26 April Friday

തലകുനിക്കാതെ 
മുന്നേറുക - ശശികുമാർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 6, 2022


80 വർഷം  പൂർത്തിയാക്കുന്ന ദേശാഭിമാനിക്ക് പതിറ്റാണ്ടുകളായി അത്‌ പിന്തുടർന്നുവന്ന കാര്യങ്ങളിൽ സ്വയം അഭിനന്ദിക്കാം. അത് എന്തിനെയാണോ പ്രതിനിധാനംചെയ്യുന്നത്‌ അക്കാര്യത്തിലും സ്വയം അഭിമാനിക്കാം. അത്‌ എന്തല്ല എന്നതിലും അതിന്‌ ആത്മവിശ്വാസത്തോടെ മുന്നേറാം. അതല്ലാത്ത കാര്യങ്ങളിൽ സംയമനം പാലിക്കാനും കഴിയും. അതിലുപരിയായി, പത്രപ്രവർത്തനത്തിന്റെ വ്യത്യസ്‌തവും വൈവിധ്യവുമായ ഒരു മാതൃകയായി സ്വയം പുനർനിർമിച്ചുകൊണ്ട്, അത് എന്തായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കാനുമാകും.

ദേശാഭിമാനി 80 വർഷം പിന്നിടുന്നത്‌ ദേശീയ സ്വാതന്ത്ര്യത്തിന്റെ 75- വർഷം തികഞ്ഞ ഘട്ടത്തിലാണ്‌. ഫാസിസം കടന്നുകയറുന്നതിന്റെ ഘടനാപരവും സംഘടിതവുമായ ലക്ഷണങ്ങൾ അവഗണിക്കാനാകാത്ത സ്ഥിതിയിൽ എത്തിനിൽക്കുന്നു. നമ്മുടെ ജനാധിപത്യവും ഭരണഘടനയും അഭൂതപൂർവമായ വിധത്തിൽ അപകടത്തിലായിരിക്കുന്നു. ലിബറൽ മാധ്യമങ്ങളെന്ന് വിളിക്കപ്പെടുന്ന മിക്ക മാധ്യമങ്ങളും തങ്ങളുടെ യഥാർഥ നിറം പുറത്തുകാണിക്കുകയും നമ്മുടെ രാഷ്ട്രശരീരത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും നേരെയുള്ള ഫാസിസ്റ്റ് കടന്നാക്രമണത്തിന് കൂട്ടുനിൽക്കുകയും സഹായിക്കുകയും ചെയ്യുന്നു. ഭൂരിപക്ഷ മതവാദത്തിന്റെ സ്വേച്ഛാധിപത്യ ചിന്താഗതിയെ രാഷ്ട്രീയമായി വിശ്വാസയോഗ്യമാക്കുകയാണ്‌ ഈ മാധ്യമങ്ങൾ. മതന്യൂനപക്ഷങ്ങളും സാമൂഹ്യമായി പിന്നാക്കം നിൽക്കുന്നവരും ‘അന്യവൽക്കരിക്ക’പ്പെടുകയും മുമ്പെങ്ങുമില്ലാത്തവിധം വേട്ടയാടപ്പെടുകയും ചെയ്യുന്നു. ഇന്ത്യയുടെ സാമൂഹ്യവും സാംസ്കാരികവുമായ ബഹുസ്വരതയെ ഹിന്ദുത്വത്തിന്റെ ഒരു കാർഡ്ബോർഡ് കട്ട്ഔട്ട് പതിപ്പിലേക്ക് ചുരുട്ടിക്കെട്ടിക്കൊണ്ട്‌ ഹിന്ദുത്വമെന്ന്‌ വിളിക്കുകയാണ്‌. അത് ഹിന്ദുയിസത്തെതന്നെ അപമാനിക്കുന്നതാണ്.

ജനങ്ങളോട് പ്രതിബദ്ധതയുള്ള വ്യത്യസ്തമായ ഒരു മാധ്യമത്തിന്റെ സാധ്യതയാണ്‌ 80- വർഷത്തിലും ദേശാഭിമാനി പ്രതിനിധാനംചെയ്യുന്നത്‌. ഇത്‌ കൂടുതൽ മെച്ചപ്പെട്ട തലത്തിലും വിപുലമായ മേഖലകളെയും പ്രതിനിധാനംചെയ്യുന്നത് തുടരണം. ജനങ്ങളോട് പ്രതിബദ്ധതയുള്ള വ്യത്യസ്തമായ ഒരു മാധ്യമത്തിന്റെ സാധ്യതയെ കാൾ മാർക്‌സ് വോക്ക് പ്രസ് അഥവാ ജനങ്ങളുടെ പത്രം എന്നാ-ണ്‌ വിളിച്ചത്‌–- ശരിയാണ്‌, അത് പ്രതിബദ്ധതയുള്ള ഒരു മാധ്യമത്തെ പ്രതിനിധാനംചെയ്യുന്നു–-- നമ്മുടെ കാലത്തെ ഫാസിസ്റ്റ് മഹാമാരിയെ പ്രത്യയശാസ്‌ത്രപരമായി മുന്നിൽനിന്നും വിട്ടുവീഴ്ചയില്ലാതെയും നേരിടുന്ന ഏക പ്രത്യയശാസ്ത്രമായ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തോട് പ്രതിജ്ഞാബദ്ധമാണ്. അത്‌ ഒരു ബദലിനെയാണ്‌ പ്രതിനിധാനംചെയ്യുന്നത്‌–-കോർപറേറ്റ്‌ ശക്തികളുമായി ചേർന്ന് മുന്നോട്ടുപോകുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‌ എതിരെയുള്ള ഒരേയൊരു ബദലിനെ.

ബഹുഭൂരിപക്ഷം മുഖ്യധാരാ ലിബറൽ മാധ്യമങ്ങളും പ്രോത്സാഹിപ്പിക്കുകയും ശാശ്വതമാക്കുകയും ചെയ്യുന്ന ഒരു വലിയ ആഖ്യാനത്തിന് ബദലാണിത്‌. ലിബറൽ മാധ്യമങ്ങൾ പൗരനെ ഒരു പണയക്കാരനാക്കുന്നു, - ശക്തമായ ഒരു കമ്പോളത്തിൽ തെരഞ്ഞെടുപ്പിന്റെ മിഥ്യാധാരണയുള്ള നിസ്സഹായനും ശോചനീയനുമായ ഉപഭോക്താവാക്കുന്നു. -രാഷ്ട്രീയ പരമാധികാരം നഷ്ടപ്പെടുത്തുന്നു, വ്യക്തികളുടെ അന്തസ്സും കൂട്ടായ വിലപേശലും ഇല്ലാതാക്കുന്നു. 80 വയസ്സുള്ള ദേശാഭിമാനി അത്‌ അല്ലാത്തതിന് അതുല്യമായ പ്രാധാന്യമുണ്ട്‌. ലാഭംമാത്രം വർധിപ്പിക്കുകയെന്ന ഏക മന്ത്രം ഉരുവിടുന്ന കോർപറേറ്റ് പ്രസ് എന്ന സമ്പന്നമായ മീഡിയ ക്ലബ്ബിലെ അംഗമല്ല ദേശാഭിമാനി. എല്ലാത്തിനുമുപരി, മാധ്യമങ്ങൾ സമ്പന്നമാകുമ്പോൾ ജനാധിപത്യം ദരിദ്രമാകുമെന്നത് ഒരു മൗലിക തത്വമാണ്‌. ദേശാഭിമാനി ഒരു കച്ചവട സ്ഥാപനമല്ല. ഇതൊരു ജനപക്ഷ പ്രത്യയശാസ്ത്രത്തിന്റെ ഉത്തേജനമാണ്, മാറ്റത്തിന്റെയും സാമൂഹ്യപരിവർത്തനത്തിന്റെയും ചാലകശക്തിയാണ്‌. അത് കോർപറേറ്റ് മാധ്യമമല്ല; അത് ബൂർഷ്വാ മാധ്യമമല്ല. -ഇപ്പോൾ നാം കാണുന്നതുപോലെ, അധികാരത്തിലുള്ള ഫാസിസത്തിൽനിന്ന് വെറുമൊരു നെറ്റി ചുളിച്ചാൽ കീഴടങ്ങുന്ന ഇതു രണ്ടുമല്ല.മാർക്‌സിന്റെ പ്രസിദ്ധമായ ഒരു വാചകമുണ്ട്‌–- "സ്വതന്ത്ര മാധ്യമങ്ങളുടെ ആദ്യത്തെ സ്വാതന്ത്ര്യം ഒരു ബിസിനസ് ആകരുത്’–- എന്നതാണ്‌. മാധ്യമങ്ങളിലെ ‘രാഷ്ട്രീയ മുതലാളിത്ത'ത്തിന്റെ പുതിയ വകഭേദമല്ല ദേശാഭിമാനി. -

80 വർഷം പിന്നിടുന്ന ദേശാഭിമാനി അതിന്റെ വ്യതിരിക്തമായ പൈതൃകത്തെക്കുറിച്ച് അറിയുകയും അതിൽ സന്തോഷിക്കുകയും വേണം. ലോകം ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും മികച്ച പത്രപ്രവർത്തകരിൽ ഒരാളായ കാൾ മാർക്‌സിന്റെ പാരമ്പര്യമാണതിന്‌. പത്തൊമ്പതാം നൂറ്റാണ്ടിൽ റെയ്‌നിഷെ സെത്ങ്ങിന്റെയും ന്യൂ റെയ്‌നിഷെ സെത്‌ങ്ങിന്റെയും പത്രാധിപരായിരുന്ന മാർക്‌സിന്‌ അധികാരികളോട്‌ സത്യം തുറന്നുപറഞ്ഞതിന്‌ ഓസ്‌ട്രോ -ഹംഗേറിയൻ ഭരണാധികാരികളിൽനിന്ന്‌ കടുത്ത പ്രതികാരം നേരിടേണ്ടിവന്നു. ഇതേത്തുടർന്ന്‌ ആദ്യം പാരീസിലേക്കും പിന്നീട്‌ ഇംഗ്ലണ്ടിലേക്കും പലായനം ചെയ്‌തു. ന്യൂയോർക്ക് ട്രിബ്യൂണിന്റെ യൂറോപ്യൻ ബ്യൂറോ ചീഫായിരിക്കെ ലോക സംഭവവികാസങ്ങളെപ്പറ്റി അതിശയിപ്പിക്കുന്ന നിരവധി ലേഖനങ്ങൾ എഴുതി. അവ ഓരോന്നും തെരഞ്ഞെടുത്ത വിഷയത്തെക്കുറിച്ചുള്ള ഒരു തീസിസ് പോലെയായിരുന്നു. -അവയെല്ലാം പിന്നീട് സംഗ്രഹിച്ച് അതിന്റെ സത്തയോടെ 1847-ൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തി ഒരു വർഷത്തിനുശേഷം പ്രസിദ്ധീകരിച്ചു. നമുക്ക്‌ സ്വാതന്ത്ര്യം ലഭിക്കുന്നതിനും ഒരു നൂറ്റാണ്ട്‌ മുമ്പാണിത്‌.

സെൻസർഷിപ്പിനെതിരെ തീവ്രമായും ഉറച്ചതുമായ നിലപാടിനായി നിലകൊണ്ട പത്രപ്രവർത്തകന്റെ പാരമ്പര്യമാണിത്. സെൻസർഷിപ്പ് നിയമമായിരിക്കുമ്പോൾപ്പോലും നിയമാനുസൃതമാകാൻ കഴിയില്ലെന്ന് മാർക്‌സ് ചൂണ്ടിക്കാട്ടിയിരുന്നു. അതുപോലെതന്നെ അടിമത്തം നിയമമായിരിക്കുമ്പോൾ പ്പോലും നിയമാനുസൃതമാകാൻ കഴിയില്ല (അന്ന് അടിമകളെ സ്വന്തമാക്കുന്നത് നിയമാനുസൃതമായിരുന്നു). അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ധാർമികതയും ലക്ഷ്യവും അദ്ദേഹം വ്യക്തമായി ചൂണ്ടിക്കാണിച്ചിരുന്നു. -അഭിപ്രായസ്വാതന്ത്ര്യം ഇന്ന് ഇന്ത്യയിൽ കടുത്ത ഭീഷണി നേരിടുകയാണ്‌. പൊതുജന താൽപ്പര്യവും പൊതുപ്രശ്‌നങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ടും ഫാസിസത്തിന്റെ ധിക്കാരത്തിനും സമ്മർദത്തിനും വഴങ്ങാതെ തലയുയർത്തിപ്പിടിച്ചുകൊണ്ട്‌ ധീരവും മനഃസാക്ഷിയുള്ളതും വിമർശാത്മകവുമായ പത്രപ്രവർത്തനത്തിന്റെ മാതൃക കാണിക്കുന്നതിൽ ദേശാഭിമാനി ഇന്ന് അദ്വിതീയമാണ്. ഇത് ഇതിനകംതന്നെ നല്ല അളവിൽ ചെയ്യുന്നു എന്നതിൽ സംശയമില്ല. എന്നാൽ, നമ്മുടെ കാലത്തെ അപകടകരമായ സ്ഥിതിയിൽ ഫാസിസ്റ്റ് ശക്തികൾക്ക് വിൽക്കാനുള്ളതല്ല മാധ്യമങ്ങൾ എന്നത്‌ വലിയ ആവശ്യമായി ഉന്നയിക്കുകയാണ്‌ വേണ്ടത്‌. ഈ വെല്ലുവിളി നേരിടാൻ ദേശാഭിമാനിക്ക്‌ ഉയർന്നു പ്രവർത്തിക്കാനാകുമെന്ന്‌ എനിക്ക് ഉറപ്പുണ്ട്. കോർപറേറ്റ്, ബൂർഷ്വാ മാധ്യമങ്ങളെ ജനകീയ മാധ്യമങ്ങളുമായി ചേർന്ന്‌ ചെറുക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്തുകൊണ്ടുപോകാൻ ദേശാഭിമാനിക്ക്‌ എല്ലാ ശക്തിയും വിജയവും ആശംസിക്കുന്നു.

(മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ ചെന്നൈയിലെ "ഏഷ്യൻ കോളേജ് ഓഫ്‌ ജേർണലിസം’ 
ഡയറക്ടറാണ്‌ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top