29 March Friday
നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

മഹാദുരന്തം വിതച്ച മഠയത്തരം - ഡോ. ടി എം തോമസ് ഐസക് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 8, 2021

കൃത്യം അഞ്ച്‌ വർഷം മുമ്പാണ് രാത്രി, രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ തുഗ്ലക് പരിഷ്കാര പരമ്പരയിൽ ആദ്യത്തേത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. അർധരാത്രിമുതൽ അഞ്ഞൂറും ആയിരവും നോട്ടുകൾ പിൻവലിക്കുന്നു. രാജ്യത്തെ നോട്ടുകളുടെ 86 ശതമാനം ഒറ്റയടിക്ക് ഇല്ലാതാക്കി. അന്നു രാത്രിതന്നെ ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ ചേംബറിൽ നടത്തിയ പത്രസമ്മേളനത്തിൽ ഇതിനെ ഭ്രാന്തൻ നടപടിയെന്നാണ്‌ ഞാൻ വിശേഷിപ്പിച്ചത്. പിറ്റേന്ന് നിയമസഭയിൽ ധനമന്ത്രി ഇങ്ങനെ ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപദേശിച്ചു. പി കെ കുഞ്ഞാലിക്കുട്ടി വിശദമായ പ്രസ്താവന സഭയിൽ വയ്ക്കണമെന്ന് അഭിപ്രായപ്പെട്ടു. അന്ന്‌ നിയമസഭ പിരിയുന്നതിനുമുമ്പ് നോട്ട്‌ നിരോധനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ വിശദമായ ഒരു പ്രസ്താവന നടത്തി. അന്ന്‌ പറഞ്ഞവയെല്ലാം പിന്നീട് ഏതാണ്ട് യാഥാർഥ്യമായിത്തീർന്നു.

പണത്തിന്റെ പ്രാധാന്യം
നമ്മുടെ ശരീരത്തിൽ രക്തത്തിനുള്ള സ്ഥാനമാണ് സമ്പദ്ഘടനയിൽ പണത്തിനുള്ളത്. രക്തം മുഴുവൻ ഒറ്റയടിക്ക്‌ വലിച്ചു പുറത്തെടുത്താലോ? ജീവനുണ്ടാകില്ല. അതുപോലെ തന്നെയാണ് ഒറ്റയടിക്കു പണം മുഴുവൻ റദ്ദാക്കിയാലുണ്ടാകുക. കൂലി നൽകാനാകില്ല. സാധനങ്ങൾ വിൽക്കാനും വാങ്ങാനും കഴിയില്ല. കടം കൊടുക്കാനോ വാങ്ങാനോ കഴിയില്ല. സാമ്പത്തിക സ്തംഭനമായിരിക്കും ഫലം. എന്നാൽ, മോദി പറഞ്ഞത് 50 ദിവസംകൊണ്ട് പഴയ നോട്ടുകൾ ബാങ്കിൽ കൊടുത്താൽ പുതിയ നോട്ടുകൾ നൽകും. രാജ്യം സാധാരണഗതിയിലാകും. ഇതു പ്രഖ്യാപിക്കുമ്പോൾ പുതിയ നോട്ടുകൾ അച്ചടിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. 50 ദിവസമല്ല, രണ്ടോ മൂന്നോ മാസമെങ്കിലും ഇതിനു വേണ്ടിവരുമെന്ന്‌ വളരെ വ്യക്തമായിരുന്നു. അത്രയും നാൾ സമ്പദ്ഘടന സ്തംഭിച്ചു കിടന്നാലുള്ള ജനങ്ങളുടെ ദുരിതം ഓർത്തേ? ഒട്ടേറെ ചെറുകിട സ്ഥാപനങ്ങൾ തകർന്നുപോകും. കൊയ്ത്തു കഴിഞ്ഞ കൃഷിക്കാരുടെ ധാന്യവും മറ്റും വിൽക്കാൻ കഴിയാതെ അവരും വലയും. അങ്ങനെ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങി.

കള്ളപ്പണവേട്ടയോ?
എന്തുകണ്ടിട്ടാണ് മോദി ഇങ്ങനെയൊരു അഭ്യാസത്തിനു തുനിഞ്ഞതെന്ന് ഇന്നും പൂർണമായും വ്യക്തമല്ല. പലതും ഉണ്ടായിരിക്കണം ഉന്നം. കള്ളപ്പണം പിടിക്കാനാണ് നോട്ട്‌ നിരോധനമെന്നാണ് രാത്രി പ്രസംഗത്തിൽ വിശദീകരിച്ചത്.  പ്രധാനമന്ത്രിയുടെ തെറ്റിദ്ധാരണ കള്ളപ്പണമെല്ലാം നാട്ടിൽ നോട്ടുകളായി ചാക്കിൽക്കെട്ടി സൂക്ഷിച്ചിരിക്കുകയാണെന്നാണ്. ഇത് അബദ്ധമാണ്. കള്ളപ്പണത്തിന്റെ സിംഹഭാഗവും വിദേശത്താണ്. നാട്ടിൽ കള്ളപ്പണം സൂക്ഷിക്കുന്നവർ സ്വർണത്തിലോ ഭൂമിയിലോ അത് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. നോട്ട് റദ്ദാക്കിയതുകൊണ്ട് ആ കള്ളപ്പണം കണ്ടുപിടിക്കാനാകില്ല.


 

സത്യം പറയട്ടെ, ബിജെപിക്കാരെല്ലാം ആത്മാർഥമായിട്ടു വിശ്വസിച്ചിരുന്നത് ഒരു അഞ്ച്‌ ലക്ഷം കോടി രൂപയുടെ കള്ളപ്പണമെങ്കിലും പുതിയ നോട്ടുകളാക്കാൻ തിരിച്ചുവരില്ലെന്നാണ്. അത്രയും ബാധ്യത റിസർവ്‌ ബാങ്കിന് ഇല്ലാതാകും. ഇത്‌ കേന്ദ്രസർക്കാരിനു വരുമാനമാക്കാം. ടിവി ചാനൽ ചർച്ചയിൽ കെ സുരേന്ദ്രൻ എന്നെ വെല്ലുവിളിച്ച ഇതേകാര്യം കുറച്ചു ഗഹനമായ രീതിയിൽ അന്നത്തെ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി  ഞങ്ങൾ കുറച്ചു ധനമന്ത്രിമാർക്ക്‌ വിശദീകരിച്ചും തന്നിരുന്നു. അവസാനം റിസർവ് ബാങ്കിന്റെ 2017–-18 വാർഷിക റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഈ മഠയത്തരം സാമാന്യബുദ്ധിയുള്ളവർക്കെല്ലാം ബോധ്യപ്പെട്ടു. അസാധുവാക്കപ്പെട്ട നോട്ടുകളിൽ 99.3 ശതമാനവും തിരിച്ചെത്തി. കള്ളപ്പണം പിടിക്കുമെന്ന നരേന്ദ്ര മോദിയുടെ വീമ്പടിക്കലിന് ഒരു ഫലവുമുണ്ടായില്ല എന്നർഥം.

ഡിജിറ്റൽ കറൻസി
കള്ളപ്പണവേട്ട വാദം പൊളിഞ്ഞെന്നു കണ്ടപ്പോൾ മോദി ഗോൾപോസ്റ്റ് മാറ്റി. കറൻസിയിൽനിന്ന് ഡിജിറ്റൽ പേയ്‌മെന്റിലേക്ക്‌ രാജ്യത്തെ മാറ്റുകയാണു ലക്ഷ്യമെന്ന്‌ പ്രഖ്യാപിച്ചു. എല്ലാ കൈമാറ്റത്തിനും രേഖയുണ്ടാകുമ്പോൾ കള്ളപ്പണം ഇല്ലാതാകും, നികുതി പിരിയും അങ്ങനെ ഗുണങ്ങൾ പലത്. റിസർവ്‌ ബാങ്കിന്റെ കണക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നു. 2016 നവംബറിൽ ജനങ്ങളുടെ കൈവശമുണ്ടായിരുന്ന ആകെ കറൻസിമൂല്യം 17.97 ലക്ഷം കോടി രൂപ. 2021 ഒക്ടോബറിലെ മൂല്യം 28.30 ലക്ഷം കോടി . കറൻസി ഉപയോഗം 57 ശതമാനം ഉയർന്നു.

സാമ്പത്തിക കൂടോത്രം
എങ്ങനെ ഇത്ര ബുദ്ധിമാന്മാരായ ആളുകൾക്ക് ഇതുപോലെ മണ്ടത്തരം പറ്റുന്നതെന്ന് ഒത്തിരി ആലോചിച്ചിട്ടുണ്ട്. ഇതൊന്നും സാമ്പത്തിക വിദഗ്ധർ  ഉപദേശിച്ചു കൊടുത്തിട്ടുള്ളതല്ല. മോദിയുടെ സാമ്പത്തികശാസ്ത്രം മോണിറ്ററിസമാണ്. എന്നുവച്ചാൽ കെയിൻസ് പറഞ്ഞതുപോലെ സർക്കാർ സമ്പദ്ഘടനയിലെ പണത്തിന്റെ അളവ് കൂട്ടാനും കുറയ്ക്കാനും നിൽക്കരുത്. പണലഭ്യത സ്ഥിരതോതിൽ നിലനിർത്തണം. സമ്പദ്ഘടന അതിന്റെ സന്തുലനാവസ്ഥയിൽ എത്തിക്കോളും.

മോണിറ്ററിസത്തിന്റെ അപ്പോസ്തലനായ മിൽറ്റൻ ഫ്രീഡ്മാന്റെ സുപ്രധാന പ്രമാണമാണിത്. അപ്പോഴാണ് അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾ ഇന്ത്യയിൽ നോട്ട്‌ തന്നെ കുറച്ചുനാളത്തേക്ക്‌ വേണ്ടെന്നുവയ്ക്കുന്നത്. നാഗ്പുരിലെ ആർഎസ്എസ് കാര്യാലയത്തിലെ ചില സാമ്പത്തിക കൂടോത്രക്കാരുടെ അതിബുദ്ധിയായിരുന്നു നോട്ട്‌ നിരോധനം എന്നാണ് ഇപ്പോൾ കരുതുന്നത്. നോട്ട്‌ നിരോധനംകൊണ്ട് ബിജെപിക്ക്‌ ഗുണമുണ്ടായി. കോൺഗ്രസും പല പ്രാദേശിക പാർടികളും തെരഞ്ഞെടുപ്പിനും മറ്റും വേണ്ടി ഒട്ടേറെ കള്ളപ്പണം ബിജെപിയെപ്പോലെതന്നെ ശേഖരിച്ചിട്ടുണ്ടായിരുന്നു. ഈ നടപടിയിലൂടെ ബിജെപി ഒഴിച്ച്‌ ബാക്കിയുള്ള എല്ലാവരെയും പാപ്പരാക്കി. ബിജെപിയുടെ കള്ളപ്പണം അമിത് ഷായുടെയും മറ്റും നിയന്ത്രണത്തിലുള്ള ബാങ്കുകൾ വഴി വെളുപ്പിച്ചെടുത്തു.

സാമ്പത്തികത്തകർച്ച
എന്നാൽ നോട്ട്‌ നിരോധനം നമ്മുടെ രാജ്യത്തെ സമ്പദ്ഘടനയ്ക്ക് ഏൽപ്പിച്ച പ്രഹരത്തിൽനിന്ന് ഇതുവരെ കരകയറിയിട്ടില്ല. ലക്ഷക്കണക്കിന്‌ ചെറുകിട സ്ഥാപനങ്ങൾ അസംസ്കൃത വസ്തുക്കൾ വാങ്ങാനോ ഉൽപ്പന്നങ്ങൾ വിൽക്കാനോ കഴിയാതെ അടച്ചുപൂട്ടേണ്ടി വന്നു. പ്രധാനമന്ത്രിക്ക് ഉണ്ടായിരുന്ന ധാരണ പുതിയ നോട്ടുകൾ ഇവരുടെ കൈയിൽ വരുന്നതോടെ ഇവരൊക്കെ ഉയിർത്തെഴുന്നേറ്റുകൊള്ളുമെന്നാണ്. ഒന്നോ രണ്ടോ ദിവസം വെള്ളമൊഴിക്കാതെ വാടിയ ചെടി വെള്ളം കിട്ടിയാൽ ഉയിർത്തെഴുന്നേൽക്കാം. എന്നാൽ, ഏതാനും ആഴ്ച വെള്ളം കിട്ടാതെ വാടിപ്പോയവ ഇനി എത്ര വെള്ളം ഒഴിച്ചാലും തളിരിടില്ല. ഇതാണ് ഇന്ത്യൻ സമ്പദ്ഘടനയിൽ സംഭവിച്ചത്.

നോട്ട്‌ നിരോധനത്തിനു തൊട്ടുമുമ്പുള്ള 2015–-16ന്റെ അവസാനപാദത്തിലും 2016–-17ലെ ഒന്നും രണ്ടും പാദത്തിലും ഇന്ത്യൻ സമ്പദ്ഘടന ഒമ്പത്‌ ശതമാനത്തിനുമീതെ വളർന്നതാണ്. നോട്ട്‌ നിരോധനത്തെത്തുടർന്ന് സാമ്പത്തികവളർച്ച മന്ദീഭവിക്കാൻ തുടങ്ങി. 2017–-18ൽ ഇത് 6.8 ശതമാനമായി 2018–-19ൽ 6.53 ശതമാനമായി. തുടർന്നുള്ള ഓരോ പാദത്തിലും വളർച്ചനിരക്ക് ഇടിഞ്ഞുകൊണ്ടേയിരുന്നു. 2019–-20ന്റെ അവസാനപാദത്തിൽ കേവലം 3.01 ശതമാനം മാത്രമായിരുന്നു സാമ്പത്തികവളർച്ച.

ദേശീയനഷ്ടം
കോവിഡിനു മുമ്പുതന്നെ ഇന്ത്യൻ സമ്പദ്ഘടന വലിയൊരു തകർച്ചയിലേക്കു വഴുതി വീഴുകയായിരുന്നു. മോദിയുടെ നോട്ട്‌ നിരോധനം രാജ്യത്തിനു സൃഷ്ടിച്ച ദേശീയനഷ്ടത്തിന്റെ കണക്കൊന്നു കൂട്ടിനോക്കി. ഇന്ത്യൻ സമ്പദ്ഘടന 2016–-17 പോലെ ഒമ്പത്‌ ശതമാനംവച്ച് വളരുമെന്ന അനുമാനത്തിൽ 13 ലക്ഷം കോടി രൂപ ദേശീയനഷ്ടമുണ്ടായി. തീർന്നില്ല. അസംഘടിത മേഖലയാണ് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നത്. അവിടെയായിരുന്നു നോട്ട്‌ നിരോധനത്തിന്റെ ആഘാതം ഏറ്റവും രൂക്ഷം. ഫലമോ? ഇന്ത്യ തൊഴിൽരഹിത വളർച്ചയിലേക്കു നീങ്ങി. ഫലമോ? 2012നെ അപേക്ഷിച്ച് ഗ്രാമീണ ജനങ്ങളുടെ ഉപഭോഗം കേവലമായി കുറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ ഇങ്ങനെയൊരു അനുഭവം ആദ്യമായിട്ടാണ്. ഈ കാലയളവിൽ ദരിദ്രരുടെ എണ്ണത്തിൽ എട്ട്‌ കോടി വർധന ഉണ്ടായെന്നാണ് ഇന്നലത്തെ ദേശാഭിമാനി റിപ്പോർട്ടിൽ പറയുന്നത്. ഈ ദേശീയവിനാശത്തിന് ഉത്തരവാദികളായ മോദി സംഘത്തെ ജനകീയ വിചാരണ ചെയ്യണം.


 

നാടിന്റെ നട്ടെല്ലൊടിച്ച്‌
കള്ളപ്പണം, അഴിമതി, ഭീകരവാദം എന്നിവ അവസാനിപ്പിക്കുമെന്ന അവകാശവാദത്തോടെയാണ്‌ നരേന്ദ്ര മോദി നോട്ട്‌ നിരോധനം നടപ്പാക്കിയത്‌. എല്ലാം ശരിയാക്കാൻ തനിക്ക്‌ 50 ദിവസം തരണമെന്നായിരുന്നു ഇന്ത്യൻ ജനതയോട്‌ മോദി ആവശ്യപ്പെട്ടത്‌. ജീവിതച്ചെലവിനുള്ള പണത്തിനായി വരിനിന്ന്‌ കുഴഞ്ഞുവീണും സ്വന്തം പണം നഷ്ടപ്പെടുമെന്ന ഭയത്തിലുമടക്കം നൂറിലധികം പേരുടെ ജീവനാണ്‌ ഇതിന്റെ ഭാഗമായി നഷ്ടമായത്‌. അഞ്ച്‌ വർഷം പിന്നിടുമ്പോഴും നോട്ട്‌ നിരോധനം എൽപ്പിച്ച ആഘാതത്തിൽനിന്ന്‌ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ മറികടക്കാനായിട്ടില്ല.

രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കുമെന്നായിരുന്നു പ്രധാന പ്രഖ്യാപനം. നോട്ട്‌ നിരോധനത്തിലൂടെ 3-–4 ലക്ഷം കോടി രൂപയുടെ കള്ളപ്പണം കണ്ടെത്താനാകുമെന്നായിരുന്നു കേന്ദ്ര സർക്കാർ പ്രതീക്ഷിച്ചത്‌.  നിരോധിച്ച നോട്ടുകളുടെ ആകെ മൂല്യം 15.41 ലക്ഷം കോടിയായിരുന്നു. റിസർവ്‌ ബാങ്കിന്റെ കണക്കുപ്രകാരം 99 ശതമാനം നോട്ടും അതായത്‌ 15.31 ലക്ഷം കോടി രൂപയും തിരിച്ചെത്തി.

നോട്ട്‌ നിരോധനത്തിന്റെ രണ്ടാമത്തെ വലിയ ലക്ഷ്യം വ്യാജ നോട്ടുകൾ ഇല്ലാതാക്കലായിരുന്നു. എന്നാൽ, കള്ളനോട്ട്‌ ഇപ്പോഴും രാജ്യത്ത്‌ വലിയ തോതിൽ പ്രചാരത്തിലുണ്ടെന്നാണ്‌ റിസർവ്‌ ബാങ്കിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്‌. പുതിയനോട്ട്‌ ഇറക്കിയതിനുപിന്നാലെതന്നെ കള്ളനോട്ടുകളും ഇറങ്ങി. 2016ൽ 6.32 ലക്ഷം വ്യാജ നോട്ടാണ്‌ പിടികൂടിയത്‌. തുടർന്നുള്ള നാല്‌ വർഷത്തിനിടെ 18.87 ലക്ഷം വ്യാജ നോട്ട്‌ പിടിച്ചു. നോട്ട്‌ നിരോധനത്തിനുശേഷം 100 രൂപയുടെ വ്യാജ നോട്ടുകൾ വർധിക്കുകയാണ്‌.

നാല്‌ വർഷത്തിനിടെ വ്യാജനോട്ടുകൾ പിടിച്ചതിന്റെ വർധന (ശതമാനത്തിൽ)
500 രൂപ –-37.5
200 രൂപ –-151.2
50 രൂപ–- 28.7
10 രൂപ –-144.6

നോട്ടിന്റെ പ്രചാരം കുറച്ച്‌ ഡിജിറ്റൽ ഇടപാട്‌ വ്യാപിപ്പിക്കുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. എന്നാൽ, പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ മൂല്യം വർധിക്കുകയാണുണ്ടായത്‌. ഒക്ടോബർ എട്ട്‌ വരെയുള്ള ആർബിഐയുടെ കണക്കുപ്രകാരം പ്രചാരത്തിലുള്ള രൂപയുടെ മൂല്യം നോട്ട്‌ നിരോധനത്തിനുശേഷം 57.48 ശതമാനം വർധിച്ചു. നിരോധനം നടപ്പാക്കുന്നതിനുമുമ്പ്‌ നവംബർ ആദ്യ ആഴ്‌ചയിൽ 17.97 ലക്ഷം കോടിയായിരുന്നു പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യം. നോട്ട്‌ നിരോധനത്തെ തുടർന്ന്‌ 2016 മാർച്ചിൽ 16.4 ലക്ഷം കോടി രൂപയായി കുറഞ്ഞു. എന്നാൽ, നാല്‌ വർഷം പിന്നിട്ടപ്പോൾ 2020 മാർച്ചിൽ 24.2 ലക്ഷം കോടിയായി വർധിച്ചു. നിലവിൽ പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യം 28.30 ലക്ഷം കോടിയായി വർധിച്ചു.

അതേസമയം, ഡിജിറ്റൽ പണ ഇടപാടുകളും സമാന്തരമായി വർധിച്ചു. 2016ൽ നടന്നത്‌ 70,466 ഡിജിറ്റൽ ഇടപാടായിരുന്നു. 2020ൽ ഇത്‌ 3.4 ലക്ഷമായി ഉയർന്നുവെങ്കിലും പിന്നീട് ക്രമാനുഗതമായി കുറഞ്ഞു. 2020 സാമ്പത്തികവർഷത്തെ യുപിഐ ഇടപാടുകളുടെ മൂല്യം 1251.86 കോടി രൂപയാണ്‌. ചെറുകിട നഗരങ്ങളിൽ ഇ–- കൊമേഴ്‌സ്‌ വിൽപ്പനയിൽ 90 ശതമാനം ഇടപാടുകൾ ഇപ്പോഴും നടക്കുന്നത്‌ കറൻസിയിലൂടെയാണ്‌. നിരോധനം നടപ്പാക്കാൻ കേന്ദ്ര സർക്കാർ ചെലവഴിച്ചത്‌ 21,000 കോടി രൂപയാണ്‌. നിരോധിച്ച നോട്ടുകളിൽ തിരിച്ചുവരാത്തവയുടെ ആകെ മൂല്യം 16,000 കോടി മാത്രമായിരുന്നു. 2016ൽ നോട്ടുകളുടെ അച്ചടിക്കായി ചെലവിട്ടത്‌ 7965 കോടിയാണ്‌. കടത്തുകൂലിയും മറ്റിതര ചെലവുകളും വേറെയും. മുൻ വർഷമിത്‌ 3421 കോടി മാത്രമായിരുന്നു.

2016–-17ൽ റിസർവ്‌ ബാങ്കിന്റെ വാർഷിക വരുമാനം 23.56 ശതമാനം കുറഞ്ഞു. ചെലവ്‌ 107.84ശതമാനം ഉയർന്നു. നിരോധിച്ച നോട്ടുകൾ നശിപ്പിക്കാൻ ചെലവായ തുക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഭീകരവാദം ഇല്ലാതാക്കുമെന്ന വാദവും പൊളിഞ്ഞു. നോട്ട്‌ നിരോധനത്തിനു ശേഷമുള്ള വർഷങ്ങളിൽ രാജ്യത്ത്‌ ഭീകരാക്രമണം കൂടുകയായിരുന്നു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമായിരുന്നു നോട്ട്‌ നിരോധനമെന്നാണ്‌ സാമ്പത്തിക വിദഗ്‌ധർ വിലയിരുത്തിയത്‌. വിനിമയത്തിനായി പണം കൂടുതൽ ഉപയോഗിച്ചിരുന്ന ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ വലിയ രീതിയിൽ ബാധിച്ചു. വിതരണശൃംഖല തടസ്സപ്പെട്ടു. നോട്ട്‌ നിരോധനം നടപ്പാക്കുമ്പോൾ റിസർവ്‌ ബാങ്ക്‌ ഗവർണറായിരുന്ന രഘുറാം രാജൻതന്നെ കേന്ദ്ര സർക്കാർ നടപടിയെ പിന്നീട്‌ തള്ളിപ്പറഞ്ഞു. താൻ ഒരിക്കലും നോട്ട്‌ നിരോധനത്തെ പിന്തുണച്ചിരുന്നില്ലെന്നും ‘ഐ ഡു വാട്ട്‌ ഐ ഡു’ എന്ന പുസ്‌തകത്തിൽ അദ്ദേഹം വെളിപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top