മനുഷ്യരിൽ കാണപ്പെടുന്ന നിരവധി പകർച്ചവ്യാധികൾ മനുഷ്യചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലായി മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് സൂക്ഷ്മജീവികൾ കടന്നുവന്നതിന്റെ ഫലമായുണ്ടായവയാണ്. ഇവയെ ജന്തുജന്യരോഗങ്ങൾ (സൂണോസിസ്: Zoonoses: Zoonotic Diseases) എന്നാണ് വിളിക്കുക. മനുഷ്യരെ ബാധിക്കുന്ന 60 ശതമാനത്തോളം പകർച്ചവ്യാധികളും ജന്തുജന്യരോഗങ്ങളാണ്. വർഷംതോറും 250 കോടി പേരിൽ ജന്തുജന്യരോഗങ്ങൾ കാണപ്പെടുകയും ഇവരിൽ 27 ലക്ഷം പേർ മരണമടയുകയും ചെയ്യുന്നുണ്ട്. മഹാമാരികളിൽ വസൂരിയും പോളിയോയും ഒഴിച്ചുള്ള പ്ലേഗ്, ഫ്ലൂ, എയ്ഡ്സ്, കോവിഡ്, സാർസ്, മെർസ്, എബോള, നിപാ തുടങ്ങിയ മഹാമാരികൾ എല്ലാംതന്നെയും മൃഗജന്യരോഗങ്ങളാണ്. വവ്വാലുകളിൽനിന്നും വെരുക് (സാർസ്), ഒട്ടകം (മെർസ്) എന്നീ ഇടനില വാഹകർ വഴിയാണ് വൈറസുകൾ മനുഷ്യശരീരത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. ചില രോഗങ്ങൾ കൊതുക്, ചെള്ള് തുടങ്ങിയ കീടങ്ങൾ വഴിയാണ് മനുഷ്യശരീരത്തിലെത്തുന്നത്. ഇവയെ പ്രാണിജന്യ രോഗങ്ങളെന്നും (Vector Born Diseases) വിളിക്കുന്നു. ഫലവത്തായ പ്രതിരോധചികിത്സയും വാക്സിനും ലഭ്യമാണെങ്കിലും പേപ്പട്ടിവിഷബാധ ലോകമെമ്പാടും ഇപ്പോഴും വലിയൊരു മൃഗജന്യ പൊതുജനാരോഗ്യ പ്രശ്നമായി തുടരുന്നുണ്ട്.
മൃഗങ്ങളുമായി മനുഷ്യൻ കൂടുതൽ അടുത്തിടപഴകേണ്ടി വരുന്ന സാഹചര്യം പലകാരണങ്ങളാലും വർധിച്ചുവരികയാണ്. പരിസ്ഥിതിവിനാശത്തിന്റെ ഫലമായി വന്യജീവികളുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥയ്‌ക്ക് കോട്ടം തട്ടുന്നു. പരിസ്ഥിതിയിലുണ്ടാകുന്ന തകരാറുകൾ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നു. ഇതിന്റെയെല്ലാം ഫലമായി വന്യജീവികൾ മനുഷ്യവാസസ്ഥലത്ത് കടക്കാൻ നിർബന്ധിക്കപ്പെടുന്നു. മനുഷ്യരിലെ വൈറസുകളുടെയും ബാക്റ്റീരിയകളുടെയും ജനിതകപഠനങ്ങൾ സൂചിപ്പിക്കുന്നത് പല മനുഷ്യരോഗാണുക്കളുടെയും ഉത്ഭവം കൃഷിയും മൃഗസംരക്ഷണവും ആരംഭിച്ച ചരിത്രഘട്ടങ്ങളിലായിരുന്നു എന്നാണ്. മൃഗങ്ങളെ വേട്ടയാടി അവയുടെ മാംസം ഭക്ഷിച്ചിരുന്ന കാലഘട്ടങ്ങളിലും, അവയെ ഇണക്കി വളർത്തിയ അവസരങ്ങളിലും വന്യജീവികളിൽനിന്ന് മനുഷ്യരിലേക്ക് നിരവധി രോഗാണുക്കൾ പകർന്നിട്ടുണ്ട്. മൃഗമാംസവ്യാപാരം വലിയൊരു വാണിജ്യവ്യവഹാരമായി മാറിയതും ജന്തുജന്യരോഗസാധ്യത വർധിപ്പിച്ചു.
മൃഗങ്ങളുടെ ശരീരത്തിൽ പ്രതിരോധവ്യവസ്ഥയുമായി സന്തുലിതാവസ്ഥ കൈവരിച്ച് നിരവധി സൂക്ഷ്മജീവികൾ അവയിൽ രോഗമുണ്ടാക്കാതെ കഴിയുന്നുണ്ട്. ഒട്ടനവധി വൈറസുകളുടെ പ്രകൃത്യാലുള്ള വാഹകരാണ് വന്യജീവികൾ. മനുഷ്യരുമായി കൂടുതൽ അടുത്തിടപഴകുമ്പോൾ മൃഗങ്ങളുടെ ശരീരത്തിലുള്ള രോഗാണുക്കൾ നേരിട്ടോ മറ്റേതെങ്കിലും ഇടനിലജീവിയുടെ ശരീരത്തിലേക്ക് കടന്നിട്ടോ മനുഷ്യരിലെത്തി രോഗകാരണമാകുന്നു. പ്രത്യേക സാഹചര്യങ്ങളിൽ രോഗാണുക്കൾ മനുഷ്യശരീരത്തിൽ എത്തുന്നതിനെ കുതിച്ചുചാട്ടം, അതിരുകവിയൽ എന്നെല്ലാം വിശേഷിപ്പിക്കാറുണ്ട്. ഇടനിലജീവിയുടെ ശരീരത്തിൽവച്ച് ജനിതകവ്യതിയാനത്തിലൂടെ (Mutation) രോഗാണുക്കൾക്ക് തീവ്രതയും (Virulence) പകർച്ചാസാധ്യതയും (Infectivity) വർധിക്കുകയും മനുഷ്യരിലെത്തുന്നതോടെ രോഗകാരണമാകുകയും ചെയ്യുന്നു.
മൃഗകമ്പോളങ്ങൾ
കോഴി, താറാവ്, മത്സ്യം, ആടുമാടുകൾ തുടങ്ങി വിവിധ ജന്തുജാലങ്ങളുടെ മാംസവിൽപ്പന ദേശീയ അന്തർദേശീയ തലത്തിൽ വമ്പിച്ച സാമ്പത്തിക ഇടപാടുകൾ നടക്കുന്ന വാണിജ്യസംരംഭങ്ങളായി മാറിയിട്ടുണ്ട്. ഇവയോടൊപ്പം ചൈന, ഇന്തോനേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ വെരുക്, വവ്വാൽ, പാമ്പ്, ഈനാംപേച്ചി തുടങ്ങിയ അപൂർവ ജന്തുജാലങ്ങളെ ജീവനോടെയോ മാംസങ്ങളായോ വിൽക്കുന്ന വെറ്റ്മാർക്കറ്റ് എന്ന് വിശേഷിപ്പിക്കുന്ന കമ്പോളങ്ങളും പ്രവർത്തിച്ചു വരുന്നു. ഇത്തരം വ്യാപാരശാലകളിൽ ജീവജാലങ്ങളെ പലപ്പോഴും ഒരു ശുചിത്വമാനദണ്ഡങ്ങളും പാലിക്കാതെ കൂടുകളിലായി തിക്കിനിറച്ചാണ് ശേഖരിച്ചു വയ്‌ക്കാറുള്ളത്. വിവിധ ജന്തുജാലങ്ങളുടെ ശരീരത്തിലുള്ള വൈറസുകൾ അന്യോന്യം വിനിമയം ചെയ്യപ്പെട്ട് ജനിതകസംയോജനത്തിലൂടെ തീവ്രത കൈവരിക്കാനുള്ള സാധ്യത ഇതിലൂടെ വർധിക്കുന്നു. ഇത്തരം കമ്പോളങ്ങളിൽ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സമ്പർക്കം കൂടുതൽ ഗാഢമാകുന്നതോടെ വൈറസുകൾ മനുഷ്യശരീരത്തിലേക്ക് കടക്കുകയും രോഗകാരണമാകുകയും ചെയ്യുന്നു. ചൈനയിലെ വെറ്റ്മാർക്കറ്റുകളിൽ നിന്നാണ് സാർസ് വൈറസുകൾ മനുഷ്യരിലെത്തിയത്. പക്ഷിപ്പനിയുടെ ഉറവിടവും ഇത്തരം വാണിജ്യകേന്ദ്രങ്ങളായിരുന്നു. മൃഗകമ്പോളങ്ങളിൽനിന്ന് ജനിതകമാറ്റത്തിലൂടെ രൂപംകൊള്ളുന്ന ഫ്ലൂ വൈറസ് വഴി കൂടുതൽ രൂക്ഷമായ ഫ്ലൂ മഹാമാരി ഉത്ഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ ജാഗ്രതപ്പെടുത്തിയിട്ടുണ്ട്.
ജന്തുജാലങ്ങളുടെ പ്രസക്തി
വളർത്തുമൃഗങ്ങളെ ഒഴിവാക്കിക്കൊണ്ടും വന്യജീവികളെ നശിപ്പിക്കുകയോ അവയുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കിക്കൊണ്ടും ജന്തുജന്യരോഗങ്ങളിൽനിന്ന് രക്ഷപ്പെടാമെന്ന് കരുതുന്നത് പ്രായോഗികമല്ല. അഞ്ചാംപനി വൈറസിന്റെ പൂർവികനായ കാലിവസന്ത വൈറസ് മനുഷ്യരിൽ രോഗമുണ്ടാക്കുന്നവയായിരുന്നില്ല. എന്നാൽ, അഞ്ചാംപനി വൈറസിനേക്കാൾ കൂടുതൽ മനുഷ്യമരണങ്ങൾ കാലിവസന്തമൂലം പരോക്ഷമായി ഉണ്ടായിട്ടുണ്ട്. വായുവിലൂടെ പകരുന്ന, നൂറു ശതമാനംവരെ മരണനിരക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ള ഈ രോഗം കന്നുകാലികളെ മുഴുവൻ ഇല്ലാതാക്കി മനുഷ്യരെ പട്ടിണിയിലേക്ക് തള്ളിവിട്ടാണ് മനുഷ്യമരണങ്ങൾക്ക് കാരണമായത്, 1889ൽ ഇത്യോപ്യയിൽ മൂന്നിലൊന്നു മനുഷ്യർ മരിച്ചതടക്കം, ആഫ്രിക്കയിൽ ലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിന് കാരണമായത് കാലിവസന്തമൂലമുണ്ടായ കന്നുകാലികളുടെ കൂട്ടമരണവും തുടർന്നുണ്ടായ പട്ടിണിയുമാണ്. ജന്തുജന്യരോഗഭീഷണി എന്നതിനപ്പുറം മൃഗാരോഗ്യം മനുഷ്യരുടെ ജീവിതത്തിൽ വഹിക്കുന്ന പങ്ക് ഈ പട്ടിണി മരണങ്ങളുടെ ചരിത്രം നമ്മെ ഓർമപ്പെടുത്തുന്നുണ്ട്.
നിരവധി പകർച്ചവ്യാധികൾക്ക് കാരണമായ വൈറസുകളുടെ പ്രകൃതിദത്തവാഹകർ വവ്വാലുകളാണ്. എബോള, മീസിൽസ്, മമ്സ്, നിപാ, കൊറോണ വൈറസുകളെല്ലാം മനുഷ്യരിലെത്തിയത് വവ്വാലുകളിൽ നിന്നാണ്. 1200 വംശമുള്ള വവ്വാലുകളിൽ ആറായിരത്തോളം വൈറസുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും വവ്വാലുകളെ മനുഷ്യരുടെ ശത്രുക്കളായി കണ്ട് അവയുടെ വംശനാശം വരുത്തുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. പ്രകൃതിചക്രത്തിലും പുനഃചക്രത്തിലും പരിസ്ഥിതിസംരക്ഷണത്തിലും സാമ്പത്തികഘടനയിലും മനുഷ്യാരോഗ്യ സംരക്ഷണത്തിലുമെല്ലാം വവ്വാലുകൾ സുപ്രധാന പങ്കുവഹിക്കുന്നു. കൃഷി നശിപ്പിക്കുകയോ മനുഷ്യരിൽ രോഗം പരത്തുകയോ ചെയ്യുന്ന പല കീടങ്ങളെയും അമിതമായി പെരുകാതെ നിയന്ത്രിച്ചു നിർത്തുന്നത് വവ്വാലുകളാണ്. പല ചെടികളിലും പരാഗണം നടത്തുന്നതും അവയുടെ വിത്തുകൾ വിതരണം ചെയ്യുന്നതും വവ്വാലുകളാണ്. ഗുഹകളിൽ കഴിയുന്ന വവ്വാലുകളുടെ വംശനാശം സംഭവിച്ചു വരികയാണ്. പരിസ്ഥിതിനശീകരണത്തിന്റെ ഭാഗമായി വവ്വാലുകളുടെ ആവാസവ്യവസ്ഥയ്‌ക്ക് കോട്ടം സംഭവിക്കുകയും അവയുടെ ആഹാരസ്രോതസ്സുകൾ കുറഞ്ഞുവരികയും ചെയ്യുന്നുണ്ട്. വവ്വാലുകളുടെ ജീവിതസാഹചര്യങ്ങളിൽ മനുഷ്യർ കടന്നു കയറുന്നതുകൊണ്ടാണ് വവ്വാലുകളിലെ വൈറസുകൾ മനുഷ്യരിലെത്തി രോഗം പരത്തുന്നത്.
പൊതുവിൽ അവഗണിക്കപ്പെട്ടുപോയ വവ്വാലുകളെ മനുഷ്യരുടെ ശത്രുക്കളായി കാണാതെ അവയെ സംരക്ഷിച്ചു നിർത്താനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. ജന്തുക്കളെ സംബന്ധിച്ചും അവയുടെ സാമൂഹ്യ , സാമ്പത്തിക പരിസ്ഥിതി പ്രസക്തിയെ സംബന്ധിച്ചും ജന്തുജന്യരോഗങ്ങളെ സംബന്ധിച്ചുമുള്ള ശാസ്ത്രീയമായ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുകയും വളർത്തുമൃഗങ്ങളോടും പരിസ്ഥിതിയോടും ജാഗ്രതയോടെയുള്ള സഹവർത്തിത്വം പുലർത്താൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുകയെന്ന ശാസ്ത്രീയസമീപനമാണ് സ്വീകരിക്കേണ്ടത്.
ഏകലോകം ഏകാരോഗ്യത്തിലേക്ക്
അഭൂതപൂർവമായ ജനസംഖ്യാവർധന, വന്യജീവികളുടെ ആവാസകേന്ദ്രങ്ങളിലേക്ക് വർധിച്ചുവരുന്ന കടന്നുകയറ്റം, ഭൂവിനിയോഗത്തിലെ വമ്പിച്ച മാറ്റങ്ങൾ, കാലാവസ്ഥാവ്യതിയാനം, വളർത്തുമൃഗങ്ങളുടെയും വന്യജീവികളുടെയും ഇവയിൽനിന്നുള്ള ഉൽപ്പന്നങ്ങളുടെയും ആഗോളവിനിമയം തുടങ്ങി മഹാമാരികൾ ഇടയ്‌ക്കിടെ പൊട്ടിപ്പുറപ്പെടുന്നത് സുനിശ്ചിതമാക്കുന്ന ഘടകങ്ങൾ ഏകലോകം ഏകാരോഗ്യം എന്ന സമീപനത്തിലേക്ക് ലോകത്തെ എത്തിച്ചിട്ടുണ്ട്. മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും നിലനിൽപ്പും പരിസ്ഥിതിയും പരസ്പരബന്ധിതമാണെന്ന് വ്യക്തമായ സാഹചര്യത്തിൽ പരിസ്ഥിതിയും മൃഗങ്ങളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നത് മനുഷ്യാരോഗ്യസംരക്ഷണംപോലെ പ്രധാനമാണെന്ന ‘ഏകലോകം ഏകാരോഗ്യം’ എന്ന കാഴ്ചപ്പാട് ഇപ്പോൾ ലോകരാജ്യങ്ങൾ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..