26 April Friday

പൊരുതി മുന്നേറിയ ആദർശധീരത

എസ് പി നമ്പൂതിരിUpdated: Friday Sep 2, 2022

“ആയിരം നിറതോക്കുകളേക്കാൾ, അവയോടൊപ്പമുള്ള ബയണറ്റുകളേക്കാൾ, ഞാൻ ഭയപ്പെടുന്നത് രണ്ടോ മൂന്നോ ദിനപത്രങ്ങളെയാണ്.” ആയുധവിദ്യകളിൽ അതിവൈദഗ്‌ധ്യം നേടിയിട്ടുള്ള നെപ്പോളിയനെന്ന അധിനിവേശ ചക്രവർത്തിയുടെ വാക്കുകളാണിത്. പത്രധർമത്തിന്റെ മർമം കണ്ടറിഞ്ഞ ഭരണാധികാരിയുടെ നിരീക്ഷണം. ചക്രവർത്തിമാർ മുതൽ ജനാധിപത്യ കാലത്തെ ഭരണാധികാരിമാർ വരെ മാധ്യമങ്ങളെ ഭയപ്പെടുന്നുണ്ട്. ആരംഭം മുതൽ ഭരണകൂടം ഭയപ്പെട്ട പത്രമാണ് ദേശാഭിമാനി.

രാഷ്ട്രനിർമാണപ്രക്രിയയിൽ ഭരണത്തിന് ദിശാബോധം നൽകുന്നതും സർഗാത്മകമായ നിർദേശങ്ങൾ സമർപ്പിക്കുന്നതും രൂക്ഷവിമർശങ്ങൾപോലെതന്നെ പത്രധർമത്തിന്റെ അവിഭാജ്യഘടകമാണ്. ഈ രണ്ട് കർത്തവ്യവും ദേശാഭിമാനി നിർവഹിച്ചിട്ടുണ്ട്. ബ്രിട്ടീഷ്ഭരണത്തിൻ കീഴിൽ സവിശേഷ പ്രാധാന്യമുള്ള ക്വിറ്റ് ഇന്ത്യ പ്രക്ഷോഭവേളയിലാണ് ദേശാഭിമാനി പിറവിയെടുക്കുന്നത്. ഡൊമിനിയൻപദവി വാഗ്ദാനം ചെയ്ത് സ്വാതന്ത്ര്യസമരാവേശത്തെ തണുപ്പിക്കാൻ സാമ്രാജ്യത്വം ശ്രമിച്ചപ്പോഴും പൂർണസ്വരാജ്‌ എന്ന ആശയം ഉയർത്തിപ്പിടിച്ച ഒരു പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ്പാർടി. അതേസമയം, ഫാസിസത്തെ പരാജയപ്പെടുത്തുകയെന്ന സാർവദേശീയകർത്തവ്യത്തിൽ വിട്ടുവീഴ്ചയില്ലാതെ ഉറച്ചുനിൽക്കുകയും ചെയ്തു. വെല്ലുവിളികൾ നിറഞ്ഞ ഈ രാഷ്ട്രീയദൗത്യം സമർഥമായി ഏറ്റെടുത്ത ഒരു മാധ്യമമാണ് ദേശാഭിമാനി. സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കാളിത്തവുമില്ലാതിരുന്ന മതമൗലികവാദികളുടെ ചെറുതല്ലാത്ത ഒരുവിഭാഗം പാർടിയെ എതിർക്കുകയുമുണ്ടായി. എന്നാൽ, ആശയവ്യക്തതയുടെയും ആദർശധീരതയുടെയും അടിത്തറയിൽ ഉറച്ചുനിന്ന്‌ മാധ്യമധർമം നിർവഹിച്ച പത്രമാണ് ദേശാഭിമാനി.

ബ്രിട്ടീഷ് ഇന്ത്യയിലെന്നപോലെ സ്വതന്ത്ര ഇന്ത്യയിലും നിരോധനങ്ങളും പിഴശിക്ഷകളും ഉൾപ്പെടെ നിരവധി മുറകൾക്ക് വിധേയമായ സ്ഥാപനമാണ് ദേശാഭിമാനി. ഐക്യകേരളത്തിനായുള്ള പ്രക്ഷോഭങ്ങളിൽ മാർഗദീപംപോലെ ദേശാഭിമാനി മുന്നിൽനിന്നിട്ടുണ്ട്. ആദ്യ കേരളമന്ത്രിസഭ നിലവിൽവന്നപ്പോൾ പുതിയൊരു ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടിവന്നു. ദേശീയതലത്തിൽ കേന്ദ്രഭരണകക്ഷിയുടെ നയങ്ങളെ എതിർക്കണം. സംസ്ഥാനതലത്തിൽ പുതിയകേരളത്തിന്റെ സൃഷ്ടിയിൽ സംസ്ഥാന സർക്കാരിന് ദിശാബോധം നൽകുകയും വേണം; ദ്വിമുഖകർത്തവ്യം. 1942ൽ ഫാസിസ്റ്റ് വിരുദ്ധയുദ്ധത്തിൽ ബ്രിട്ടനെ പിന്തുണയ്‌ക്കുന്നതോടൊപ്പം  ബ്രിട്ടനെ ഇന്ത്യയിൽനിന്ന് ഭ്രഷ്ട്‌ ചെയ്യുന്നതിനായുള്ള സമരങ്ങളിൽ സജീവപങ്കാളിത്തവും നിർവഹിച്ചതുപോലെ. കമ്യൂണിസ്റ്റ്പാർടി പ്രസിദ്ധീകരണത്തിനുമാത്രം നിർവഹിക്കാൻ കഴിയുന്ന   ചരിത്രദൗത്യമാണിത്. മുഖ്യധാര മാധ്യമങ്ങൾക്ക് പത്രം വ്യവസായമാണ്. പാർടിക്ക് സമരായുധമാണ്. ഏതൊരു പത്രത്തിന്റെയും പ്രധാന വരുമാനസ്രോതസ്സ് പരസ്യങ്ങളാണ്. മൂലധനശക്തികളുടെ രക്ഷാകർത്തൃത്വം സ്വാഭാവികമായി കമ്യൂണിസ്റ്റ് പത്രത്തിന് ലഭിക്കില്ല. മൂലധനശക്തികളുടെ പിൻബലമുണ്ടായിരുന്നെങ്കിൽ ഇന്ന് ദേശാഭിമാനിക്ക് ഒന്നാം സ്ഥാനം ലഭിക്കുമായിരുന്നു.

വിഖ്യാതമായ കേരളമാതൃകയ്‌ക്ക് അടിത്തറയിട്ടത് ഒന്നാം ഇ എം എസ് മന്ത്രിസഭയാണ്. ആ മന്ത്രിസഭയെ സ്ഥാനഭ്രഷ്ടമാക്കിയത് എംആർഎ എന്ന സാർവദേശീയ കമ്യൂണിസ്റ്റ് വിരുദ്ധസംഘടനയുടെ സഹായത്തോടെ സംഘടിപ്പിച്ച വിമോചനസമരമാണ്. അന്നുമുതൽ കേരളത്തെ ആകൃതിപ്പെടുത്തുന്നതിൽ ദേശാഭിമാനി വഹിച്ച പങ്ക് മാധ്യമലോകം വിലയിരുത്തേണ്ടതുണ്ട്. മതമൗലികവാദം അരങ്ങുതകർക്കുന്ന ഇന്ത്യയിൽ ദേശാഭിമാനിപോലുള്ള മാധ്യമങ്ങളുടെ ഉത്തരവാദിത്വം വർധിച്ചു. പ്രത്യാശയുടെ തുരുത്തായിത്തീർന്നിരിക്കുകയാണ് കേരളം. മറ്റ് സംസ്ഥാനങ്ങൾക്ക് വഴി കാട്ടേണ്ട നാടാണ് കേരളം. ഈ ദിശയിൽ മുന്നേറുന്നതിന് ഇടതുപക്ഷ മാധ്യമങ്ങൾക്കു വലിയ ഉത്തരവാദിത്വമാണുള്ളത്.

രാജ്യത്തെ  സ്ഥിതി കൂടുതൽ സങ്കീർണമായിരിക്കുന്നു. മുന്നോട്ടുള്ള വഴികൾ ദുർഘടവും ക്ലേശപൂർണവുമാണ്. ഭൂരിപക്ഷത്തിന്റെ മതമൗലികവാദമാണ് ഇന്ത്യയുടെ ഭരണകർത്താക്കളെ നയിക്കുന്നത്. അതിന്റെ ഒരു പ്രത്യാഘാതമെന്നനിലയിൽ മതമൗലികവാദവും ശക്തിയാർജിക്കുന്നു. സ്വതന്ത്രമാധ്യമപ്രവർത്തനം സ്വപ്നമായിത്തീരുന്നു. ഒരു പ്രമുഖ മാധ്യമസ്ഥാപനത്തിന്റെ ഓഹരികൾ അതിന്റെ സ്ഥാപകരും സാരഥികളും അറിയാതെ വ്യവസായഭീമൻ കൈവശപ്പെടുത്തുന്നു. കേന്ദ്രഭരണകക്ഷിയെ വിമർശിച്ചെന്നതുമാത്രമാണ്  അപരാധം. സ്വാതന്ത്ര്യമോഹത്തിന്റെപേരിൽ ജീവിതം ഹോമിക്കേണ്ടിവന്ന ഗൗരി ലങ്കേഷിനെപ്പോലുള്ളവരുടെ ആത്മബലികൾ എല്ലാ മാധ്യമപ്രവർത്തകർക്കും പാഠ്യവിഷയമാകണം. ആശങ്കാകുലമായ ഈ ഇരുണ്ടകാലത്ത് ദേശാഭിമാനിപോലുള്ള ദേശീയമാധ്യമങ്ങളുടെ പ്രാധാന്യവും പ്രസക്തിയും ഏറെയാണ്. എട്ടുദശകങ്ങൾ നീണ്ട സാർഥകമായ മാധ്യമജീവിതം പിന്നിട്ടെത്തിയ ദേശാഭിമാനിയെ മലയാളപത്രങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിക്കുകയെന്നതാണ് മലയാളികളുടെ കർത്തവ്യം. ദേശാഭിമാനി നിരോധിക്കപ്പെട്ടപ്പോൾ പകരമായി പ്രത്യക്ഷപ്പെട്ട നവലോകത്തിൽ ദേശാഭിമാനിയുടെ സാരഥികളോടൊപ്പം പ്രവർത്തിക്കാനവസരം ലഭിച്ച ഒരാളാണ് ലേഖകൻ. എന്നെപ്പോലുള്ളവർക്ക് ദേശാഭിമാനംപോലെയുള്ള ഒരു വികാരമാണ് ദേശാഭിമാനി.

ലോകവാർത്തകളും കൊണ്ടു
പ്രഭാതങ്ങളിൽ നിത്യവും
ദേശാഭിമാനിയെത്തുന്നിതെന്നുമെൻ കിളിവാതിലിൽ

(കവിയും ഗ്രന്ഥകാരനുമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top