29 March Friday
മാറഡോണ വിടപറഞ്ഞിട്ട്‌ 2 വർഷം

മറ്റൊരു കളിക്കാരനും മാറഡോണ അല്ല - എ എൻ രവീന്ദ്രദാസ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

ദ്യോഗോ അർമാൻഡോ മാറഡോണ. നമ്മുടെ ഓർമകളിൽനിന്ന് ഈ മനുഷ്യൻ ഒരിക്കലും ഓടിപ്പോകുകയില്ല. രണ്ടുവർഷം മുമ്പ് നവംബർ 25ന് ജീവിതത്തിൽ മൃത്യു കവാടം കടന്നുപോയെങ്കിലും ഭൂമിയിലെ മനുഷ്യരെല്ലാം അർജന്റീന സൃഷ്ടിച്ച എക്കാലത്തെയും മികച്ച കളിക്കാരനെ, അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ഓർമിക്കുന്നു.

ഫുട്ബോൾ കളത്തിലെ ഏറ്റവും തീക്ഷ്‌ണ സൗന്ദര്യമുള്ള ദുരന്തനായകൻ മാറഡോണയാണ്‌. കളിയും ജീവിതവും രണ്ടല്ലെന്ന് കാട്ടിത്തന്ന ഈ മനുഷ്യൻ രണ്ടിന്റെയും അർഥതലങ്ങൾ കടലോളം വിസ്തൃതവും അഗാധവുമാക്കി. ഫുട്ബോളിൽ അതുവരെ കാണാത്ത നവമായ പുരുഷാർഥം സൃഷ്ടിച്ച മാറഡോണ കളിയെ ആനന്ദത്തിന്റെ ആഴങ്ങളിലേക്ക് കൊണ്ടുപോയി എന്നതിൽ ആർക്കാണ് ഭിന്നാഭിപ്രായം ഉണ്ടാകുക. കളത്തിൽ അദ്ദേഹം എപ്പോഴും രചിച്ചു കൊണ്ടിരുന്നത് സർഗാത്മകതയുടെ അതിശയ പാഠങ്ങളായിരുന്നു. ആ പ്രവൃത്തിയിൽ കൈപോലും നിയമംലംഘിച്ച് ഗോളടിച്ചു. ചടുലവും വന്യവും സാമ്പ്രദായിക ശൈലി വിരുദ്ധവുമായ ആ കളി സൃഷ്ടിച്ചത് പുതിയൊരു സംസ്കാരമായിരുന്നു.

ആധുനിക ഫുട്ബോളിലെ ശ്രേഷ്ഠവും ബഹുരൂപധാരിയും സർഗവൈഭവുമുള്ള ഈ അർജന്റീനക്കാരനെപ്പോലെ ലോകജനതയെ മുഴുവൻ സ്വാധീനിക്കാൻ കഴിഞ്ഞ ഒരു കാൽപ്പന്ത് കളിക്കാരനെ വേറെ കണ്ടെത്താനാകില്ല. ഏറ്റവും താഴെ നിലയിൽനിന്ന് ഉയർന്നുവന്നവൻ എന്നതല്ല മാറഡോണയെ ജനപ്രിയനാക്കിയത്. തന്റെ  ഉയർച്ചയും നേട്ടവുമെല്ലാമെന്നപോലെ എല്ലാ പ്രവൃത്തിയും ജനങ്ങൾക്കു വേണ്ടിയുള്ളതാണെന്ന് അവരെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നതാണ്.

അർജന്റീനയിലെയും ഇറ്റലിയിലെയും, എന്തിന് ഇങ്ങേയറ്റത്ത് കേരളമെന്ന ഈ കൊച്ചു തുരുത്തിൽവരെ സാധാരണക്കാരായ കളി പ്രേമികൾക്ക് തങ്ങളുടെ നായകസങ്കൽപ്പങ്ങളുടെ, വീരാരാധനയുടെ ആൾരൂപമാണ് മാറഡോണ. തങ്ങൾക്കു വേണ്ടിയാണ് ആ മനുഷ്യന്റെ ഓരോ പോരാട്ടവും എന്നവർ വിശ്വസിച്ചു. ആ വിശ്വാസം അചഞ്ചലമായി അരക്കിട്ടുറപ്പിക്കാൻ കഴിഞ്ഞതിലൂടെ ഭൂമിയിൽ മനുഷ്യവാസം ഉള്ളിടത്തെല്ലാം‘ ഒരു അർജന്റീന’ അടയാളപ്പെടുത്താനും മാറഡോണ പ്രതിഭാസത്തിനു കഴിഞ്ഞു.

ആറുപതിറ്റാണ്ട് നീണ്ട ജീവിതത്തിനിടയിൽ സമാനതകളില്ലാത്ത ഒട്ടേറെ മാതൃകകൾ അദ്ദേഹം മാനവരാശിക്ക് നൽകിയിട്ടുണ്ട്. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടങ്ങളുടെ ചൂടും ചൂരും ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയ മാറഡോണ ഫുട്ബോളിനെ മാനവികതയുടെ ശ്രേഷ്‌ഠപ്രതീകമായി കണ്ടു. മൈതാനത്തു തീർത്ത വീരേതിഹാസങ്ങൾക്കൊപ്പം അദ്ദേഹം ഉയർത്തിപ്പിടിച്ച രാഷ്ട്രീയമൂല്യങ്ങളും മനുഷ്യകുലത്തിന് നിത്യപ്രചോദനമാണ്. കാലഘട്ടത്തിന്റെ ഫുട്ബോൾ വിചാരങ്ങളെയും കളിയഴകിനെയും സ്വാധീനിക്കുകയും തന്റെ വിശ്വാസത്തിനുവേണ്ടി ഒരുപാട് യുദ്ധങ്ങൾ നടത്തുകയും ചെയ്ത ഒരു അസാധാരണ ജീവിതത്തിന്റെ  സ്പന്ദനങ്ങളാണ് ദ്യോഗോ മാറഡോണ എന്ന കളിയാചാര്യന്റെ ഓർമകൾ സമ്മാനിക്കുന്നത്. കളിക്കളത്തിലെ അദ്ദേഹത്തിന്റെ നീക്കങ്ങൾ, തന്ത്രങ്ങളെല്ലാം കാലത്തെ അതിജീവിക്കുന്നവയാണ്.  കളിയിലും ജീവിതത്തിലും കലാത്മകമായ നാടകീയത അദ്ദേഹം തന്നിട്ട് പോയി. അതേസമയം പ്രതിഭയുടെ ധൂർത്തും പ്രശസ്തിയുടെ ദുരന്തവുമായിരുന്നു ആ കൊച്ചു മനുഷ്യൻ.

‘‘കളിക്കളത്തിലെപ്പോഴും ‘തനിമയാർന്ന’ അയാൾ ഭൗതികശാസ്ത്ര നിയമങ്ങളെ തിരുത്തുന്നതിൽ എപ്പോഴും ആനന്ദം കണ്ടെത്തി. വെറുമൊരു പന്തുകൊണ്ട് സ്റ്റേഡിയത്തെ ആനന്ദത്തിൽ ആഴ്‌ത്തി. ജയം മാത്രമാണ് പ്രധാനമെന്ന് കരുതുന്ന, ആനന്ദം ഏറെക്കുറെ മറന്നുകഴിഞ്ഞ, ഇന്നത്തെ ഭാവരഹിതമായ ഫുട്ബോൾ ലോകത്ത് ഭാവനാപരമായ കളിക്കും ഫലം ഉണ്ടാക്കാമെന്ന് മാറഡോണ തെളിയിച്ചു’’– സാമ്രാജ്യത്വവിരുദ്ധ എഴുത്തുകാരനും കളി എഴുത്തുകാരനുമെന്ന നിലയിൽ പ്രശസ്തനായ ഉറുഗ്വേയുടെ എഡ്‌വേഡോ ഗലിയാനോ, അർജന്റീനയുടെ ഇതിഹാസത്തിന്റെ കളിയും കാലഘട്ടവും സ്വാംശീകരിച്ച് അടയാളപ്പെടുത്തിയത് ഇങ്ങനെയാണ്.

മെക്സിക്കോയിൽ 1986 കിരീടം ഉയർത്തിയതോടെ ദ്യോഗോ മാറഡോണ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും പ്രകാശമാനമായ വ്യക്തിത്വമായി. മറ്റൊരു ലോകകപ്പിനും ഇതിന് സമാനമായ ചരിത്രമില്ല. ഇതുപോലൊരു ഒറ്റയാൾ പോരാട്ടമില്ല. ഫയദോർ ദസ്‌തയേവ്‌സ്കിയെ ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുള്ളവനെന്ന്‌ വിശേഷിപ്പിച്ചുവെങ്കിൽ മാറഡോണയുടെ കൈയിൽ ‘ദൈവത്തിന്റെ കൈ സ്പർശിച്ച’ ഗോളായിരുന്നു മെക്സിക്കോയിലെ ആദ്യ അത്ഭുതം. നാലു മിനിറ്റിനകം ആ കൈക്രിയയുടെ കറ കഴുകിക്കളഞ്ഞ് അതിസുന്ദരമായ ഗോളിലൂടെ എക്കാലത്തെയും മികച്ച ഗോളിന്റെ ചരിത്രവും എഴുതി. ഇംഗ്ലണ്ടിനെതിരെയുള്ള ആ ഒരു ജോഡി ഗോളിലൂടെ ഫുട്ബോളിന്റെ തലവരയാണ് ഈ അർജന്റീനക്കാരൻ മാറ്റിയെഴുതിയത്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായ ദിവസവും അതായിരുന്നു. ഫാക്‌ലൻഡ്‌സ്‌ യുദ്ധത്തിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട അർജന്റീനയുടെ മുറിവുണക്കാനുള്ള മരുന്നായിരുന്നു അവർക്ക് ആ വിജയം.

കാൽപ്പന്തുകൊണ്ട് മൈതാനത്ത് 
ഇടപെട്ടതുപോലെ രാഷ്ട്രീയ ആശയപ്രവർത്തന പരിസരങ്ങളിൽ മാറഡോണയുടെ 
വാക്കുകൾ അഗ്നിമഴയായി പെയ്തിട്ടുണ്ട്. തന്റെ 
രാഷ്ട്രീയനിലപാടുകൾ പലതവണ 
തുറന്നുപറഞ്ഞിരുന്ന അദ്ദേഹത്തിന് ഫിദൽ 
കാസ്ട്രോ വഴികാട്ടിയും  ചെ ഗുവേര നക്ഷത്രവുമായി

കാൽപ്പന്തുകൊണ്ട് മൈതാനത്ത് ഇടപെട്ടതുപോലെ രാഷ്ട്രീയ ആശയപ്രവർത്തന പരിസരങ്ങളിൽ മാറഡോണയുടെ വാക്കുകൾ അഗ്നിമഴയായി പെയ്തിട്ടുണ്ട്. തന്റെ രാഷ്ട്രീയനിലപാടുകൾ പലതവണ തുറന്നുപറഞ്ഞിരുന്ന അദ്ദേഹത്തിന് ഫിദൽ കാസ്ട്രോ വഴികാട്ടിയും ചെഗുവേര നക്ഷത്രവുമായി. ഭരണകൂടങ്ങളുടെ അവഗണനയ്ക്കും ചവിട്ടിയരയ്‌ക്കപ്പെടലിനും വിധേയരാകുന്ന അരികുജീവിതങ്ങളുള്ള ചെറു മനുഷ്യർക്കായാണ് അദ്ദേഹം വാദിച്ചത്. അത്തരം നിലപാടുകൾ സ്വീകരിക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന താരങ്ങൾ ഫുട്ബോളിന് മാത്രമല്ല, കായിക ലോകത്തിനും പുതുമയായിരുന്നു.

2005ൽ യുഎസ്‌ പ്രസിഡന്റ്‌ ജോർജ്‌ ബുഷ് പങ്കെടുത്ത മാർവൽ പ്ലാറ്റയിലെ ഫ്രീ ട്രേഡ് ഏരിയ ഓഫ് അമേരിക്കാസ്‌ ഉച്ചകോടി വേദിക്കരികെ ഹ്യൂഗോ ഷാവേസ്, യൂഗോസ്ലാവിയൻ ചലച്ചിത്രസംവിധായകൻ എമിൽ കുസ്‌തുറിക്ക തുടങ്ങിയവർക്കൊപ്പം റാലിയിൽ പങ്കെടുത്ത്‌ ‘ബുഷിനെ ചവിട്ടിപ്പുറത്താക്കുക’ എന്ന് ആഹ്വാനം ചെയ്തപ്പോൾ അത് മെക്സിക്കോ ലോകകപ്പിലെ മാറഡോണയുടെ ഗോളുകളേക്കാൾ ശക്തമായ ഒരു മുന്നേറ്റമായി മാറി. ഫുട്ബോൾ വെറും കളിയല്ല, വിപ്ലവമാർഗത്തിലെ ഒരായുധമാണെന്ന്‌ ചെഗുവേര പറഞ്ഞതിനെ  പ്രതീകവൽക്കരിക്കുന്ന മാറഡോണയുടെ ജീവിതകഥതന്നെ തെക്കേ അമേരിക്കൻ ഫുട്ബോളിന്റെ വർഗസമരത്തിന്റെ കഥയുമാകുന്നു.

ബുഷിനെ എതിർത്ത മാറഡോണ മാർപാപ്പയെ കഠിനമായി ശകാരിച്ചു. ഒരുപക്ഷേ അദ്ദേഹം ജോൺ പോൾ മാർപാപ്പ എന്ന  സംഘാടകനെയും സംവിധാനത്തെയുമാണ് വിമർശിച്ചത്. ശബ്ദിക്കാൻ അവസരം കിട്ടാത്തവരുടെ  നാവായാണ് താൻ മാർപാപ്പയോട് വാഗ്വാദത്തിൽ ഏർപ്പെടേണ്ടി വന്നതെന്ന് മാറഡോണ പറഞ്ഞിരുന്നു. ഏതുകളിയിലും ആ മനുഷ്യന് പന്തുകൊണ്ട് ഒരു പുതിയ കാര്യം പറയാനുണ്ടായിരുന്നു. അതുകൊണ്ടാണ് മാറഡോണയ്ക്ക് ഫുട്ബോളിലും അതിന്റെ സംഘാടനത്തിലും വിപണനത്തിലുമുള്ള രീതികളെ ലംഘിക്കാനും ഫുട്ബോൾ സ്ഥാപനങ്ങൾക്കും കളി സംസ്കാരങ്ങൾക്കും മേലെ ഉയർന്നുനിൽക്കാനുമായത്. അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ അധ്യക്ഷന്റെ വാക്കുകളേക്കാൾ മാറഡോണയുടെ നിലപാടുകൾക്ക് ലോകം സ്വീകാര്യത നൽകി. സാമ്പത്തികവും കളിപരവുമായ അവസരങ്ങൾക്കായി വിട്ടുവീഴ്ച ചെയ്തിട്ടില്ല. പെലെ ആണോ മാറഡോണ ആണോ മികച്ച താരമെന്ന കാര്യത്തിൽ വാദങ്ങൾ തുടരാമെങ്കിലും മറ്റൊരു കളിക്കാരനും മാറഡോണയാകില്ലെന്ന് ഉറപ്പിച്ച് പറയാം.

ലോക ഫുട്ബോൾ ചരിത്രത്തെ അനന്തമായ ഒരു രാജരഥ്യയായി കരുതാമെങ്കിൽ അതിൽ ഉജ്വല പ്രകാശം പൊഴിച്ച ദീപസ്തംഭമായി ദ്യോഗോ മാറഡോണ ഉണ്ടാകും. ആ പ്രകടനം എന്നും കാൽപ്പന്തിന്റെ  ചരിത്രപഥത്തിൽ വന്നുവീഴുമെന്നതുകൊണ്ട് ഈ കളി ഭൂമിയിലുള്ള കാലത്തോളം ഈ മനുഷ്യൻ വിസ്മൃതനാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top