25 April Thursday

സത്യാനന്തരകാലത്തെ പൊതുമാധ്യമ സങ്കൽപ്പം

ജി സാജൻUpdated: Thursday Nov 11, 2021

നവംബർ 12 പൊതുസേവന പ്രക്ഷേപണ (പബ്ലിക് സർവീസ് ബ്രോഡ്‌കാസ്റ്റിങ്‌ ) ദിനമാണ്‌. ഈ ദിവസം ഇത്തരത്തിൽ ആചരിക്കാനിടയായത്  അപൂർവ സന്ദർഭത്തിന്റെ ഓർമ പുതുക്കാനാണ്.  1947 നവംബർ പന്ത്രണ്ടിനാണ് ആദ്യമായും അവസാനമായും മഹാത്മ ഗാന്ധി ആകാശവാണിയിലൂടെ  പ്രഭാഷണം നടത്തുന്നത്. കുരുക്ഷേത്രയിലെ അഭയാർഥികളോടുള്ള സംഭാഷണമായിരുന്നു അത്.  രാഷ്ട്രീയ പ്രവർത്തകൻ എന്നതുപോലെ സജീവമായ പത്രപ്രവർത്തകനുമായിരുന്നു ഗാന്ധിജി. നാല് പത്രം അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങി. എന്നാൽ, തുടക്കംമുതൽ സാമൂഹ്യജീവിതത്തിലും രാഷ്ട്രീയത്തിലും എന്നപോലെ മാധ്യമപ്രവർത്തനത്തിലും  നൈതികതയുടെ പ്രാധാന്യം  അദ്ദേഹം ഊന്നിപ്പറഞ്ഞു. പത്രങ്ങൾ  പരസ്യങ്ങൾ സ്വീകരിക്കുന്നതിനെ അദ്ദേഹം എതിർത്തു. ഈ സ്വാധീനംകൊണ്ടാകാം ആദ്യകാലങ്ങളിൽ ആകാശവാണിയും ദൂരദർശനും പരസ്യങ്ങൾ സ്വീകരിച്ചിരുന്നില്ല. ആകാശവാണി ആദ്യ പരസ്യം സ്വീകരിക്കുന്നത് 1967ലാണ്.

മാധ്യമങ്ങളുടെ വാണിജ്യവൽക്കരണം അവയുടെ ഉള്ളടക്കത്തെയും സാമൂഹ്യ സ്വഭാവത്തെയും പ്രതികൂലമായി ബാധിക്കുന്ന കാലത്താണ്  പൊതുസേവന പ്രക്ഷേപണം നമ്മൾ ചർച്ച ചെയ്യുന്നത്. എൺപതുകളുടെ അവസാനംവരെ സാമൂഹ്യവികസന പ്രക്രിയയുടെ പങ്കാളിയെന്ന നിലയ്‌ക്ക് പൊതുസേവന സ്വഭാവം ദൂരദർശനും ആകാശവാണിക്കും ഉണ്ടായിരുന്നു. 

തൊണ്ണൂറുകളുടെ പകുതിയിൽ ഉപഗ്രഹസംപ്രേഷണം ആരംഭിച്ചതോടെ പൊതുഹിത സംപ്രേഷണം സാമൂഹ്യ ചർച്ചകളിൽനിന്ന്‌ ഏകദേശം അപ്രത്യക്ഷമായി. വിവരവിനിമയം, വിദ്യാഭ്യാസം എന്നീ പ്രാഥമിക കടമകൾ വിസ്മരിക്കപ്പെടുകയും വിനോദപരിപാടികൾക്ക് പ്രാധാന്യം കൂടുകയും ചെയ്തു. ആകാശവാണിയെയും ദൂരദർശനെയും സ്വതന്ത്രമാക്കാനെന്നു പറഞ്ഞ്‌ ആരംഭിച്ച പ്രസാർഭാരതി രണ്ടര ദശകത്തിനുശേഷവും സ്വന്തം വ്യക്തിത്വം നിശ്ചയിക്കാൻ കഴിയാതെ നിശ്ചലമായി നിൽക്കുകയാണ‍‍്.

ക്രമേണ മുഖ്യധാരാ മാധ്യമങ്ങൾ ഒരു ചെറിയ സംഘം ആഗോള കുത്തകകളുടെ കൈപ്പിടിയിലൊതുങ്ങി. പ്രമുഖ മാധ്യമ സൈദ്ധാന്തികനായ ബെൻ എച്ച്‌ ബാഗ്‌ദിക്കിയാൻ ‘മീഡിയ മൊണോപൊളി’ എന്ന പുസ്തകം 1983ൽ രചിക്കുമ്പോൾ ലോക മാധ്യമരംഗം നിയന്ത്രിച്ചിരുന്നത് 50 കുത്തകകൾ ആയിരുന്നു. 2004ൽ ഈ പുസ്തകം പുനഃപ്രസിദ്ധീകരിച്ചപ്പോൾ ഈ കുത്തകകളുടെ എണ്ണം അഞ്ചായി ചുരുങ്ങി. പിന്നീട് സാമൂഹ്യമാധ്യമങ്ങളുടെ കാലമായി. ഇതോടെ സമൂഹം, ജനാധിപത്യം, ഭരണക്രമം എന്നിവയെ മാധ്യമപ്രക്രിയ എങ്ങനെ സ്വാധീനിക്കുമെന്നതിനെപ്പറ്റി ധാരാളം പുതിയ ആശങ്കകൾ ഉയർന്നുവരാൻ തുടങ്ങി. സാമൂഹ്യമാധ്യമങ്ങൾ വ്യക്തികൾക്കും സമൂഹങ്ങൾക്കും ധാരാളം പുതിയ സാധ്യത  തുറന്നുകൊടുത്തിട്ടുണ്ട്. മുഖ്യധാരാ മാധ്യമങ്ങൾ കുത്തകകളുടെ നിയന്ത്രണത്തിൽ അമർന്നപ്പോൾ ജനകീയമായ അഭിപ്രായരൂപീകരണത്തിന് സാമൂഹ്യമാധ്യമങ്ങൾ സഹായകമായി. അതേസമയം, ആഗോള മാധ്യമഭീമന്മാർ സൃഷ്ടിച്ച ഇത്തരം പ്ലാറ്റ്ഫോമുകൾ അവയുടെ തനതായ സമ്പ്രദായങ്ങൾ ഉപയോഗിച്ച് സാമൂഹ്യ അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കുകയും വികലമാക്കുകയും ചെയ്യുന്നുവെന്ന ഭയം വളർന്നുവന്നു. ഈ പശ്ചാ ത്തലത്തിലാണ് ലോകമെമ്പാടുമുള്ള മാധ്യമപണ്ഡിതരും സാമൂഹ്യ ശാസ്ത്രജ്ഞന്മാരും ഒത്തുചേർന്ന്‌ പൊതുസേവന മാധ്യമങ്ങൾക്കുവേണ്ടി  മാനിഫെസ്റ്റോ  തയ്യാറാക്കിയത്. 2021 ജൂണിൽ പുറത്തിറക്കിയ ഈ മാനിഫെസ്റ്റോയിൽ നോം ചോംസ്കിയും ജൂർഗൻ ഹേബർമാസും അടക്കമുള്ള പ്രമുഖ ചിന്തകരടക്കം ലോകമെമ്പാടുമുള്ള നൂറിലേറെ സാമൂഹ്യ ശാസ്ത്രജ്ഞന്മാരാണ് ഒപ്പുവച്ചിരിക്കുന്നത്.

എന്താകും ഇവരെ ഉൽക്കണ്ഠപ്പെടുത്തുന്നത് ?
പ്രാഥമികമായും പൊതുമാധ്യമങ്ങളും ഇന്റർനെറ്റും ജനാധിപത്യത്തെയും പൊതു ഇടങ്ങളെയും എങ്ങനെ സ്വാധീനിക്കുമെന്ന ആശങ്കയാണ് അവർ പങ്കുവയ്‌ക്കുന്നത്. എന്നാൽ, ഇപ്പോൾ നിലനിൽക്കുന്ന ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകൾ ജനാധിപത്യപരമായ മാധ്യമസംവേദനത്തിന്‌ സഹായകമല്ലെന്ന്  ഈ മാനിഫെസ്റ്റോ ചൂണ്ടിക്കാട്ടുന്നു. ഇവയെ നിയന്ത്രിക്കുന്ന ആഗോളഭീമന്മാർക്ക് ഇതിന്റെ ഉള്ളടക്കത്തിന്റെ ഒഴുക്കിനെയും വിതരണത്തെയും സ്വാധീനിക്കാൻ കഴിയും. അതിനു സഹായകരമായ ‘ചിട്ടവട്ട’ങ്ങളാണ്‌ അവർ വളർത്തിയെടുക്കുന്നത്.

ഈ മാധ്യമസംവിധാനങ്ങളെ  നിയന്ത്രിക്കുന്നത്  വ്യാജവാർത്തകൾ, ഭരണകൂടത്തിന്റെ നിരീക്ഷണം, വിദ്വേഷ പ്രസംഗങ്ങൾ, ഗൂഢാലോചനാ സിദ്ധാന്തം എന്നിവയാണ്. ഇതിൽനിന്ന് വ്യത്യസ്തമായ പൊതു ഉടമസ്ഥതയിലുള്ള ഇന്റർനെറ്റ് എന്ന സങ്കൽപ്പം മാനിഫെസ്റ്റോ  മുന്നോട്ടുവയ്‌ക്കുന്നു. വാണിജ്യമാധ്യമങ്ങളിൽനിന്ന് വ്യത്യസ്തമാകണം പൊതുമാധ്യമങ്ങൾ. അവ ഉപയോക്താവിനോടല്ല പൗരരോടാണ് സംവദിക്കേണ്ടത്. ജനാധിപത്യം, പങ്കാളിത്തം, സാമൂഹ്യസംവാദം, വൈവിധ്യം,  തുല്യത എന്നിവയ്‌ക്കാണ് ഇവിടെ മുൻ‌തൂക്കം. സാമൂഹ്യപ്രക്രിയയുടെ സങ്കീർണതകളെ ഉൾക്കൊള്ളാൻ അവർക്കു കഴിയണം. ജനങ്ങളുടെ സജീവമായ  ഇടപെടലിനൊപ്പം ഡാറ്റയുടെ സ്വകാര്യത ഇവിടെ ഉറപ്പുവരുത്തും. സാർവത്രികമായ ലഭ്യതയും  സിവിൽ സൊസൈറ്റിക്ക് സുപ്രധാനമായ പങ്കും ഉണ്ടാകും. ഈ സംവിധാനത്തെ നിയന്ത്രിക്കുന്നത് ഒരു ‘പൊതുസേവന സംവിധാനം’ ആയിരിക്കും.

2021ൽ ലോകം മറ്റൊരു വഴിത്തിരിവിൽ എത്തിനിൽക്കുന്നു. ലോകത്തെ മുഴുവൻ ഗ്രസിച്ച ഒരു മഹാമാരി, അതോടൊപ്പം നമ്മുടെ വികസന ചിന്തകളെ സങ്കീർണമാക്കിയ കാലാവസ്ഥാ മാറ്റം, വളർന്നുവരുന്ന അസമത്വം, രാഷ്ട്രീയമായ ചേരിതിരിവുകൾ, ഇവയെ കൂടുതൽ സങ്കീർണമാക്കുന്ന വ്യാജവാർത്തകളുടെ കുത്തൊഴുക്ക്‌  എന്നീ ഭീഷണികളെയാണ് നമുക്ക് ഇപ്പോൾ നേരിടേണ്ടിവരുന്നത്. കോവിഡിന്റെ  കാലത്താണ് ആളുകൾ കൂടുതലായി പൊതുമാധ്യമങ്ങളിലേക്കു തിരിഞ്ഞത്. സുതാര്യവും കൃത്യവുമായ വിവരങ്ങളാണ് മഹാമാരിയുടെ കാലത്ത്‌ ആളുകൾക്ക് വേണ്ടിയിരുന്നത്. ആശയവിനിമയത്തിന്റെ അടിസ്ഥാനം വിവരങ്ങളുടെ കൃത്യത, ആഴത്തിലുള്ള അപഗ്രഥനം, യുക്തിപൂർവമായ സംവാദം, ആശയവൈവിധ്യങ്ങളുടെ പ്രതിനിധാനം എന്നിവയാണ്. അതിനുതകുന്ന പൊതുമാധ്യമ സൃഷ്ടി ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. നവലിബറൽ നയങ്ങൾ എല്ലാ മേഖലയെയും എന്നപോലെ മാധ്യമ സംവിധാനങ്ങളെയും വിഴുങ്ങി. സാംസ്‌കാരിക മേഖലകളിൽ വരുന്ന മാറ്റം ഒരു തലമുറയുടെ മൂല്യബോധത്തെയാണ് സ്വാധീനിക്കുക. അതുകൊണ്ടുതന്നെ ഇവിടെ ഉണ്ടാകേണ്ട ചെറുത്തുനിൽപ്പുകൾക്ക്‌ ഏറെ പ്രസക്തിയുണ്ട്. ഒരു പൊതുമാധ്യമ യുക്തി കേരളത്തിലും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

(ദൂരദർശൻ തിരുവനന്തപുരം കേന്ദ്രത്തിലെ മുൻ പ്രോഗ്രാം മേധാവിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top