29 March Friday

ഇൻസുലിൻ എന്ന മാജിക്കൽ ബുള്ളറ്റ്‌

ഡോ. പി കെ ജബ്ബാർUpdated: Tuesday Jan 11, 2022


ലോകമെമ്പാടും കണ്ടുവരുന്ന പ്രധാന ജീവിത ശൈലീരോഗമാണ്‌ പ്രമേഹം. വളരെ വേഗത്തിൽ പ്രമേഹത്തിന്റെ തോത്‌ കൂടിവരുന്നതായി  അടുത്തിടെ പുറത്തിറങ്ങിയ കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ 18 വയസ്സിനു മുകളിലുള്ള 24. 5  ശതമാനം വ്യക്തികൾക്ക്‌ പ്രമേഹമുള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു. പ്രമേഹമാണ്‌  ജനത്തിനിടയിൽ ഏറ്റവും കൂടുതൽ ആശങ്കയുയർത്തുന്ന അസുഖം. പ്രമേഹമാണ്‌ ഹൃദ്‌രോഗത്തിന്റെ കാഠിന്യം വർധിപ്പിക്കുന്നതും ചെറുപ്പക്കാരിൽ വരുന്ന ഹൃദ്‌രോഗത്തിനു കാരണവും. വൃക്ക തകരാറാകുന്നതിനു കാരണവും മറ്റൊന്നുമല്ല.

അമ്പത്‌ വയസ്സിനുള്ളിൽ കാഴ്‌ചശക്തി നശിക്കുന്നതിനോ കുറയുന്നതിനോ കാരണം പ്രമേഹമാണെന്ന്‌ നാം തിരിച്ചറിയേണ്ടതുണ്ട്‌.  പാദങ്ങളിൽ വരുന്ന മുറിവിനെത്തുടർന്ന്‌ പാദം വിച്ഛേക്കേണ്ടിവരുന്നതടക്കമുള്ള അവസ്ഥയ്‌ക്കു കാരണം പ്രമേഹംതന്നെയാണ്‌. പ്രമേഹത്തിന്റെ ശരിയായ ചികിത്സാവിധി നമ്മുടെ ഭക്ഷണക്രമീകരണവും ശരിയായ രീതിയുള്ള വ്യായാമവുമാണ്‌. എന്നാൽ, നല്ലൊരു ശതമാനം വ്യക്തികൾ  ഇക്കാര്യത്തിൽ വളരെ അലസരാണ്‌. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഭക്ഷണക്രമീകരണവും വ്യായാമവും കൊണ്ട്‌ ശരിയാകുന്നില്ലെന്നു വന്നാൽ ഗുളിക നൽകണം. മൂന്നാമത്തെ ഘട്ടത്തിലാണ്‌ ഇൻസുലിൻ ഉപയോഗം വരുന്നത്‌.


 

ഇൻസുലിൻ രാജ്യത്ത്‌ 30 മുതൽ 40 വരെ രോഗികൾ ഉപയോഗിക്കുന്നു. പ്രമേഹവും ഇൻസുലിനും ഏതു തരത്തിലാണ്‌ ഉരുത്തിരിഞ്ഞുവന്നതെന്ന്‌ നോക്കാം. വളരെ മുമ്പുതന്നെ പ്രമേഹത്തെക്കുറിച്ച്‌ ഗ്രന്ഥങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്‌. എന്താണ്‌ പ്രമേഹത്തിനു കാരണമെന്ന്‌ ശരിയായ രീതിയിൽ മനസ്സിലായത്‌ ഏകദേശം 20–-ാം നൂറ്റാണ്ടിന്റെ ആദ്യത്തിലായിരുന്നു. പ്രശസ്‌ത ശാസ്‌ത്രജഞനായ മിൻകോസ്‌സിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകയായ ഒപ്പിയേനയും ചേർന്നാണ്‌ പ്രമേഹത്തിന്‌ പാൻക്രിയാസുമായി ബന്ധമുണ്ടെന്ന്‌ മനസ്സിലാക്കിയത്‌. അതിനുശേഷം നിരവധി ശാസ്‌ത്രജ്ഞന്മാർ ഈ രോഗത്തെക്കുറിച്ചും കാരണങ്ങളെക്കുച്ചും പഠനം നടത്തി. 1908ൽ ജർമനിയിലുള്ള ഡോ. ജോർജ്‌ സുൽസർ, പ്രമേഹമുള്ള അഞ്ചുപേർക്ക്‌ പാൻക്രിയാസിൽനിന്ന്‌ ഉൽപ്പാദിപ്പിച്ച മരുന്ന്‌ കുത്തിവച്ചു. ഭാഗ്യവശാൽ ഈ രോഗികൾ പ്രമേഹത്തിൽനിന്ന്‌ ഒരുപരിധിവരെ കുറച്ചു ദിവസമെങ്കിലും മുക്തി നേടി . പക്ഷേ, കൊടുത്ത മരുന്നിന്‌  ദൂഷ്യവശമുണ്ടായി. തുടർന്ന്‌ അതുസംബന്ധിച്ച്‌ പരീക്ഷണം നടത്താൻ കഴിഞ്ഞില്ല.

അതിനുശേഷം മറ്റൊരു റുമാനിയൻ ശാസ്‌ത്രജ്ഞൻ ഈ തരത്തിലുള്ള മരുന്ന്‌ കുത്തിവയ്‌ക്കുകയും ഒരു പരിധിവരെ ഗുണം ലഭിക്കുകയും ചെയ്‌തു. അതിനുശേഷം 1920 ഘട്ടത്തിൽ ലോക പ്രശസ്‌ത ശാസ്‌ത്രജ്ഞരായ ഫ്രെഡറിക് ജി ബാൻഡിങ്ങും ചാൾസ് ബെസ്റ്റും  ഈ മേഖലയിൽ കൂടുതൽ പരീക്ഷണം നടത്തി. 1922 ജനുവരി 11ന്‌  ഈ മരുന്ന്‌ 14 വയസ്സ്‌ മാത്രമുള്ള ലിയോനാർഡ് തോംസൺ എന്നയാൾക്ക്‌ നൽകി.  തോംസന്റെ ശരീരത്തിൽ പഞ്ചസാരയുടെ അളവ്‌ കുറഞ്ഞു.   അദ്ദേഹം ഏകദേശം 13 വർഷംകൂടി ഈ മരുന്ന്‌ ഉപയോഗിച്ചു. പ്രമേഹത്തിന്റെ ദൂഷ്യവശംകൊണ്ട്‌ 27–-ാമത്തെ വയസ്സിൽ 1935ൽ അദ്ദേഹം മരിച്ചു. ഇതായിരുന്നു ആദ്യത്തെ ഇൻസുലിൻ പരീക്ഷണമെന്ന്‌  മനസ്സിലാക്കാം. ഈ നേട്ടത്തിനു പിന്നിൽ നിരവധി ശാസ്‌ത്രജ്ഞരുടെ കഠിനാധ്വാനമുണ്ട്‌. ഇന്ന്‌ ഏകദേശം മൂന്നിലൊന്ന്‌ ശതമാനംപേരെങ്കിലും പ്രമേഹത്തിന്‌ ഇൻസുലിൻ ഉപയോഗിക്കുന്നു. അവരുടെ ആരോഗ്യനിലവാരം മെച്ചപ്പെട്ടതായി അനുഭവത്തിലൂടെ മനസ്സിലാക്കാം. പ്രമേഹം നിയന്ത്രിക്കുന്നതിന്‌ ഏറ്റവും പറ്റിയത്‌ ഇൻസുലിൻ തന്നെയാണ്‌. ഇൻസുലിൻ മാത്രമാണ്‌ ചികിത്സയെന്നു ധരിക്കരുത്‌. പക്ഷേ, ഇൻസുലിനെ പ്രമേഹത്തിനുള്ള ‘മാജിക്കൽ ബുള്ളറ്റ്‌’  എന്ന ഓമനപ്പേരിട്ട്‌ വിളിക്കാവുന്നതാണ്‌.

(തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡയബറ്റിക്‌സ്‌ ഡയറക്ടറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top