29 March Friday

ദേശാഭിമാനിയുടെ ഗാന്ധിസ്‌മൃതിയും 
കോൺഗ്രസിന്റെ കണ്ണുകടിയും - പുത്തലത്ത് ദിനേശൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

ഹിന്ദുമത വിശ്വാസികൂടിയായ ഗാന്ധിജിയെ ഹിന്ദുത്വശക്തികൾ വെടിവച്ചുകൊന്നതാണെന്ന കാര്യം പലവിധത്തിൽ മറച്ചുവയ്‌ക്കുന്നതിന് പല മാധ്യമങ്ങളും നടത്തിയ പരിശ്രമങ്ങൾ ഏറെ പരിഹാസ്യമായിരുന്നു. ചരിത്ര യാഥാർഥ്യങ്ങളെ തിരുത്തിയെഴുതി തങ്ങളുടെ അജൻഡ സ്ഥാപിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ യുക്തിതന്നെയാണ് ഇത്തരക്കാരിൽ പലരെയും സ്വാധീനിച്ചതെന്ന് വളരെ വ്യക്തം. ഇങ്ങനെ ചരിത്രത്തെയും  സംസ്‌കാരത്തെയും വളച്ചൊടിച്ച് അവതരിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് ദേശാഭിമാനിയുടെ ‘കൊന്നതാണ് ’എന്ന തലക്കെട്ട് വമ്പിച്ച രാഷ്ട്രീയമാനം കൈവരിച്ചതും മുക്തകണ്‌ഠമായ പ്രശംസയ്‌ക്ക്‌ വിധേയമായതും.

ദേശാഭിമാനിയുടെ ഈ പരിശ്രമവും ഇടപെടലും വീക്ഷണം പത്രം തൊഴിൽ മിടുക്ക്‌ എന്നരീതിയിൽ അഭിനന്ദനം അർഹിക്കുന്നുവെന്ന് എടുത്തുപറയുന്നുണ്ട്. എന്നാൽ, ഇതൊരു കച്ചവടതന്ത്രമാണെന്നും ഗാന്ധി നിന്ദയുടെ വക്താക്കളാണ് കമ്യൂണിസ്റ്റുകാരെന്നു പറയാനും ശ്രമിക്കുന്നുണ്ട്. ദേശാഭിമാനി മറ്റു പല മാധ്യമങ്ങളും നടത്തുന്നതുപോലെ കച്ചവട താൽപ്പര്യത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒന്നല്ല. സമകാലീന ലോകത്തിന്റെ ചലനങ്ങളെ ജനങ്ങളിലെത്തിക്കാനും അവർക്ക് ദിശാബോധം നൽകുന്നതിനും പരിശ്രമിക്കുന്ന പത്രമാണ്.

ഗാന്ധിജിയെ വിലയിരുത്തുന്നതും അതിന്റെ പശ്ചാത്തലത്തിലാണ്. ഗോഡ്സെയെ മുന്നോട്ടുകൊണ്ടുവരാനും ഗാന്ധിജിയെ ഇകഴ്ത്താനും ഹിന്ദുത്വശക്തികൾ പരിശ്രമിക്കുന്ന ഘട്ടമാണ്‌ ഇത്. ഇ എം എസ് ‘ഗാന്ധിയും ഗാന്ധിസവും’ എന്ന പുസ്തകത്തിൽ ചൂണ്ടിക്കാണിച്ചതുപോലെ വർഗീയ വാദികൾക്കെതിരായ സമരത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വം ആവേശം നൽകുന്നതാണ്. ഇത് ഭയപ്പെട്ടുകൊണ്ടാണ് ഹിന്ദുത്വവാദികൾ കൊലപ്പെടുത്തിയതാണ് ഗാന്ധിജിയെ എന്ന യാഥാർഥ്യത്തെ മറച്ചുപിടിക്കാൻ സംഘപരിവാറുംഅവർക്ക് കുഴലൂതുന്നവരും പരിശ്രമിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്‌ എതിരായുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ട നാളുകളിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വം ഓർമപ്പെടുത്തേണ്ടത് രാജ്യത്തെ സ്നേഹിക്കുന്നവരുടെ ഉത്തരവാദിത്വമാണെന്ന തിരിച്ചറിവാണ് ദേശാഭിമാനിയെ നയിച്ചത്.

ഗാന്ധിജി ദേശീയ പ്രസ്ഥാനത്തിൽ വരുത്തിയ ഗുണപരമായ മാറ്റത്തെ കമ്യൂണിസ്റ്റുകാർ എന്നും അംഗീകരിച്ചിട്ടുള്ളതാണ്. ‘ഗാന്ധിയും ഗാന്ധിസവും’ എന്ന പുസ്തകത്തിൽ ഇ എം എസ് ഇങ്ങനെ കുറിക്കുന്നുണ്ട്. ‘ഗാന്ധിയും അക്കാലത്തെ മറ്റെല്ലാ രാഷ്ട്രീയ പ്രവർത്തകരും തമ്മിലുള്ള പ്രധാന വ്യത്യാസം മറ്റുള്ളവരിൽനിന്നും വ്യത്യസ്‌തമായി അദ്ദേഹം ബഹുജനങ്ങളും  അവരുടെ ജീവിതവും പ്രശ്നങ്ങളും വിചാര വികാരങ്ങളും അഭിലാഷങ്ങളുമായി ബന്ധം പുലർത്തിയിരുന്നുവെന്നതാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം എന്നുവച്ചാൽ പണ്ഡിതരായ രാഷ്ട്രീയ പ്രവർത്തകർ തമ്മിൽ നടത്തുന്ന ഉന്നതതല വാദപ്രതിവാദങ്ങൾ ആയിരുന്നില്ല. അത് ജനങ്ങളുടെ താൽപ്പര്യങ്ങൾക്കുവേണ്ടി ഉറച്ചുനിൽക്കുകയും ജനങ്ങളുടെ എല്ലാ കാര്യങ്ങൾക്കുമായി സാമ്യംപ്രാപിക്കുകയും ചെയ്യുകയെന്ന നിസ്വാർഥ സേവനങ്ങളായിരുന്നു’. അതുകൊണ്ട് ഗാന്ധി നിന്ദ എന്നതായിരുന്നു കമ്യൂണിസ്റ്റ് അജൻഡ എന്ന വീക്ഷണത്തിന്റെ വാദം നിരർഥകമാണ്.

ലെനിൻ ഗാന്ധിജിയെ ജനനേതാവായാണ് കണ്ടത്. ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർടിയുടെ സെക്രട്ടറിയായിരുന്ന അന്റോണിയോ ഗ്രാംഷി സമൂഹത്തിൽ പരിവർത്തനത്തിന് വഴിയൊരുക്കുന്നവിധം സൂക്ഷ്മതല മാറ്റങ്ങൾക്ക് ഗാന്ധിജി രൂപംനൽകിയെന്ന കാര്യമാണ് ജയിൽ കുറിപ്പുകളിൽ മുന്നോട്ടുവച്ചത്.

ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളും ആദരവോടെ തന്നെയാണ് ഗാന്ധിജിയെ കണ്ടിട്ടുള്ളത്. ലെനിൻ ഗാന്ധിജിയെ ജനനേതാവായാണ് കണ്ടത്. ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർടിയുടെ സെക്രട്ടറിയായിരുന്ന അന്റോണിയോ ഗ്രാംഷി സമൂഹത്തിൽ പരിവർത്തനത്തിന് വഴിയൊരുക്കുന്നവിധം സൂക്ഷ്മതല മാറ്റങ്ങൾക്ക് ഗാന്ധിജി രൂപംനൽകിയെന്ന കാര്യമാണ് ജയിൽ കുറിപ്പുകളിൽ മുന്നോട്ടുവച്ചത്. അയിത്തത്തിന്‌ എതിരായ ഗാന്ധിജിയുടെ നിലപാടുകൾ ഇന്ത്യൻ സമൂഹത്തിൽ സൃഷ്ടിച്ച മാറ്റങ്ങളെ വിലയിരുത്തിക്കൊണ്ട് മാർക്സിസ്റ്റ് ചരിത്രകാരനായ ഇർഫാൻ ഹബീബും ഏറെ വിശദീകരിച്ചിട്ടുണ്ട്. വിയറ്റ്നാമിലെ തന്റെ സ്ഥാനമാണ് ഇന്ത്യയിൽ ഗാന്ധിജിക്ക്‌ ഉള്ളതെന്ന് ഹോചിമിൻ ഗാന്ധിജിയെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.

45–--ാമത്തെ വയസ്സിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഗോപാലകൃഷ്ണ ഗോഖലെയുടെ ശിഷ്യനായാണ് ഗാന്ധിജി രംഗപ്രവേശം ചെയ്യുന്നത്. രാജ്യം മുഴുവൻ ചുറ്റിസഞ്ചരിച്ച അദ്ദേഹം വേഷത്തിൽ ഉൾപ്പെടെ ഇന്ത്യൻ കർഷക ജനസാമാന്യവുമായി താദാത്മ്യം പ്രാപിക്കുന്നരീതിയിൽ മാറ്റംവരുത്തി. പാശ്ചാത്യ ലിബറൽ ആശയത്തിൽനിന്നും ഇന്ത്യൻ മണ്ണിലേക്കുള്ള വേരിറക്കംകൂടിയായിരുന്നു അത്.

ഗാന്ധിജിയുടെ പാരമ്പര്യത്തെക്കുറിച്ച് വീക്ഷണം അവകാശപ്പെടുന്നുണ്ട്. എന്നാൽ, കോൺഗ്രസ്‌ പിരിച്ചുവിട്ട് രാഷ്ട്രീയാതീതമായി പ്രവർത്തിക്കുന്ന ഒരു ലോക സേവക്‌സംഘമായി പ്രവർത്തിക്കണമെന്ന ഗാന്ധിജിയുടെ നിർദേശത്തെക്കുറിച്ച് പറയാതിരുന്നത് ചരിത്രനിഷേധമായി. മുതലാളിത്ത വ്യവസ്ഥയെ മാറ്റി സോഷ്യലിസവും കമ്യൂണിസവും സ്ഥാപിക്കുകയെന്ന കാഴ്ചപ്പാടാണ് കമ്യൂണിസ്റ്റുകാർക്ക്‌ ഉള്ളതെന്ന കാര്യം മറച്ചുവച്ചിട്ടില്ല. ആധുനിക മുതലാളിത്തത്തിന്റെ വികാസരീതികളെ ഗാന്ധിജിയാകട്ടെ അംഗീകരിച്ചിരുന്നില്ല. സാമ്രാജ്യത്വത്തെ ഹിംസാത്മകതയും  യുദ്ധങ്ങളും കൂട്ടക്കൊലയും വളർത്തുന്ന ഒന്നായാണ് അദ്ദേഹം കണ്ടത്. ജീവിതത്തെ അതിനെതിരായുള്ള ഒരു പ്രതിരോധമായി വികസിപ്പിക്കാനുള്ള ശ്രമമായിരുന്നു ഗാന്ധിജിയുടെ ജീവിതം. ഇന്ത്യൻ പാരമ്പര്യങ്ങളിൽനിന്നാണ് അതിന് ഊർജം സംഭരിക്കാൻ ശ്രമിച്ചത്.

ഇന്ത്യൻ ഗ്രാമീണ വ്യവസ്ഥകളെയും ബിംബങ്ങളെയും ഉപയോഗപ്പെടുത്തി മുതലാളിത്തത്തിന്റെ ചൂഷണസംവിധാനത്തെ അതിന്റെ ഭാഗമായി നിന്നുകൊണ്ട് പ്രതിരോധിക്കാനാണ് ഗാന്ധിജി ശ്രമിച്ചത്.

മാർക്സിസം ചരിത്രപരമായാണ് മുതലാളിത്തത്തെ കാണുന്നത്. അതിന്റെ നേട്ടങ്ങളെയും ദൗർബല്യങ്ങളെയും അതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നു. മുതലാളിത്തത്തിന്റെ ലാഭത്തിൽ അധിഷ്ഠിതമായ താൽപ്പര്യത്തിനനുസരിച്ചുള്ള സാങ്കേതികവിദ്യകൾക്കു പകരം നാടിനുതകുന്ന സാങ്കേതികവിദ്യയുടെ വികാസമാണ് മാർക്സ് ലക്ഷ്യംവച്ചത്. ഇത്തരം വികാസത്തിന് ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുക പ്രധാനമാണെന്നും മാർക്സ് നിരീക്ഷിച്ചു. അതിലൂടെ ഉൽപ്പാദനവർധന നടത്തി അവ നീതിയുക്തമായി വിതരണംചെയ്ത് മുന്നോട്ടുപോകുന്ന സമീപനവും മുന്നോട്ടുവച്ചു. മുതലാളിത്തം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ചുള്ള വിമർശങ്ങൾ രണ്ടു കൂട്ടർക്കും ഉണ്ടായിരുന്നു. എന്നാൽ, അതിന് ബദൽ എന്ന കാര്യത്തിൽ വ്യത്യസ്തതകളും ഉണ്ടായിരുന്നു.

ഇന്ത്യൻ ഗ്രാമീണ വ്യവസ്ഥകളെയും ബിംബങ്ങളെയും ഉപയോഗപ്പെടുത്തി മുതലാളിത്തത്തിന്റെ ചൂഷണസംവിധാനത്തെ അതിന്റെ ഭാഗമായി നിന്നുകൊണ്ട് പ്രതിരോധിക്കാനാണ് ഗാന്ധിജി ശ്രമിച്ചത്. അതുകൊണ്ടാണ് ചർക്കയെ പ്രതിരോധത്തിന്റെ ചിഹ്നമായി ഗാന്ധിജി മുന്നോട്ടുവച്ചത്.  ശാസ്ത്രസാങ്കേതികരംഗത്തെ വികാസത്തെ ഉൽപ്പാദനരംഗത്ത്  പ്രയോഗിച്ച്  ഉൽപ്പാദനവർധന  ഉണ്ടാക്കുകയെന്ന കാഴ്ചപ്പാട് ഗാന്ധിസത്തിന് ഇല്ല. ഈ ദൗർബല്യം  കാണാതെ  പോകുകയും  ചെയ്യേണ്ടതില്ല.

ഇന്ത്യൻ ദേശീയ പ്രസ്ഥാനം വ്യത്യസ്തമായ നിരവധി ആശയങ്ങളുടെ മഹാപ്രവാഹമായിരുന്നു. സ്വാതന്ത്ര്യപ്രസ്ഥാനത്തെ പൂർണ സ്വാതന്ത്ര്യത്തിന് സജ്ജമാക്കാൻ കമ്യൂണിസ്റ്റുകാർക്ക് ഗാന്ധിജിയുമായി ഏറ്റുമുട്ടേണ്ടിവന്നിട്ടുണ്ട്. അത്തരത്തിൽ പൂർണ സ്വാതന്ത്ര്യം കോൺഗ്രസ്‌ അംഗീകരിച്ച്‌ അതിനായി ബഹുജന പ്രക്ഷോഭങ്ങൾ വളർത്തുന്നതിന് ഗാന്ധിജി മുമ്പിൽ നിന്നിട്ടുമുണ്ട്. സാമൂഹ്യനീതിക്കുവേണ്ടിയുള്ള സമരങ്ങളിലും ഇത്തരത്തിലുള്ള ചില സംഘർഷങ്ങൾ ഗാന്ധിജിയുമായി അംബേദ്കർ ഉൾപ്പെടെ നടത്തിയതും ചരിത്രത്തിന്റെ ഭാഗമാണ്.

മതങ്ങൾക്കകത്ത് നിന്നുകൊണ്ട് മതങ്ങളെ പരസ്പരം സൗഹാർദത്തോടെ കൂട്ടിയിണക്കാനുള്ള ശ്രമമാണ് ഗാന്ധിജി നടത്തിയത്. എല്ലാ മതവിശ്വാസത്തിലുംപെട്ടവരെ ജീവിതപ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ പരസ്പരം കൂട്ടിയിണക്കിക്കൊണ്ട് പോകുന്ന വഴിയാണ് കമ്യൂണിസ്റ്റുകാർ മുന്നോട്ടുവച്ചത്. ഒപ്പം ജനാധിപത്യ അവകാശമെന്നനിലയിൽ മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനും ഇടപെടുകയുണ്ടായി. രണ്ട് സമീപനവും ഊന്നിയത് മതപരമായ ധ്രുവീകരണത്തിനു പകരം അവയുടെ യോജിപ്പിലാണ്. അതുകൊണ്ടാണ് വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടത്തിൽ ഗാന്ധിസത്തിനും കമ്യൂണിസത്തിനും യോജിച്ചുപോകാനാകുന്നത്.

മതത്തെ ആചാരങ്ങളായി കാണുന്നതിനു പകരം മൂല്യങ്ങളായി കാണുന്ന നവോത്ഥാനപരമായ കാഴ്ചകളായിരുന്നു ഗാന്ധിജിയുടേത്. മതവിശ്വാസികളുടെ വിശ്വാസങ്ങൾ സംരക്ഷിക്കപ്പെടുകയെന്നത് ജനാധിപത്യ സമൂഹത്തിന്റെ സൃഷ്ടിക്ക് അനിവാര്യമാണെന്ന നിലപാടാണ് കമ്യൂണിസ്റ്റുകാരും സ്വീകരിച്ചിരുന്നത്. മത സ്വാതന്ത്ര്യത്തോടൊപ്പംതന്നെ അയിത്താചരണംപോലുള്ള സാമൂഹ്യ ദുരാചാരങ്ങൾക്കെതിരെയും പൊതുവായ മുന്നണി രൂപപ്പെടുത്താനായതും അതുകൊണ്ടാണ്.

മുതലാളിത്തം മണ്ണിനെയും  മനുഷ്യനെയും ചൂഷണം  ചെയ്യുന്നുവെന്ന വിമർശമാണ്  മാർക്സ്  മുന്നോട്ടുവയ്ക്കുന്നത്.
ഗാന്ധിജി മുന്നോട്ടുവച്ച സാമ്രാജ്യത്വവിരുദ്ധത, മതനിരപേക്ഷത, അധികാരവികേന്ദ്രീകരണം, അഴിമതിവിരുദ്ധത തുടങ്ങിയ ആശയങ്ങൾ കോൺഗ്രസ്‌ കൈയൊഴിയുമ്പോൾ അവ മുന്നോട്ടുവച്ച് പ്രവർത്തിക്കുന്നത് കമ്യൂണിസ്റ്റുകാരാണ്.

മതരാഷ്ട്രവാദത്തിന്റെ അപകടത്തെ ഏറ്റവും ഗൗരവകരമായി കണ്ട നേതാവ് കൂടെയായിരുന്നു ഗാന്ധിജി. പിൽക്കാലത്ത് പ്രത്യേകിച്ചും. 1948ൽ കൽക്കട്ടയിൽ നടത്തിയ പ്രസംഗത്തിൽ മതത്തെ രാഷ്ട്രീയത്തിൽനിന്ന് വേർതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറയുകയും ചെയ്തിരുന്നു. മനുഷ്യന് ആവശ്യത്തിനുള്ളത് ഇവിടെയുണ്ട്. അത്യാഗ്രഹത്തിന്  ഉള്ളതില്ലെന്ന കാഴ്ചപ്പാട് പരിസ്ഥിതി കാര്യത്തിൽ  ഗാന്ധിജി  മുന്നോട്ടുവയ്ക്കുന്നു. മുതലാളിത്തം മണ്ണിനെയും  മനുഷ്യനെയും ചൂഷണം  ചെയ്യുന്നുവെന്ന വിമർശമാണ്  മാർക്സ്  മുന്നോട്ടുവയ്ക്കുന്നത്. ഗാന്ധിജി മുന്നോട്ടുവച്ച സാമ്രാജ്യത്വവിരുദ്ധത, മതനിരപേക്ഷത, അധികാരവികേന്ദ്രീകരണം, അഴിമതിവിരുദ്ധത തുടങ്ങിയ ആശയങ്ങൾ കോൺഗ്രസ്‌ കൈയൊഴിയുമ്പോൾ അവ മുന്നോട്ടുവച്ച് പ്രവർത്തിക്കുന്നത് കമ്യൂണിസ്റ്റുകാരാണ്. ആഗോളവൽക്കരണനയത്തെ പിന്തുണയ്‌ക്കുകയും, മതനിരപേക്ഷതയെ താൽക്കാലിക രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി കൈയൊഴിയുകയും ചെയ്യുന്ന കോൺഗ്രസിന് അത് ഏറ്റുപിടിക്കാനാകില്ല.

അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തിലും അഴിമതിയുടെ കാര്യത്തിലും സ്ഥിതി അതിൽനിന്നും വ്യത്യസ്തമല്ല. ഇത്തരത്തിൽ ഗാന്ധിജി ഉയർത്തിപ്പിടിച്ച ഗുണപരമായ മൂല്യങ്ങളെ ഏറ്റുപിടിച്ച് മുന്നോട്ടുപോകുന്ന സിപിഐ എമ്മിന്റെ മുഖപത്രം ഗാന്ധിജിയുടെ രക്തസാക്ഷിത്വം ഉയർത്തിപ്പിടിച്ചത് വർത്തമാനകാലത്തെ ജനകീയ രാഷ്ട്രീയത്തെ വികസിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിത്തന്നെയാണ്.

സ്വാതന്ത്ര്യത്തിന്റെ 75–--ാം വാർഷികവും  ഇതിന് തൊട്ടുമുമ്പ് കടന്നുപോയി. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ വിവിധ ധാരകളെ ദേശാഭിമാനി പരിചയപ്പെടുത്തിക്കൊണ്ടിരുന്നു. അവയെ എല്ലാം പരിചയപ്പെടുത്തുന്നവിധം ‘സ്വാതന്ത്ര്യത്തിന്റെ ചുവന്ന പാതകൾ’ എന്ന പേരിൽ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു. സ്വാതന്ത്ര്യത്തിന്റെ 75–--ാം വാർഷികത്തിൽ വീക്ഷണം എന്ത് ചെയ്യുകയായിരുന്നുവെന്ന് വരുംതലമുറ വിലയിരുത്താതിരിക്കില്ല. നെഹ്റുവിനെ ആർഎസ്എസിന്റെ പാളയത്തിലേക്ക്‌ എറിഞ്ഞുകൊടുക്കുന്നവർക്ക് സ്വാതന്ത്ര്യസമരത്തിന്റെ 75–--ാം വാർഷികം അത്ര പ്രാധാന്യമില്ലാതായി തോന്നിയത് യാദൃച്ഛികമാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top