25 April Thursday

ഡെങ്കിപ്പനിയെ പ്രതിരോധിക്കാം - ഡോ. ബി ഇക്‌ബാൽ എഴുതുന്നു

ഡോ. ബി ഇക്‌ബാൽUpdated: Tuesday Jun 9, 2020

മഴ ആരംഭിച്ചതോടെ പ്രതീക്ഷിക്കാവുന്നതുപോലെ പകർച്ചവ്യാധികൾ പലതും തിരികെ എത്തിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ അറുപതോളംപേർക്ക് ഡെങ്കിപ്പനി ബാധിച്ചതായി റിപ്പോർട്ടുണ്ട്. കേരളത്തിൽ തെണ്ണൂറുകളുടെ അവസാനത്തോടെ പ്രത്യക്ഷപ്പെട്ട് അനേകം ജീവൻ വർഷംതോറും അപഹരിച്ചുവരുന്ന ഡെങ്കി, ചിക്കുൻ ഗുനിയ, മസ്തിഷ്ക ജ്വരം തുടങ്ങിയ രോഗങ്ങൾ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് പരത്തുന്നത്.

ഡെങ്കിപ്പനി
കൊതുക് പരത്തുന്ന രോഗങ്ങളിൽ ഡെങ്കിപ്പനിയാണ് ഇപ്പോൾ കേരളത്തിൽ കൂടുതലായി കണ്ടുവരുന്നത്. കഠിനമായ പനി, അസഹ്യമായ തലവേദന, കണ്ണുകളുടെ പിന്നിലും സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവ  സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. രക്തസ്രാവത്തോടെയുള്ള ഡെങ്കിപ്പനി (ഡെങ്കി ഹെമറേജിക് ഫീവർ) ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനി (ഡെങ്കി ഷോക്ക്സി ൻഡ്രോം)) എന്നിവ വളരെ മാരകമായിട്ടുള്ള ഡെങ്കിപ്പനിയുടെ അവസ്ഥയാണ്. 

പനിയുള്ളവർ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ തുടങ്ങിയ പാനീയങ്ങൾ കഴിക്കുകയും പൂർണ വിശ്രമമെടുക്കുകയും വേണം. പകർച്ചേതര രോഗങ്ങളായ പ്രമേഹം, രക്താതിമർദം, ശ്വാസകോശരോഗങ്ങൾ, ഹൃദ്‌രോഗം, ക്യാൻസർ തുടങ്ങിയവ ബാധിച്ചവരുടെയും പ്രായാധിക്യമുള്ളവരുടെയും ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പനി വരുമ്പോൾ പകർച്ചേതര രോഗങ്ങളും പനിക്കു കാരണമായ രോഗവും തീവ്രമാകാൻ സാധ്യതയുണ്ട്. പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവർ തങ്ങൾക്കുള്ള മറ്റ് രോഗങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഡോക്ടർമാർക്ക് നൽകാൻ ശ്രമിക്കേണ്ടതാണ്. അതനുസരിച്ച്ചി കിത്സ ക്രമീകരിക്കേണ്ടി വരും. പ്രമേഹരോഗികളുടെ ഇൻസുലിനും മറ്റും പനി വരുമ്പോൾ വർധിപ്പിക്കേണ്ടിവരും.

കൊതുക് നശീകരണം
കൊതുക് നശീകരണത്തിനായി ഫോഗിങ്ങാണ് ഇപ്പോൾ പ്രയോഗിച്ചുവരുന്നത്. മാലത്തിയോൺ എന്ന കീടനാശിനിയിൽ ഡീസലോ മണ്ണെണ്ണയോ ചേർത്ത മിശ്രിതമാ‍ണ് ഇതിനാ‍യുള്ളത്‌. പ്രത്യേക ഫോഗിങ്‌ ഉപകരണമുപയോഗിച്ച് ആരോഗ്യവകുപ്പും പഞ്ചായത്തുകളും ഫോഗിങ്‌ നടത്തുന്നുണ്ട്. എന്നാൽ, നന്നായി ആസൂത്രണം ചെയ്ത് ഒരു കേന്ദ്രത്തിൽ മാത്രമായി പരിമിതപ്പെടുത്താതെ പ്രദേശം മുഴുവനായി ഫോഗിങ്‌ നടത്തിയില്ലെങ്കിൽ കൊതുകുകൾ മറ്റു സ്ഥലങ്ങളിലേക്ക്  വ്യാപിക്കാനിടയുണ്ട്. ഇക്കാര്യം കണക്കിലെടുത്ത് ഫലവത്തായി ഫോഗിങ്‌ നടത്താൻ ശ്രമിക്കേണ്ടതാണ്. കൂത്താടികളെ ഭക്ഷിക്കുന്ന ഗപ്പി മത്സ്യങ്ങളെ വെള്ളക്കെട്ടിൽ വളർത്തുക, വന്ധ്യരായ ആൺ കൊതുകുകളെ വളർത്തിവിടുക തുടങ്ങിയ ജൈവരീതികൾ കൊതുകുസാന്ദ്രത കുറഞ്ഞ സാഹചര്യങ്ങളിലാണ് കൂടുതൽ ഫലപ്രദമാകുക. എങ്കിലും ഇവയും പ്രയോഗിക്കാവുന്നതാണ്. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തുകളുടെയും കൊതുകുനശീകരണ യജ്ഞങ്ങൾ ഏകോപ്പിക്കേണ്ടതാണ്‌. പ്രാണീജന്യ രോഗനിയന്ത്രണത്തിനായി ഹെൽത്ത് സർവീസസിന്റെ കീഴിൽ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും  വെക്ടർ കൺട്രോൾ യൂണിറ്റുകൾ കാര്യക്ഷമതയോടെ പ്രവർത്തിച്ചുവരുന്നുണ്ട്. ചേർത്തലയിലും കോഴിക്കോട്ടും പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ സേവനവും കൊതുകുനിയന്ത്രണത്തിനായി പ്രയോജനപ്പെടുന്നുണ്ട്.  ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൾ റിസർച്ചിന്റെ (ഐസിഎംആർ) കീഴിൽ പ്രവർത്തിക്കുന്ന കോട്ടയത്തെ വെക്ടർ കൺട്രോൾ റിസർച്ച് സെന്ററിന്റെ സഹായവും ആരോഗ്യ വകുപ്പ് തേടിയിട്ടുണ്ട്.


 

ഡ്രൈ ഡേ ആചരിക്കുക
ഈഡിസ് കൊതുകുസാന്ദ്രത കേരളത്തിൽ വളരെ കൂടുതലാണ്. കറുപ്പുനിറവും മൂ‍ന്ന് ജോഡി കാലുകളിലും മുതുകിലും വെളുത്ത വരകളുമുള്ളവയാണ് ഈഡിസ് കൊതുകുകൾ. ഇവയെ കടുവാ കൊതുകുകൾ എന്നും വിളിക്കാറുണ്ട്. ഈഡിസ് ജനുസിൽപ്പെട്ട ഈജിപ്തി, അൽബോപിക്ട്‌സ് എന്നീ പെൺ കൊതുകുകളാണ് പ്രധാനമായും രോഗം പരത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഈഡിസ് കൊതുകുകൾ വളരുന്നത്. ഇത്തരം കൊതുകുകൾ അധികദൂരം പറക്കാറില്ല. അതുകൊണ്ട് ഇവ വീടുകളുടെ പരിസരത്തുതന്നെയുണ്ടാകും. അതുകൊണ്ട് വീട്ടിലുംചുറ്റുപാടും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യേണ്ടതുണ്ട്. കൊതുക് പെറ്റുപെരുകാൻ സാധ്യതയുള്ള ഉറവിടങ്ങൾ ഇല്ലാതാക്കലാണ് പ്രധാനമായും നടത്തേണ്ടത്. വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള എല്ലാം വസ്തുക്കളും നീക്കണം.

കെട്ടിനിൽക്കുന്ന വെള്ളം  ഒഴുക്കിക്കളയുകയും വേണം. പ്രളയത്തെ തുടർന്ന് വീടുകളുടെ ചുറ്റുപാടും അടിഞ്ഞുകൂടിയിട്ടുള്ള കുപ്പികൾ, ഉപയോഗശൂന്യമായ പാത്രങ്ങൾ, ബോട്ടിലുകൾ, ടയറുകൾ എന്നിവയെല്ലാം നീക്കംചെയ്യേണ്ടതാണ്. ഇവയിലുള്ള വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് വളരും. ടെറസ്, പൂച്ചട്ടി, ഫ്രിഡ്ജിനു പിറകിലുള്ള ട്രേ, ഇവിടെനിന്നെല്ലാം വെള്ളം നീക്കംചെയ്യണം. റബർ തോട്ടങ്ങളിലുള്ള ചിരട്ടകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിച്ചുകളഞ്ഞ് കമഴ്ത്തിവയ്‌ക്കണം. വീട്ടിലും പരിസരത്തിലുംകെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാനുള്ള ഡ്രൈ ഡേആഴ്ചയിലൊരു ദിവസം നിർബന്ധമായും എല്ലാ വീട്ടിലുംനടത്തിയിരിക്കണം.

സെപ്റ്റിക് ടാങ്കുമായി ബന്ധിച്ചിട്ടുള്ള വെന്റ്പൈപ്പിന്റെ അഗ്രം കൊതുകുവല ഉപയോഗിച്ച് മൂടാൻശ്രദ്ധിക്കണം. കൊതുകുവല ഉപയോഗിച്ചും ശരീരം മുഴുവൻ മൂടുന്ന വസ്ത്രംധരിച്ചും  കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുകു കടിയിൽനിന്നും രക്ഷതേടേണ്ടതാണ്. വൈകിട്ടും രാവിലെയുമാണ് ഈ കൊതുകുകൾ വീട്ടിലേക്കു കടന്നുവന്ന് രക്തം ശേഖരിക്കാൻ മനുഷ്യരെ കടിക്കുന്നത്. വൈകിട്ടുമുതൽ രാവിലെവരെ വീടുകളുടെ കതകും ജനാലകളും അടച്ചിടാൻ ശ്രമിക്കേണ്ടതാണ്. ഈഡിസ് ഈജിപ്ത്തികൊതുകുകൾ കേരളത്തിൽ നിലനിൽക്കുന്നിടത്തോളം കാലം ഇതേ കൊതുകുകൾ പരത്തുന്ന സിക്ക പനി, മരണനിരക്ക് വളരെ കൂടുതലുള്ള മഞ്ഞപ്പനി  തുടങ്ങിയ രോഗങ്ങൾ പ്രവാസി ജനത എറെയുള്ള കേരളത്തിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നും എത്താൻ സാധ്യതയുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top