26 April Friday

ഡൽഹി പിടിക്കാൻ മോദിതന്ത്രം - എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023

ഭരണഘടനയോടും ഭരണഘടനാതത്വങ്ങളോടും ഒരു ആഭിമുഖ്യവും ഇല്ലെന്നു മാത്രമല്ല, അത് മാറ്റിയെഴുതണമെന്നുള്ള അഭിപ്രായക്കാരാണ്‌ ഇപ്പോൾ കേന്ദ്ര ഭരണം കൈയാളുന്നത്‌.  അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്‌ കേന്ദ്ര ഭരണപ്രദേശമായ ഡൽഹിയുടെ ഭരണം സംബന്ധിച്ച്‌ നിയമ നീതി മന്ത്രാലയം പുറപ്പെടുവിച്ച ഓർഡിനൻസ്‌. ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവ നിശ്ച‌യിക്കാൻ ഡൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‌ അധികാരമുണ്ടെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച്‌ കഴിഞ്ഞദിവസം വിധിച്ചിരുന്നു. നീണ്ട നിയമയുദ്ധത്തിനുശേഷമാണ്‌ സുപ്രീംകോടതി രണ്ടാംതവണയും (2018ലും സമാനമായ വിധിയുണ്ടായി) തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനാണ്‌ ജീവനക്കാരുടെമേൽ അധികാരമുള്ളതെന്ന്‌ വിധിച്ചത്‌. ഈ വിധി മാനിച്ച്‌ അത്‌ നടപ്പാക്കുന്നതിനു പകരം സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകിയതിനു പുറമെ വിധിന്യായം മറികടക്കാൻ  തിടുക്കത്തിൽ ഓർഡിനൻസ്‌ ഇറക്കിയിരിക്കുകയാണ്‌ കേന്ദ്ര സർക്കാർ. പരമോന്നത കോടതിയുടെ തീരുമാനത്തെ അംഗീകരിക്കില്ലെന്ന ധാർഷ്‌ട്യം മാത്രമല്ല, ജുഡീഷ്യറിയെ അവഹേളിക്കൽ കൂടിയാണ്‌ ഇത്‌. ഭരണഘടനയിലെ ഫെഡറൽ തത്വങ്ങളെയാണ്‌ ഓർഡിനൻസിലൂടെ കേന്ദ്രം കാറ്റിൽപ്പറത്തുന്നത്‌. പരമോന്നത കോടതിയോടുള്ള ധിക്കാരപൂർവമായ ഈ സമീപനം  സ്വേച്ഛാധിപത്യ ചുവയുള്ളതാണ്‌. കർണാടക  നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയമായ പരാജയത്തിൽനിന്നും ഒരുപാഠവും ഉൾക്കൊള്ളാൻ ബിജെപി തയ്യാറല്ലെന്നും ഈ ഓർഡിനൻസ്‌ തെളിയിക്കുന്നു. 

‘പ്രതിപക്ഷമുക്ത ഭാരതം’ എന്ന ജനാധിപത്യവിരുദ്ധമായ മുദ്രാവാക്യമാണ്‌ മോദിയും ബിജെപിയും കുറെക്കാലമായി ഉയർത്തുന്നത്‌. അതിനായി ഏതു ഹീനമാർഗവും ഉപയോഗിക്കാൻ അവർ മടിക്കാറുമില്ല. പണവും പദവിയും വാഗ്‌ദാനം ചെയ്‌ത്‌ എംഎൽഎമാരെ കാലുമാറ്റിയാണ്‌ നേരത്തേ കർണാടകത്തിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും അവർ അധികാരം നേടിയത്‌. ഇതിനായി കേന്ദ്ര അന്വേഷണ ഏജൻസികളെ യഥേഷ്ടം ഉപയോഗിക്കുകയും ചെയ്യുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അധികാരത്തിലെത്തിയതും ഇതേ മാർഗത്തിൽത്തന്നെയാണ്‌. ഇപ്പോൾ ഇതാ ഓർഡിനൻസ്‌ മാർഗത്തിലൂടെയും അത്‌ സാധിക്കുകയാണ്‌.

തലസ്ഥാന നഗരമായ ഡൽഹിയിൽ ആംആദ്‌മി പാർടി സർക്കാർ മോദിക്കും ബിജെപിക്കും കണ്ണിലെ കരടാണ്‌. രാജ്യത്ത്‌ 300ൽ അധികം ലോക്‌സഭാ സീറ്റ്‌ നേടി സ്വന്തം ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരാനായിട്ടും തലസ്ഥാന നഗരിയിൽ ഭരണം നേടാൻ കഴിയാത്തത്‌ കുറച്ചൊന്നുമല്ല ബിജെപിയെ അലട്ടുന്നത്‌. 1998ൽ ജനദ്രോഹനയങ്ങളിൽതട്ടി അധികാരം നഷ്ടപ്പെട്ട ബിജെപിക്ക്‌ പിന്നീട്‌ ഇതുവരെയും ഡൽഹിയിൽ അധികാരം നേടാനായിട്ടില്ല. കഴിഞ്ഞ വർഷം നടന്ന ഡൽഹി മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലും ബിജെപി ആപിനോട്‌ ദയനീയമായി പരാജയപ്പെട്ടു. ഡബിൾ എൻജിൻ എന്ന മുദ്രാവാക്യമാണ്‌ ഇന്ദ്രപ്രസ്ഥത്തിൽ വീണുടയുന്നത്‌. അതിനാൽ ഡൽഹിയിലെ സർക്കാരിനെ സുഗമമായി ഭരിക്കാൻ വിടില്ലെന്ന ദുർവാശിയാണ്‌ ബിജെപിക്കും മോദിക്കും. അതിന്റെ അവസാന ഉദാഹരണമാണ്‌ ഓർഡിനൻസ്‌.

ഉദ്യോഗസ്ഥ നിയമനത്തിലും സ്ഥലംമാറ്റത്തിലും അന്തിമതീരുമാനം കൈക്കൊള്ളാനുള്ള അധികാരം കേന്ദ്രത്തിന്റെ പാവയായി പ്രവർത്തിക്കുന്ന ലെഫ്‌. ഗവർണർക്കായിരിക്കും. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിന്‌ അവരുടെ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരിൽ ഒരുനിയന്ത്രണവും ഉണ്ടാകില്ലെന്നർഥം

ക്രമസമാധാനം, ഭൂമി, നിയമം എന്നിവ ഒഴികെ ബാക്കിയെല്ലാംതന്നെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ്‌ തീരുമാനിക്കാനുള്ള അധികാരമെന്നാണ്‌ സുപ്രീംകോടതി പറഞ്ഞത്‌. അതായത്‌ ബ്യൂറോക്രസിയെ നിയന്ത്രിക്കാനുള്ള അധികാരം സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനായിരിക്കും. എന്നാൽ, ഇത്‌ അനുവദിക്കാനാകില്ലെന്ന പിടിവാശിയിലാണ്‌ കേന്ദ്രം. അതിനാലാണ്‌ ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവ നിശ്ച‌യിക്കാനായി നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ്‌ അതോറിറ്റിക്ക്‌ ഓർഡിനൻസിലൂടെ രൂപംനൽകുന്നത്‌. ഒരു മൂന്നംഗ സമിതിയാണ്‌ ഇത്‌. മുഖ്യമന്ത്രിയായിരിക്കും ചെയർമാൻ. ആഭ്യന്തര മന്ത്രാലയ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കും അതോറിറ്റിയുടെ സെക്രട്ടറി. ചീഫ്‌ സെക്രട്ടറിയും അംഗമായിരിക്കും. ഏതെങ്കിലും വിഷയത്തിൽ തർക്കമുണ്ടായാൽ വിഷയം ലെഫ്‌. ഗവർണർക്ക്‌ വിടും. അന്തിമ തീരുമാനം കൈക്കൊള്ളാനുള്ള അധികാരം ലെഫ്‌. ഗവർണർക്കായിരിക്കും. അതായത്‌ ഉദ്യോഗസ്ഥ നിയമനത്തിലും സ്ഥലംമാറ്റത്തിലും അന്തിമതീരുമാനം കൈക്കൊള്ളാനുള്ള അധികാരം കേന്ദ്രത്തിന്റെ പാവയായി പ്രവർത്തിക്കുന്ന ലെഫ്‌. ഗവർണർക്കായിരിക്കും. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിന്‌ അവരുടെ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരിൽ ഒരുനിയന്ത്രണവും ഉണ്ടാകില്ലെന്നർഥം. പൊലീസ്‌, ഉദ്യോഗസ്ഥർ എന്നിവരെ നിയന്ത്രിക്കുന്നത്‌ കേന്ദ്രമായിരിക്കും. ‘സഹകരണാത്മക ഫെഡറിലസ’ത്തെക്കുറിച്ച്‌ പ്രഭാഷണം നടത്തുന്ന മോദിയുടെ കാലത്താണ്‌ ഈ ഫെഡറൽഹത്യ നടക്കുന്നത്‌. അതിനു കാരണമായി കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടിയ കാരണമാണ്‌ അതിലേറെ വിചിത്രം. ദേശീയ താൽപ്പര്യം പരിഗണിച്ചാണ്‌ ഓർഡിനൻസ്‌ ഇറക്കുന്നതത്രെ. അതായത്‌ സുപ്രീംകോടതിക്ക്‌ ദേശീയ താൽപ്പര്യമില്ലെന്നും അതിനാലാണ്‌ തങ്ങൾക്ക്‌ ഓർഡിനൻസ്‌ ഇറക്കേണ്ടിവന്നതെന്നും അർഥം.

പൂർണമായും വഴങ്ങാത്ത ജുഡീഷ്യറിയോടുള്ള വിരോധം കേന്ദ്രം ഒരിക്കലും മറച്ചുവച്ചിട്ടില്ല. മുൻ നിയമമന്ത്രി കിരൺ റിജിജു ഇത്‌ പല വേളകളിൽ  പ്രകടിപ്പിച്ചിട്ടുമുണ്ട്‌. ചില റിട്ട. ജഡ്‌ജിമാർ ഇന്ത്യാവിരുദ്ധ സംഘത്തിലാണെന്നു പറഞ്ഞത്‌ ഈ മന്ത്രിയായിരുന്നു. വഴങ്ങിനിന്ന സുപ്രീംകോടതി ജഡ്‌ജിമാർക്ക്‌ വാരിക്കോരി നൽകാനും മോദി സർക്കാരിന്‌ മടിയുണ്ടായിട്ടില്ല. അയോധ്യ കേസിൽ വിധിപ്രസ്‌താവം നടത്തിയ മൂന്ന്‌ ജഡ്‌ജിമാർക്ക്‌ രാജ്യസഭാംഗത്വം, ഗവർണർ പദവി ഉൾപ്പെടെ നൽകിയിട്ടുണ്ട്‌. സുപ്രീംകോടതി കൊളീജിയം പൊളിച്ചുപണിയണമെന്നും ജഡ്‌ജിമാരെ ശുപാർശ ചെയ്യുന്ന സമിതിയിൽ സർക്കാരിന്റെ പ്രതിനിധി വേണമെന്നും പറഞ്ഞ കിരൺ റിജിജു ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടാത്തതിനാൽ അവരോട്‌ ഒരു പ്രതിബദ്ധതയും ജഡ്‌ജിമാർക്കില്ലെന്നും കുറ്റപ്പെടുത്തി. ജുഡീഷ്യറിയെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കാനുള്ള ശ്രമമാണ്‌ റിജിജു നടത്തിയത്‌. അരുണാചൽപ്രദേശിൽ നിന്നുള്ള ഈ മുൻ കോൺഗ്രസ്‌ നേതാവ്‌ സ്വന്തം നിലയിലാണ്‌ ജുഡീഷ്യറിയെ ഇങ്ങനെ അധിക്ഷേപിച്ചതെന്ന്‌ ആരും കരുതുന്നില്ല. കേന്ദ്ര ഭരണത്തിന്‌ നേതൃത്വം നൽകുന്നവരുടെ മൗനാനുവാദത്തോടെ തന്നെയായിരിക്കും ജുഡീഷ്യറിയോടുള്ള അതൃപ്‌തി അദ്ദേഹം പ്രകടിപ്പിച്ചത്‌.

അർജുൻ റാം മേഘ്‌വാളിന്‌ നിയമമന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല നൽകി മണിക്കൂറുകൾക്കകമാണ്‌ ഡൽഹി ഓർഡിനൻസ്‌ ഇറക്കിയത്‌ എന്നത്‌ ഒരു സൂചനയാണ്‌.

ഏതായാലും മഹാരാഷ്ട്രയിലെ ഷിൻഡെ സർക്കാരിനെക്കുറിച്ചും ഡൽഹി സർക്കാരിനെക്കുറിച്ചും സുപ്രീംകോടതി വിധി വന്നയുടനെ റിജിജുവിനെയും സഹമന്ത്രി എസ്‌ പി സിങ് ബാഗേലിനെയും നിയമമന്ത്രാലയത്തിൽനിന്നും മാറ്റിയിരിക്കുകയാണ്‌. റിജിജുവിനെ  ഭൗമശാസ്‌ത്ര മന്ത്രാലയത്തിലേക്കാണ്‌ മാറ്റിയിരിക്കുന്നത്‌. ജുഡീഷ്യറിയെ വിമർശിച്ചതിനാലാണ്‌ ഈ മാറ്റമെന്ന്‌ മോദി സർക്കാരിനെ സുക്ഷ്‌മമായി നിരീക്ഷിക്കുന്ന ആർക്കും പറയാനാകില്ല. തെരഞ്ഞെടുപ്പിന്‌ മാസങ്ങൾമാത്രം ശേഷിക്കെ കേന്ദ്ര സർക്കാരും സുപ്രീംകോടതിയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നത്‌ പന്തിയല്ലെന്ന്‌ ബിജെപിയിൽ ഉയർന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ്‌ റിജിജുവിന്റെയും ബാഗേലിന്റെയും സ്ഥാനചലനമെന്നാണ്‌ മാധ്യമവാർത്ത. രാജസ്ഥാൻ തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ടാണ്‌ അവിടെ നിന്നുള്ള ദളിത്‌ നേതാവായ അർജുൻ റാം മേഘ്‌വാളിന്‌ കേന്ദ്രമന്ത്രിസഭയിൽ സ്ഥാനക്കയറ്റം നൽകിയതെന്നും വാർത്തയുണ്ട്‌. എന്നാൽ, പൗരാവകാശ നിയമം നടപ്പാക്കുന്നതിൽ വരുത്തിയ കാലതാമസമാണ്‌ മന്ത്രിയെ മാറ്റാൻ കാരണമെന്ന വ്യാഖ്യാനവുമുണ്ട്‌.

ഏതായാലും ‘ബാബാജി പപ്പടം കഴിച്ചാൽ കൊറോണയ്‌ക്കെതിരെ പ്രതിരോധശേഷി നേടാ’മെന്ന്‌ പറഞ്ഞ ഈ സംഘപരിവാർ നേതാവിനെ മന്ത്രിയാക്കുന്നത്‌ അവരുടെ കാവി അജൻഡ ശക്തമായി മുന്നോട്ടുപോകാനായിരിക്കില്ലേ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. അർജുൻ റാം മേഘ്‌വാളിന്‌ നിയമമന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല നൽകി മണിക്കൂറുകൾക്കകമാണ്‌ ഡൽഹി ഓർഡിനൻസ്‌ ഇറക്കിയത്‌ എന്നത്‌ ഒരു സൂചനയാണ്‌. ജുഡീഷ്യറിക്ക്‌ എതിരെ മാത്രമല്ല, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾക്കുനേരെയും കൂടുതൽ കടന്നാക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയാണ്‌ തെളിയുന്നത്‌. അതിനെതിരെ ശക്തമായ പ്രതിപക്ഷ മുന്നേറ്റംതന്നെ ആവശ്യമാണ്‌. ജമ്മു കശ്‌മീരിന്‌ ഭരണഘടന നൽകുന്ന പ്രത്യേക അവകാശങ്ങൾ എടുത്തുകളഞ്ഞ്‌, സംസ്ഥാനപദവി തന്നെ നിഷേധിച്ച്‌ രണ്ട്‌ കേന്ദ്ര ഭരണപ്രദേശങ്ങളായി വെട്ടിമുറിച്ച മോദി സർക്കാർ എന്തുചെയ്യാനും മടിക്കില്ലെന്ന്‌ ആവർത്തിച്ച്‌ തെളിയിച്ചിരിക്കുകയാണ്‌. ഈ സ്വേച്ഛാധിപത്യ പ്രവണതയെ അതിന്റെ ഗൗരവം ഉൾക്കൊണ്ട്‌ എതിർക്കാൻ പ്രതിപക്ഷം തയ്യാറാകണം. ഇസ്രയേലിലെ തീവ്രവലതുപക്ഷ സർക്കാർ ജുഡീഷ്യറിക്കെതിരെ തിരിഞ്ഞപ്പോൾ അതിന്റെ സംരക്ഷണത്തിനായി  അവിടത്തെ ജനങ്ങൾ നടത്തുന്ന പോരാട്ടം ആവേശദായകമാണ്‌. ഇവിടെയും ജുഡീഷ്യറിയെയും ഭരണഘടനയിലെ ഫെഡറൽ തത്വങ്ങളെയും സർവോപരി ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള ഒറ്റക്കെട്ടായ പോരാട്ടംമാത്രമാണ്‌ മുന്നിലുള്ള വഴി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top