03 June Saturday

സർവകലാശാലകൾ വികസനകേന്ദ്രങ്ങളാകണം - ഡോ. അബേഷ് രഘുവരൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022


ലോകത്തെ മികച്ച സർവകലാശാലകൾ പിന്തുടരുന്ന, അക്കാദമിക–-സർഗാത്മക വികസനം സാധ്യമാക്കുന്ന ഭൗതികവും ബൗദ്ധികവുമായ കാര്യങ്ങൾ നാടിനും ജീവിതരീതിക്കും അനുസരിച്ച്‌ സ്വാംശീകരിക്കാവുന്നതാണ്. അതിനൊപ്പം നിലവാരംകൂടി ത്വരിതപ്പെടുത്തുന്നതിലൂടെ വിപ്ലവാത്മകമായ മാറ്റങ്ങൾ സാധ്യമാക്കാനാകും. അതിന്‌ പൊതുസമൂഹം കാതോർക്കുന്നത് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അടുത്തിടെയുണ്ടായ ചില ക്രിയാത്മക മാറ്റങ്ങളുടെ ഭാഗമായാണ്. അറിവിന്റെ ആദ്യാക്ഷരങ്ങൾമുതൽ അനന്തമായി നീളേണ്ട അറിവുസമ്പാദനത്തിന്റെ ഏറിയപങ്കും സ്വായത്തമാക്കുന്നത് വിദ്യാലയങ്ങളിൽനിന്നും കലാലയങ്ങളിൽനിന്നും ആണല്ലോ. ഉന്നതവിദ്യാഭ്യാസരംഗത്താണെങ്കിൽ ആ വകുപ്പുതന്നെ വലിയ മാറ്റങ്ങൾക്ക് തുടക്കംകുറിക്കാനുതകുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്ന തിരക്കിലുമാണ്. അതിന്റെ ഭാഗമായാണ് പൊതുജനങ്ങളിൽനിന്നുവരെ അഭിപ്രായങ്ങൾ ആരാഞ്ഞിരിക്കുന്നത്.

കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്‌ മുഖ്യമന്ത്രി സർവകലാശാലകളിൽ സന്ദർശനം നടത്തി വിദ്യാർഥികളുമായി നേരിട്ട് സംവദിച്ചു. അതിന്റെ തുടർച്ചയാണ് ഇനി ഉണ്ടാകേണ്ടത്. അതിന്റെ ഭാഗമായുള്ള ക്രിയാത്മകമായ മാറ്റങ്ങളിലൂടെയാണ് സർവകലാശാല അതിന്റെ ശ്രേഷ്ഠമായ പടികൾ കയറിത്തുടങ്ങേണ്ടത്.

ഗവേഷണങ്ങൾ ജനോപകാരപ്രദമാകണം
കേരളത്തിലെ വിവിധ സർവകലാശാലകളിൽനിന്ന് കഴിഞ്ഞ അഞ്ചുവർഷം പുറത്തിറങ്ങിയ ഡോക്ടറൽ തീസിസുകളിൽ എത്രയെണ്ണം അതുചെയ്‌ത വിദ്യാർഥിക്കും അത് സൂപ്പർവൈസ് ചെയ്‌ത അധ്യാപകനുമല്ലാതെ മൂന്നാമതൊരാൾക്ക് പ്രയോജനം ചെയ്‌തിട്ടുണ്ട്‌ ? ഒരു അനൗദ്യോഗിക പഠനം നടത്തിയതിൽനിന്ന്‌ മനസ്സിലായത് നമ്മുടെ ഗവേഷണ കണ്ടുപിടിത്തങ്ങളും കണ്ടെത്തലുകളുമെല്ലാം അതത് പ്രബന്ധത്തിൽമാത്രം ഉറങ്ങുന്നു എന്നതാണ്. അതിന്റെ തുടർച്ച ഭൂരിപക്ഷം ഗവേഷകരിലും ഉണ്ടായിട്ടില്ല. അതിനുള്ള അവസരം അവർക്ക്‌ ലഭിക്കുന്നില്ലെന്നതാണ് വസ്തുത. അടുത്തിടെ വൻ പ്രചാരത്തിലായ സ്റ്റാർട്ടപ്പുകൾ ഇത്രയേറെ വിജയിക്കാനും കാരണം അതാണ്. ഓരോ ആശയവും അതിന്റെ യഥാർഥ ആവശ്യക്കാരിലേക്ക് ഉൽപ്പന്നങ്ങളായി ചെല്ലുമ്പോൾ മാത്രമാണ് അതിന് പൂർണതയുണ്ടാകുന്നതെന്ന സന്ദേശമാണ് അത് നൽകുന്നത്.

ആശയവിനിമയത്തിന്റെ സങ്കേതങ്ങൾ
സർവകലാശാലകളിൽ ഓരോ പഠനവകുപ്പും സ്വയംഭരണാവകാശമുള്ള ഓരോ മിനി സർവകലാശാലപോലെയാണ്. ഉന്നതനിലവാരമുള്ള വിദേശസർവകലാശാലകളിൽ പലയിടത്തും വിവിധവകുപ്പുകൾക്കിടയിലെ പ്രകടമോ അദൃശ്യമോ ആയ മതിലുകൾ ഇല്ല. അവിടെ വിവിധ വകുപ്പുകൾ തമ്മിൽ നിരന്തരം ആശയവിനിമയങ്ങൾ നടക്കുകയും ആശയങ്ങൾ കൈമാറ്റം ചെയ്യുകയും അതുവഴി വിശാലമായ ഒരു ക്യാൻവാസിലേക്ക് ഗവേഷണങ്ങൾ എത്തിപ്പെടുകയും ചെയ്യുന്നു. വിവിധ വകുപ്പുകളുടെ ഏകോപനം ഗവേഷണങ്ങളെ മികച്ചൊരു തലത്തിലേക്ക് ഉയർത്താൻ സഹായിക്കുമെന്നകാര്യത്തിൽ സംശയമില്ല. എന്നാൽ, നിർഭാഗ്യവശാൽ നമ്മുടെ സർവകലാശാലകളിലെ അധ്യാപകർ തമ്മിൽ പരസ്‌പരം അറിയുകപോലുമില്ലെന്ന വസ്തുത തീർച്ചയായും ദോഷം ചെയ്യുകയേയുള്ളൂ. അധ്യാപകർക്കും ഗവേഷകർക്കും ഗവേഷണവിശേഷങ്ങൾ മറ്റുള്ളവരുമായി തുറന്നു സംസാരിക്കാനും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ പരിഗണിച്ച്‌ ഗവേഷണത്തിന്റെ നിലവാരം മെച്ചപ്പെടുത്താനും കഴിയണം. അവിടെ ആശയങ്ങൾ കൈമാറാം, ചർച്ചകൾ നടത്താം, അതുവഴി ഓരോ ഗവേഷണവും പുതിയ മേച്ചിൽപ്പുറങ്ങൾ തേടും.

അധ്യാപകർക്കും വേണം പരിശീലനം
ഓരോ ഗവേഷണ പ്രബന്ധവും നാടറിയുന്ന ഓരോ കണ്ടുപിടിത്തമായി മാറണം. ഒരു കഥയോ കവിതയോ പുസ്‌തകമായി പ്രസിദ്ധീകരിക്കുന്ന ഘട്ടത്തിൽ അതിനെപ്പറ്റി ആഴത്തിൽ ചർച്ചയുണ്ടാകുന്നതുപോലെ ഓരോ പ്രബന്ധത്തെപ്പറ്റിയും ചർച്ച ഉണ്ടാകണം. അതിന്റെ സത്ത സമൂഹത്തിന്റെ പ്രശ്നപരിഹാരത്തിലേക്ക്‌ പകരുന്നതിനെപ്പറ്റി പല വിഷയത്തിലെ വിദഗ്ധർ സംസാരിക്കണം. അതിനുള്ള പരിശീലനം ഓരോ വർഷവും അധ്യാപകർക്ക് നൽകണം. അതിനായി ഉന്നതനിലവാരത്തിലുള്ള സർവകലാശാലകളിലെ പ്രൊഫസർമാരെ കൊണ്ടുവന്ന് പരിശീലനം നടത്തണം.

സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ വിവിധ സർക്കാർ വകുപ്പുകളുടെ കീഴിൽ ചിതറിക്കിടക്കുകയാണ്. ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തിൽ സർവകലാശാലകളിൽ പൊതുവായി നടത്താൻ ശ്രമിക്കുന്ന പരിഷ്‌കാരങ്ങൾ ഒരുപോലെ എത്തിച്ചേരുന്നില്ല. ഫലമോ, ഓരോ വകുപ്പിന്റെയും വിദ്യാഭ്യാസ-ഗവേഷണവിഭാഗം മാത്രമായി ഓരോ സർവകലാശാലയും ഒതുങ്ങിക്കൂടേണ്ടിവരുന്നു. ആരോഗ്യസർവകലാശാല, കാർഷിക സർവകലാശാല എന്നിവ ഉന്നതവിദ്യാഭ്യാസവകുപ്പിൽനിന്ന്‌ മാറി അതത് വകുപ്പിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. എല്ലാ സർവകലാശാലയെയും ഒരൊറ്റ വകുപ്പിനുകീഴിൽ കൊണ്ടുവന്നാൽ മാത്രമേ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഗുണകരമായ ചുവടുവയ്‌പുകളുടെ ഗുണഫലങ്ങൾ എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടുകയുള്ളൂ.

അറിവുകൾ ആഗോളതലത്തിൽ കൈമാറ്റം ചെയ്യപ്പെടുമ്പോഴാണ് അതിനു വിശാലമായ ഒരു മാനം കൈവരുന്നത്. നമ്മുടെ സർവകലാശാലകൾ ലോകോത്തരനിലവാരമുള്ളവയാണ്. എന്നാൽ, ഇന്ത്യയിൽനിന്ന്‌ പുറത്തേക്കുള്ള വിദ്യാർഥികളുടെ ഒഴുക്കിന്റെ നൂറിലൊന്നുപോലും അകത്തേക്ക് നടക്കുന്നില്ല. വിദേശത്തുനിന്നുള്ള വിദ്യാർഥികൾ കേരളത്തിലെ സർവകലാശാലകളിൽ വളരെ കുറവാണ്. അറിവുസമ്പാദനത്തിന് നാടിന്റെ അതിർത്തികൾ ഇല്ലായെന്നും നമ്മുടെ കൈയിലെ സ്മാർട്ട് ഫോണുകൾമാത്രം മതി അത് സാധ്യമാകാനെന്ന പാഠമാണ് കോവിഡ്കാലത്തെ ഓൺലൈൻ വിദ്യാഭ്യാസം പകർന്നുതന്ന പ്രധാനപ്പെട്ട ഒരറിവ്. സർവകലാശാലകളിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങൾ തീർച്ചയായും സമൂഹങ്ങളിലും പ്രതിഫലിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇനിയും കൂടുതൽ ക്രിയാത്മകമായ മാറ്റങ്ങൾക്കുകൂടി സർവകലാശാലകൾ വിധേയമാകേണ്ടതുണ്ട്.

(കൊച്ചി സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top