03 December Friday

ക്യാമ്പസുകളുടെ കവാടങ്ങൾ തുറക്കുമ്പോൾ

എ എം ഷിനാസ്Updated: Wednesday Sep 29, 2021

ഗൃഹാങ്കണത്തിലെ ഓൺലൈൻ ക്ലാസ് മുറികളിൽനിന്ന് ഏതാണ്ട് 19 മാസത്തിനുശേഷം കേരളത്തിലെ കോളേജ് വിദ്യാർഥികൾ ഒക്ടോബർ നാലിന് ക്യാമ്പസുകളിലേക്ക് തിരിച്ചെത്തുകയാണ്. കോവിഡ് മഹാമാരിയെത്തുടർന്ന് 2020 മാർച്ച് മധ്യത്തോടെയാണ് ആർട്സ് ആൻഡ് സയൻസ് കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടിവന്നത്. ലോകമാസകലം ഇതുതന്നെയായിരുന്നു അവസ്ഥ. സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ കേരളത്തിനും സംസ്ഥാനത്തിന്റെ കാര്യപ്രാപ്തിയുള്ള ഭരണസാരഥികൾക്കും ബദൽ ബോധനരീതി എന്തായിരിക്കണമെന്ന കാര്യത്തിൽ ഒട്ടും തല പുകയ്ക്കേണ്ടി വന്നില്ല. ഓൺലൈൻ ബോധനമാർഗത്തിലേക്ക് സംസ്ഥാനം ആത്മവിശ്വാസത്തോടെ ചുവടുവച്ചു. അതിനുള്ള പശ്ചാത്തല സൗകര്യങ്ങൾ പൂർവാധികം വിപുലമാക്കിയും ദൃഢപ്രത്യയരും നിസ്വാർഥരുമായ ഒരു വലിയ സംഘം വിദ്യാഭ്യാസ ‘മുൻനിരപ്പോരാളി’കളെ കാലവിളംബം കൂടാതെ സജ്ജമാക്കിയുമാണ് ഇത് സംഭവ്യമാക്കിയത്.

ഒന്നരക്കൊല്ലത്തിനുശേഷം വിദ്യാർഥികൾ ക്യാമ്പസിലെത്തുമ്പോൾ കോവിഡാനന്തരകാലത്തെ വിദ്യാഭ്യാസത്തിന്റെ അലകും പിടിയും ലോകമാകെ മാറിയിരിക്കുന്നു എന്ന ബോധ്യം അധ്യാപകർക്കും വിദ്യാർഥികൾക്കുമുണ്ട്. കോവിഡ് പൂർവകാലത്തുണ്ടായിരുന്ന ഏറെക്കുറെ സമ്പൂർണ ഓഫ്‌‌ലൈൻ വിദ്യാഭ്യാസം ഇനി കേരളത്തിലെന്നല്ല ലോകത്തെവിടെയും നടപ്പാകില്ല. ഓൺലൈനും ഓഫ്‌‌ലൈനും ഇടകലരുന്ന ബ്ലെൻഡഡ് വിദ്യാഭ്യാസത്തിന്റേതാണ് ഇനിയുള്ള കാലം.

ഈ ഒന്നരക്കൊല്ലം അധ്യാപകരും വിദ്യാർഥികളും പൊതുസമൂഹവും മറ്റൊരു മർമപ്രധാനമായ കാര്യംകൂടി ഗ്രഹിച്ചു. ‘ഡിജിറ്റൽ മൂലധനം’ എന്ന ഡിജിറ്റൽ നൈപുണി ഇനിയങ്ങോട്ടുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന് അനുപേക്ഷണീയമാണ്. അധ്യാപകർക്ക് വിഷയഗ്രാഹ്യം വേണ്ടതുതന്നെ. പക്ഷേ, ആ വിഷയ സാമർഥ്യം വ്യത്യസ്തങ്ങളായ ഡിജിറ്റൽ സങ്കേതങ്ങളിലൂടെ വിദ്യാർഥികളിലേക്ക് എത്തിക്കാനും അവരുടെ സഹായികളാകാനും അവരുമായി രചനാത്മകമായി സംവദിക്കാനും അധ്യാപകർക്ക് ഇനി പ്രാപ്തിയുണ്ടായേ തീരൂ. സാമാന്യമായ ഡിജിറ്റൽ കുശലത ഏത് അധ്യാപകനും ആർജിച്ചിരിക്കണം. പഴയ ക്ലാസ്റൂം ലക്ചറുകളുടെ കാലം ഏറെക്കുറെ കഴിഞ്ഞിരിക്കുന്നു. അതേപോലെ ഏത് വിദ്യാർഥിക്കും സാമാന്യ ഡിജിറ്റൽ പാടവം കൂടിയേ തീരൂ. ഈ ഒന്നരക്കൊല്ലത്തെ അനുഭവത്തിൽനിന്ന് മനസ്സിലായത്, വിദ്യാർഥികൾ ഇക്കാര്യത്തിൽ അധ്യാപകരേക്കാൾ (പ്രത്യേകിച്ച് മുതിർന്ന അധ്യാപകരേക്കാൾ) ബഹുദൂരം മുന്നിലാണെന്നാണ്. അതുകൊണ്ട് വിഷയജ്ഞാനവും സാമാന്യ ഡിജിറ്റൽശേഷിയും സമാസമം സമ്മേളിക്കുന്ന അധ്യാപകരായിരിക്കും സമീപഭാവിയിലെ മികച്ച അധ്യാപകർ.


 

സമ്പൂർണമായ, നൂറു ശതമാനവും ഓൺലൈൻ മാർഗത്തിലൂടെയുള്ള വിദ്യാഭ്യാസം നിലനിർത്താവുന്നതോ അഭിലഷണീയമോ അല്ല. അങ്ങനെയാകുമ്പോൾ പഠന നഷ്ടം (ലേണിങ്‌ ലോസ്‌) ഗണ്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല, വിദ്യാലയങ്ങളിൽനിന്നും കോളേജുകളിൽനിന്നും പാഠ്യേതരമായ ധാരാളം സാമൂഹ്യ നൈപുണ്യവും മറ്റ് സാമൂഹ്യ കൈമിടുക്കുകളും വിദ്യാർഥികൾ ആർജിക്കുന്നുണ്ട്. അവ പരമപ്രധാനവുമാണ്. ക്ലാസ്റൂമുകളിൽ അധ്യാപകർ വിദ്യാർഥിയുടെ ശരീരഭാഷയും ശ്രദ്ധയും നോട്ടവും എല്ലാം നേരിട്ട് അറിയുന്നുണ്ട്. ഇവയെല്ലാം സാമ്പ്രദായിക ഓൺലൈൻ ബോധനക്രമത്തിൽ അപ്രാപ്യമാണ്. ഇത്തരം ന്യൂനതകളൊക്കെയുണ്ടെങ്കിലും കോവിഡ് കാലത്ത് ഓൺലൈനല്ലാതെ മറ്റൊരു മാർഗമില്ലായിരുന്നു. ഇന്ത്യയിൽ അങ്ങനെ ഓൺലൈൻ വിദ്യാഭ്യാസം ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനങ്ങളിൽ മുൻനിരയിലാണ് കേരളം. സ്മാർട്ട്‌ഫോണുകളും ലാപ്ടോപ്പുകളും ഇല്ലാത്ത കുറെ വിദ്യാർഥികളുണ്ടായിരുന്നു തുടക്കത്തിൽ. കോളേജുകളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും പിടിഎയുടെയും ചില ലാഭേച്ഛയില്ലാത്ത സന്നദ്ധസംഘടനകളുടെയും പ്രാദേശിക ഭരണസംവിധാനത്തിന്റെയും സഹായവും ഉൽസാഹവും അതത് നാട്ടുകാരുടെ സജീവ ഇടപെടലുകളും സർവോപരി സർക്കാരിന്റെ ചുണയുള്ള പ്രവർത്തനവും പിന്തുണയും ചേർന്നപ്പോൾ കേരളത്തിൽ അത്യപൂർവം വിദ്യാർഥികൾ മാത്രമേ ഓൺലൈൻ അപ്രാപ്യത നേരിട്ടുള്ളൂ. അതും പിന്നീട് പരിഹരിക്കപ്പെട്ടു. ഇന്റർനെറ്റ് കണക്ടിവിറ്റിയുടെ പ്രശ്നം മാത്രമാണ് ചിലയിടങ്ങളിൽ ഉണ്ടായിരുന്നത്. ഗൂഗിൾ മീറ്റും ഗൂഗിൾ ക്ലാസ്റൂമും ഗൂഗിൾ ഹാങ്ഔട്ടും ടീച്ച്മിന്റും സൂമും പോലുള്ള ആപ്പുകൾ ഉപയോഗിച്ച്, അധ്യാപകർ ഇരട്ടിയിലധികം അധ്വാനിച്ച് പാഠഭാഗങ്ങൾ തൃപ്തികരമായി എടുക്കുകയും പഠനസഹായക്കുറിപ്പുകൾ സമയാസമയം കൊടുക്കുകയും ചെയ്തു. മിക്ക വിദ്യാർഥികളും ഒരു ആശങ്കയുമില്ലാതെ പരീക്ഷ എഴുതി. അവരുടെ പരീക്ഷാഫലവും യഥാസമയം പുറത്തുവന്നു.

കേരളത്തിന്റെ ഈ ചിത്രത്തിൽനിന്ന് ഉത്തരേന്ത്യയിലേക്ക് പോകാം. ബിഹാർ, ഹരിയാന, ജാർഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ മൂന്നിലൊന്ന് വിദ്യാർഥികൾക്ക് മാത്രമാണ് ഓൺലൈൻ ക്ലാസ് കിട്ടിയത്. സംസ്ഥാനങ്ങളുടെ കണക്ക് പരിശോധിച്ചാൽ ബിഹാറും ഉത്തർപ്രദേശുമാണ് ഏറ്റവും പിറകിൽ. മേൽപ്പറഞ്ഞ ആറ് സംസ്ഥാനങ്ങളിൽ 11.5 കോടി വിദ്യാർഥികളുണ്ട്. അവരിൽ ആറു കോടി വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകൾ കിട്ടാതെ അഗണ്യകോടിയിൽ തള്ളപ്പെട്ടിരുന്നു എന്ന പരമാർഥവുമായി തട്ടിച്ചുനോക്കുമ്പോൾ കേരളം വിദ്യാർഥികളെ ഓൺലൈൻ വിദ്യാഭ്യാസത്തിൽനിന്ന് വഴിയാധാരമാക്കിയില്ല എന്നു മാത്രമല്ല, അവർക്ക് ഏറെക്കുറെ യുക്തവും പര്യാപ്തവുമായ വിദ്യാഭ്യാസം പ്രദാനംചെയ്യുന്നതിൽ സ്തുത്യർഹമായ നേട്ടം കൈവരിക്കുകയും ചെയ്തു.

(എറണാകുളം മഹാരാജാസ്‌ കോളേജിലെ ചരിത്രവിഭാഗം തലവനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top