24 April Wednesday

വാർഷികാഘോഷം സമാപിക്കുമ്പോൾ - പുത്തലത്ത് ദിനേശൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 18, 2023


ദേശാഭിമാനിയുടെ 80–-ാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് വൈകിട്ട്‌ അഞ്ചിന്‌  സിപിഐ എം  ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുകയാണ്. 80–-ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം ദേശാഭിമാനി വാരികയായി പുറത്തിറങ്ങിയ സെപ്തംബർ ആറിന്‌ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ നിർവഹിച്ചത്‌.  പത്രത്തെ ഈ നിലയിലേക്ക് വളർത്തുന്നതിൽ പങ്കുവഹിച്ച മുൻകാല ചീഫ് എഡിറ്റർമാരുടെയും ജനറൽ മാനേജർമാരുടെയും സേവനത്തെ ബഹുമാനിച്ച്‌ ആദരവും നൽകുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും ഇവരെ ആദരിക്കുക.  ചടങ്ങിൽ വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്‌ണന്‌ ദേശാഭിമാനി പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമാപന സമ്മേളനത്തെ   അഭിവാദ്യം ചെയ്യും.

കേരളത്തിന്റെ പത്രപ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായി മാറാൻ 80 വർഷത്തിനുള്ളിൽ ദേശാഭിമാനിക്ക് കഴിഞ്ഞിട്ടുണ്ട്. ദേശാഭിമാനിയുടെ നിലപാടുകളെ എതിർക്കുന്നവർക്കുപോലും അതിനെ അവഗണിച്ച് പോകാനാകില്ലെന്ന നിലയിലേക്ക് പത്രത്തിന്റെ സ്വാധീനശക്തി വർധിപ്പിക്കാനും കഴിഞ്ഞു. സിപിഐ എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിക്ക് എതിരിടേണ്ടി വന്നത് മറ്റ് പാർടി പത്രങ്ങളെയല്ല. മറിച്ച് നിഷ്പക്ഷമെന്ന് പ്രഖ്യാപിച്ച് വലതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്ന മുഖ്യധാരാ പത്രങ്ങളെയാണ്. അതുകൊണ്ടുതന്നെ ജനകീയ താൽപ്പര്യങ്ങൾ പ്രചരിപ്പിക്കുമ്പോഴും വലതുപക്ഷ ആശയങ്ങളെ തുറന്നുകാട്ടേണ്ട ഉത്തരവാദിത്വവും ദേശാഭിമാനിക്ക് ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്.

ഓരോ ദിവസവും പത്രം കൃത്യമായി അച്ചടിച്ച് വിതരണം ചെയ്യുക മാത്രമല്ല, ജനകീയ കാഴ്ചപ്പാടുകളെ വികസിപ്പിക്കാനും ജനങ്ങളുടെ ആവശ്യങ്ങൾ മുന്നോട്ടുവയ്‌ക്കാനും  പത്രത്തിന് കഴിയേണ്ടതുണ്ട്. എങ്കിൽ മാത്രമേ ജനകീയ പ്രതിബദ്ധത അതിന്റെ സമഗ്രതയിൽ എത്തിക്കാനാകൂ. 80–-ാം വാർഷികാഘോഷ പരിപാടികൾ ആസൂത്രണം ചെയ്യുമ്പോൾ ഇത്തരമൊരു കാഴ്ചപ്പാട് മുന്നോട്ടുവച്ചുകൊണ്ടാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്‌. 

ജനാധിപത്യത്തിന്റെ നാലാം തൂണായി അറിയപ്പെടുന്ന മാധ്യമങ്ങൾ ജനകീയ താൽപ്പര്യങ്ങളിൽനിന്ന് പുറന്തിരിഞ്ഞു നിൽക്കുന്ന ഘട്ടത്തിൽ അത് തുറന്നുകാട്ടുകയെന്നത് ഏറെ പ്രധാനമാണ്. ഒപ്പം ജനകീയ മാധ്യമ ഇടപെടലുകളെ വികസിപ്പിക്കുക എന്നതും പ്രധാന ഉത്തരവാദിത്വമായി വർത്തമാനകാലത്ത് മാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളിൽ വമ്പിച്ച ജനപങ്കാളിത്തത്തോടെ മാധ്യമ സെമിനാറുകൾ  സംഘടിപ്പിച്ചത്.

കേരളത്തിന്റെ വിവിധ മേഖലകളിൽ പലവിധത്തിലുള്ള വികസന പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ട്. അവ കണ്ടെത്താനും ജനജീവിതം കൂടുതൽ  മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന ബദൽസാധ്യതകളെ അന്വേഷിക്കുന്നതിനും ഇക്കാര്യത്തിൽ അഭിപ്രായ സമന്വയത്തിനുള്ള ഇടപെടലും ദേശാഭിമാനി നടത്തുകയുണ്ടായി. കൊല്ലം ജില്ലയുടെ വികസനപ്രശ്നങ്ങൾ, വയനാടിന്റെ ടൂറിസം സാധ്യതകൾ, പാലക്കാട്ടെ കാർഷിക പ്രശ്നങ്ങൾ തുടങ്ങിയ സെമിനാറുകൾ ഇത് ലക്ഷ്യംവച്ചുള്ള പുതിയ ചുവടുവയ്‌പുകളായിരുന്നു.

രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ ദുർബലപ്പെടുത്തി മതരാഷ്ട്രവാദത്തിന്റെ ആശയങ്ങൾ ശക്തമായി പ്രചരിപ്പിക്കുന്ന ഘട്ടം കൂടിയാണിത്. മതനിരപേക്ഷത നിലനിർത്തി മാത്രമേ പത്രസ്വാതന്ത്ര്യംപോലും സംരക്ഷിക്കാനാകൂ. ഈ യാഥാർഥ്യമുൾക്കൊണ്ട്‌,  വർഗീയ ധ്രുവീകരണത്തിനായി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ബഹുജന മുന്നേറ്റം സൂക്ഷ്മതലത്തിൽ  വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും 80–-ാം വാർഷികത്തോടനുബന്ധിച്ച് ദേശാഭിമാനി സംഘടിപ്പിച്ചു.

മലപ്പുറം ജില്ലയെ കേന്ദ്രീകരിച്ച്‌ മതരാഷ്ട്രവാദികൾ നടത്തുന്ന പ്രചാരണങ്ങളെ തുറന്നുകാട്ടി അവിടെ സംഘടിപ്പിച്ച മലപ്പുറം മഹോത്സവം മതരാഷ്ട്രവാദികൾക്കെതിരായ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതായിരുന്നു. വർഗീയ പ്രചാരണങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടി ഇവിടത്തെ യഥാർഥ പാരമ്പര്യം മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും കർഷകത്തൊഴിലാളി പോരാട്ടങ്ങളുടെയുമാണെന്നത് വ്യക്തമാക്കിക്കൊണ്ടുള്ള ഇടപെടലായിരുന്നു അത്. ചരിത്രത്തെയും സംസ്കാരത്തെയും തെറ്റായ രീതിയിൽ വായിച്ചെടുക്കുന്ന മതരാഷ്ട്രവാദികളുടെ കാഴ്ചപ്പാടുകളുടെ പൊള്ളത്തരങ്ങൾ ഇതിൽ തുറന്നുകാട്ടപ്പെട്ടു. മലപ്പുറം ജില്ലയെ സംബന്ധിച്ച് പഠിച്ച ഇരുനൂറോളം ഗവേഷണ പ്ര ബന്ധങ്ങൾ  അവതരിപ്പിക്കുകയുണ്ടായി. അക്കാദമിക രംഗത്തെ വിജ്ഞാനത്തെ ജനകീയ പ്രതിരോധവുമായി കണ്ണിചേർക്കുന്നതിനുള്ള മാതൃകയായും അത് മാറി. മലപ്പുറത്ത് അവതരിപ്പിച്ച പ്രബന്ധങ്ങളെല്ലാം ആഗസ്തിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച്‌ വർഗീയ പ്രചാരണങ്ങൾക്കെതിരായ ആശയപരമായ പ്രതിരോധം രൂപപ്പെടുത്തുകയും ചെയ്യും.   വിവിധ ജില്ലകളിലേക്കുകൂടി ഇത്തരം പരിപാടി വ്യാപിപ്പിക്കുന്നതിന് പ്രചോദനമാകാനും 80–-ാം വാർഷിക പരിപാടിയിലൂടെ ദേശാഭിമാനിക്ക് കഴിഞ്ഞു.


 

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികവും ഇതേ ഘട്ടത്തിലാണ് ആഘോഷിച്ചത്. വിവിധ ധാരകളുടെ മഹാപ്രവാഹമായിരുന്നുവല്ലോ ഇന്ത്യൻ ദേശീയ പ്രസ്ഥാനം. സ്വാതന്ത്ര്യസമരത്തിന്റെ വിവിധ ധാരകളെ ശരിയായ തരത്തിൽ പരിചയപ്പെടുത്തുന്ന പരമ്പരയും, തുടർന്ന് പുസ്തകമായി അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ജനപക്ഷത്തുനിന്ന്‌ എക്കാലവും പൊരുതിയ ദേശാഭിമാനിയുടെ ചരിത്രം ഓർമപ്പെടുത്തൽകൂടിയായിരുന്നു അത്.

സമ്പൂർണ സാക്ഷരതയിൽ കേരളം എത്തിക്കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ  പത്രം കൂടുതൽ ജനവിഭാഗങ്ങളിലേക്ക് എത്തിക്കുകയെന്നത് ഏറെ പ്രധാനമായിരിക്കുകയാണ്. പാർടി പത്രമായിരിക്കെത്തന്നെ ഒരു സമ്പൂർണ വാർത്താ പത്രമായി അതിനെ വികസിപ്പിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ പത്രത്തിന്റെ ദൗത്യം പൂർണമായും നിർവഹിക്കാൻ കഴിയുകയുള്ളൂവെന്ന ബോധ്യം ദേശാഭിമാനി പ്രവർത്തകർക്കുണ്ട്. വാർത്തകളെ തിരസ്കരിക്കുക എന്നതല്ല അവയെ അതിന്റെ ശരിയായ അർഥത്തിൽ നൽകി വിശകലനം ചെയ്യുകയെന്ന മാധ്യമസംസ്കാരം വളർത്തിയെടുക്കാനാണ് ദേശാഭിമാനി ഇടപെടുന്നത്.

തൊഴിലാളിവർഗ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുമ്പോൾത്തന്നെ ഇടതുപക്ഷ ബദൽനയങ്ങൾ പ്രചരിപ്പിക്കുകയെന്നത് പ്രധാന ദൗത്യമായി ദേശാഭിമാനി കാണുന്നു. നവോത്ഥാന ആശയങ്ങളുടെ പ്രചാരണവും ശാസ്ത്രബോധവും മതനിരപേക്ഷ ചിന്താഗതിയും പാരിസ്ഥിതിക അവബോധവും ജനങ്ങളിലെത്തിക്കുന്നതിനുവേണ്ടിയുള്ള ഇടപെടലുകളും പ്രധാനമായി  കാണുന്നു. പാർശ്വവൽക്കരിക്കപ്പെടുന്ന ജനതയുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുകയെന്ന സവിശേഷ ഉത്തരവാദിത്വവും ദേശാഭിമാനി ഏറ്റെടുത്തിട്ടുണ്ട്. വായനയെ ചരിത്രത്തോടും സമൂഹത്തോടും ബന്ധിപ്പിക്കുന്ന സൗന്ദര്യദർശനങ്ങളെ മുന്നോട്ടുവയ്‌ക്കാനും കഴിഞ്ഞു. നിരന്തരം നവീകരിച്ച്‌ മുന്നോട്ടുപോകുന്ന ഇടതുപക്ഷ സാംസ്കാരിക പ്രവർത്തനത്തിന്റെ അടിത്തറയായും പ്രചാരകനായും മാറുന്നതിന് ദേശാഭിമാനി വാരികയ്‌ക്കും കഴിയുകയുണ്ടായി.  

രാജ്യത്തിന്റെ എല്ലാ ഗുണപരമായ പാരമ്പര്യങ്ങളെയും തകർക്കുന്ന  ബിജെപി സർക്കാരിന്റെ യഥാർഥ രാഷ്ട്രീയത്തെ തുറന്നുകാട്ടി  മുന്നോട്ടുപോകുന്ന പ്രവർത്തനങ്ങളും ഈ കാലയളവിൽ  നടത്താനായി . ജനകീയ താൽപ്പര്യങ്ങൾക്കായുള്ള പോരാട്ടത്തിന്റെ 80 വർഷത്തെ അനുഭവങ്ങൾ ദേശാഭിമാനിക്കുണ്ട്. ആ അനുഭവങ്ങളിൽനിന്ന് കരുത്തുൾക്കൊണ്ട് പുതിയ കാലത്തെ വെല്ലുവിളികളെ നേരിട്ട്‌ ദേശാഭിമാനി മുന്നോട്ടുപോകുകയാണ്. നവമാധ്യമരംഗത്തെ സാധ്യതകൂടി ഉപയോഗപ്പെടുത്തി പത്രസ്ഥാപനത്തെ മാധ്യമസ്ഥാപനമാക്കി വളർത്തിയെടുക്കുകയെന്ന ഉത്തരവാദിത്വംകൂടി ഏറ്റെടുക്കുകയാണ്. ഇത്തരം ഇടപെടലുകളിലൂടെ പ്രചാരകനും പ്രക്ഷോഭകനും സംഘാടകനുമായി ദേശാഭിമാനി മുന്നേറുമെന്ന സന്ദേശമാണ് 80–-ാം വാർഷികാഘോഷ പരിപാടികളിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top