്തം, മുതിര്‍ന്ന തസ്തികകളിലെ സ്ത്രീ പ്രാതിനിധ്യം എന്നിവയിലെല്ലാം ഇന്ത്യയുടെ നില വളരെ  പിറകിലാണ്. ഇന്ത്യയിലെ സ്‌ത്രീകളുടെ വരുമാനം പുരുഷന്മാരുടെ വരുമാനത്തിന്റെ അഞ്ചിലൊന്നുമാത്രമാണ് എന്നും ഈ റിപ്പോര്‍ട്ട് പറയുന്നു.

ലിംഗ വ്യത്യാസം തീരെ കുറഞ്ഞ ഒരു മേഖല സ്ത്രീ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതാണ്. പ്രാഥമിക സെക്കണ്ടറി തൃതീയ വിദ്യാഭ്യാസ മേഖലകളില്‍ കാര്യമായി ലിംഗ വ്യത്യാസം ഇല്ല എന്നത് ഒരു ശുഭസൂചികയായി നിലനില്‍ക്കുന്നു. എങ്കിലും നിരക്ഷരായ പുരുഷന്മാർ 17.6%  മാത്രമായിരിക്കെ  34.2% സ്ത്രീകള്‍ നിരക്ഷരരാണ്. ഇക്കാര്യങ്ങളിൽ ദക്ഷിണേഷ്യയില്‍  പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും ഗണത്തിലാണ് ഇന്ത്യയുടെ സ്ഥാനമെന്നതിന് വാചാലമായ അർഥതലങ്ങളുണ്ട്.

സ്മാർട് സിറ്റി ഇൻഡക്സ്

2020ൽ സിംഗപ്പൂര്‍ യൂണിവേഴ്സിറ്റി പുറത്തുവിട്ട സ്മാർട്ട് സിറ്റി ഇൻഡക്സ് പ്രകാരം ഹൈദരാബാദ്, ന്യൂ ഡല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളെല്ലാം റാങ്കിങ്ങിൽ കുത്തനെ താഴേക്ക് പതിക്കുന്ന കാഴ്‌ചയാണ്.

കോവിഡ് കാലഘട്ടത്തില്‍ പുറത്തുവന്ന ഈ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ നഗരങ്ങളിൽ ഒന്നുപോലും ആ മഹാമാരിയെ നേരിടാന്‍ പ്രാപ്തമല്ലായിരുന്നുവെന്ന് വ്യക്തമാകുന്നു.

വായു മലിനീകരണം, നിരത്തുകളിലെ ട്രാഫിക്‌ കുരുക്കുകള്‍, തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വരെ  ഇന്ത്യന്‍ നഗരങ്ങളെ ശ്വാസം മുട്ടിക്കുന്നു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട സ്മാർട് സിറ്റി പദ്ധതിക്കും കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല എന്ന് വേണം വിലയിരുത്താൻ.

ഉദാര ജനാധിപത്യ സൂചിക

(LIBERAL DEMOCRACY INDEX)

ഗോഥന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയുടെ 2020ലെ ലിബറൽ ഡെമോക്രസി ഇൻഡക്സ് പ്രകാരം ലോകത്തിലെ 10 സ്വേച്ഛാധിപത്യ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ 'തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യ വ്യവസ്ഥ’യിലാണ് ഈ വര്‍ഷവും ഈ രാജ്യമുള്ളത്.

2013 ല്‍ 0.57 ആയിരുന്ന ലിബറല്‍ ഡെമോക്രാറ്റിക് ഇന്‍ഡക്സ് 2020 ആയപ്പോള്‍ 0.37 ആയി കുറഞ്ഞിരിക്കുന്നു. ഈ പത്ത് വര്‍ഷത്തിനിടെ ലോകരാജ്യങ്ങളില്‍ ഉണ്ടായതിൽവച്ച് ഏറ്റവും ഗൗരവതരമായ മാറ്റമായാണ് ഇത് കരുതപ്പെടുന്നത്.

ഇവിടെ മാത്രമല്ല ലോകത്തെമ്പാടും ജനാധിപത്യമൂല്യങ്ങള്‍ അട്ടിമറിക്കപ്പെടുന്നതായും ഈ റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നു. ഇന്ത്യയിലേതുപോലുള്ള 'തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യ’മാണ് ലോകമെമ്പാടും ഇപ്പോൾ കൂടുതലായും കണ്ടുവരുന്ന രീതി. ലോകത്തിലെ 44% ജനങ്ങളും ഇപ്രകാരമാണ് ഇപ്പോൾ ഭരിക്കപ്പെടുന്നതെന്നാണ് മറ്റൊരു ഗൗരവതരമായ നിരീക്ഷണം.

1729 മുതല്‍ 2021 വരെയുള്ള നീണ്ട കാലയളവിൽ ആഗോളതലത്തിലെ ജനാധിപത്യ രീതിയെ V-Dem  പിന്തുടരുന്നുണ്ട്. 3700 പണ്ഡിതരും, രാജ്യാന്തര വിദഗ്ധരുമാണ് ഈ വിധത്തില്‍ 30 ദശലക്ഷം ഡാറ്റാ പോയിന്റുകള്‍ ഉപയോഗിച്ച് 202 രാജ്യങ്ങളിലെ ജനാധിപത്യത്തെ വിലയിരുത്തുന്നത്.

ഇത്രയുമധികം വിവരശേഖരണവും സാങ്കേതിക വൈദഗ്ധ്യവും ഉപയോഗിച്ച്,വളരെ നീണ്ട കാലമെടുത്ത്‌ നടത്തപ്പെടുന്ന ഈ പഠനത്തെ അതർഹിക്കുന്ന ഗൗരവത്തോടെ ഉത്തരവാദപ്പെട്ടവർ വിശകലനം ചെയ്തിട്ടുണ്ടോയെന്ന്‌ സംശയമാണ്.

ലോക സ്വാതന്ത്ര്യ സൂചിക

(FREEDOM IN WORLD INDEX)

ലോക സ്വാതന്ത്ര്യ സൂചിക പ്രകാരം 'ഭാഗിക സ്വാതന്ത്ര്യമുള്ള’  രാജ്യങ്ങളുടെ ഗണത്തിലാണ്  2021 മുതല്‍ ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. എന്നാല്‍ അതിനുമുമ്പ്  2020 ല്‍ 'പൂർണ സ്വാതന്ത്ര്യമുളള രാജ്യങ്ങളുടെ ’  ഗണത്തിലായിരുന്നുവെന്നതും ശ്രദ്ധേയമാണ്.

ലോക സ്വാതന്ത്ര്യ സൂചിക പ്രകാരം 'ഭാഗിക സ്വാതന്ത്ര്യമുള്ള’  രാജ്യങ്ങളുടെ ഗണത്തിലാണ്  2021 മുതല്‍ ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. എന്നാല്‍ അതിനുമുമ്പ്  2020 ല്‍ 'പൂർണ സ്വാതന്ത്ര്യമുളള രാജ്യങ്ങളുടെ ’  ഗണത്തിലായിരുന്നുവെന്നതും ശ്രദ്ധേയമാണ്. തുടർച്ചയായ വർഷങ്ങളിൽ ഇന്ത്യയുടെ റാങ്ക് പിറകോട്ടുപോകുകയാണ്. (71/100  2020,67/100  2021, 66 /100  2022) രാഷ്ട്രീയ അവകാശങ്ങളുടെയും, പൗരാവകാശങ്ങളുടെയും 25 സൂചികകള്‍ ഉപയോഗിച്ചാണ് രാജ്യങ്ങളെ ഇപ്രകാരം തരംതിരിക്കുന്നത്. 1973 മുതല്‍ എല്ലാ വര്‍ഷവും ഇത്തരത്തിലുള്ള കണക്കുകള്‍ പുറത്തുവരുന്നു.

പൗരാവകാശ സംഘടനകളുടെ ആഗോള കൂട്ടായ്‌മ

(NATIONAL CIVICS SPACE MONITOR- CIVICUS MONITOR)

ഈ പഠന പ്രകാരം 2021 ലെ റാങ്കിങ്ങിലും ഇന്ത്യ അടിച്ചമര്‍ത്തപ്പെട്ട (Obstructed) രാജ്യങ്ങളുടെ പട്ടികയിലാണ്. 'പൗരാവകാശങ്ങള്‍ക്ക് തടസ്സമുള്ള’  (Obstructed ) രാജ്യങ്ങളുടെ ഗണത്തിൽനിന്നും 'പൗരാവകാശങ്ങൾ അടിച്ചമർത്തപ്പെട്ട’ (Repressed)) രാജ്യങ്ങളുടെ ഗണത്തിലേക്ക് ഇന്ത്യ മാറിയത് 2019ലാണ് എന്നുമോർക്കണം. ഈ റാങ്കിങ്‌ 194 ഓളം രാജ്യങ്ങളെ പൗരാവകാശങ്ങളുടെ അടിസ്ഥാനത്തിൽ താഴെപ്പറയുന്നവിധം തിരിക്കുന്നു.

തുറന്ന സമീപനമുള്ള രാജ്യങ്ങള്‍ (open),  ഇടുങ്ങിയ സമീപനമുള്ള രാജ്യങ്ങൾ (Narrowed), പൗരാവകാശങ്ങള്‍ക്ക് തടസ്സമുള്ള രാജ്യങ്ങള്‍ (Obstructed),  പൗരാവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട രാജ്യങ്ങള്‍ (Repressed),  പൗരാവകാശങ്ങള്‍ പൂർണമായും ഇല്ലാത്ത രാജ്യങ്ങള്‍ (Closed). ഈ സൂചികയിലാണ് നാം തുടർച്ചയായ വർഷങ്ങളിൽ പിന്നോട്ട് പോകുന്നത് എന്നത് ഗൗരവമായി കാണേണ്ട വസ്‌തുതയാണ്.  

മനുഷ്യാവകാശ പ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരും, പൗരാവകാശത്തിനുവേണ്ടി പോരാടുന്ന സംഘടനകളും അടിച്ചമര്‍ത്തപ്പെടുന്നത് കൊണ്ടും ജമ്മുകാശ്മീരിലെ പൗരാവകാശ ലംഘനങ്ങൾകൊണ്ടുമാണ് ഇന്ത്യ 2019 ല്‍ ഈ സൂചികയിൽ പിന്നിലാകാന്‍ കാരണം.

2021 ലെ റിപ്പോര്‍ട്ട് പ്രകാരവും ഇന്ത്യയ്ക്ക് നില അൽപ്പംപോലും മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നത് ആശങ്കാജനകമാണ്. 2022 ലെ പുതിയ റിപ്പോര്‍ട്ടിലും എല്‍സാല്‍വദോര്‍, കസാക്കിസ്ഥാന്‍, റഷ്യ, ടുണീഷ്യ, യുഎഇ എന്നീ രാജ്യങ്ങളോടൊപ്പം ഇന്ത്യയിലെയും പൗരസ്വാതന്ത്ര്യത്തെക്കുറിച്ച്‌ വലിയ ആശങ്ക പങ്കുവയ്ക്കപ്പെടുന്നുണ്ട്.

മാത്രവുമല്ല, നിരീക്ഷണപ്പട്ടികയില്‍പ്പെട്ട (Watchlist) രാജ്യങ്ങളില്‍ ഒന്നുമാണ് ഇപ്പോൾ ഇന്ത്യ. ഇന്ത്യയിലെ പൗരാവകാശത്തിന്റെ വാതായനങ്ങള്‍ വളരെ വേഗത്തില്‍ അടയ്ക്കപ്പെടുകയാണ് എന്നും ഇതിൽ നിരീക്ഷിക്കപ്പെടുന്നു.

ഇതിനു നിദാനമായ പല ഘടകങ്ങളും ആ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.  FCRA  നിയമത്തിന്റെ ദുരുപയോഗം, അന്യായമായ യുഎപി എ ചുമത്തല്‍ ജയിലിലടയ്ക്കപ്പെട്ടവരുടെ കേസുകളിലെ മെല്ലെപ്പോക്ക്, കഠിനമായ ജാമ്യ വ്യവസ്ഥകള്‍, പത്രപ്രവര്‍ത്തകരുടെ അറസ്റ്റ്, മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് ഇവയെല്ലാം കാരണങ്ങളായി പ്രതിപാദിക്കപ്പെടുന്നുമുണ്ട്.

ലോക പത്ര സ്വാതന്ത്ര്യസൂചിക

(WORLD PRESS FREEDOM INDE)

റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്‌സിന്റെ  (  RSF ) മെയ് 2022 ലെ റിപ്പോർട്ട് പ്രകാരം നമ്മുടെ രാജ്യം കഴിഞ്ഞവർഷത്തെ 142ാം റാങ്കിൽനിന്നും ഈ വർഷം 150 ‐ ാം റാങ്കിലേക്ക് താഴ്‌ന്നിരിക്കുന്നു.
ഇന്ത്യയുടെ അയൽ രാജ്യമായ നേപ്പാൾ നില മെച്ചപ്പെടുത്തിയിട്ടുണ്ട് എന്നും കാണാം. 30 റാങ്ക് മെച്ചപ്പെടുത്തി ഇപ്പോൾ എഴുപത്തിയാറാം റാങ്കിലാണ് നേപ്പാൾ.നോർവേ, ഡെൻമാർക്ക്, സ്വീഡൻ എന്നിവരാണ് ആദ്യ മൂന്ന് റാങ്കുകാർ.

ഇന്ത്യ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മാനിക്കണമെന്നും കിരാത നിയമങ്ങൾ ചുമത്തി ജയിലിൽ അടച്ചിട്ടുള്ള പത്രപ്രവർത്തകരെ മോചിപ്പിക്കണമെന്നും  റിപ്പോർട്ടേഴ്സ് വിത്ഔട്ട് ബോർഡേഴ്‌സും  9 മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെടുന്നതായും  ഞടഎ ന്റെ വെബ്സൈറ്റിൽ കാണാം.

ഇവയൊന്നും കൂടാതെ ലോക നീതിന്യായ പ്രോജക്ടിന്റെ  ഭാഗമായിട്ടുള്ള സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 19  റാങ്ക് പിറകിലായി.. Asia Power Index  ഏഷ്യയിലെ ‘പ്രധാനപ്പെട്ട ശക്തി' എന്ന സ്ഥാനവും നഷ്ടപ്പെട്ടുവെന്നതും നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്.

ബ്ലൂംബർഗ് പ്രസിദ്ധീകരിച്ച Covid Resilience Ranking  ലും ഇന്ത്യയുടെ നില വളരെ പുറകിലാണ്. Sustainable Development Index, World Air Quality Index, Environmental Performance Index,Climate Risk Index  തുടങ്ങി കാലാവസ്ഥയുമായി ബന്ധപ്പെട്ട മിക്കവാറും സൂചികകളിലും  ഇന്ത്യ വളരെ പിറകിലാണ്.

ലോകമെമ്പാടും നടക്കുന്ന ഇന്റർനെറ്റ് അടച്ചുപൂട്ടലുകൾ നിരീക്ഷിക്കുന്ന Access Now Tracker    പ്രകാരം ഇന്ത്യയുടെ അവസ്ഥ ആശങ്കാജനകമാണ്. 2020 ൽ ഉണ്ടായ 150 ഇന്റർനെറ്റ് സേവന റദ്ദാക്കലുകളിൽ  70 ശതമാനവും ഇന്ത്യയിലായിരുന്നുവെന്നത് ഞെട്ടിക്കുന്നതാണ്.

ഈ ആധികാരിക പഠനങ്ങളൊക്കെ തരുന്ന സൂചനകളോട് മുഖം തിരിക്കുകയും പഠനരീതികളിലെ ചെറിയ അപാകം ചൂണ്ടിക്കാണിച്ച് പഠനങ്ങളെ അപ്പാടെ തള്ളിപ്പറയുകയുമാണ് ഭരണാധികാരികൾ  ചെയ്യുന്നത്. ആംനസ്റ്റി ഇന്റർനാഷണൽ പോലുള്ള സംഘടനകളുടെ പ്രവർത്തനാനുമതി പോലും ഇവിടെ നിഷേധിക്കപ്പെട്ടിരിക്കുകയാണ് എന്നതും ഓർമിക്കേണ്ടതാണ്.

നമുക്ക് വേണ്ടത് സ്‌തുതിപാഠകരെയല്ല, മറിച്ച് വിസിൽ ബ്ലോവേഴ്സിനെയാണ്. എന്നാൽ അവർ വെറും ദോഷൈകദൃക്കുകൾ മാത്രം ആകരുത്. അങ്ങനെയെങ്കിൽ  മാത്രമേ ഈ സൂചികകളിൽനിന്നും ലഭിക്കുന്ന സൂചനകൾ മനസ്സിലാക്കി പുരോഗതിക്ക് ഉതകുന്ന പദ്ധതികൾ  ആവിഷ്‌കരിക്കാനാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top