29 March Wednesday

പുതിയ ഇടപെടലുകൾ ഏറ്റെടുത്ത്‌ മുന്നോട്ട്‌

പുത്തലത്ത് ദിനേശൻUpdated: Saturday Jan 21, 2023


ദേശാഭിമാനിയുടെ 80–-ാം വാർഷികാഘോഷത്തിന്റെ സമാപനം തിരുവനന്തപുരത്ത് നടന്നുകഴിഞ്ഞു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അധ്യക്ഷനായി. സമഗ്രസംഭാവനയ്‌ക്കുള്ള ഈ വർഷത്തെ അവാർഡ് അടൂർ ഗോപാലകൃഷ്ണനും ദേശാഭിമാനിയുടെ മുൻകാല ചീഫ് എഡിറ്റർമാർ, ജനറൽ മാനേജർമാർ, ജനറൽ എഡിറ്റർ എന്നിവർക്ക്‌ ആദരവായുള്ള ഉപഹാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനും വിതരണം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആശംസ അർപ്പിച്ച്‌ സംസാരിക്കുകയും സുവനീർ എം വി ഗോവിന്ദനിൽനിന്ന് ഏറ്റുവാങ്ങുകയും ചെയ്തു.  സമാപന സമ്മേളനത്തിൽ ആയിരങ്ങൾ പങ്കെടുത്തു.   പാർടി മുഖപത്രം എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾത്തന്നെ പൊതുപത്രമായി വികസിച്ചുകൊണ്ടിരിക്കുന്ന ദേശാഭിമാനിയുടെ പ്രവർത്തനത്തെയും അത് ഏറ്റെടുക്കേണ്ട കടമകൾ സംബന്ധിച്ചുമുള്ള നിർദേശങ്ങളും കാഴ്ചപ്പാടുകളുമാണ് സമാപന സമ്മേളനത്തിൽ നിറഞ്ഞുനിന്നത്.  80–ാം വാർഷികാഘോഷം കൊടിയിറങ്ങുമ്പോൾ ഭാവിയിൽ പത്രം ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കുകയുണ്ടായി.

ഇ എം എസ്  കുടുംബസ്വത്ത് വിറ്റ് കിട്ടിയ അമ്പതിനായിരം രൂപ ദേശാഭിമാനിയുടെ പ്രവർത്തനത്തിന് സംഭാവന ചെയ്തിരുന്നു. ഒരു പതിറ്റാണ്ടോളം ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ എന്ന നിലയിലും പ്രവർത്തിച്ചു. പത്രത്തിന് ദിശാബോധം നൽകുന്നതിനുള്ള ഇടപെടലുകളും തുടർച്ചയായി നടത്തി. പാർടി പത്രമായിരിക്കുമ്പോൾത്തന്നെ ബഹുജന പത്രമായി മാറേണ്ടതിന്റെ പ്രാധാന്യം അവസാനംവരെ ഓർമിപ്പിച്ച്‌ ഇ എം എസ് ദേശാഭിമാനിയുടെ വഴികാട്ടിയായി പ്രവർത്തിച്ചു.


 

രാഷ്ട്രീയം ജീവിതത്തിന്റെ സമസ്ത മേഖലകളുടെയും സംയോജനമാണെന്ന തിരിച്ചറിവോടുകൂടി എല്ലാ മേഖലയിലും ഇ എം എസ് ഇടപെട്ടിരുന്നു. കല–- സാംസ്‌കാരിക രംഗത്തും നിറഞ്ഞ സാന്നിധ്യമായിരുന്നു ഇ എം എസ്. ഒരുകാലത്ത് കൊട്ടാരക്കെട്ടുകളിലെയും   തറവാടുകളിലെയും  ജീവിതത്തെ കേന്ദ്രീകരിച്ചായിരുന്നു സാഹിത്യ കൃതികൾ പുറത്തിറങ്ങിയത്. സാധാരണ ജനതയുടെ ജീവിതം അതിലൊട്ടുമേ പ്രതിഫലിച്ചിരുന്നില്ല. ഈ കാലഘട്ടത്തിൽ സാഹിത്യത്തെയും  കലയെയും ജനജീവിതത്തിലേക്ക് ഉറപ്പിച്ച് നിർത്തുന്നതിനുള്ള പോരാട്ടം ഈ രംഗത്ത് ഇ എം എസ് ഉൾപ്പെടെയുള്ളവർ ഏറ്റെടുത്തു.

സാഹിത്യരംഗത്ത് പുരോഗമന പ്രസ്ഥാനം നടത്തിയ ഇടപെടലാണ് അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തെ സാഹിത്യത്തിലേക്ക് പ്രതിഷ്ഠിച്ചത്. കലയെയും സാഹിത്യത്തെയും രാഷ്ട്രീയ കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കുമ്പോൾത്തന്നെ അവയെ മാറ്റിത്തീർക്കാനുള്ള പ്രവർത്തനങ്ങളിലും ഇ എം എസ് സജീവമായിരുന്നു. പിൽക്കാലത്ത് സാഹിത്യകാരന്മാരുടെ സർഗാത്മകമായ ശേഷി അവരുടെ വർഗപരമായ പരിമിതികളെ മറികടന്ന്‌ മുന്നോട്ടുപോകുമെന്ന് തിരിച്ചറിഞ്ഞ്‌ സ്വയം നവീകരണത്തിന് തയ്യാറാകുകയും ചെയ്തു. അത്തരം ചിന്തകൾ പ്രചരിപ്പിക്കുന്നതിന് മുൻപന്തിയിൽ നിൽക്കുകയും ചെയ്തിരുന്നു. 

കേരളത്തിന്റെ കല–- സാഹിത്യ രംഗങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് ജനപക്ഷത്ത് ഉറപ്പിച്ചു നിർത്താൻ ഇടപെട്ട ഇ എം എസിന്റെ സ്മരണയ്‌ക്കായി ദേശാഭിമാനി എല്ലാ വർഷവും സാഹിത്യോത്സവം സംഘടിപ്പിക്കുമെന്ന കാര്യമാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  പ്രഖ്യാപിച്ചത്. അന്തർദേശീയ തലത്തിലെ സാഹിത്യരംഗത്തെ പ്രതിരോധങ്ങളെ മാത്രമല്ല, ദേശീയതലത്തിലെ ഇത്തരം ഇടപെടലുകളെ മലയാളിക്ക് പരിചയപ്പെടുത്തുന്ന ബൃഹത്തായ കാഴ്ചപ്പാടാണ് ഇതിലൂടെ പ്രഖ്യാപിച്ചിട്ടുള്ളത്. മലയാള സാഹിത്യത്തിലെ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്ന ഈ പരിപാടി പുതിയ തലമുറയിലെ എഴുത്തുകാരെയും  നിരൂപകരെയും പരിചയപ്പെടുത്തുന്നതു കൂടിയായിരിക്കും. അവരുടെ കാഴ്ചപ്പാടുകൾ സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കുന്നതിനുതകുന്ന ഈ പരിപാടി കേരളത്തിന്റെ ജനകീയോത്സവമായി മാറ്റുന്നവിധം ദേശാഭിമാനി ഇടപെടും. ദേശാഭിമാനി പത്രം മുന്നോട്ടുകൊണ്ടുപോകുന്നതിനുകൂടി സ്വയം സമർപ്പിച്ച  ഇ എം എസിനുള്ള ദേശാഭിമാനിയുടെ സ്മരണാഞ്ജലി കൂടിയായിരിക്കും ഈ സാഹിത്യോത്സവം.


 

ശാസ്ത്രീയ ചിന്തകൾ ജനജീവിതത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള സുപ്രധാനമായ ഘടകമാണ്. ഓരോ കാലഘട്ടത്തിലും ഉയർന്നുവരുന്ന ഇത്തരം ചിന്തകളെ പരിചയപ്പെടുത്തുന്ന ശാസ്ത്ര ശിൽപ്പശാല എന്ന നിലയിലുള്ള ആശയമാണ് എം വി ഗോവിന്ദൻ അവതരിപ്പിച്ചത്. ശാസ്ത്ര ചിന്തകളെ തമസ്കരിക്കാനും  സ്വത്വരാഷ്ട്രീയത്തിന്റെ ഭാഗമായി അവയെ നിരാകരിക്കുന്നതിന് പുരോഗമന മുഖംമൂടി ധരിക്കുകയും ചെയ്യുന്ന ഘട്ടംകൂടിയാണിത്. ഈ സാഹചര്യത്തിൽ കേരളത്തിലെ മികച്ച ശാസ്ത്ര പ്രതിഭയ്‌ക്ക് ഓരോ വർഷവും പ്രത്യേക അവാർഡ് ദേശാഭിമാനി നൽകും. അതിന്റെ ഭാഗമായി കേരളത്തിലെ മികച്ച ശാസ്ത്ര അന്വേഷണങ്ങളെയും കണ്ടെത്തലുകളെയും അവതരിപ്പിക്കുന്നതിനുള്ള അവസരവും ഇതോടൊപ്പം ഒരുങ്ങും. പുതിയ ഗവേഷണങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടിയായും ഇത് മാറും. വിദ്യാർഥികളുടെ ശാസ്ത്രാഭിരുചികളെ വളർത്തുന്നതിനുതകുന്ന പദ്ധതികളും ഇതോടൊപ്പം നടപ്പാക്കും.

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിന് സുപ്രധാനമായ പങ്കാണ് നവോത്ഥാന പ്രസ്ഥാനങ്ങൾ നിർവഹിച്ചിട്ടുള്ളത്. അവ ഉഴുതുമറിച്ച മണ്ണിൽ വർഗബോധത്തിന്റെ കാഴ്ചപ്പാടുമായി കർഷക–- തൊഴിലാളി പ്രസ്ഥാനങ്ങൾ നടത്തിയ ഇടപെടലുകളാണ് ആധുനിക കേരളത്തിന്റെ സൃഷ്ടിക്ക് അടിസ്ഥാനമിട്ടത്. സാമൂഹ്യവികസനത്തിന് അടിസ്ഥാനമായിത്തീർന്ന ഇത്തരം ചിന്താഗതികളെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള ആശയങ്ങളും  പ്രചാരണങ്ങളും രാജ്യത്തെമ്പാടും നടക്കുകയാണ്. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഈ സാഹചര്യത്തിൽ നവോത്ഥാനപരമായ ചിന്തകളെ മുന്നോട്ടുവയ്‌ക്കുകയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചുമാറ്റേണ്ടതുമുണ്ട്. ആഭിചാരക്കൊലകൾ പോലുള്ളവ അരങ്ങേറിയ വർത്തമാനകാലം ഈ രംഗത്തെ സംസ്ഥാനത്തിന്റെ നില വ്യക്തമാക്കുന്നതുമാണ്.

കേരളത്തെ അന്ധകാരയുഗത്തിലേക്ക് അയക്കുന്നതിനുള്ള ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. നമ്മുടെ ഭൂതകാലവും അവിടെനിന്ന് നാം മുന്നേറിയതിന് ഇടയാക്കിയ നവോത്ഥാന മുന്നേറ്റങ്ങളെയും ഓർമപ്പെടുത്തുകയും വീണ്ടെടുക്കുകയും ചെയ്യേണ്ടത് കേരളീയ സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് പ്രധാനമാണ്. ഒപ്പം അത് പുതിയ കാലത്തിന്റെ ആവശ്യത്തിനനുസരിച്ച് വികസിപ്പിക്കാനും കഴിയണം. ആ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് കേരളത്തിലെമ്പാടും ഉയർന്നുവന്ന നവോത്ഥാന മുന്നേറ്റങ്ങളെയും അതിന് നേതൃത്വം കൊടുത്തവരെയും അനുസ്മരിക്കുകയെന്നത് പ്രധാനമാണ്. അതിന്റെ ഭാഗമായി കേരളത്തിലെമ്പാടും നവോത്ഥാന പ്രസ്ഥാനങ്ങളും വ്യക്തികളും പിറന്ന മണ്ണിനെ കേന്ദ്രീകരിച്ച് വമ്പിച്ച ക്യാമ്പയിനുകൾ രൂപപ്പെടുത്തുകയെന്ന കാര്യമാണ് ദേശാഭിമാനി ഉദ്ദേശിക്കുന്നത്. ഇതിനുള്ള കാഴ്ചപ്പാടാണ് മൂന്നാമത്തെ പരിപാടിയായി സിപിഐ എം സംസ്ഥാന സെക്രട്ടറി പ്രഖ്യാപിച്ചിട്ടുള്ളത്.

കൊളോണിയലിസം മുന്നോട്ടുവച്ച മതരാഷ്ട്രവാദ ആശയങ്ങൾ പലരൂപത്തിൽ നമുക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇവയ്‌ക്കെതിരായി മതനിരപേക്ഷ രാഷ്ട്രമായി രാജ്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തി  ദേശാഭിമാനി മുന്നോട്ടുപോകുകയാണ്. ആ പ്രവർത്തനത്തിൽ സാഹിത്യം, ശാസ്ത്രം, നവോത്ഥാനം തുടങ്ങിയ മേഖലയിൽ കൂടുതൽ ഇടപെടുകയെന്നത് പ്രധാനമാണ്. സൂക്ഷ്മതലത്തിൽ ഇടപെട്ട്‌ മതരാഷ്ട്രവാദം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ അതിന്റെ പ്രതിരോധമെന്ന നിലയിൽക്കൂടി ഈ ഉത്തരവാദിത്വം ഭാവി കടമയായി ദേശാഭിമാനി ഏറ്റെടുത്ത്‌ നടപ്പാക്കുകതന്നെ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top