സ്വാതന്ത്ര്യപ്രാപ്തിയുടെ 75 വർഷം പിന്നിടുമ്പോൾ വീണ്ടെടുക്കപ്പെടേണ്ട അടിസ്ഥാന സങ്കൽപ്പങ്ങളിലൊന്നായി ‘ഇന്ത്യ എന്ന ആശയം’ മാറിത്തീർന്നിരിക്കുന്നു. ജനാധിപത്യം, മതനിരപേക്ഷത, സ്വാതന്ത്ര്യം, സാമൂഹ്യനീതി എന്നിങ്ങനെ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളിലോരോന്നും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെ നേരിടുകയാണിപ്പോൾ. പാർലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളായ പാർലമെന്റ്, ജുഡീഷ്യറി, എക്‌സിക്യൂട്ടീവ് എന്നിവയിൽ എക്‌സിക്യൂട്ടീവിന്റെ പരമാധികാരം മറ്റെല്ലാത്തിനെയും വിഴുങ്ങുന്നതിന്റെ അടയാളങ്ങൾ എവിടെയും കാണാം. ഉന്നതമായ ശിരസ്സും നിർഭയമായ മനസ്സുമുള്ള, വിഭാഗീയതയുടെ ഇടഭിത്തികളില്ലാത്ത, രാഷ്ട്രശരീരത്തിനു പകരം സ്വേച്ഛാധിപത്യത്തിന്റെയും വർഗീയഫാസിസത്തിന്റെയും പാതാളക്കുഴിയിലേക്ക് കൂപ്പുകുത്തുന്ന രാജ്യത്തിന്റെ ചിത്രമാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയെ വിഴുങ്ങുന്ന ഈ ഇരുട്ടിനെതിരായ സമരം എന്നതു മാത്രമാണ് സ്വാതന്ത്ര്യം എന്ന പദത്തിന് ഇപ്പോഴുള്ള അർഥം.
‘ഇന്ത്യ അഥവാ ഭാരതം സംസ്ഥാനങ്ങളുടെ യൂണിയനാണ്’ എന്ന പ്രസ്താവനയിലാണ് ഇന്ത്യൻ ഭരണഘടനയുടെ ഒന്നാം അനുച്ഛേദം ആരംഭിക്കുന്നത്. പലനിലകളിൽ പ്രാധാന്യമുള്ള ഒന്നാണാ വാക്യം. ഇന്ത്യ എന്ന പുതിയ രാഷ്ട്രത്തിന്റെ സ്വഭാവ നിർവചനത്തിലേക്കും അതിന്റെ സ്വരൂപത്തിലേക്കും അത് വെളിച്ചം വീശുന്നുണ്ട്. പുതുതായി നിലവിൽ വരുന്ന രാഷ്ട്രം ഏകാത്മകമായ മത -സാംസ്‌കാരിക സ്വത്വത്തിനു മുകളിൽ പടുത്തുയർത്തപ്പെട്ട ഒന്നല്ലെന്നും ബഹുസ്വരവും മതനിരപേക്ഷവുമായ ഒന്നായാണ് അതു നിലനിൽക്കേണ്ടതെന്നും ഈ ആദ്യവാക്യംതന്നെ വ്യക്തമാക്കുന്നുണ്ട്.
സിന്ധുനദിയുടെ പേരിൽനിന്നുണ്ടായ ‘ഇൻഡസ്’ ആണ് ഇന്ത്യ എന്ന പദത്തിന്റെ മൂലം. ഗ്രീക്കുഭാഷയിലൂടെയും ലത്തീനിലൂടെയും കടന്ന് ഇംഗ്ലീഷിലെത്തിയപ്പോഴാണ് അത് ‘ഇന്ത്യ’യായത്.
സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം നിലവിൽ വരുന്ന രാജ്യത്തിന്റെ പേരെന്തായിരിക്കണം എന്ന കാര്യം ഭരണഘടനാ അസംബ്ലിയിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നായിരുന്നു. ഭാരതം, ഭാരതവർഷം, ആർഷഭാരതം, ഹിന്ദുസ്ഥാൻ, ഹിന്ദ്, ഇന്ത്യ എന്നിങ്ങനെ പല പേരുകൾ അക്കാലത്ത് നിർദേശിക്കപ്പെടുകയുണ്ടായി. ഇന്ത്യ, ഭാരതം എന്നിവയൊഴികെയുള്ള പേരുകൾക്ക് ഭരണഘടനാ നിർമാണസഭയുടെ പരിഗണനയിൽ കാര്യമായ ഇടം കിട്ടിയില്ല. ഇവയിൽ ഏതാണ് രാഷ്ട്രനാമമായി സ്വീകരിക്കപ്പെടേണ്ടത് എന്നതിനെക്കുറിച്ച് താരതമ്യേന വിപുലമായ ചർച്ചയാണ് ഭരണഘടനാ അസംബ്ലിയിൽ അരങ്ങേറിയത്. അതിനൊടുവിലാണ് ‘ഇന്ത്യ അഥവാ ഭാരതം’ എന്നിങ്ങനെ രണ്ടു പേരുകളും ഉൾപ്പെടുന്ന ഒരു വാക്യത്തിലേക്ക് ഭരണഘടനാ നിർമാണസഭ എത്തിച്ചേർന്നത്. ‘ഭാരതം’ എന്ന പേര് ഒന്നാമതായി വരണമെന്ന ആവശ്യം ചർച്ചയിൽ ഉയർന്നുവന്നെങ്കിലും ഭരണഘടനാ അസംബ്ലി അതംഗീകരിക്കുകയുണ്ടായില്ല.
സിന്ധുനദിയുടെ പേരിൽനിന്നുണ്ടായ ‘ഇൻഡസ്’ ആണ് ഇന്ത്യ എന്ന പദത്തിന്റെ മൂലം. ഗ്രീക്കുഭാഷയിലൂടെയും ലത്തീനിലൂടെയും കടന്ന് ഇംഗ്ലീഷിലെത്തിയപ്പോഴാണ് അത് ‘ഇന്ത്യ’യായത്. അങ്ങനെയൊരു പേര് പുതിയ രാഷ്ട്രത്തിന്റെ ഔദ്യോഗിക നാമമായും ആദ്യപേരായും സ്വീകരിക്കുകവഴി നമ്മുടെ രാജ്യത്തിന്റെ ബഹുഭാവ സംസ്‌കാരത്തെക്കൂടിയാണ് ഭരണഘടനാ അസംബ്ലി ഉയർത്തിപ്പിടിച്ചത്. ഏതെങ്കിലുമൊരു മതത്താലോ സംസ്‌കാരത്താലോ മാത്രം നിർണയിക്കപ്പെട്ടതല്ല ഈ രാജ്യം എന്ന കാര്യം ആ പേര് ഉറപ്പിച്ചു പറയുന്നു. പല പല ജീവിതപാരമ്പര്യങ്ങളും സാംസ്‌കാരിക ക്രമങ്ങളും കലർന്നുണ്ടായ സഹവർത്തിത്വത്തിന്റെ അടിപ്പടവിലാണ് ഈ രാഷ്ട്രം നിലനിൽക്കുന്നതെന്ന വലിയ പ്രഖ്യാപനംകൂടിയാണ് ‘ഇന്ത്യ’ എന്ന പേരിൽ അടങ്ങിയിരിക്കുന്നത്. വിഭജനത്തിന്റെ മുറിവുകൾക്കും അതു ജന്മം നൽകിയ ചോരപ്പുഴകൾക്കും നടുവിലിരുന്നുകൊണ്ടാണ് ഭരണഘടനാ നിർമാണസഭ ഈ തീരുമാനത്തിലെത്തിയത്. വിഭാഗീയതയുടെ കൊടികയറിനിൽക്കുന്ന ആ കാലത്തും രാഷ്ട്രജീവിതത്തെ ഏകപക്ഷീയമായ ഏതെങ്കിലുമൊരു പാരമ്പര്യത്തിലേക്ക് ചുരുക്കിക്കെട്ടാൻ ആ സഭ തയ്യാറായില്ല എന്നർഥം.
മതാത്മകവും ഏകാത്മകവുമായ അവരുടെ രാഷ്ട്രസങ്കൽപ്പത്തിനെതിരെ മതനിരപേക്ഷവും ബഹുസ്വരവുമായ ആധുനിക ഇന്ത്യയെ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഭരണഘടനാ നിർമാണസഭ ഒന്നാം അനുച്ഛേദത്തിന് രൂപം നൽകിയത്.
ബഹുത്വത്തെക്കുറിച്ചുള്ള ഈ അടിസ്ഥാനവീക്ഷണമാണ് സംസ്ഥാനങ്ങളുടെ യൂണിയനായി ഇന്ത്യയെ വിഭാവനം ചെയ്തതിനു പിന്നിലുമുള്ളത്. വ്യത്യസ്ത മത -സാംസ്‌കാരിക- ഭാഷാ സമൂഹങ്ങളുടെ ബോധപൂർവമായ ഒത്തിണക്കത്തിൽ നിന്നാണ് ഇന്ത്യ രൂപപ്പെട്ടതെന്ന് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം ഖണ്ഡിതമായി പ്രഖ്യാപിക്കുന്നു. ‘വിഭജനത്തിന്റെ വിത്ത്’ എന്ന് ഹൈന്ദവ വർഗീയതയുടെ പരമാചാര്യന്മാർ ഈ ഒന്നാം അനുച്ഛേദത്തെ അധിക്ഷേപിച്ചതും മറ്റൊന്നുംകൊണ്ടല്ല. മതാത്മകവും ഏകാത്മകവുമായ അവരുടെ രാഷ്ട്രസങ്കൽപ്പത്തിനെതിരെ മതനിരപേക്ഷവും ബഹുസ്വരവുമായ ആധുനിക ഇന്ത്യയെ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഭരണഘടനാ നിർമാണസഭ ഒന്നാം അനുച്ഛേദത്തിന് രൂപം നൽകിയത്.
സ്വാതന്ത്ര്യപ്രാപ്തിയുടെ 76–ാം വാർഷികത്തിലെത്തുമ്പോൾ ഇന്ത്യയിൽ അടിസ്ഥാനപരമായി വെല്ലുവിളിക്കപ്പെടുന്നത് ഈ രാഷ്ട്രസങ്കൽപ്പമാണ്. സാംസ്‌കാരികതയുടെ മറപറ്റിനിന്ന് ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമങ്ങളിൽനിന്ന് വർഗീയവാദികൾ മതരാഷ്ട്രനിർമിതിക്കായുള്ള പ്രത്യക്ഷ ശ്രമങ്ങളിലേക്ക് ചുവടുവച്ചു കഴിഞ്ഞു. 1930-കളിലെ ജർമനിയെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ന്യൂനപക്ഷവേട്ട ഇന്ന് രാജ്യത്തിന്റെ സ്വാഭാവിക ജീവിതംപോലെയായിരിക്കുന്നു. പാർലമെന്ററി ജനാധിപത്യവും ഭരണഘടനാസ്ഥാപനങ്ങളുടെ സ്വതന്ത്രമായ നിലനിൽപ്പുമെല്ലാം സമ്പൂർണമായ അട്ടിമറിയെ അഭിമുഖീകരിക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാനഘടനയെ അട്ടിമറിക്കുന്ന നടപടികൾ ഒന്നിനു പിന്നാലെ മറ്റൊന്നായി അരങ്ങേറുന്നു. ഇനിയുള്ള സ്വാതന്ത്ര്യദിനങ്ങളിൽ ഭരണഘടന വിഭാവനംചെയ്ത മതനിരപേക്ഷ -ജനാധിപത്യ ഇന്ത്യ ഔപചാരികമായെങ്കിലും ബാക്കിയുണ്ടാകുമോയെന്നു സംശയിക്കാവുന്ന നിലയിലേക്ക് രാജ്യം അനുദിനം കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്.
ആദ്യം അട്ടിമറിക്കപ്പെട്ടത് ജനാധിപത്യത്തെക്കുറിച്ചുള്ള ആധുനിക സങ്കൽപ്പമാണ്. ജനാധിപത്യത്തെ കേവലമായ ഭൂരിപക്ഷമായി ഹൈന്ദവ വർഗീയവാദികൾ സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു. ഇന്ത്യയിൽ രാഷ്ട്രീയഭൂരിപക്ഷത്തെ വർഗീയഭൂരിപക്ഷംകൊണ്ട് പകരം വയ്ക്കാനാകുമെന്ന അംബേദ്കറുടെ നിരീക്ഷണം സാധുവായിത്തീർന്ന സ്ഥിതിയാണ് ഇന്ന് രാജ്യത്തുള്ളത്. ‘വ്യത്യസ്തരായിരിക്കാനും ആ വ്യത്യസ്തതയുടെ പേരിൽ വേട്ടയാടപ്പെടാതിരിക്കാനുമുള്ള അവകാശം' എന്ന നിലയിൽ ജനാധിപത്യത്തെ ഉൾക്കൊള്ളുന്ന സമൂഹം എന്നതിൽനിന്ന് രാജ്യം പൂർണമായും വഴിതിരിഞ്ഞു. ആക്രമണോൽസുകമായ ഭൂരിപക്ഷവാദം മാത്രമായി ജനാധിപത്യം മാറി. അത്തരത്തിലുള്ള ഭൂരിപക്ഷനിർമിതിക്ക് ന്യൂനപക്ഷവിരോധം അടിസ്ഥാനയുക്തിയായി ഉപയോഗിക്കുന്നതോടെ ആ ഭൂരിപക്ഷവാദം ഫാസിസത്തോട് കൈകോർക്കുകയും ചെയ്യുന്നു.
നിയമവാഴ്ചയെ സമ്പൂർണമായി പിഴുതെറിയുന്ന ‘ബുൾഡോസർ രാജ്’ ഭരണത്തിന്റെ സ്വാഭാവിക രീതിയായിക്കഴിഞ്ഞതാണ് യുപിയിലും ഏറ്റവുമൊടുവിൽ ഹരിയാനയിലും കാണുന്നത്. സവർണ ബ്രാഹ്മണ്യത്തിന്റെ ഫാസിസ്റ്റ് രൂപം അതിന്റെ സമസ്ത വൈകൃതങ്ങളോടെയും രാജ്യത്തെ വിഴുങ്ങിയതിന്റെ അടയാളമായി അതവശേഷിക്കുന്നു.
ജനാധിപത്യത്തെ രാഷ്ട്രീയ ജനാധിപത്യം, സാമൂഹ്യ ജനാധിപത്യം, സാമ്പത്തിക ജനാധിപത്യം എന്നിവയുടെ സമതുലിതമായ നിലനിൽപ്പാക്കി മാറ്റാനാണ് ദേശീയപ്രസ്ഥാനവും ഭരണഘടനാ നിർമാണസഭയും ശ്രമിച്ചത്. സ്വാതന്ത്ര്യപ്രാപ്തിയുടെ 75 വർഷത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോൾ സാമൂഹ്യ-– -സാമ്പത്തിക ജനാധിപത്യം രാഷ്ട്രജീവിതത്തിൽ പൂർണമായി അസ്തമിച്ചതായി കാണാം. വ്യത്യസ്ത മത -ജാതി വിഭാഗങ്ങൾക്കും ഭാഷാ-സംസ്‌കാര വിഭാഗങ്ങൾക്കും തുല്യാവകാശവും തുല്യമായ അന്തസ്സും ഉറപ്പാക്കുകയെന്ന സാമൂഹ്യ ജനാധിപത്യ സങ്കൽപ്പം ഇന്ത്യയിൽ മണ്ണടിഞ്ഞു. ന്യൂനപക്ഷങ്ങളും ദളിതരും അനുദിനം വേട്ടയാടപ്പെടുന്ന രാജ്യമാണ് ഇന്നത്തെ ഇന്ത്യ. ന്യൂനപക്ഷക്കാരനായ ഒരാൾ അതിന്റെ പേരിൽമാത്രം ആക്രമിക്കപ്പെടാം എന്നത് ഇന്നത്തെ ഇന്ത്യയിലെ സ്വാഭാവിക യാഥാർഥ്യമാണ്! അതൊരു വാർത്തപോലുമാകാതെ കടന്നുപോകാവുന്നവിധം അതിനോട് സമരസപ്പെട്ട ഭൂരിപക്ഷമനസ്സാണ് ഇന്നിവിടെയുള്ളത്. ഗോത്രജനതയെ പൊലീസും ഭൂരിപക്ഷവിഭാഗവും കൈകോർത്ത് വേട്ടയാടുന്നതാണല്ലോ മണിപ്പുരിന്റെ വർത്തമാന ചിത്രം! നിയമവാഴ്ചയെ സമ്പൂർണമായി പിഴുതെറിയുന്ന ‘ബുൾഡോസർ രാജ്’ ഭരണത്തിന്റെ സ്വാഭാവിക രീതിയായിക്കഴിഞ്ഞതാണ് യുപിയിലും ഏറ്റവുമൊടുവിൽ ഹരിയാനയിലും കാണുന്നത്. സവർണ ബ്രാഹ്മണ്യത്തിന്റെ ഫാസിസ്റ്റ് രൂപം അതിന്റെ സമസ്ത വൈകൃതങ്ങളോടെയും രാജ്യത്തെ വിഴുങ്ങിയതിന്റെ അടയാളമായി അതവശേഷിക്കുന്നു.
സാമൂഹ്യ ജനാധിപത്യത്തിനും എത്രയോ അകലെയാണ് വർത്തമാന ഇന്ത്യയിൽ സാമ്പത്തിക ജനാധിപത്യം എന്ന ആശയം നിലനിൽക്കുന്നത്. വിഭവവിതരണനീതി എന്നതാണ് അതിന്റെ കാതൽ. സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് ഭരണഘടന പ്രഖ്യാപിക്കുന്നത് ഈ സാമ്പത്തികനീതി സങ്കൽപ്പത്തെ മുൻനിർത്തിയാണ്. എന്നാൽ, സ്വാതന്ത്ര്യപ്രാപ്തിക്കു മുക്കാൽ നൂറ്റാണ്ടു തികയുമ്പോൾ സാമ്പത്തിക ജനാധിപത്യം എന്ന സങ്കൽപ്പം അവശിഷ്ടങ്ങൾ പോലുമില്ലാത്ത വിധം രാഷ്ട്രശരീരത്തിൽ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു. സമ്പത്തിന്റെ വളർച്ചയ്‌ക്കൊപ്പം പെരുകുന്ന മാരകമായ അസമത്വത്തിന്റെ ചിത്രമാണ് വർത്തമാന ഇന്ത്യ കാഴ്ചവയ്ക്കുന്നത്. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന തമ്പേറുകൾ ഭരണാധികാരികൾ മുഴക്കുമ്പോൾത്തന്നെയാണ് 121 രാജ്യങ്ങൾ മാത്രം ഉൾപ്പെട്ട ആഗോള പട്ടിണിസൂചികയിൽ ഇന്ത്യ 107–--ാം സ്ഥാനത്തായിരിക്കുന്നത്! ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന സംഖ്യയായ 169-ൽ എത്തിയ കാലത്തുതന്നെയാണ് പട്ടിണിസൂചികയിലെ ഈ പതനത്തിലേക്കും കൂപ്പുകുത്തിയതെന്ന കാര്യം പ്രത്യേകം ഓർമിക്കേണ്ടതാണ്.
ഇങ്ങനെ സാമ്പത്തികവും സാമൂഹ്യവും ജനാധികാരവുമായ സങ്കൽപ്പങ്ങളുടെ ശവഘോഷയാത്രയാണ് ഇപ്പോൾ അരങ്ങേറുന്നത്. ജനാധിപത്യത്തിന്റെ ആധാരശിലയായി പരിഗണിക്കപ്പെടുന്ന പത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും ഇതു പ്രകടമാണ്. 180 രാജ്യങ്ങൾ ഉൾപ്പെട്ട ആഗോള പത്രസ്വാതന്ത്ര്യസൂചികയിൽ ഇന്ത്യയുടെ സ്ഥാനം 161 ആണ്. മുൻവർഷത്തെ 150–--ാം സ്ഥാനത്തുനിന്നാണ് 161–--ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 191 രാജ്യങ്ങൾ ഉൾപ്പെട്ട മാനവവിഭവശേഷി വികസനസൂചികയിൽ ഇന്ത്യയുടെ സ്ഥാനം 132 ആണ്. ആഗോള ജനാധിപത്യസൂചികയിൽ രാജ്യം 108–--ാം സ്ഥാനത്താണ്. ആഗോള സന്തോഷസൂചികയിൽ 126-ഉം ആഗോള സമാധാനസൂചികയിൽ 136-ഉം ആണ് ഇന്ത്യയുടെ സ്ഥാനം. 146 രാജ്യത്തെ മുൻനിർത്തി തയ്യാറാക്കിയ ലിംഗ അസമത്വസൂചികയിൽ ഇന്ത്യ 127-–-ാമത്തെ സ്ഥാനത്താണ്. ഇങ്ങനെ പട്ടിണി മുതൽ ലിംഗസമത്വംവരെയുള്ള ഏത് അടിസ്ഥാനസൂചികയിലും ലോകത്തിലെ ഏറ്റവും പിൻനിര രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. ഭീമമായ സാമ്പത്തിക വളർച്ചയുടെ മറുപുറത്ത് സാമാന്യജനതയുടെ ജീവിതത്തിനു നേരെ അരങ്ങേറുന്ന മാരകമായ കടന്നാക്രമണങ്ങളുടെയും കൊള്ളയുടെയും ചിത്രം കൂടിയാണിത്. ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന ഭരണകൂട വായ്ത്താരികളിൽ മറഞ്ഞുപോകുന്ന ഇന്ത്യയുടെ ചിത്രം!
ഈ രൂപത്തിൽ, വർഗീയ ഫാസിസ്റ്റുകളും നവ ഉദാരവാദികളും കൈകോർത്തുനിന്ന് ഇന്ത്യൻ ജനാധിപത്യത്തെ കൊന്നുതിന്നുന്നതിന്റെ നടുവിലൂടെയാണ് സ്വാതന്ത്ര്യപ്രാപ്തിയുടെ 76–-ാം വാർഷികം കടന്നുവരുന്നത്. ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വം സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണെന്നും രാഷ്ട്രീയ ജനാധിപത്യം എന്ന ആശയം അർഥപൂർണമാകുന്നത് അത് സാമൂഹ്യ -സാമ്പത്തിക ജനാധിപത്യത്തിനൊപ്പം ചേരുമ്പോഴാണ് എന്നുമുള്ള വീക്ഷണങ്ങളുടെ ബലത്തിലാണ് രാജ്യം സ്വാതന്ത്ര്യത്തിലേക്ക് നടന്നടുത്തത്. ഇന്ത്യയെന്ന ആശയത്തിന്റെ ആധാരശില ആ വീക്ഷണമായിരുന്നു. കേവലമായ രാഷ്ട്രീയസ്വാതന്ത്ര്യത്തിനപ്പുറം യഥാർഥമായ സ്വരാജ്യത്തിലേക്കുള്ള ഇന്ത്യയുടെ വഴിതെളിക്കുന്ന ആശയങ്ങളായിരുന്നു അത്. മഹിമയുറ്റ ആ ജീവിതമൂല്യങ്ങളെ വീണ്ടെടുക്കുക എന്നതാണ് വർത്തമാനകാലം നമ്മോടാവശ്യപ്പെടുന്ന ഏറ്റവും വലിയ ചുമതല. രാജ്യത്തിന്റെ 76–-ാം സ്വാതന്ത്ര്യദിനത്തിന്റെ സന്ദേശവും മറ്റൊന്നല്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..