27 April Saturday

സുശക്തം, സുസംഘടിതം - ഡോ. ജോ ജോസഫ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 17, 2023

അടുത്ത 25 വർഷത്തിനകം വികസിത രാജ്യങ്ങൾക്ക് സമാനമായ വളർച്ചാ സൂചികകൾ ഉള്ള നവകേരളം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സർവതലസ്പർശിയായ വികസനങ്ങളുമായി രണ്ടാം പിണറായി വിജയൻ സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. മറ്റു വകുപ്പുകളിൽനിന്നും വ്യത്യസ്തമായി വികസിത രാജ്യങ്ങളുടെ സൂചികകൾക്കൊപ്പം മികവാർന്ന സൂചികകൾ മുമ്പേതന്നെ കൈവരിച്ചിട്ടുള്ള മേഖലയാണ് ആരോഗ്യമേഖല. അതിനാൽ മറ്റു വകുപ്പുകളെ അപേക്ഷിച്ച് പ്രകടമായ മുന്നേറ്റത്തിനുള്ള സാധ്യതകൾ കുറവാണെന്ന് പൊതുവേ തോന്നുമെങ്കിലും ആ ധാരണ മാറ്റിയെഴുതി കൂടുതൽ മികവാർന്നതും ശാസ്ത്രീയവും എല്ലാ ജനവിഭാഗങ്ങളിലും എത്തുന്ന രീതിയിലുമുള്ള പ്രവർത്തനങ്ങളാണ് നമ്മുടെ ആരോഗ്യവകുപ്പ് കഴിഞ്ഞ രണ്ടു വർഷവും നടത്തിയിരുന്നത്.

സർക്കാർ മേഖലയിലുള്ള ആരോഗ്യസംവിധാനങ്ങൾക്ക് വെല്ലുവിളിയാണ് സ്വകാര്യമേഖലയിലെ ആരോഗ്യ സംവിധാനങ്ങൾ എന്നാണ് പൊതുവേ വിലയിരുത്താറുള്ളത്. എന്നാൽ, ഈ വെല്ലുവിളിയും അവസരമാക്കി മാറ്റുകയാണ് കേരളത്തിലെ സർക്കാർ ആരോഗ്യമേഖല. ഇതിന്റെ ഏറ്റവും പ്രകടമായ തെളിവാണ് ക്രമാനുഗതമായി കൂടിക്കൊണ്ടിരിക്കുന്ന സർക്കാർ മേഖലയിലെ രോഗികളുടെ എണ്ണം.

സുശക്തവും സുസംഘടിതവുമായ ആരോഗ്യസംവിധാനങ്ങൾ ഉള്ളതിനാലാണ് കോവിഡ് മഹാമാരി കാലത്ത് രോഗികൾ ഏറെയുണ്ടായെങ്കിലും കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് ഒരു കുലക്കവും തട്ടാതിരുന്നത്. ഒളിഞ്ഞും തെളിഞ്ഞും കോവിഡിന്റെ പല വകഭേദങ്ങൾ ഇന്നും പിടിമുറുക്കുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടു വർഷത്തിനിടെ കേരളത്തിലെ ആരോഗ്യമേഖല ഇക്കാര്യത്തിൽ പരീക്ഷിക്കപ്പെട്ടുപോലുമില്ല.

കേരളത്തിലെ സർക്കാർ ആരോഗ്യമേഖലയിൽ  പശ്ചാത്തല വികസനം മാത്രമല്ല, രോഗി ചികിത്സ/രോഗനിർണയ/പൊതുജനാരോഗ്യ/ ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട് എണ്ണമറ്റ വികസനപ്രവർത്തനങ്ങളാണ് ആർദ്രം മിഷൻ വഴി നടക്കുന്നത്. ആശുപത്രികളിൽ പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തോടൊപ്പം ചികിത്സാനിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് ‘ലക്ഷ്യ' കർമപദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി 148 ആശുപത്രിക്ക് എൻക്യുഎഎസ്‌ സർട്ടിഫിക്കേഷൻ ലഭിച്ചു. ഇതിൽ അഞ്ച്‌ ജില്ലാ ആശുപത്രി, നാല്‌ താലൂക്ക് ആശുപത്രി, എട്ട്‌ സാമൂഹ്യ ആരോഗ്യകേന്ദ്രം, 38 അർബൻ പിഎച്ച്സി, 93 കുടുംബാരോഗ്യകേന്ദ്രം എന്നിവ ഉൾപ്പെടുന്നു. എട്ടു വിഭാഗത്തിലായി ഏകദേശം 6500  ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ഇവയെ തെരഞ്ഞെടുക്കുന്നത്. ഗുണനിലവാരത്തിൽ ഇത്രമേൽ മികവുപുലർത്തുന്ന വിപുലമായ പൊതുജനാരോഗ്യ സംവിധാനം കേരളത്തിൽ മാത്രമാണ് എന്നതിൽ നമുക്ക് അഭിമാനിക്കാം. എൻക്യുഎഎസ് സർട്ടിഫിക്കേഷൻ ഏറ്റവുമധികം കരസ്ഥമാക്കിയ സംസ്ഥാനത്തിനുള്ള പുരസ്കാരവും ലഭിച്ചത് നമ്മുടെ കൊച്ചു സംസ്ഥാനത്തിനാണ്.


 

ഇക്കാലയളവിൽ 4261 സബ് സെന്ററുകളാണ് ഹെൽത്ത് ആൻഡ് വെൽനസ് കേന്ദ്രങ്ങളായി ഉയർത്തപ്പെട്ടത്. ചികിത്സാ നിലവാരത്തിലുള്ള മികവ് ത്രിതലത്തിലുള്ള ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാൻ നമുക്ക് സാധിച്ചു. നമ്മുടെ മിക്ക മെഡിക്കൽ കോളേജുകളും ദേശീയ ശരാശരിയേക്കാൾ മികവ് പുലർത്തുന്നവയാണ്. കുട്ടികളുടെ ചികിത്സാകേന്ദ്രമായ എസ്എടി ആശുപത്രിയെ സെന്റർ ഓഫ് എക്സലൻസായി യൂണിയൻ സർക്കാർ തെരഞ്ഞെടുത്തതും പ്രസ്താവ്യമായ മറ്റൊരു നേട്ടമാണ്.
ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിൽ മാത്രമല്ല, രോഗചികിത്സാ സംവിധാനങ്ങളിലും നാം മുന്നേറുകയാണ്. ഹൃദ്‌രോഗ ചികിത്സയ്ക്ക് അത്യന്തം ആവശ്യമായ കാത്ത്  ലാബ് സൗകര്യങ്ങൾ മെഡിക്കൽ കോളേജ് തലത്തിൽനിന്നും ജില്ലാ ആശുപത്രികളിലേക്കും ജനറൽ ആശുപത്രികളിലേക്കും എന്തിനധികം താലൂക്ക് ആശുപത്രികളിൽവരെ ലഭ്യമായിരിക്കുന്നുവെന്നത് മറ്റൊരു സംസ്ഥാനത്തും സാധ്യമാകാത്ത നേട്ടമാണ്. ഒരുകാലത്ത് സർക്കാർ ആരോഗ്യ സംവിധാനങ്ങൾ കുറവായിരുന്ന കാസർകോട്‌ ജില്ലയിലും ഇത്തരം സംവിധാനങ്ങൾ എത്തിക്കാൻ സർക്കാരിനു സാധിച്ചു. 10 ജില്ലയിൽ പക്ഷാഘാതത്തിന്റെ ആധുനിക ചികിത്സയായ ത്രോമ്പോലൈസിസ് ചികിത്സ സൗജന്യമായി ലഭിക്കുന്ന സ്‌ട്രോക്ക് യൂണിറ്റുകൾ പ്രവർത്തനസജ്ജമായി. പക്ഷാഘാതം ബാധിച്ചു പിന്നീടുള്ള കാലം ശയ്യാവലംബിയായി കഴിച്ചുകൂട്ടുകയെന്ന ദുർഗതിയിൽനിന്നും ആയിരങ്ങൾക്ക് രക്ഷ നൽകുന്നതാണ് ഈ സംവിധാനമെന്ന്‌ അറിയുമ്പോഴാണ് എത്രമേൽ മനുഷ്യമുഖമുള്ള വികസനമാണ് ഈ സർക്കാർ നടപ്പിൽ വരുത്തുന്നതെന്ന് വ്യക്തമാകുന്നത്.

ഒരുകാലത്ത് അവയവമാറ്റ ശസ്ത്രക്രിയകൾ കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ കുത്തകയായിരുന്നു. എന്നാൽ, ഇന്ന് കേരളത്തിലെ സർക്കാർ ആരോഗ്യ സംവിധാനങ്ങളിൽ കിഡ്നി, ഹൃദയം, കരൾമാറ്റ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കുന്നു. ഇന്ത്യയിൽ ആദ്യമായി ഒരു ജനറൽ ആശുപത്രിയിൽ ബൈപാസ്‌ ഓപ്പറേഷനും ഓപ്പറേഷൻ കൂടാതെയുള്ള വാൽവ് മാറ്റ പ്രക്രിയയായ ടാവി (TAVI) നടന്നത് എറണാകുളം ജനറൽ ആശുപത്രിയിലാണ്.


 

അവയവദാനം പ്രോത്സാഹിപ്പിക്കാനായി K-SOTTO (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റേഷൻ ഓർഗനൈസേഷൻ) പുനഃസംഘടിപ്പിക്കുകയുണ്ടായി. ഈ സംവിധാനം കേരളത്തിലെ അവയവദാനത്തെ കൂടുതൽ കുറ്റമറ്റതാക്കിമാറ്റും. അതുപോലെതന്നെ കോഴിക്കോട്ട് സ്ഥാപിക്കാൻ പോകുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ കേരളത്തിലെ അവയവമാറ്റ ക്രിയകളെ ആഗോളതലത്തിലേക്ക് എത്തിക്കുന്നതിനൊപ്പംതന്നെ സാധാരണക്കാർക്ക് കൂടുതൽ  പ്രാപ്യമാക്കിമാറ്റും.
കേരളത്തെ രോഗാതുരമാക്കി മാറ്റുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് ജീവിതശൈലി രോഗങ്ങളാണ്. ഈ രോഗങ്ങൾ തടയുന്നതിന്റെ  ഭാഗമായി സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് ‘അൽപ്പം ശ്രദ്ധ, ആരോഗ്യം ഉറപ്പ്‌'. 30 വയസ്സിനു മുകളിലുള്ള 57 ലക്ഷം ആളുകളെയാണ് ജീവിതശൈലി രോഗങ്ങൾക്കായി ശൈലി ആപ് വഴി സ്ക്രീനിങ്‌ നടത്തിയത്. കേരളത്തിലെ 19 ശതമാനം ആളുകൾക്കും എന്തെങ്കിലുമൊരു റിസ്ക് ഫാക്ടർ ഉള്ളവരായി കണ്ടെത്തി. 11 ശതമാനം ആളുകൾക്ക് രക്താതിസമ്മർദവും ഒമ്പത്‌ ശതമാനം ആളുകൾക്ക് പ്രമേഹവും നാല്‌ തശമാനം ആളുകൾക്ക് ഇവ രണ്ടും ഉള്ളതായി നിരീക്ഷിക്കുകയുണ്ടായി. കേരളത്തിന്റെ  പൊതുജനാരോഗ്യസംരക്ഷണത്തിനും ജീവിതശൈലി രോഗനിയന്ത്രണത്തിനും ഈ വിവരങ്ങൾ വലിയ മുതൽക്കൂട്ടാകുമെന്നതിന്‌ ഒരു സംശയവുമില്ല. രോഗപ്രതിരോധത്തിന് ഊന്നൽനൽകുന്ന ഇത്തരം പഠനങ്ങൾ ഇനിയും ഏറെ നടക്കേണ്ടതായിട്ടുണ്ട്.

നേരത്തേ പ്രഖ്യാപിച്ചിരുന്ന പല വൻകിട പദ്ധതികളും പൂർത്തിയാക്കുന്ന കാലഘട്ടംകൂടിയാണ്‌ ഇത്.കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകൾ പൂർണതോതിൽ പ്രവർത്തനസജ്ജമായിരിക്കുന്നു. കളമശേരി മെഡിക്കൽ കോളേജിനോട് അനുബന്ധിച്ച് കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ നിർമാണം അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നു. മറ്റനേകം ആരോഗ്യ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ അതിവേഗം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു.

മെഡിക്കൽ കോഴ്സുകളിൽമാത്രം 1330 സീറ്റാണ് അധികമായി ഉണ്ടാകുന്നത്. 25 പുതിയ നേഴ്സിങ് കോളേജ്‌ തുടങ്ങാൻ തീരുമാനമായി. നേഴ്സിങ് സീറ്റുകളിൽ 832 എണ്ണത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇങ്ങനെ ആരോഗ്യ വിദ്യാഭ്യാസ അവസരങ്ങളിലും അഭൂതപൂർവമായ മുന്നേറ്റമാണ് ഉണ്ടാകുന്നത്.


 

2022ൽ ഏറ്റവുമധികം സൗജന്യ ചികിത്സ നൽകിയതിനുള്ള "ആരോഗ്യ മന്ഥൻ’ ദേശീയ പുരസ്കാരം ലഭിച്ചതും കേരളത്തിനാണ്. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി കാസ്പ് വഴിയായി മണിക്കൂറിൽ 180 രോഗികളെന്ന നിരക്കിലാണ് സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്. 200 സർക്കാർ ആശുപത്രിയും 544 സ്വകാര്യ ആശുപത്രിയുംവഴി 1636 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് ഈ രണ്ടു വർഷത്തിനിടയിൽ നൽകിയത്. ഈ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും നേതൃത്വം നൽകാനുമായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി രൂപീകരിക്കപ്പെട്ടിട്ടുമുണ്ട്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ആദിവാസി ജനസമൂഹത്തിന് പ്രയോജനകരമാകുന്ന രീതിയിൽ കേരളത്തിൽ ഉടനീളം ട്രൈബൽ ആശുപത്രികളുടെ ശാക്തീകരണവും ഈ കാലഘട്ടത്തിൽ നടന്നു.

ശിശുമരണനിരക്ക് കുറയ്ക്കാനുള്ള ‘ഹൃദ്യം' പദ്ധതി വഴിയായി അയ്യായിരത്തോളം കുട്ടികൾക്കാണ് സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തിയത്. തിമിരമുക്ത കേരളം, ക്ഷയരോഗ നിർമാർജനത്തിനുള്ള  പദ്ധതികൾ, 18 വയസ്സിൽ താഴെയുള്ള പ്രമേഹരോഗികൾക്ക് വേണ്ടിയുള്ള ‘മിഠായി' പദ്ധതി, എച്ച്ഐവി രോഗബാധിതരില്ലാത്ത കേരളം, വിളർച്ച വിമുക്ത കേരളത്തിനുള്ള ‘വിവ' പദ്ധതി എന്നിങ്ങനെ മറ്റനേകം  പദ്ധതികളും ആരോഗ്യ കേരളത്തിന്റെ മാറ്റുകൂട്ടുന്നു.

വർധിച്ചുവരുന്ന ആന്റിബയോട്ടിക് റെസിസ്റ്റൻസ് തടയുന്നതിനായി ‘ആന്റിബയോഗ്രം' നടപ്പാക്കിയ ഏക സംസ്ഥാനവും കേരളമാണ്. ഇത് നിരീക്ഷിക്കാൻ താഴെത്തട്ടിൽവരെയുള്ള സമിതികളും സ്ഥാപിക്കപ്പെട്ടു. ആരോഗ്യമേഖലയെ പൂർണമായി  ഡിജിറ്റലൈസ് ചെയ്യാനുള്ള കർമപദ്ധതികളും മുന്നോട്ടുപോകുകയാണ്. ഓൺലൈൻ ഒപി ടിക്കറ്റുകൾ, 482 ആരോഗ്യകേന്ദ്രത്തിൽ ഈ -ഹെൽത്ത് സംവിധാനങ്ങൾ, ഇ- സഞ്ജീവനി പ്രവർത്തനങ്ങൾ എന്നിവയെല്ലാം മുൻനിർത്തി ഗവേർണൻസ് നൗവിന്റെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ അവാർഡ് ലഭിച്ചതും കഴിഞ്ഞവർഷമാണ്.

ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച മാനവവിഭവ ശേഷിയും പശ്ചാത്തല സൗകര്യങ്ങളും പുതിയ വെല്ലുവിളികൾ   ഏറ്റെടുക്കുന്നതിൽ നമ്മുടെ ആരോഗ്യമേഖലയെ സഹായിക്കും. അതുകൊണ്ട് കൂടുതൽ ഉയർന്ന നേട്ടങ്ങൾ ലക്ഷ്യംവയ്ക്കുകയും അതിനുവേണ്ടി കഠിനമായി പരിശ്രമിക്കുകയും വേണ്ടതുണ്ട്. ആരോഗ്യരംഗത്ത് നമ്മുടെ സ്വപ്നങ്ങൾക്ക് അതിരുകൾ വേണ്ടതില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top