29 March Wednesday

എന്നും മാനവികതയ്‌ക്കൊപ്പം - എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 29, 2022

ദേശാഭിമാനിയുടെ എൺപതാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മലപ്പുറം മഹോത്സവം എന്തുകൊണ്ടും ചരിത്രത്തിൽ ഇടംനേടുന്നതായി. മലപ്പുറം ജില്ലയെക്കുറിച്ച്‌ വർഗീയവാദികൾ എല്ലാക്കാലവും ഉയർത്തുന്ന കുപ്രചാരണങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു രണ്ടു ദിവസത്തെ പരിപാടി. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ മലബാർ സമരംപോലും ചരിത്രത്തിൽനിന്നുതന്നെ മായ്‌ച്ചു കളയാനുള്ള ആസൂത്രിത ശ്രമങ്ങൾക്കിടെയാണ്‌ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ദേശാഭിമാനി സംഘടിപ്പിച്ച മഹോത്സവം. നാടിന്റെ ചരിത്രവും സംസ്‌കാരവും മുന്നേറ്റവും കുതിപ്പുമെല്ലാം അടയാളപ്പെടുത്തുന്ന വേദികൂടിയായി പരിപാടി മാറി. മലപ്പുറം ജില്ലയെ വർഗീയ ചേരിതിരിവിനുള്ള ഉപകരണമായി സംഘപരിവാർ മാറ്റാൻ ശ്രമിച്ചപ്പോൾ അതേമാതൃക തന്നെയാണ്‌ തീവ്ര ഇസ്ലാമിക സംഘടനകളും പിന്തുടരുന്നത്‌. രണ്ടുകൂട്ടരുടെയും ലക്ഷ്യം വർഗീയതയാണ്‌.

1969ൽ ഇ എം എസ്‌ സർക്കാരിന്റെ കാലത്താണ്‌ മലപ്പുറം ജില്ല രൂപീകൃതമായത്‌. അതിനോടനുബന്ധിച്ച്‌ വലിയ വിവാദങ്ങളും ഉടലെടുത്തു. മുസ്ലിങ്ങൾക്കു മാത്രമായി ജില്ല രൂപീകരിക്കുന്നു എന്നായിരുന്നു ആരോപണം. അന്ന്‌ സംഘപരിവാർ സംഘടിപ്പിച്ച പ്രതിഷേധ കൺവൻഷനിൽ എ ബി വാജ്‌പേയിയാണ്‌ സംബന്ധിച്ചത്‌. കോൺഗ്രസും ജില്ലാ രൂപീകരണത്തെ എതിർക്കുകയാണുണ്ടായത്‌. പ്രമുഖ മാധ്യമങ്ങളും എതിർത്തവരുടെ പട്ടികയിലുണ്ടായിരുന്നു. മറ്റൊരു ജില്ലയുടെ കാര്യത്തിലും ഈ വാദം ഉയർന്നില്ല.

മലപ്പുറത്ത്‌ ഹിന്ദുക്കൾക്ക്‌ ഭൂമിയില്ലെന്ന്‌ ദേശീയതലത്തിൽ സംഘപരിവാർ പ്രചാരണം നടത്തുമായിരുന്നു. എന്നാൽ, അഞ്ചുവർഷം മുമ്പാണ്‌; ഇതിനെ പൊളിച്ചടുക്കി മുൻ വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവിന്റെ പ്രതികരണം വന്നത്‌. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം. ‘ഞാൻ മലപ്പുറംകാരിയാണ്. ഇത് തീർത്തും നുണയാണ്. എന്റെ കുടുംബത്തിന്‌ നൂറിലേറെ വർഷമായി അവിടെ ഭൂമിയുണ്ട്'–- ട്വിറ്ററിലൂടെയായിരുന്നു നിരുപമ റാവുവിന്റെ രൂക്ഷമായ പ്രതികരണം വന്നത്‌. കേരളത്തിലുള്ളവർക്കും മലപ്പുറത്തുകാർക്കും സംഘപരിവാർ നുണപ്രചാരണത്തിന്റെ വസ്‌തുതയറിയാം. എന്നാൽ, ഉത്തരേന്ത്യയിൽ സംഘപരിവാർ പ്രചരിപ്പിക്കുന്നത്‌ മതാന്ധതയുടെ മണ്ണാണ്‌ മലപ്പുറം എന്നാണ്‌. മലപ്പുറത്ത്‌ പ്രസവം കൂടുതലാണെന്നായിരുന്നു ഒരു പ്രചാരണം. എന്നാൽ, സെൻസസ്‌ കണക്കുകളുടെ പരിശോധനയിൽ ഗുജറാത്താണ്‌ ഇക്കാര്യത്തിൽ മുന്നിലെന്നും മലപ്പുറം ജനസംഖ്യാ നിയന്ത്രണത്തിൽ മാതൃകയാണെന്നും വ്യക്തമായി. ഗർഭിണിയായ ആന കൊല്ലപ്പെട്ടതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ അത്‌ മലപ്പുറത്താണെന്നു പറഞ്ഞ്‌ കേന്ദ്രമന്ത്രിമാരുൾപ്പെടെ രംഗത്തുവന്നു. അതും തെറ്റായിരുന്നു; കേരളത്തിൽപ്പോലുമല്ലെന്ന്‌ തെളിയിക്കപ്പെട്ടു. ഇങ്ങനെ മലപ്പുറത്തെ, സംഘപരിവാർ നിരന്തരം ആക്രമിക്കുകയും തെറ്റായ പ്രചാരണം നടത്തുകയുമാണ്‌. മലബാർ കലാപത്തിലെ നായകർക്ക്‌ മലപ്പുറത്തുള്ള സ്‌മാരകത്തിന്റെ പേരിൽ വിവാദമുണ്ടാക്കാനുള്ള സംഘപരിവാർ ശ്രമം അടുത്തിടെയായിരുന്നു.

1921ലേത്‌ കാർഷിക കലാപമെന്ന്‌ വിശേഷിപ്പിച്ചത്‌ കമ്യൂണിസ്റ്റ്‌ പാർടിയാണ്‌. മലബാർ കലാപത്തിന്റെ 25–-ാം വാർഷികം പ്രമാണിച്ച്‌, 1946 ആഗസ്‌ത്‌ 20ന്‌ ദേശാഭിമാനിയിൽ ഇ എം എസ്‌ എഴുതിയ ‘1921ന്റെ ആഹ്വാനവും താക്കീതും’ എന്ന ലേഖനത്തിലൂടെയാണ്‌ കൊളോണിയൽ പ്രചാരണത്തിന്റെ മുനയൊടിച്ചത്‌.

ഹിന്ദുക്കൾക്കെതിരായ മുസ്ലിങ്ങളുടെ ആക്രമണമായിരുന്നു മലബാർ കലാപമെന്നാണ്‌ പ്രചാരണം. സമരത്തിന്‌ നേതൃത്വം കൊടുത്ത വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയെയും അലി മുസ്ല്യാരെയും വർഗീയവാദികളായാണ്‌ അവർ ചിത്രീകരിക്കുന്നത്‌. ഇതിന്റെ ചുവടുപിടിച്ച്‌ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽനിന്ന്‌ മലബാർസമര പോരാളികളെ ഒഴിവാക്കാൻ ഇന്ത്യൻ ചരിത്ര കൗൺസിൽ (ഐസിഎച്ച്‌ആർ) തീരുമാനിച്ചു. ബ്രിട്ടീഷുകാരാണ്‌ മലബാർ കലാപത്തെ മാപ്പിള ലഹളയെന്ന്‌ ആദ്യം വിളിച്ചത്‌. അത്‌ ഏറ്റുപിടിക്കുകയായിരുന്നു സംഘപരിവാർ. 1921ലേത്‌ കാർഷിക കലാപമെന്ന്‌ വിശേഷിപ്പിച്ചത്‌ കമ്യൂണിസ്റ്റ്‌ പാർടിയാണ്‌. മലബാർ കലാപത്തിന്റെ 25–-ാം വാർഷികം പ്രമാണിച്ച്‌, 1946 ആഗസ്‌ത്‌ 20ന്‌ ദേശാഭിമാനിയിൽ ഇ എം എസ്‌ എഴുതിയ ‘1921ന്റെ ആഹ്വാനവും താക്കീതും’ എന്ന ലേഖനത്തിലൂടെയാണ്‌ കൊളോണിയൽ പ്രചാരണത്തിന്റെ മുനയൊടിച്ചത്‌. ഈ ലേഖനത്തിന്റെ പേരിൽ ബ്രിട്ടീഷ്‌ സർക്കാർ ദേശാഭിമാനി നിരോധിച്ചതും ചരിത്രം. കലാപത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചപ്പോൾ, അത്‌ മുസ്ലിങ്ങളുടെ പോരാട്ടമായാണ്‌  ഇസ്ലാമിസ്റ്റുകൾ ചിത്രീകരിച്ചത്‌. എന്നാൽ, ബിജെപിയാകട്ടെ മുസ്ലിങ്ങൾ ഹിന്ദുക്കൾക്കെതിരെ നടത്തിയ കലാപമായി അവതരിപ്പിച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത്‌ കാർഷിക കലാപത്തെ വിളിച്ചത്‌ മാപ്പിളമാരുടെ ഹാലിളക്കം എന്നായിരുന്നു. അതേ കാഴ്‌ചപ്പാടാണ്‌ ഇസ്ലാമിസ്റ്റുകളും സംഘപരിവാറും പ്രചരിപ്പിക്കുന്നത്‌. 

രാജ്യത്താകമാനമുള്ള വർഗീയ ധ്രുവീകരണത്തിന്‌ മലപ്പുറം ജില്ലയെ സംഘപരിവാർ ഉപയോഗിക്കുന്നു. ആർഎസ്‌എസിന്‌ ദേശീയതലത്തിൽ മലപ്പുറത്തിനുവേണ്ടി പ്രത്യേകം വിഭാഗമുണ്ട്‌. അജൻഡ തയ്യാറാക്കുന്നത്‌ ഇവിടെയാണ്‌.

കൊളോണിയൽ പാഠങ്ങളല്ല മലപ്പുറത്തിന്റെ യഥാർഥ ചരിത്രമെന്ന്‌ വിളിച്ചുപറയുകയെന്നത്‌ സംഘപരിവാർ വിരുദ്ധസമരത്തിന്റെ ഭാഗമാണ്‌. അതിനുള്ള ഇടപെടലാണ്‌, എൺപതാം വാർഷികഭാഗമായി ദേശാഭിമാനി സംഘടിപ്പിച്ച മലപ്പുറം മഹോത്സവം. പുറമെ കാണുന്നതും അറിയുന്നതുമല്ല മലപ്പുറം. പരിചിതമായതിനും പ്രചരിപ്പിക്കുന്നതിനുമപ്പുറം ഏറെ വൈവിധ്യമുള്ള മണ്ണ്‌. എന്നാൽ, ജില്ലയുടെ പാരമ്പര്യവും ചരിത്രവും പലരൂപത്തിൽ വളച്ചൊടിക്കുകയാണ്‌. രാജ്യത്താകമാനമുള്ള വർഗീയ ധ്രുവീകരണത്തിന്‌ മലപ്പുറം ജില്ലയെ സംഘപരിവാർ ഉപയോഗിക്കുന്നു. ആർഎസ്‌എസിന്‌ ദേശീയതലത്തിൽ മലപ്പുറത്തിനുവേണ്ടി പ്രത്യേകം വിഭാഗമുണ്ട്‌. അജൻഡ തയ്യാറാക്കുന്നത്‌ ഇവിടെയാണ്‌. മലപ്പുറത്തെക്കുറിച്ച്‌ തെറ്റിദ്ധരിപ്പിക്കുന്നതും അപമാനിക്കുന്നതുമായ പ്രചാരണം ഇവിടെ കേന്ദ്രീകരിച്ചാണ്‌ തുടങ്ങുന്നത്‌. അവർ വർഗീയ ധ്രുവീകരണത്തിന്‌ ഉപയോഗിക്കുന്ന മലപ്പുറത്തുനിന്നുതന്നെ അതിനെതിരായ പ്രതിരോധവും തുടങ്ങണം. അതിനുള്ള മാധ്യമ ഉത്തരവാദിത്വമാണ്‌ ദേശാഭിമാനി നിർവഹിക്കുന്നത്‌.

എല്ലാതരത്തിലും ഒട്ടേറെ സവിശേഷതകളുണ്ട്‌ മലപ്പുറത്തിന്‌. നിരവധി പഠനഗവേഷണങ്ങൾക്ക്‌ മലപ്പുറത്തിന്റെ ചരിത്രം വിധേയമായിട്ടുണ്ട്‌. അതിലെല്ലാം പറയുന്നത്‌ മലപ്പുറത്തിന്റെ മാനവികതയെയും മഹിത പാരമ്പര്യത്തെയും പൈതൃകത്തെയും കുറിച്ചാണ്‌. പ്രാചീന ശിലായുഗത്തോളം പഴക്കമുള്ള മനുഷ്യവാസം മലപ്പുറത്തിനും ചുറ്റുവട്ടങ്ങൾക്കുമുണ്ട്‌. ആരാമ്പ്രം മലനിരകളിൽ ശിലായുഗ മനുഷ്യരുടെയും ഗോത്രവിഭാഗങ്ങളുടെയും അധിവാസങ്ങൾ ഉണ്ടായിരുന്നു.
ബിസി 500ൽ തുടങ്ങിയ ബാബിലോണിയൻ ജൂതഗോത്രങ്ങളുടെ യാത്രാപഥങ്ങൾ ഉൾക്കൊള്ളുന്ന സിൽക്‌ റൂട്ടിന്റെ വാലറ്റമായ ദക്ഷിണ മഹാപഥവും ശ്രാവണബലഗോളയും കുടകും സുൽത്താൻബത്തേരിയും നിലമ്പൂരും കടന്ന്‌, മലപ്പുറത്തേക്കും തമിഴകത്തേക്കും നീളുന്നു. ഈ പ്രാചീനതകൾ ഒരുക്കിയ മണ്ണിൽ അറബി കച്ചവടഗോത്രങ്ങളും എട്ടാം നൂറ്റാണ്ടോടെ, മുസ്ലിം വണിക്കുകളും വന്നെത്തി. പൊൻപണം വന്നെത്തിയ പൊന്നാനി മലബാറിന്റെ മക്കയായി. ഇത്തരത്തിൽ പൗരാണിക, മധ്യകാല, ആധുനിക യുഗത്തിന്റെ നിരവധി പാരമ്പര്യങ്ങൾ മലപ്പുറത്തുണ്ട്‌. 

എഴുത്തച്ഛൻ, പൂന്താനം,  ഇടശ്ശേരി, വള്ളത്തോൾ, അക്കിത്തം, മോയിൻകുട്ടി വൈദ്യർ തുടങ്ങിയവരുൾപ്പെട്ട മഹത്തായ സാഹിത്യപാരമ്പര്യം മലപ്പുറത്തിനു സ്വന്തമാണ്‌. കാൽപ്പന്തുകളി, വൈദ്യം, പ്രവാസം, സാമൂഹ്യപരിഷ്‌കരണം,  കലാപാരമ്പര്യം, മത്സ്യബന്ധനം, മാപ്പിളപ്പാട്ട്, കഥകളി,  ഭാഷാശാസ്ത്രം, വനസമ്പത്ത്‌ തുടങ്ങി സമസ്‌ത മേഖലകളിലും മലപ്പുറത്തിന്റെ അടയാളപ്പെടുത്തലുണ്ട്‌.

നേർച്ചകളും ഉറൂസുകളും ക്ഷേത്രോത്സവങ്ങളും മാനവികതയുടെ അടയാളമായി കാണാനാകും. ഇതെല്ലാം തമസ്‌കരിച്ചാണ്‌ മലപ്പുറത്തിനെതിരായ പ്രചാരണം

അതിശക്തമായ വർഗീയധ്രുവീകരണമാണ്‌ രാജ്യത്ത്‌ സംഘപരിവാർ ലക്ഷ്യമിടുന്നത്‌. അതിലൂടെയാണ്‌ അവർ വളർന്നുവന്നതെന്നും കാണാം. അതിനാലാണ്‌ മലപ്പുറത്തിന്റെ പേരിലുള്ള തെറ്റായ പ്രചാരണം. അതിനെ തുറന്നുകാണിക്കുക എന്നതാണ്‌ ദേശാഭിമാനി നിർവഹിക്കുന്നത്‌. രണ്ടുദിവസമായി അവതരിപ്പിക്കപ്പെട്ട 246 പ്രബന്ധം മലപ്പുറത്തിന്റെ പാരമ്പര്യവും പൈതൃകവും മാനവികതയും അടയാളപ്പെടുത്തുന്നതാണ്‌. അല്ലാതെ സംഘപരിവാർ പ്രചാരണംപോലെ ഏതെങ്കിലും മതത്തിന്റെ അധീശത്വമോ ഏതെങ്കിലും വിഭാഗം അവഗണിക്കപ്പെടുന്നതോ അല്ല. നേർച്ചകളും ഉറൂസുകളും ക്ഷേത്രോത്സവങ്ങളും മാനവികതയുടെ അടയാളമായി കാണാനാകും. ഇതെല്ലാം തമസ്‌കരിച്ചാണ്‌ മലപ്പുറത്തിനെതിരായ പ്രചാരണം. യഥാർഥ മലപ്പുറം എന്തെന്ന്‌ വിവിധ സെമിനാറുകൾ തെളിയിച്ചു. വിവിധ മേഖലകളെക്കുറിച്ച്‌ പഠനം നടത്തിയവരും ഗവേഷകരുമാണ്‌ പ്രബന്ധങ്ങൾ അവതരിപ്പിച്ചത്‌.

ബഹുസ്വരതയും ജനാധിപത്യവും ഇല്ലാത്ത ഇന്ത്യയെക്കുറിച്ച്‌ സങ്കൽപ്പിക്കാനാകില്ലെന്ന്‌ ഈ വിഷയത്തിലെ സിമ്പോസിയം ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ പ്രധാന കാതലാണിവ രണ്ടും. അവയെ സംരക്ഷിക്കേണ്ടത്‌ ജനാധിപത്യ–- മതനിരപേക്ഷവാദികളുടെ ഉത്തരവാദിത്വമാണ്‌. ബഹുസ്വരതയും ജനാധിപത്യവും അപകടത്തിലാക്കിയവർ ഫെഡറൽ സംവിധാനത്തെയും തകർക്കുകയാണ്‌. ഇതിനെല്ലാമെതിരെ ജനാധിപത്യ ശക്തികൾ ഉണർന്നിരിക്കേണ്ടതിന്റെ ആവശ്യകതയും സെമിനാർ ചൂണ്ടിക്കാട്ടി. ഇടതുപക്ഷ നേതാക്കൾ മാത്രമല്ല, യൂത്ത്‌ ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ മുനവറലി ശിഹാബ്‌ തങ്ങൾ, കേരള മുസ്ലിം ജമാഅത്ത്‌ സെക്രട്ടറി എൻ അലി അബ്ദുള്ള, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്‌, എംഎൽഎമാരായ പി ഉബൈദുള്ള, എ പി അനിൽകുമാർ എന്നിവരൊക്കെ മഹോത്സവത്തിന്റെ  സെഷനുകളിൽ സംസാരിച്ചുവെന്നത്‌ ശ്രദ്ധേയമായി.

കാര്യങ്ങളെ തലകീഴാക്കി വിശകലനം ചെയ്യുന്നതിന്റെ ഇരകളാണ്‌ മലപ്പുറത്തെ ജനവിഭാഗം. മലബാർ സമരത്തെ ശരിയായ ദിശയിൽ കാണാൻ ആത്മവിശ്വാസം നൽകിയത്‌ ദേശാഭിമാനിയാണ്‌. അതിന്റെ പേരിലുണ്ടായ നിരോധനം, മലപ്പുറത്തിന്റെ ചരിത്രനിർമിതിയിൽ ദേശാഭിമാനി വഹിച്ച പങ്ക്‌ വ്യക്തമാക്കുന്നുണ്ട്‌. തെറ്റായ വീക്ഷണം രൂപപ്പെടുത്താൻ മാധ്യമങ്ങളെ വലിയതോതിൽ വർഗീയശക്തികൾ ഉപയോഗിക്കുന്നുണ്ട്‌. സമൂഹ താൽപ്പര്യങ്ങളുടെ എതിർദിശയിലേക്ക്‌ ആളുകളെ കൊണ്ടുപോകാനാണ്‌ നീക്കം. ഈ അപകടകരമായ അവസ്ഥയെ അതിജീവിക്കാൻ വെളിച്ചംനൽകിയ പത്രമായാണ്‌ 80 വർഷമായി ദേശാഭിമാനി തലയുയർത്തി നിൽക്കുന്നത്‌. അതിനാലാണ്‌ ദേശാഭിമാനി സംഘടിപ്പിച്ച മലപ്പുറം മഹോത്സവം പ്രസക്തമാകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top