24 April Wednesday

ഭിന്നശേഷിസൗഹൃദത്തിന്റെ കേരളമാതൃക - ഡോ. ജെ പ്രസാദ്‌ എഴുതുന്നു

ഡോ. ജെ പ്രസാദ്‌Updated: Tuesday Jan 5, 2021


കേരളകേരളത്തിലെ വിദ്യാലയങ്ങളെ  ഭിന്നശേഷി സൗഹൃദമാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം സാക്ഷാൽക്കരിക്കപ്പെടുകയാണ്. “പാർശ്വവൽകൃതരില്ലാത്ത ക്ലാസ്‌ മുറികളിലൂടെ പാർശ്വവൽകൃതരില്ലാത്ത സമൂഹസൃഷ്ടി” എന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ‍ ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിന്‌ പഠന പഠനാനുബന്ധ  പ്രവർത്തനങ്ങളെല്ലാം ഭിന്നശേഷിസൗഹൃദമാക്കുന്നതിനുള്ള ഇടപെടലുകളാണ് പൊതുവിദ്യാഭ്യാസവകുപ്പ് നടത്തിവരുന്നത്.

കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയുടെ ഗുണമേന്മ   ഇന്ന് രാജ്യത്താകെ ചർച്ചാവിഷയമാണ്. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം, നിതി ആയോഗ്, യുണിസെഫ് എന്നിവ നടത്തിയ പഠനങ്ങളിൽ  പ്രഥമസ്ഥാനത്തിനർഹത നേടിയത് കേരളമാണ്.  കേരളീയ വിദ്യാഭ്യാസം  ഇതരസംസ്ഥാനങ്ങൾക്ക്‌ അനുകരണീയ മാതൃകയാണ്. അതുകൊണ്ടുതന്നെ നമ്മുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പഠിക്കാൻ  ഉദ്യോഗസ്ഥരും വിദ്യാഭ്യാസ വിദഗ്ധരും നിരന്തരം വന്നുകൊണ്ടിരിക്കുന്നു.

അവർക്കറിയേണ്ടത് കോവിഡ്കാലത്ത് കേരളം നടത്തിയ  വിദ്യാഭ്യാസ പ്രവർത്തനങ്ങളെക്കുറിച്ച് മാത്രമല്ല; അതിനുപരി ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക്‌  നൽകിവരുന്ന  പഠനപിന്തുണാ സംവിധാനങ്ങളെക്കുറിച്ചുമാണ്. രാജ്യത്ത് ഉൾച്ചേർന്ന  വിദ്യാഭ്യാസത്തിന് സവിശേഷ പരിഗണന നൽകുന്ന പ്രമുഖ സംസ്ഥാനമാണ് കേരളം. ‘ഇന്റർനെറ്റ്’ കുട്ടിയുടെ അവകാശമായി പ്രഖ്യാപിച്ച ഏകസംസ്ഥാനവും കേരളമാണ്. സാധാരണക്കാർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും മാത്രമല്ല ഭിന്നശേഷിക്കാർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഇന്ന് കേരളത്തിൽ സാധ്യമാണ്.
ഐക്യരാഷ്ട്രസഭാപ്രഖ്യാപനം

2006 ഡിസംബർ 13ന് ചേർന്ന ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി, ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ സംബന്ധിച്ച് കൃത്യവും വ്യക്തവുമായ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. ജന്മസിദ്ധമായ പ്രഭാവത്തോടുള്ള ആദരവ്, സ്വന്തം അഭീഷ്ടങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, നിർവിവേചനം,  അഭിഗമ്യത, അവസരസമത്വം, സ്ത്രീപുരുഷസമത്വം, സമഗ്രവും ഫലപ്രദവുമായ പങ്കാളിത്തവും സമൂഹസന്നിവേശവും, സവിശേഷമായ ആദരവും സ്വീകാര്യതയും, വികാസശേഷിയോടുള്ള ആദരവ്, വ്യക്തിത്വസംരക്ഷണം എന്നിവയിൽ അധിഷ്ഠിതമായിരിക്കണം, കൺവൻഷൻ തീരുമാനത്തിൽ ഒപ്പുവച്ച ഇന്ത്യ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ പരിമിതരോട് കൈക്കൊള്ളേണ്ടത്.   2006ലെ ഐക്യരാഷ്ട്രസഭാ കൺവൻഷന്റ അന്തഃസത്ത ഉൾക്കൊണ്ട്‌  2016ൽ സമഗ്രമായ പുതിയ നിയമത്തിന്‌ രൂപം  നൽകി. ആ നിയമത്തിൽ നിർദേശിക്കപ്പെടുന്ന ഭിന്നശേഷിക്കാരുടെ  ഒട്ടുമിക്ക അവകാശങ്ങളും ഇന്നും ജലരേഖയായി തന്നെ നിലനിൽക്കുന്നു. ബഹുമുഖകാരണങ്ങളാൽ പിന്തള്ളപ്പെട്ടുപോയവരെ കൈപിടിച്ചുയർത്താനും ഒപ്പം നിർത്താനുമുള്ള ഫലപ്രദമായ നടപടികളാണ് സർക്കാർ നടത്തിവരുന്നത്.  ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി പ്രത്യേകം സ്പോർട്‌സ്‌  മാനുവൽവരെ കേരളം തയ്യാറാക്കിയിട്ടുണ്ട്

മുദ്രികാപാഠം
ശ്രവണപരിമിതിയുള്ളവരുടെ വിദ്യാഭ്യാസപ്രശ്നങ്ങൾ പരിഹരിക്കാനായി എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ രൂപം കൊടുത്ത ‘മുദ്രികാപാഠം’പദ്ധതിക്ക്‌ പൊതുസമൂഹത്തിനിടയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുകയുണ്ടായി. ഇന്ത്യയിൽത്തന്നെ ആദ്യമായി പ്രൈമറി തലത്തിൽ ശ്രവണപരിമിതിയുള്ളവർക്കായി 2016ൽ ഈ സർക്കാർ പ്രത്യേക പാഠ്യപദ്ധതിക്ക് രൂപം നൽകി. തുടർന്ന്‌  പ്രൈമറി സ്കൂളുകളിലേക്കായി പ്രത്യേക പാഠപുസ്തക രചന ആരംഭിച്ചു. ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന കുട്ടികൾക്കു വേണ്ടി ‘പ്രവേശികാപാഠം’എന്നപേരിൽ മുന്നൊരുക്ക പാഠങ്ങൾ തയ്യാറാക്കി.

ആംഗ്യഭാഷയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന നിർദേശവുമായി വ്യക്തികളും സംഘടനകളും സർക്കാരിനെ സമീപിക്കുകയും ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോർട്ട്‌  നൽകാൻ എസ്‌സിഇആർടിയെ ചുമതലപ്പെടുത്തുകയും ചെയ്തു. കേരളത്തിൽ തന്നെ വിവിധ സ്ഥലങ്ങളിൽ വിവിധ രീതിയിലുള്ള ആംഗ്യഭാഷകളാണ് പ്രയോഗത്തിലുള്ളത് എന്ന് ഗവേഷണപഠനത്തിലൂടെ  കണ്ടെത്തി. തങ്ങളുടെ  കുട്ടികൾ ആംഗ്യഭാഷ ഉപയോഗിക്കുന്നതിൽ പല  രക്ഷിതാക്കൾക്കും  താൽപ്പര്യമില്ല എന്ന് തിരിച്ചറിഞ്ഞു. തദ്ദേശീയമായ ആംഗ്യഭാഷ പഠിച്ച് കേരളത്തിന് പുറത്തുപോകുന്ന കുട്ടികൾക്ക്‌  സമൂഹത്തിൽ ജീവിക്കണമെങ്കിൽ ഇന്ത്യൻ സൈൻ ലാംഗ്വേജ് അനിവാര്യതയാണ്.

ഈ സാഹചര്യത്തിലാണ് സവിശേഷ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും  അധ്യാപകർക്കും  അനധ്യാപകർക്കും  രക്ഷിതാക്കൾക്കും ഇന്ത്യൻ സൈൻ ലാംഗ്വേജിൽ പരിശീലനം നൽകാൻ തീരുമാനിച്ചത്. ‘മുദ്രികാപാഠം’എന്ന് പേരിട്ട ഈ പദ്ധതിയിലൂടെ   സവിശേഷ വിദ്യാലയങ്ങളിലെ 2354 കുട്ടികൾക്ക്‌  പ്രയോജനം ലഭിക്കും. 33 വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർക്കും   532 അധ്യാപക അനധ്യാപകർക്കും  ഇന്ത്യൻ സൈൻ ലാംഗ്വേജിന്റെ പ്രാഥമിക പാഠങ്ങൾ പത്ത് വീഡിയോ ക്ലാസുകളിലൂടെ എസ്‌സിഇആർടിയുടെ യുട്യൂബ് വഴി  നൽകുകയുണ്ടായി. ഈ ചാനൽ വഴി   ആർക്കും  എപ്പോഴും  ആംഗ്യഭാഷ പഠിക്കാം.

ശ്രുതിപാഠം
കാഴ്ചപരിമിതർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നാണ് വായന. ശബ്ദദാനത്തെക്കുറിച്ചുള്ള, കാഴ്ചപരിമിതരായ അധ്യാപകരും വിദ്യാർഥികളും നേരിടുന്ന വായനാപ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഓഡിയോ ലൈബ്രറി നിർമാണമാണ് ‘ശ്രുതിപാഠം’ പദ്ധതി. ഇന്ന് ലോകത്ത് പ്രസിദ്ധീകരിക്കുന്ന മലയാള പുസ്തകങ്ങളുടെ ഒരു ശതമാനം പോലും കാഴ്ചപരിമിതർക്ക്‌ ഉപയോഗിക്കാൻ സാധിക്കുന്നില്ല. ഈ പ്രതിസന്ധി തരണം ചെയ്യാനാണ് എസ്‌സിഇആർടി ശ്രമിക്കുന്നത്. തുടക്കമെന്ന നിലയിൽ എൻഎസ്എസ്, സ്‌കൗട്ട്, ഗൈഡ്സ് തുടങ്ങിയ സന്നദ്ധസംഘടനകളുടെ സഹായത്തോടെ ശബ്ദദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കാഴ്ചപരിമിതർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും  ബോധവൽക്കരണം നടത്തി. ‘സഹപാഠികൾക്കൊരു കൈത്താങ്ങ്’ എന്ന മുദ്രാവാക്യമുയർത്തിയാണ് ‘കേരളാ ഫെഡറേഷൻ ഓഫ് ദി  ബ്ലൈൻഡി’ന്റെ സഹകരണത്തോടെ ശബ്ദമാധുര്യമുള്ള  സഹപാഠികളെക്കൊണ്ട്  ശബ്ദസന്നിവേശം നടത്തിക്കുന്നത്.

ഇതോടൊപ്പം 912 ക്ലാസുകളിലെ പാഠപുസ്തകങ്ങളും അവയുടെ ടീച്ചർ ടെക്സ്റ്റുകളും ഓഡിയോ ടെക്സ്റ്റുകളാക്കി മാറ്റുന്നു.
ഇതോടൊപ്പം കാഴ്ചപരിമിതർക്ക്‌ സ്വന്തമായി എഴുതുന്നതിനുള്ള സാധ്യത ഒരുക്കുന്നതിന് ‘ശാരദാ ബ്രയിൽ റൈറ്റർ’ എന്ന പേരിൽ ഒരു സ്വതന്ത്ര  സോഫ്റ്റ്‌വെയറിന് രൂപം നൽകുകയുണ്ടായി. നിലവിലുള്ള രീതിയേക്കാൾ എഴുതാനും ഉപയോഗിക്കാനും എളുപ്പമാണ് ശാരദാ ബ്രയിൽ റൈറ്റർ. ഒരു കൈ മാത്രം ഉപയോഗിച്ച് എഴുതാൻ കഴിയുന്ന സംവിധാനവും ഇതിലുണ്ട്‌.  എഴുതുന്നതിനൊപ്പം ആ വാക്കുകളുടെ ശബ്ദപിന്തുണയും ലഭിക്കും. ലൂയി ബ്രെയിൽ കാഴ്ചപരിമിതർക്ക്‌  എഴുതുന്നതിനും വായിക്കുന്നതിനുമായി സൃഷ്ടിച്ച ആറ് കുത്ത് സംവിധാനം, സാധാരണ ലിപി എഴുതുന്നതിന് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന അന്വേഷണത്തിന്റെ  ഫലമാണ് ഉബുണ്ടുവിൽ വികസിപ്പിച്ചെടുത്ത  ഈ സോഫ്റ്റ്‌വെയർ. ബ്രയിൽ സംവിധാനം ചുരുക്കെഴുത്തുകൾ കൊണ്ട് സമൃദ്ധമാണ്‌. ശാരദാ ബ്രയിൽ റൈറ്ററിൽ ഇവ പ്രയോഗിക്കപ്പെട്ടതുകൊണ്ട് എഴുത്ത് വളരെ വേഗതയുള്ളതാകുന്നു. ലോ വിഷൻ കുട്ടികളെ സഹായിക്കുന്നതിന് ഇഷ്ടമുള്ള കളർ ലഭ്യമാക്കുന്നതിനും അക്ഷരങ്ങളുടെ വലിപ്പം കൂട്ടുന്നതിനുമുള്ള സാധ്യതയും ഉണ്ട്. മൊബൈൽ ഫോണുകളിൽ ആറു കീകൾ ഉപയോഗിച്ച് എഴുതാവുന്ന കീബോഡും ശാരദാ ബ്രയിൽ റൈറ്ററിന്റെ മറ്റൊരു പ്രത്യേകതയാണ്.
വൈറ്റ് ബോർഡ്‌

ഭിന്നശേഷിക്കാരായ കുട്ടികൾക്ക്‌  സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനവിഭവങ്ങൾ തയ്യാറാക്കലും അതിന്റെ വിതരണവും വിനിമയവും വിലയിരുത്തലുമാണ് ‘വൈറ്റ് ബോർഡ്‌’പദ്ധതിയിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്. ‘ഫസ്റ്റ് ബെൽ’ വീഡിയോ ക്ലാസുകൾക്ക്‌‌ പിന്തുണ നൽകുക എന്ന ഉദ്ദേശ്യത്തോടെ സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന അനുരൂപീകരണ വീഡിയോ ക്ലാസുകളാണ് ഈ യുട്യൂബ് ചാനൽ. കഴിഞ്ഞ ഏഴ് മാസത്തിലേറെയായി നടന്നുവരുന്ന ഈ പദ്ധതിക്കും വലിയ അംഗീകാരമാണ് ലഭ്യമാകുന്നത്.

ഓട്ടിസം സെന്ററുകൾ
ഓട്ടിസം എന്നത് സവിശേഷമായ ഒരു ദുരവസ്ഥയാണ്. കൃത്യവും ശക്തവും നിരന്തരവും  ശാസ്ത്രീയവുമായ ഇടപെടലിലൂടെ മാത്രമേ ഓട്ടിസം ബാധിച്ച കുട്ടികളിൽ  മാറ്റങ്ങൾ സൃഷ്ടിക്കാനാകൂ. അതിന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും കരുണാമയമായ ഇടപെടലുകൾ അനിവാര്യമാണ്. മികച്ച പരിചരണത്തിലൂടെ ഓട്ടിസത്തിന്റെ  തീവ്രത കുറയ്ക്കാനും അവരെ സാമാന്യ ജീവിതത്തിലേക്ക് എത്തിക്കാനും സാധിക്കും.  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സമഗ്രശിക്ഷാ കേരളത്തിന്റെ  ആഭിമുഖ്യത്തിൽ 168 ബ്ലോക്കുകളിലും ഓരോ ഓട്ടിസം സെന്റർ സ്ഥാപിക്കുന്നതിനുള്ള അതിബൃഹത്തായ പദ്ധതികൾ ആണ് നടപ്പാക്കിവരുന്നത്‌.

വിവിധ ഏജൻസികൾ നടത്തുന്ന 300ൽപ്പരം സവിശേഷ വിദ്യാലയങ്ങളിലായി 25000ത്തോളം വരുന്ന ബുദ്ധിപരിമിതർക്കായി പ്രത്യേക പാഠ്യപദ്ധതി ഇല്ലായിരുന്നു. ഈ സർക്കാർ പുതിയ പാഠ്യപദ്ധതിക്ക്‌ രൂപം നൽകി. ഏഴുവയസ്സുമുതൽ 11വയസ്സുവരെയുള്ള കുട്ടികൾക്ക്‌  കൈവരിക്കാവുന്ന വിവിധ ശേഷികളും നൈപുണികളും മൂല്യങ്ങളും മനോഭാവങ്ങളും പുതിയ  പാഠൃപദ്ധതി ലക്‌ഷ്യം വയ്ക്കുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ താളത്തിന്റെയും സംഗീതത്തിന്റെയും പശ്ചാത്തലത്തിൽ പ്രത്യേക പ്രവർത്തന പാക്കേജുകൾ തയ്യാറാക്കി. കുട്ടികളുടെ ജീവിതപരിസരവുമായി ബന്ധമുള്ള ആശയങ്ങൾ കേന്ദ്രീകരിച്ച് വീടും കൂടും, പോം പോം വണ്ടി, കാക്കേം പൂച്ചേം, വിരുന്നുണ്ണാം, ആഘോഷങ്ങൾ എന്നിവയും ഭാഷാ ശേഷികൾക്കായി തേൻതുള്ളി, ഗണിതശേഷിക്കായി മഞ്ചാടി, കളിച്ചെപ്പ് എന്നിങ്ങനെ എട്ട് പുസ്തകങ്ങൾ തയ്യാറാക്കി.
കോവിഡ് പശ്ചാത്തലത്തിൽ സവിശേഷവിദ്യാലയങ്ങളിലെ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള പഠനപിന്തുണാസംവിധാനമാണ് എസ്‌സിഇആർടി വിഭാവനം ചെയ്ത ‘തേൻകൂട്‌’. ഓരോ കുട്ടിക്കും ഉചിതമായ പ്രവർത്തനങ്ങൾ അധ്യാപകർ തെരഞ്ഞെടുത്ത് കൊടുക്കുന്നു. പാഠ്യപദ്ധതിയിൽ ഉൾച്ചേർത്തിരിക്കുന്ന നൈപുണികൾ ആർജിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളാണ് ഇതിൽ.

പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ശ്രദ്ധേയമായ പ്രവർത്തനം മാത്രമാണ് ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്. മറ്റു വിവിധ വകുപ്പുകളുടെ കാര്യം പരാമർശിച്ചിട്ടില്ല.  അവ കൂടി ഏകോപിപ്പിക്കാൻ സാധിച്ചാൽ ഈ രംഗത്ത്  നമുക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.

(എസ്‌സിഇആർടി ഡയറക്ടറാണ്‌ ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top