07 December Tuesday
ഇന്ന്‌ 
ആഗോള 
ജനാധിപത്യ 
സംരക്ഷണ ദിനം

ആപത്തിന്റെ മണിമുഴക്കം - ഡോ. ജെ പ്രഭാഷ് എഴുതുന്നു

ഡോ. ജെ പ്രഭാഷ്Updated: Wednesday Sep 15, 2021

രാഷ്ട്രീയം കവിതയാകുമ്പോൾ അത് ജനാധിപത്യവും, പേക്കിനാവാകുമ്പോൾ അത്‌ സമഗ്രാധിപത്യവുമാകും എന്നു പറയാറുണ്ട്. ആദ്യത്തേത്‌ സോഷ്യലിസത്തിന്റെ ശുദ്ധ നൈതികതയെ ഓർമപ്പെടുത്തുന്നു. രണ്ടാമത്തേത് ജനാധിപത്യത്തിന്റെ പ്രച്ഛന്നവേഷത്തിൽ നിൽക്കുന്ന വലതുപക്ഷ പോപ്പുലിസ്റ്റ് ഭരണകൂടങ്ങളെയും. വ്ലാഡിമിർ പുടിൻ മുതൽ നരേന്ദ്രമോദിവരെ ഇതിന്റെ പരികർമികളാണ്.

അധികാരത്തിന്റെ കാര്യത്തിൽ ഷേക്ക്‌സ്‌പിയർ കഥാപാത്രമായ കിങ് ലിയറിനെപ്പോലെയാണ് ഇവർ. അധികാരം ഇവരെ വല്ലാതെ ഭ്രമിപ്പിക്കുന്നു. ജനങ്ങളുടെ താൽപ്പര്യങ്ങൾ തൃണവൽഗണിച്ചുകൊണ്ട് ഇവർ മുന്നോട്ടു പോകുന്നു.“ഫ്രൂറർ ജനാധിപത്യം” എന്നാണ് ഇത്തരം ഭരണകൂടങ്ങളെ പ്രശസ്ത മാധ്യമ പ്രവർത്തകൻ പോൾ ലെൻഡ്‌വേ വിശേഷിപ്പിക്കുന്നത്.

2008 മുതൽ ഇങ്ങോട്ട് എല്ലാ സെപ്‌തംബർ 15 ഉം അന്താരാഷ്ട്ര ജനാധിപത്യദിനമായി ആഘോഷിക്കുന്ന നമ്മുടെ മുന്നിലുള്ള യാഥാർഥ്യമാണിത്. വിരോധാഭാസമാകാം, ഇക്കാലയളവിലാണ്‌ ഏറ്റവും കൂടുതൽ വലതുപക്ഷ പോപ്പുലിസ്റ്റ് ഭരണാധികാരികൾ അധികാരത്തിലേറിയത്. 2006 –17 കാലയളവിൽ 27 രാജ്യത്തിലാണ് ജനാധിപത്യം തകർന്നത്. മറ്റു പല രാജ്യങ്ങളിലും അത്‌ പേരിനു മാത്രമായിചുരുങ്ങി. അമേരിക്കപോലും ഇതിനൊരപവാദം ആകുന്നില്ല. സോവിയറ്റ്‌ യൂണിയന്റെ തിരോധാനത്തോടെ ലിബറൽ ജനാധിപത്യത്തിന്റെ പുഷ്‌കല കാലമായെന്ന് പറഞ്ഞുനടക്കുന്നവർ ഓർത്തിരിക്കേണ്ട വസ്തുതയാണിത്.

മോദിയുടെ ‘നവഭാരതം’
ലോകത്തെ ഏറ്റവും ‘അഴകുറ്റ ജനാധിപത്യം’ എന്നാണ് ഹിറ്റ്‌ലർ നാസി ജർമനിയെ വിശേഷിപ്പിച്ചത്. നിർഭാഗ്യവശാൽ, അത്തരമൊരു ജനാധിപത്യത്തിന്റെ നിർമിതിയാണ് ഇന്ത്യയിലും നടന്നുകൊണ്ടിരിക്കുന്നത്. അത്‌ ഭരണഘടന വിഭാവനം ചെയ്യുന്ന ‘പബ്ളിക്‌ ലിമിറ്റഡ്‘ ഇന്ത്യയല്ല. മോദി വിഭാവനം ചെയ്യുന്ന ‘പ്രൈവറ്റ്‌ ലിമിറ്റഡ്’ ഇന്ത്യയാണ്. അതിൽ ഗാന്ധിജിക്കൊ നെഹ്‌റുവിനോ സ്ഥാനമില്ല. വി ഡി സവർക്കറെപ്പോലുള്ളവരുടെ ഇന്ത്യയാണത്. അത്‌ വസ്തുതകളിൽനിന്ന് മിത്തുകളിലേക്ക് സഞ്ചരിക്കുന്നു, ഭരണകൂടസ്ഥാപനങ്ങളെ നശിപ്പിച്ചുകൊണ്ട്.

മൂലധനശക്തികളുടെ താൽപ്പര്യ സംരക്ഷണമാണ് ഇതിന്റെ ഭാരിച്ച ഉത്തരവാദിത്വം. വിമാനത്താവളവും തുറമുഖങ്ങളുമൊക്കെ ഇവർക്ക് തീറെഴുതിക്കഴിഞ്ഞു. 6 ലക്ഷം കോടി രൂപയ്‌ക്ക് പൊതുമേഖലാ ആസ്തി വിൽക്കാനുള്ള പാക്കേജും പ്രഖ്യാപിച്ചിരിക്കുന്നു. താഴെപ്പറയുന്ന കാര്യങ്ങളുംകൂടി ഇതിനോട്‌ ചേർത്ത് വായിച്ചാൽ സ്വകാര്യവൽക്കരണത്തിന്റെ അളവ് ബോധ്യമാകും. 2019 ൽ നിർമാണ മേഖലയിലെ പുതുസംരംഭകർക്ക് നൽകിയ കരം ഇളവ് 1.5 ലക്ഷം കോടി രൂപ; 2014 – ’19 കാലയളവിൽ കോർപറേറ്റ്‌ കടം എഴുതിത്തള്ളിയ വകയിൽ 68, 607 കോടി; എന്നിട്ടും കിട്ടാക്കടമായി നിൽക്കുന്നത് 1.53 ലക്ഷം കോടി; രാജ്യത്തിന്റെ ആസ്തിയുടെ 39%ശതമാനം ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈവശം.

ലോക്‌സഭാംഗങ്ങളിൽ 82 ശതമാനം കോടിപതികൾ
ഇവിടെ രണ്ട്‌ ഇന്ത്യ രൂപപ്പെട്ടിരിക്കുകയാണ്–നഗര ഇന്ത്യയും ഗ്രാമീണ ഇന്ത്യയും. സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളാണ് നഗര ഭാരതം. അതാണ്‌ രാജ്യത്തെ 102 ശതകോടീശ്വരന്മാരുടെയും 3,30,000 എച്ച്എൻഡബ്‌ള്യുഐമാരുടെയും (ഹൈ നെറ്റ്‌ വർത്‌ ഇൻഡിവിജ്വൽസ്‌–-പരിധിയില്ലാത്ത സമ്പത്തുള്ളവർ) ജന്മസ്ഥലം. നഗരവാസികളുടെ ആളോഹരി വരുമാനം 98,435 രൂപയും പ്രതിമാസ വീട്ടുചെലവ് 2,630 ഉം.

ഇതിന്റെ നേരെ വിപരീതമാണ് ഗ്രാമീണ ഭാരതം. 200 ദശലക്ഷം പട്ടിണിക്കാരുടെയും വളർച്ച മുരടിച്ച 40ശതമാനം കുട്ടികളുടെയും ജന്മസ്ഥലം. ഗ്രാമീണ ഭാരതീയരുടെ ആളോഹരിവരുമാനം 40,924 ഉം കുടുംബത്തിന്റെ ശരാശരി മാസചെലവ് 1430 രൂപയും. മോഹൻജെദാരോയിൽനിന്ന് കണ്ടെടുത്ത പഴയ“ലോട്ട” ഓർമയുണ്ടോ? സ്വഛ്‌ ഭാരത്‌ മിഷന്റെ ഏഴാം വാർഷികത്തിലും ഇത്തരം ലോട്ടയുമായാണ് ഗ്രാമീണർ അവരുടെ പ്രഭാത കർമങ്ങൾക്കായി പോകുന്നത്. അതിപ്പോൾ സ്‌റ്റെയിൻലെസ്‌ സ്‌റ്റീൽകൊണ്ട് ഉണ്ടാക്കിയതാകാം. ബിജെപിയുടെ ലോട്ടസും ഗ്രാമീണരുടെ ലോട്ടയും ‘നവഭാരതത്തിന്റെ’ രണ്ടറ്റങ്ങളാണ്.

മുതലും പേശിബലവും
ജനാധിപത്യത്തെ മുതലും പേശിബലവും കൊണ്ട്‌ നേരിടുന്നതാണ് ബിജെപിയുടെ ശൈലി. തൊഴിലാളികളുടെ വരുമാനം 17ശതമാനം കുറഞ്ഞപ്പോഴും സ്വന്തം വരുമാനം (2019 –-20) 50ശതമാനം കണ്ട് വർധിപ്പിക്കാൻ അതിനായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആ പാർടി മുടക്കിയത് 27,000 കോടി രൂപയാണെന്നതും സ്മരണീയമാണ്. പ്രതിപക്ഷ സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ ഉപയോഗിക്കുന്ന തന്ത്രവും മറ്റൊന്നല്ല. വാഗ്ദാനങ്ങൾ നൽകിയും ലംഘിച്ചും, വസ്തുതകൾ നിഷേധിച്ചും വിമർശനത്തെ അധികാരംകൊണ്ട്‌ നേരിട്ടും മോദി സർക്കാർ ജനാധിപത്യത്തെ തമസ്‌കരിക്കുന്നു. 5 ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥ, ഓരോ പൗരന്റെയും ബാങ്ക്അക്കൗണ്ടിൽ 15 ലക്ഷം, പ്രതിവർഷം 20 ദശലക്ഷം തൊഴിലവസരങ്ങൾ . വാഗ്ദാനപ്പെരുമഴ. എന്നാൽ ഇതിന്റെ പൊള്ളത്തരം വെളിപ്പെടുത്തുന്ന കണക്കുകൾ രഹസ്യമായി വയ്ക്കാൻ അത് ബദ്ധശ്രദ്ധാലുവാണ്. കർഷക ആത്മഹത്യയുടെ കണക്ക്, കൺസ്യൂമർ എക്സ്പെന്റിച്ചർ റിപ്പോർട്ട്, പീരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ട്, പിഎം കെയർ ഫണ്ടിന്റെ വിശദാംശങ്ങൾ തുടങ്ങിയവ ഇതിന്റെ ചില ഉദാഹരണങ്ങൾ മാത്രം.

മതവും പേശിബലവും ഉപയോഗിച്ച്‌ വിമത ശബ്ദത്തെ ഇല്ലായ്മ ചെയ്യുന്നതും അധികാരം നേടുന്നതും മോദിയുടെ ‘നവഭാരതത്തിന്റെ’ മറ്റൊരു സവിശേഷതയാണ്. ഹിന്ദുമതത്തിലെ മിത്തും മിഥ്യയും കടഞ്ഞെടുത്തും ന്യൂനപക്ഷവിരോധം പ്രോത്സാഹിപ്പിച്ചും അധികാരക്കസേരയിൽ അധികാരികൾ അമർന്നിരിക്കുന്നു. സാമൂഹ്യ സംഘർഷങ്ങളും ആൾക്കൂട്ടക്കൊലപാതകങ്ങളും ഇതിന്റെ ഉപോൽപ്പന്നമാണ്. മറുവശത്ത്, രാജ്യദ്രോഹനിയമവും യുഎപിഎയും ഇത്രയധികം ദുരുപയോഗം ചെയ്ത മറ്റൊരു സർക്കാർ ഉണ്ടാകില്ല. ഉദാഹരണമായി, 2014–-19 കാലയളവിൽ 326 രാജ്യദ്രോഹക്കേസും, 5128 യുഎപിഎ കേസുമാണ്‌ രജിസ്റ്റർ ചെയ്തത്. ഇതിൽ ശിക്ഷിച്ചത്, യഥാക്രമം,1.8 ശതമാനവും 2.2ശതമാനവും ! മാധ്യമങ്ങളുടെ മേലുള്ള നിയന്ത്രണങ്ങൾ വേറേയും. ഫലമോ, സ്ഥാപനങ്ങളുടെ പതനവും വിശ്വാസത്തകർച്ചയും.

സ്ഥാപനങ്ങളുടെ തകർച്ച
മറ്റേതു ജനാധിപത്യ രാഷ്ട്രത്തെയുംപോലെ ഇന്ത്യൻ ജനാധിപത്യത്തിനും അതിന്റെതായ ‘ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറുമുണ്ട്’. ഫെഡറലിസം, പാർലമെന്റ്, നീതിപീഠങ്ങൾ, ക്യാബിനറ്റ്, അന്വേഷണ ഏജൻസികൾ, ആർബിഐ, സിഎജി, തെരഞ്ഞെടുപ്പ് കമീഷൻ, തുടങ്ങിയവയാണ് ജനാധിപത്യത്തിന്റെ ഹാർഡ്‌വെയർ. ഇതിനെ പ്രവർത്തനക്ഷമമാക്കുന്ന സോഫ്റ്റ്‌വെയറാണ് ജനങ്ങൾക്ക് ഭരണകൂടത്തിലുള്ള വിശ്വാസവും പരസ്പരാശ്രയത്വവും പ്രത്യാശയും. ഇത് രണ്ടും–-ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും തകർച്ചയെ നേരിടുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം .

മോദി സർക്കാരിന്റെ ഓരോ നിയമവും പ്രവൃത്തിയും സംസ്ഥാനങ്ങളെ നോക്കുകുത്തിയാക്കുന്നതാണ്. ജിഎസ്ടിയും കർഷക വിദ്യാഭ്യാസ നിയമങ്ങളും മുതൽ ലെഫ്റ്റനന്റ്‌ ഗവർണറെ ഡൽഹിയുടെ യഥാർഥ സർക്കാരാക്കിയതുവരെ ഇതിന്റെ ഉദാഹരണമാണ്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗവും ഇതിൽപ്പെടുന്ന മറ്റൊന്നാണ്. മോദി – അമിത്ഷാ കൂട്ടുകെട്ട് ക്യാബിനറ്റിനെയും പാർലമെന്റിനെയും നിഷ്‌പ്രഭമാക്കിക്കഴിഞ്ഞു. നീതിപീഠങ്ങളുടെ വിശ്വാസ്യതയെപ്പോലും ചോദ്യംചെയ്യും വിധം കാര്യങ്ങൾ നീങ്ങുന്നു. കോൺഗ്രസ്, ഭരണകൂടസ്ഥാപനങ്ങളെ വളച്ചെങ്കിൽ, ബിജെപി അവയെ പല കഷണങ്ങളാക്കിയിരിക്കുന്നു. മാത്രമല്ല, കഴിഞ്ഞ ഏഴ് വർഷമായി രാജ്യത്തെ ബാധിക്കുന്ന സുപ്രധാന പ്രശ്നങ്ങളെ സംബന്ധിക്കുന്ന വസ്തുതകൾ ജനങ്ങളിൽനിന്ന് മറച്ചുവയ്ക്കാനും മോദി സർക്കാർ അമാന്തിച്ചില്ല. ഇതെല്ലാം ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടുത്താനെ ഉതകിയുള്ളു. സാമ്പത്തിക കമ്മിയെക്കാൾ വിശ്വാസ കമ്മിയാണ് ജനാധിപത്യത്തിന് കൂടുതൽ ഹാനികരം എന്ന കാര്യം ഓർക്കുക.

മോദിയുടെ ഇന്ത്യയിൽ കാവിപതാക ത്രിവർണ പതാകയ്ക്കുമേൽ പറക്കുന്നു. ജോർജ് ബോർഹസിന്റെ ഒരു കഥയിൽ (Utopia of a Man who is Tired) അദ്ദേഹം കണ്ടൊരു ദുസ്വപ്നത്തെക്കുറിച്ച് പറയുന്നുണ്ട്: അതിൽ, ദൂരെ കാണുന്ന ഗോപുരത്തെ ചൂണ്ടിക്കാട്ടി, ‘അത് ഹിറ്റ്‌ലർ എന്ന് പേരുള്ളൊരു മനുഷ്യസ്നേഹി നിർമിച്ച ശ്മശാനമാണ്” എന്നദ്ദേഹത്തിന്റെ വഴികാട്ടി പറയുന്നൊരു ഭാഗമുണ്ട്. ഫാസിസത്തിന്റെ ഭീകരതയെയാണ് ബോർഹസ് വരച്ചുകാട്ടുന്നത്. ഫാസിസത്തിന്റെ മണിമുഴക്കം നമ്മുടെ കാതിലും വന്നലയ്ക്കുന്നു. കോൺഗ്രസിനെയും ബിജെപിയെയും കവച്ചുവയ്ക്കുന്നൊരു സിന്തസിസിനു മാത്രമേ ഇതിനെ തടഞ്ഞുനിർത്താനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനുംകഴിയു. ഇടതുപക്ഷത്തിന്റെ പങ്ക് ഇതിൽ നിർണായകവുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top