25 April Thursday

ജനമനസ്സിനൊപ്പം എട്ട് ദശകം - ഡോ. ആർ ശ്രീലതാവർമ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 27, 2022

വ്യത്യസ്‌ത പാരമ്പര്യങ്ങളെയും വിവിധ സാംസ്‌കാരിക ധാരകളെയും കൂട്ടിയിണക്കുന്നതാണ്‌ ചരിത്രാനുഭവം. ഈ ചരിത്രാനുഭവത്തെ മതനിരപേക്ഷമായി സ്വാംശീകരിക്കുകയും വിവരിക്കുകയും ചെയ്യുകയെന്ന വേറിട്ട സാമൂഹ്യ രാഷ്‌ട്രീയ പ്രവർത്തനമാണ്‌ ദേശാഭിമാനി ദിനപത്രം നിർവഹിക്കുന്നത്‌. ഇത്‌ അനന്യമായൊരു സാംസ്‌കാരിക പ്രവർത്തനം കൂടിയാണ്‌. കേരളീയ സാംസ്‌കാരിക സ്വത്വ നിർമിതിയുടെ അടിവേരുകൾ ഏകാത്മകതയിലല്ല, ബഹുസ്വരതയിലാണ്‌ വേരൂന്നിയിട്ടുള്ളതെന്ന സത്യം നമ്മെ നിരന്തരം ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നത്‌ ദേശാഭിമാനിയാണ്‌. അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ, അനേക കാലം ഭ്രഷ്‌ടരെപ്പോലെ ജീവിച്ച വിഭാഗങ്ങളെ പൂർണമായും ഉൾക്കൊണ്ട്‌ ഏറ്റവും ജനാധിപത്യപരമായ ഒരു സാമൂഹ്യ അവബോധം സൃഷ്‌ടിക്കുന്നതിൽ കഴിഞ്ഞ 80 വർഷമായി ദേശാഭിമാനി നടത്തുന്ന ശ്രമങ്ങൾ നിസ്‌തുലമാണ്‌. 

1935ൽ തുടക്കംകുറിച്ച ‘പ്രഭാതം’ എന്ന പ്രസിദ്ധീകരണത്തിന്റെ തുടർച്ച എന്ന നിലയിലാണ് ദേശാഭിമാനിയുടെ പിറവി.  ഇ എം എസ് നമ്പൂതിരിപ്പാടിന്റെയും എ കെ ജിയുടെയും നേതൃത്വത്തിൽ 1942 സെപ്തംബർ ആറിന് വാരിക എന്ന നിലയിൽ ദേശാഭിമാനി പ്രസിദ്ധീകരണമാരംഭിച്ചു. യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ വെല്ലുവിളിച്ചും തിരുത്തിക്കുറിച്ചും പുതിയൊരു ലോക ബോധത്തിന് രൂപംകൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. നവ സംസ്കാര നിർമിതി എന്ന ആശയത്തെ കേന്ദ്രസ്ഥാനത്ത് ഉറപ്പിച്ചുകൊണ്ട് പ്രസിദ്ധീകരണമാരംഭിച്ച ദേശാഭിമാനി മതനിരപേക്ഷമായ ഒരു പൊതുമണ്ഡലം രൂപപ്പെടുത്തുന്നതിൽ നിർണായകമായ പങ്കാണ് വഹിച്ചത്. ഇത്രമേൽ ആർജവത്തോടെ ജനങ്ങൾക്കൊപ്പം നിലകൊള്ളുന്ന മറ്റൊരു പത്രവും നമുക്കില്ല. സമൂഹത്തിന്റെ സാംസ്കാരിക സത്തയെ ചരിത്രം എപ്രകാരം നിർണയിക്കുന്നുവെന്ന ബോധവും സംസ്കാരമെന്നത് നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെന്ന ധാരണയും മാധ്യമപ്രവർത്തനത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. പാരമ്പര്യത്തിലും പൗരാണികതയിലും ഊന്നിക്കൊണ്ട് ചരിത്രത്തെ വിവരിക്കുന്ന വർഗീയ സമീപനത്തെ ദേശാഭിമാനി എക്കാലത്തും പ്രതിരോധിച്ചിട്ടുണ്ട്.  പാരമ്പര്യത്തിലും പൈതൃകത്തിലും ഉറച്ചുനിൽക്കുകയാണെന്ന മട്ടിൽ അന്ധവിശ്വാസങ്ങളെയും അബദ്ധ ചിന്തകളെയും അരക്കിട്ടുറപ്പിക്കാനുള്ള വലതുപക്ഷ തന്ത്രങ്ങൾ ശക്തമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. പരമ്പരാഗത മൂല്യങ്ങളെയും സംസ്കൃതിയുടെ ഈടുവയ്പുകളെയും മതാത്മകമായ പരിപ്രേക്ഷ്യത്തിൽ വിശകലനം ചെയ്യാനും വ്യാഖ്യാനിക്കാനും തുടങ്ങുന്നതോടെ അവയ്ക്ക് പ്രത്യയശാസ്ത്രപരമായ പ്രയോഗ സാധ്യതകൾ തെളിഞ്ഞു കിട്ടുകയായി. അധികാരശക്തിക്ക് ആക്കം കൂട്ടുന്നതിനായി മേൽപ്പറഞ്ഞ പ്രയോഗ സാധ്യതകൾ വേണ്ടുംവണ്ണം ഉപയോഗിക്കുകയെന്ന ദുർനയത്തിനെതിരെ പൊരുതുക ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. ഈ പോരാട്ടം ഒരു കർമപദ്ധതിയായി ഏറ്റെടുത്തുകൊണ്ടാണ് ദേശാഭിമാനി പത്രം ഇത്രകാലവും പ്രവർത്തിച്ചുപോന്നത്.

പൊതു പ്രശ്നങ്ങളിലും സാമൂഹ്യവിഷയങ്ങളിലും എപ്പോഴും ജനപക്ഷത്ത് നിലകൊള്ളുന്നതിനാൽ വ്യക്തമായ രാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോഴും ദിനപത്രം എന്ന നിലയിൽ അസൂയാവഹമായ സ്വീകാര്യതയാണ് ദേശാഭിമാനിക്ക് ഉള്ളത്. കേരളം കണ്ട പ്രമുഖ സമരങ്ങളിലെല്ലാം വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകളോടെ തൊഴിലാളി പക്ഷത്തുനിന്ന, നിൽക്കുന്ന ഏകപത്രം ദേശാഭിമാനിയാണ്. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ഒപ്പംചേർത്ത് അവർക്ക് ദൃശ്യത നൽകി സാമൂഹ്യപരിണാമ ചരിത്രത്തിൽ പുതിയ അധ്യായങ്ങൾ എഴുതിച്ചേർത്തു ദേശാഭിമാനി. സ്ത്രീ, ദളിത്, -ആദിവാസി, പരിസ്ഥിതി, ട്രാൻസ്ജെൻഡർ പ്രശ്നങ്ങളിലും വിഷയങ്ങളിലും സൂക്ഷ്മ ജാഗ്രത പുലർത്താൻ ദേശാഭിമാനിക്ക് കഴിയുന്നതുപോലെ മറ്റു പത്രങ്ങൾക്ക് കഴിയുന്നില്ല എന്നത് വസ്തുതയാണ്. സ്ത്രീകൾ, യുവജനങ്ങൾ, കുട്ടികൾ തുടങ്ങിയവർക്കെല്ലാം സാമൂഹ്യരംഗത്തെ പരിവർത്തനോന്മുഖമായ ഇടപെടലുകളിലും പരിഷ്കരണ സംരംഭങ്ങളിലും പങ്കുകൊള്ളാനുള്ള ആന്തരികമായ ഊർജവും ഉണർവും ദേശാഭിമാനി പകർന്നു നൽകിയിട്ടുണ്ട്.

ഇത് നമ്മുടെ സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾക്ക് എത്രത്തോളം വഴി തെളിച്ചിട്ടുണ്ട് എന്നത് പരിശോധിച്ച് അറിയാൻ കഴിയുന്ന ഒന്നാണ്. ഈ സന്ദർഭത്തിൽ ദേശാഭിമാനിയുടെ സപ്ലിമെന്റുകളെക്കുറിച്ചും സൂചിപ്പിക്കാം. വാരാന്തപ്പതിപ്പു കൂടാതെ അക്ഷരമുറ്റം, സ്ത്രീ, കിളിവാതിൽ, തൊഴിൽ എന്നീ സപ്ലിമെന്റുകളാണ്‌ ദേശാഭിമാനിക്കുള്ളത്. പുരോഗമനപരമായ ഉള്ളടക്കത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാതിരിക്കൽ, ശാസ്ത്ര ചിന്തയും യുക്തിബോധവും ഉറപ്പിക്കൽ എന്നിവ ഈ സപ്ലിമെന്റുകളുടെ എടുത്തു പറയേണ്ട സവിശേഷതകളാണ്. ശാസ്ത്രീയമായ അറിവിനെയും സർഗവൈഭവത്തെയും പുതിയൊരു ലോകനിർമിതിക്ക് ഉതകുംവണ്ണം സംവിധാനം ചെയ്യുന്നു എന്നിടത്താണ് ഇവയുടെ പ്രസക്തി. ഇവയിൽ അക്ഷരമുറ്റത്തെക്കുറിച്ച് ചില കാര്യങ്ങൾകൂടി പറയട്ടെ. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള ഒരു പതിപ്പ് എന്നതിനപ്പുറം നമ്മുടെ വിദ്യാഭ്യാസമേഖലയിൽ ഏറ്റവും സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന ഒന്നാണ് അക്ഷരമുറ്റം. പൊതുവിദ്യാലയങ്ങളെ വീണ്ടെടുക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം ഒന്നാം പിണറായി സർക്കാർ അത്യുജ്വലമാക്കി യാഥാർഥ്യമാക്കിയത് ചരിത്രമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണം എന്ന തുടർപ്രക്രിയയിൽ അക്ഷരമുറ്റത്തിന് ഗണ്യമായ പങ്കുണ്ട്. പൊതുവിദ്യാലയങ്ങളുടെ ഇന്നത്തെ മികവുകൾ അനുഭവ സത്യമായിരിക്കെ, അവയെ മികവിൽനിന്ന് മികവിലേക്ക് നയിക്കുന്നതിലാണ് ഇപ്പോൾ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി പാഠ്യപാഠ്യേതര വിഷയങ്ങൾ മുൻനിർത്തി വ്യത്യസ്ത പരിപാടികൾ അക്ഷരമുറ്റം സംഘടിപ്പിക്കുന്നു. അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ വിദ്യാർഥികളുടെ വിജ്ഞാനോത്സവം എന്ന നിലയിൽ കേരളീയസമൂഹം ഏറ്റെടുത്തുകഴിഞ്ഞു. വിദ്യാർഥി-യുവജന സമൂഹത്തെ ഇപ്രകാരം അഭിസംബോധന ചെയ്യുകയെന്നത് യുവമനസ്സുകളെ സർഗാത്മകമാക്കുന്നതിൽ ഏറ്റവും പ്രധാനമാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ.

ശാസ്ത്രീയമായ ഉൾക്കാഴ്ചയോടെ ലോകത്തെയും ജീവിതത്തെയും നോക്കിക്കാണാനുള്ള മാനസിക ശിക്ഷണം കേരളജനതയ്ക്ക് നൽകിയതിൽ ദേശാഭിമാനി ദിനപത്രത്തിന് വിലമതിക്കാനാകാത്ത പങ്കുണ്ട്. ജനങ്ങളുടെ നിത്യജീവിത പ്രശ്നങ്ങൾ തിരിച്ചറിയുക, അശാസ്ത്രീയ ചിന്താഗതികളിൽനിന്ന്‌ ഉടലെടുക്കുന്ന അന്ധവിശ്വാസത്തിൽനിന്നും അനാചാരങ്ങളിൽനിന്നും സമൂഹത്തെ മോചിപ്പിക്കുക തുടങ്ങിയ ഗൗരവം നിറഞ്ഞ, ശ്രമകരമായ ദൗത്യം എട്ട്‌ ദശകമായി നിർവഹിച്ചു കൊണ്ടിരിക്കുന്നു ദേശാഭിമാനി. പേരിലെ അഭിമാനം അന്വർഥമാക്കിക്കൊണ്ട് കേരളത്തിന്റെ നാവും മനസ്സും നട്ടെല്ലുമായി ദേശാഭിമാനി തലയുയർത്തിനിൽക്കുന്നു. കൂടുതൽ ജനമനസ്സുകളിലേക്ക് വളർന്നു പടർന്നുകൊണ്ടിരിക്കുന്നു. മനുഷ്യരുടെ ബുദ്ധിജീവിതത്തിലും ആശയ ലോകങ്ങളിലും ഏറ്റവും പ്രാധാന്യമർഹിക്കുന്നത് എന്തെന്ന് ചിന്തിക്കാനുള്ള അവസരമാണ് വായനക്കാർക്കായി ദേശാഭിമാനി നിത്യവും ഒരുക്കുന്നത്. സിപിഐ എമ്മിന്റെ മുഖപത്രം ആയിരിക്കുമ്പോൾത്തന്നെ സമൂഹത്തെ ഒന്നാകെ സമഗ്രമായി അഭിസംബോധന ചെയ്യുന്നു എന്നിടത്താണ് ദേശാഭിമാനി ജനങ്ങളുടെ പത്രമാകുന്നത്. ജനങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അവർക്ക് ബോധ്യപ്പെടുത്തിക്കൊടുത്തും വാർത്തകൾ സത്യസന്ധമായി അവതരിപ്പിച്ചും ദേശാഭിമാനി എന്നും ജനങ്ങളുടെ കൂടെയുണ്ട്. രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിൽ വിഭാഗീയതകൾക്കതീതമായി  നേരിനൊപ്പം തലയെടുപ്പോടെ നിൽക്കാൻ ദേശാഭിമാനിക്ക്‌ തുടർന്നും കഴിയട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top