19 April Friday

ധീരജിന്റെ രക്തസാക്ഷിത്വവും അക്രമരാഷ്ട്രീയവും - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

ഇടുക്കി പൈനാവ് ഗവ. എൻജിനിയറിങ്‌ കോളേജ് വിദ്യാർഥിയായ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം ധീരജിന്റെ രക്തസാക്ഷിത്വം തീരാവേദനയും കടുത്ത പ്രതിഷേധവും ഉയർത്തുന്നതാണ്. രാഷ്ട്രീയ–--സാമൂഹ്യ-–-വിദ്യാർഥി–--ഭരണതലങ്ങളിൽ ഈ സംഭവം മുന്നോട്ടുവയ്ക്കുന്ന പ്രശ്നങ്ങളും ചോദ്യങ്ങളുമുണ്ട്‌.

1) നിഷ്കളങ്ക യുവത്വങ്ങളുടെ പ്രാണനെടുക്കുന്ന രാഷ്ട്രീയരൂപംപൂണ്ട നരാധന്മാരെയും അവരുടെ രാഷ്ട്രീയത്തെയും ഒറ്റപ്പെടുത്താൻ എന്തുചെയ്യണമെന്നതാണ് സമൂഹതലത്തിൽ ഉയരേണ്ട ചോദ്യം. ആറു മാസം കഴിഞ്ഞാൽ നല്ലൊരു എൻജിനിയറായി സമൂഹത്തിൽ എത്തേണ്ട ശാസ്ത്രസാങ്കേതിക പ്രതീക്ഷയായിരുന്നു ധീരജ്. എൻജിനിയറായി വരുന്ന മകനെ കാത്തുകഴിഞ്ഞ അമ്മയ്ക്ക് കെഎസ്‌യു, -യൂത്ത് കോൺഗ്രസ് അക്രമികൾ നെഞ്ചുപിളർത്തിക്കൊന്ന ശരീരമാണ് ലഭിച്ചത്. എതിരഭിപ്രായമുള്ളവരെയും മറുചേരിയിലുള്ളവരെയും കൊലപ്പെടുത്തി തോൽപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്യാമെന്നത് പ്രാകൃതനിയമവും ചിന്തയുമാണ്. ഇത്തരക്കാരെ നിയമപരമായി, കർശനമായി നേരിടുന്നതിന് സർക്കാരും പൊലീസും നടപടി സ്വീകരിക്കുന്നതിനൊപ്പം സമൂഹം ഇത്തരം അക്രമരാഷ്ട്രീയക്കാരെ നിർദാക്ഷിണ്യം ഒറ്റപ്പെടുത്തണം.

-2) ധീരജിന്റെ കൊലപാതകം ഉയർത്തുന്ന രാഷ്ട്രീയവിഷയം ഗൗരവമുള്ളതാണ്. ആകസ്മികമായി സംഭവിച്ച ഒന്നല്ല ഈ കൊലപാതകം. എൻജിനിയറിങ്‌ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുദിവസം പുറത്തുനിന്നുള്ള യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ കോൺഗ്രസ് നേതാക്കളുമായും കെഎസ്‌‌യുക്കാരുമായും ഗൂഢാലോചന നടത്തി ആയുധധാരികളായി എത്തി സായുധ ആക്രമണം നടത്തുകയായിരുന്നു. മാതൃഭൂമി മുഖപ്രസംഗം ഇതേപ്പറ്റി നടത്തിയ വിലയിരുത്തൽ പ്രസക്തമാണ്. അതിൽ ഇപ്രകാരം പറയുന്നു: ‘കലാലയമുറ്റത്ത് ഒരു യുവാവുകൂടി കത്തിമുനയിൽ പിടഞ്ഞുവീണിരിക്കുന്നു. കേരളത്തിലെ സമാധാനാന്തരീക്ഷത്തിന്റെ ഹൃദയത്തിലാണ് ആ കത്തി തറഞ്ഞുകയറിയത്. കണ്ണൂരിൽനിന്ന്‌ ഇടുക്കിയിലെ കോളേജിലെത്തി പഠനത്തിലും സർഗാത്മകപ്രവർത്തനങ്ങളിലും മികവുകാട്ടി, സഹപാഠികളുടെ പ്രിയങ്കരനായി മാറിയ ധീരജിനെ കൊല ചെയ്തത് ഏത് രാഷ്ട്രീയവൈരത്തിന്റെ പേരിലായാലും അത് രാഷ്ട്രീയമല്ല, കാടത്തമാണ്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ സാധാരണയുണ്ടാകുന്ന എതിർപ്പല്ലാതെ എടുത്തുപറയത്തക്ക സംഘട്ടനമൊന്നും ഇല്ലാതെയാണ് അവിടെ അനിഷ്ടസംഭവം ഉണ്ടായത്.’

ഇപ്രകാരം തികച്ചും സമാധാനാന്തരീക്ഷം നിലനിന്ന ഒരു സ്ഥലത്ത് കൊലപാതക രാഷ്ട്രീയം നടത്താൻ കലാലയത്തിന് പുറത്തുനിന്നുവന്ന യൂത്ത് കോൺഗ്രസ് ഗുണ്ടകളെ തികഞ്ഞ ക്രിമിനലുകളാക്കി മാറ്റിയത് സംസ്ഥാനത്തെ കോൺഗ്രസിന്റെ തലതിരിഞ്ഞ അക്രമരാഷ്ട്രീയനയമാണ്. കെപിസിസിക്ക് പുതിയ നേതൃത്വം വന്നതോടെ കോൺഗ്രസും യുഡിഎഫും അക്രമാസക്തമായ ശൈലിയും അരാജകത്വസമരവും എൽഡിഎഫിനും എൽഡിഎഫ് സർക്കാരിനുമെതിരെ കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. ആർഎസ്എസ്- ബിജെപിയുടെയും എസ്ഡിപിഐ -ജമാഅത്തെ ഇസ്ലാമിയുടെയുംപോലെ കൊലപാതക രാഷ്ട്രീയത്തിൽ അഭിരമിക്കുകയാണ് അവർ. എൽഡിഎഫ് ഭരണമുള്ള കേരളത്തെ അക്രമരാഷ്ട്രീയത്തിന്റെ കുരുതിക്കളമാക്കി സമാധാന കേരളത്തെ ഇല്ലായ്മചെയ്യുക എന്നതാണ് ഇക്കൂട്ടരുടെ ലക്ഷ്യം. അതിന്റെ ഭാഗമാണ് ധീരജിന്റെ കൊലപാതകം.

ധീരജിന്റെ അച്ഛന്‍ രാജേന്ദ്രനെ സിപിഐ എം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണൻ ആശ്വസിപ്പിക്കുന്നു

ധീരജിന്റെ അച്ഛന്‍ രാജേന്ദ്രനെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആശ്വസിപ്പിക്കുന്നു

കൊലപാതകം നടത്തിയശേഷം അത് മറച്ചുവയ്ക്കാൻ നുണ പ്രചരിപ്പിക്കുകയെന്നത് ആർഎസ്എസ്-, സംഘപരിവാർ ശൈലിയാണ്. മഹാത്മ ഗാന്ധിയുടെ കൊലപാതകംമുതൽ അത് തെളിഞ്ഞതാണ്. ആ ശൈലിയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ വ്യാപകമായി തുടരുന്നത്. അതുതന്നെയാണ് ഇവിടത്തെ കോൺഗ്രസ് നേതാക്കളുടെയും കൈമുതൽ. ധീരജിന്റെ കൊലപാതകത്തെ തുടർന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ നെറികെട്ട പ്രതികരണം അത് വ്യക്തമാക്കുന്നു. ഇടുക്കിയിൽ എം എം മണിയുടെ വിഭാഗവും മുൻ എംഎൽഎ രാജേന്ദ്രന്റെ വിഭാഗവും തമ്മിലുള്ള സംഘർഷത്തിന്റെ ഫലമായിട്ടാണ് ധീരജ് കൊല്ലപ്പെട്ടതെന്ന് ടിവിക്കാരോട് അടക്കം ഇദ്ദേഹം നിർലജ്ജം പറഞ്ഞു. ഇത്തരം പെരുംനുണകളും സങ്കൽപ്പകഥകളും കോൺഗ്രസ് നടത്തിയ ക്രൂരമായ കൊലപാതകത്തിനു മറയിടാൻ അവതരിപ്പിക്കുകയെന്നത് എത്രമാത്രം നീചമാണ്.

ഇതേ നേതാവ്, നാടിന്റെ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ചില പ്രതികരണങ്ങളും നടത്തി. ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമാണ് ഉണ്ടായതെന്നും "തന്റെ കുട്ടികൾ'രണ്ടുംകൽപ്പിച്ച് എത്തിയതാണെന്നുമാണ് സുധാകരൻ പറഞ്ഞത്. കുറച്ച്‌ കോളേജിലെങ്കിലും യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു ജയിച്ചത് തന്റെ നിർദേശപ്രകാരം പുറത്തുള്ള കോൺഗ്രസുകാർ എത്തി സഹായിച്ചതുകൊണ്ടാണെന്നും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെയെല്ലാം കൊലപാതകത്തെ പരസ്യമായി ന്യായീകരിക്കുക മാത്രമല്ല, കൊലപാതകത്തിന് പ്രേരണയും ആസൂത്രണവും നൽകാൻ പങ്കുവഹിച്ചിട്ടുണ്ടെന്നുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. "തന്റെ കുട്ടികൾ' എന്നതുകൊണ്ട് അർഥമാക്കുന്നത് പരിശീലനം സിദ്ധിച്ച കൊലയാളികൾ എന്നാണ്. സംസ്ഥാനത്ത് 45 എൻജിനിയറിങ്‌ കോളേജിൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ 38ലും ജയിച്ചത് എസ്എഫ്ഐ ആണ്. കെഎസ്‌യുവിന്റെയും വർഗീയ വിദ്യാർഥി സംഘടനകളുടെയും ഒറ്റപ്പെടൽ വിദ്യാർഥി മനസ്സ് എങ്ങനെ എന്നതിന്റെ വിളംബരമാണ്. കോൺഗ്രസ് അനുഭാവി കുടുംബത്തിലെ അംഗമായ ധീരജിനെ എന്തിന് കോളേജിന് പുറത്തുള്ള കോൺഗ്രസ് അക്രമിസംഘം കൊന്നു എന്നതിന് ഉത്തരം പറയാനുള്ള ബാധ്യത സുധാകരനുണ്ട്.

കലാലയങ്ങളിലെ കൊലപാതകത്തിന്റെ കണക്കെടുത്താൽ കെഎസ്‌യു പ്രവർത്തകർ മരിച്ചുവീണതിന്റെ മൂന്നിലൊന്നുപോലും എസ്എഫ്ഐക്കാർ മരിച്ചുവീണിട്ടില്ലെന്നും ഇതേ നേതാവ് പറഞ്ഞു. പഠനത്തോടൊപ്പം കലാസംഗീതപ്രവർത്തനങ്ങളിലും മിടുക്കനായിരുന്ന ചെറുപ്പക്കാരനെ അരുംകൊല ചെയ്തതിന്റെ ചോര ഉണങ്ങുംമുമ്പ് അതിനെ പരോക്ഷമായി ന്യായീകരിക്കുന്നതാണ് ഈ സമീപനം. ഈ പ്രസ്താവനയിൽ വസ്തുതയുടെ ഈട് അൽപ്പംപോലുമില്ല. 1973ൽ തലശ്ശേരി ബ്രണ്ണൻ കോളേജിൽ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന അഷ്റഫിനെ നെഞ്ചിൽ കഠാരയിറക്കി കൊന്നുകൊണ്ട് തുടങ്ങിയ കെഎസ്‌യുവിന്റെ രക്തദാഹത്തിനിരയായി 12 വിദ്യാർഥികളെയാണ് എസ്എഫ്ഐക്ക് നഷ്ടമായത്. എബിവിപി, എസ്ഡിപിഐ തുടങ്ങിയവരുടേത് ഉൾപ്പെടെയുള്ള അക്രമങ്ങളിലായി എസ്എഫ്ഐക്ക് നഷ്ടമായത് 35 ധീരവിദ്യാർഥി നേതാക്കളെയാണ്. എന്നാൽ, കേരളത്തിലെ ഒരു കലാലയത്തിലും എസ്എഫ്ഐ പ്രവർത്തകരാൽ ഒരു കെഎസ്‌യുക്കാരന്റെയും ജീവൻ നഷ്ടമായിട്ടില്ല.

എന്തിനും അക്രമാസക്തമായ മാർഗം സ്വീകരിക്കുക, അതിനുവേണ്ടി ഏത് രാഷ്ട്രീയ ക്രിമിനലുകളുമായും കൂട്ടുകൂടുക-. ഇതാണ് ഇന്ന് കെപിസിസിയുടെ പ്രവർത്തനശൈലി. ഇതിന്റെ ഭാഗമായിത്തന്നെയാണ് കേരളത്തിന്റെ അഭിമാനപദ്ധതികളെ തടസ്സപ്പെടുത്താൻ,  അതിരിടുന്ന കല്ലുകൾ പിഴുതെറിയുമെന്ന കോൺഗ്രസിന്റെ പ്രഖ്യാപനം. ഇത്തരം കാര്യങ്ങളിൽ കോടതിയുടെ ഇടപെടലുകളിൽ നിയമപരമായ നടപടികൾ സംസ്ഥാനസർക്കാർ സ്വീകരിക്കും. പക്ഷേ, നിയമവ്യവസ്ഥ നിലനിൽക്കുന്ന ഒരു നാട്ടിൽ നിയമം കൈയിലെടുത്ത് അക്രമപ്രവർത്തനം നടത്തുമെന്ന് ഒരു കക്ഷിയും അതിന്റെ നേതാവും പറയുന്നത് അരാജകത്വമാണ്. ഈ ശൈലിയുടെ തന്നെ മറ്റൊരു മുഖമാണ് രാഷ്ട്രീയമായി യോജിക്കാത്തവരുടെ ജീവനെടുക്കുന്ന കൊലയാളി രാഷ്ട്രീയം. ഇതിന്റെ ക്രൂരമുഖമാണ് ധീരജിന്റെ നിഷ്‌ഠുര കൊലപാതകത്തിൽ തെളിയുന്നത്. ഈ ഘട്ടത്തിലും ചോരയ്ക്ക്‌ ചോരയെന്നത് ഇടതുപക്ഷ-പുരോഗമന ശക്തികളുടെ ശൈലിയും നയവുമല്ല എന്ന് വ്യക്തമാക്കുന്നു.

സംസ്ഥാന കോൺഗ്രസിന്റെ തലതിരിഞ്ഞ നടപടികൾക്കും നയത്തിനും ഒത്താശ ചെയ്യുകയാണ് രാഹുൽ ഗാന്ധിയും സംഘവും. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങളെ തള്ളിപ്പറഞ്ഞ് പരസ്യപ്രതികരണം നടത്താൻ വയനാട് എംപികൂടിയായ രാഹുൽ ഗാന്ധി തയ്യാറാകാത്തത്. കോൺഗ്രസ് നേതൃത്വത്തിന്റെ ആശീർവാദത്തോടെ നടക്കുന്ന അക്രമരാഷ്ട്രീയത്തെ തള്ളിപ്പറയാൻ ആ പാർടിയിലെ സമാധാനകാംക്ഷികളും ജനാധിപത്യവിശ്വാസികളും വ്യത്യസ്തരൂപത്തിൽ മുന്നോട്ടുവരികതന്നെ ചെയ്യും. ഈ വിഷയത്തിൽ യുഡിഎഫിലെ ഘടകകക്ഷികളുടെ നിലപാടും പ്രബുദ്ധകേരളം ആരായുന്നതാണ്.

3) ധീരജ് രക്തസാക്ഷിത്വത്തിന്റെ മറവിൽ വിദ്യാർഥി രാഷ്ട്രീയത്തിനെതിരെ മാധ്യമ മുഖപ്രസംഗങ്ങളുടെ രൂപത്തിലും മറ്റു വിധത്തിലും ചില അഭിപ്രായം വരുന്നുണ്ട്.

ഇന്ത്യ ഒരു ജനാധിപത്യ രാഷ്ടമാണ്. ഏത് പൗരനും സ്വന്തം അഭിപ്രായത്തിന് അനുസരിച്ച് സമാന ചിന്താഗതിക്കാരോടു ചേർന്ന് സംഘടനയുണ്ടാക്കാനും നിലവിലുളള സംഘടനയിൽ പ്രവർത്തിക്കാനും അവകാശമുണ്ട്. രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി വിദ്യാർഥികളെ അണിനിരത്തുന്നത് തെറ്റായ ഒന്നല്ല. ഇന്നത്തെ സാഹചര്യത്തിൽ അങ്ങനെ ചെയ്യാതെ വന്നാൽ ആ ശൂന്യത നികത്തുന്നത് മത-വർഗീയ സംഘടനകളായിരിക്കുമെന്ന വിപത്തുണ്ട്.

സാമൂഹ്യ-, രാഷ്ട്രീയ,- സാംസ്കാരിക കാര്യങ്ങളിൽ വിരുദ്ധാഭിപ്രായക്കാരായ വിദ്യാർഥി സംഘടനകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അന്യോന്യം മത്സരിക്കുമ്പോൾപോലും സമാധാനം പൊതുവിൽ നിലനിൽക്കുന്നുണ്ട്. അതിനെ ശക്തിപ്പെടുത്താനും സംരക്ഷിക്കാനുമാണ് എല്ലാ രാഷ്ട്രീയപാർടിയും സർക്കാരും മറ്റു ഭരണ-സാമൂഹ്യ സംവിധാനങ്ങളും ഇടപെടേണ്ടത്. ഇടുക്കി ഗവ. കോളേജിൽ ഒരു തരത്തിലുമുള്ള അക്രമസംഭവങ്ങളും ഉണ്ടാകാതിരിക്കെയാണ് പുറത്തുനിന്നുള്ള യൂത്ത് കോൺഗ്രസ് ഗുണ്ടകൾ അകത്തെ കെഎസ്‌ക്കാരുമായി ചേർന്ന് അക്രമം നടത്തിയത്. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളെ തടയുകയാണ് വേണ്ടത്. അതിനുപകരം 18 വയസ്സിൽ വോട്ടവകാശമുള്ള നാട്ടിൽ വിദ്യാർഥി രാഷ്ട്രീയത്തെ നിരോധിക്കുകയല്ല പോംവഴി. ധീര രക്തസാക്ഷി ധീരജിന്റെ സ്മരണ പുരോഗമന കേരളത്തിന് മുന്നോട്ടുകുതിക്കാനുള്ള ഊർജമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top