29 March Friday

നോട്ടുനിരോധിച്ചത് 
ആർക്കുവേണ്ടി - എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jan 5, 2023

ആറുവർഷംമുമ്പ് ശൈത്യകാലത്ത് മോദി സർക്കാർ നോട്ട് അസാധുവാക്കിയ നടപടിയെ ചോദ്യംചെയ്ത്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നൽകിയ ഹർജി ഉൾപ്പെടെ 58 ഹർജിയിൽ വൈകിയാണെങ്കിലും സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നു. സർക്കാർ പ്രഖ്യാപിച്ച ലക്ഷ്യങ്ങൾ നിറവേറ്റിയോ, അതുണ്ടാക്കിയ മാനുഷിക ആഘാതം എത്ര ആഴത്തിൽ ഉള്ളതാണെന്നോ പരിശോധിക്കാൻ വിസമ്മതിച്ച പരമോന്നത നീതിപീഠം, എക്സിക്യൂട്ടീവ് കൈക്കൊണ്ട തീരുമാനം നിയമവിരുദ്ധമാണോ എന്ന പരിശോധന മാത്രമാണ് നടത്തിയത്. ഈ പരിശോധനയിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാലുപേർ സർക്കാർ നിയമലംഘനം നടത്തിയിട്ടില്ലെന്ന് വിധിച്ചപ്പോൾ വിയോജന വിധിയെഴുതിയ ജസ്റ്റിസ് ബി വി നാഗരത്‌ന നോട്ട് അസാധുവാക്കൽ നടപടി നിയമവിരുദ്ധമാണെന്ന് വിധിക്കുകയും ചെയ്തു. അതായത്, സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവിച്ചതുപോലെ മോദി സർക്കാരിന്റെ നടപടിയെ ഒരു തരത്തിലും അനുകൂലിക്കുന്നതല്ല സുപ്രീംകോടതി വിധിന്യായം. നോട്ട് അസാധുവാക്കാനുള്ള തീരുമാനമെടുക്കാൻ കേന്ദ്രത്തിന് അവകാശമുണ്ടെന്ന് മാത്രമാണ് ഭൂരിപക്ഷ വിധിന്യായം പറഞ്ഞത്. എന്നാൽ, ഈ നടപടിപോലും നിയമവിരുദ്ധമാണെന്നാണ് വിയോജന വിധി പറഞ്ഞത്.

നിയമവിരുദ്ധതയുടെ രണ്ടു വശമാണ് ഇവരുടെ വിധിന്യായത്തിൽ ഉള്ളത്. ഒന്നാമതായി ഗസറ്റ് വിജ്ഞാപനത്തിൽ കൂടിയല്ല നോട്ട് അസാധുവാക്കൽപോലുള്ള നടപടി കൈക്കൊള്ളേണ്ടത്. നിയമനിർമാണത്തിലൂടെയാണ് ഇത്തരം നടപടി സ്വീകരിക്കേണ്ടത്. 1978ൽ നോട്ട് അസാധുവാക്കിയപ്പോൾ ആദ്യം മന്ത്രിസഭായോഗം ചേർന്ന് ഓർഡിനൻസ് ഇറക്കുകയും പിന്നീട് അത് പാർലമെന്റിൽവച്ച് നിയമമാക്കുകയുമായിരുന്നു. എന്നാൽ, ഇവിടെ അതിന് തയ്യാറാകാതെ ഗസറ്റ് വിജ്ഞാപനത്തിലൂടെ അത് പ്രഖ്യാപിക്കുകയായിരുന്നു.

ഭരണഘടനയിലെ 300 എ വ്യക്തമായും പറയുന്നത്  ‘‘നിയമപ്രകാരമല്ലാതെ ഒരു വ്യക്തിക്കും അവരുടെ സ്വത്തുക്കൾ നിഷേധിക്കപ്പെടരുത്’’ എന്നാണ്. പണം ഉപയോഗിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തെയാണ് നിയമത്തിന്റെ പിൻബലമില്ലാതെ നിഷേധിച്ചത്. കള്ളപ്പണം തടയുക, ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ട് ഇല്ലാതാക്കൽ തുടങ്ങിയ ലക്ഷ്യങ്ങൾ നേടാനാണ് നോട്ട് അസാധുവാക്കിയതെങ്കിൽ നിയമനിർമാണത്തെ മോദി സർക്കാർ ഭയപ്പെടുന്നത് എന്തിനായിരുന്നു? പാർലമെന്റിൽ നടക്കുന്ന ചർച്ചയെ ഭയക്കുന്നത് എന്തിനാണ്?  ജനാധിപത്യവിരുദ്ധ മാർഗത്തിലൂടെയാണ് നോട്ട് നിരോധനം കൊണ്ടുവന്നത് എന്നത് വ്യക്തമാണ്. രണ്ടാമത്തെ വിഷയം നോട്ടുനിരോധനം നടപ്പാക്കേണ്ടത് സർക്കാരാണോ റിസർവ് ബാങ്കാണോ എന്നതാണ്. 1934ലെ ആർബിഐ നിയമത്തിന്റെ 26(2) അനുസരിച്ച് ഏതെങ്കിലും കറൻസിയുടെ ചില സീരീസ് അസാധുവാക്കാമെന്നല്ലാതെ മൊത്തം സീരീസ് അസാധുവാക്കണമെങ്കിൽ നിയമനിർമാണം വേണം എന്നാണ് വിയോജനവിധി പറയുന്നത്. മാത്രമല്ല, നോട്ടുനിരോധനംപോലുള്ള നടപടിക്ക്‌ തുടക്കമിടേണ്ടത് കേന്ദ്രമല്ല ആർബിഐ ആണെന്നും നേരെമറിച്ചാണ് ഇവിടെ സംഭവിച്ചതെന്നും വിയോജനവിധി പറയുന്നു. കേന്ദ്രം തീരുമാനം കൈക്കൊണ്ടശേഷം ആർബിഐയുടെ അഭിപ്രായം ആരായുക മാത്രമാണ് ഉണ്ടായത്. ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ ആർബിഐയുടെ സ്വതന്ത്രമായ നിലനിൽപ്പിനെയാണ് മോദി സർക്കാർ വെല്ലുവിളിച്ചത്. വിയോജന വിധി വിരൽചൂണ്ടുന്നത് നോട്ട് അസാധുവാക്കൽ നടപടിയിലെ ജനാധിപത്യവിരുദ്ധമായ ഉള്ളടക്കത്തെയാണ്‌.

നീതി വൈകുന്നത് നീതിനിഷേധത്തിന് തുല്യമാണെന്നത്‌ ജുഡീഷ്യറിയെ സംബന്ധിച്ച് മഹദ്‌വചനങ്ങളിൽ ഒന്നാണ്. നോട്ട് അസാധുവാക്കൽ നടപടി മുൻകാല പ്രാബല്യത്തോടെ തിരുത്താനാകില്ല എന്ന പരമോന്നത കോടതിയുടെ നിസ്സഹായത ഇതാണ് വ്യക്തമാക്കുന്നത്. 2016 നവംബർ എട്ടിന് രാത്രിയാണ് ‘നോട്ട് ബന്ദി’ നടപടി മോദി പ്രഖ്യാപിച്ചത്.  ഇതു സംബന്ധിച്ച് ഹർജികളിൽ വാദംകേട്ട സുപ്രീംകോടതി ഡിസംബർ 16ന് തന്നെ ഒമ്പത്‌ ചോദ്യം ഭരണഘടനാ ബെഞ്ചിനു മുന്നിൽ വച്ചിരുന്നു. തുടർന്ന് അഞ്ച് ജസ്റ്റിസുമാർ വന്നുപോയെങ്കിലും ഭരണഘടനാ ബെഞ്ചിന് രൂപം നൽകിയില്ല. എന്നാൽ, ഇതേ സമയം മുത്തലാഖ്‌ വിഷയത്തിലും സ്വകാര്യത–- ആധാർ വിഷയങ്ങളിലും അയോധ്യ ഭൂമി തർക്കം സംബന്ധിച്ച കേസിലും ശബരിമല വിഷയത്തിലും ഭരണഘടനാ ബഞ്ചിന്‌ രൂപം നൽകുകയും പലതിലും വിധി വരികയും ചെയ്തു.

എന്നാൽ, സാധാരണ ജനങ്ങളെ കുത്തുപാളയെടുപ്പിച്ച നോട്ട് അസാധുവാക്കൽ വിഷയത്തിൽ ഈ വർഷം ആഗസ്‌തിൽ മാത്രമാണ് അഞ്ചംഗ ബെഞ്ച് രൂപീകരിച്ചത്. ജമ്മു കശ്‌മീരിന്‌ പ്രത്യേക അവകാശങ്ങൾ നൽകിയ ഭരണഘടനയിലെ 370–ാം -വകുപ്പ്‌ റദ്ദാക്കിയ നടപടിക്കെതിരെയും ഇലക്ടറൽ ബോണ്ട് നടപടിക്കെതിരെയും സമർപ്പിച്ച ഹർജികൾ ഇനിയും പരിഗണിക്കാൻ സുപ്രീംകോടതി തയ്യാറായിട്ടില്ല. ജുഡീഷ്യറിയും മോദി സർക്കാരിന് വഴങ്ങുകയാണെന്ന വിമർശം ശക്തിപ്പെടാനുള്ള കാരണവും ഇതാണ്.

നോട്ട് അസാധുവാക്കൽ നടപടി സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തെക്കുറിച്ചും മനുഷ്യരുടെ കഷ്ടപ്പാടിനെക്കുറിച്ചും പരമോന്നത കോടതി പരിശോധിക്കാത്തത്‌ പ്രതിഷേധമർഹിക്കുന്നു. ജനങ്ങളുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ എന്ത് ചെയ്യാമായിരുന്നെന്നും കോടതി പരിശോധിക്കേണ്ടിയിരിക്കുന്നു. രാജ്യത്ത് വിതരണത്തിലുള്ള കറൻസിയുടെ 86 ശതമാനവും നിരോധിക്കുമ്പോൾ അതുണ്ടാക്കുന്ന ദുരന്തത്തെക്കുറിച്ച് ചിന്തിക്കാനോ ഗവൺമെന്റ്‌ നടപടിയെ വിമർശനാത്മകമായി പരിശോധിക്കാനോ കഴിയാത്തവിധം നമ്മുടെ ജുഡീഷ്യറിയും അധഃപതിച്ചു പോയോ എന്ന സംശയം പല കോണുകളിൽനിന്നും ഉയരുകയാണ്.

നോട്ട്‌ നിരോധിച്ചുകൊണ്ട് 2016 നവംബർ എട്ടിന് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ അഴിമതിയും കള്ളപ്പണവും തടയാനും ഭീകരവാദികൾക്കുള്ള സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കാനുമാണ് നടപടി എന്നാണ് ന്യായീകരിച്ചത്. ഈ പ്രസംഗത്തിൽ 18 തവണയാണ് ‘ബ്ലാക്ക് മണി’ എന്ന പ്രയോഗം മോദി നടത്തിയത്. നവംബർ എട്ടിന്‌ അസാധുവാക്കിയ 1000, 500 രൂപ നോട്ടുകളുടെ മൂല്യം 15.41 ലക്ഷം കോടി രൂപയായിരുന്നു. ഇതിൽ 15.31 ലക്ഷം കോടി രൂപയും തിരിച്ചെത്തി. അതായത്, 99.3 ശതമാനം നോട്ടും തിരിച്ചെത്തിയെന്ന്‌ ഒമ്പതു മാസത്തിനുശേഷം ആർബിഐതന്നെ പ്രസിദ്ധീകരിച്ച കണക്ക്‌ വ്യക്തമാക്കി. അതായത്, ഒരു ശതമാനം കള്ളപ്പണംപോലും തിരിച്ചു പിടിക്കാനായില്ല. 2000 രൂപയുടെ നോട്ടുകൾ ഇറക്കിയതും ഇലക്ടറൽ ബോണ്ടുകൾ ആരംഭിച്ചതും കള്ളപ്പണത്തെ പ്രോത്സാഹിപ്പിക്കാനായിരുന്നില്ലേ എന്ന ചോദ്യവും ഉയരുന്ന ഘട്ടമാണ് ഇത്‌.



 

ജിഡിപി വളർച്ചനിരക്ക് നാലു ശതമാനംവരെ കുറഞ്ഞു. കള്ളപ്പണ സിദ്ധാന്തം പൊളിഞ്ഞപ്പോഴാണ് ‘കറൻസി രഹിത ഇന്ത്യ’യാണ്‌ ലക്ഷ്യമെന്ന് മൻ കി ബാത്തിൽ മോദി പറഞ്ഞത്. (2017 നവംബർ 27ന്‌) 2016 നവംബർ എട്ടിന്റെ പ്രസംഗത്തിൽ ഇതേക്കുറിച്ച് മിണ്ടാട്ടമില്ലായിരുന്നു. എന്നാൽ, കറൻസി രഹിതം എന്ന ലക്ഷ്യം നേടാനായില്ലെന്നു മാത്രമല്ല കറൻസി ഉപയോഗം നാൾക്കുനാൾ കൂടുകയും ആണെന്ന്‌ ആർബിഐതന്നെ പ്രസിദ്ധീകരിച്ച കണക്ക്‌ പറയുന്നു. നോട്ട് അസാധുവാക്കുന്നതിന്‌ നാലു ദിവസംമുമ്പ് 2016 നവംബർ നാലിന്‌ 17.74 ലക്ഷം കോടി രൂപയുടെ കറൻസിയാണ്‌ വിപണിയിലുണ്ടായിരുന്നതെങ്കിൽ 2022 ഡിസംബർ 23ന്റെ കണക്കനുസരിച്ച്‌ 32.42 ലക്ഷം കോടി രൂപയുടെ കറൻസിയാണ്‌ വിപണിയിലുള്ളത്‌. 83 ശതമാനം വർധന. മോദിയുടെ കറൻസിരഹിത സമ്പദ് വ്യവസ്ഥയുടെ വളർച്ച അത്ഭുതംതന്നെ.

ഭീകരപ്രവർത്തനം തടയാനെന്ന പേരിലാണ്‌ നോട്ടുനിരോധനം കൊണ്ടുവന്നത്‌. കഴിഞ്ഞ ആറു വർഷത്തിനകം 269 ഭീകരാക്രമണത്തിലായി കൊല്ലപ്പെട്ടത് 1240 പേർ. ഇതെഴുതുമ്പോഴും ജമ്മു കശ്മീരിലെ രജൗരിയിൽ സാധാരണ ജനങ്ങൾ വൻ പ്രതിഷേധത്തിലാണ്. ഭീകരാക്രമണങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നാണ് അവരുടെ പരാതി. പാവങ്ങളുടെ ‘മിശിഹാ’വേഷം എടുത്തണിയുക ലക്ഷ്യമാക്കി മോദി നടത്തിയ നോട്ട് അസാധുവാക്കൽ പാവങ്ങളെ നിത്യദുരിതത്തിലേക്ക്‌  വലിച്ചെറിയുകയാണുണ്ടായത്‌. നൂറുകണക്കിന് ആളുകൾ മരിച്ചു. ഈ യാഥാർഥ്യങ്ങൾ കാണാനോ സർക്കാരിനെ ബോധ്യപ്പെടുത്താനോ ജനങ്ങൾക്ക് കോടതിവിധികളുടെ ആവശ്യമുണ്ടാകുമെന്ന് തോന്നുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top