25 April Thursday

വനത്തിൽ വിള്ളൽ വീണു - കാടിറങ്ങുന്ന കണ്ണുനീർ ( ഭാഗം 4 )

സി എ പ്രേമചന്ദ്രൻ
Updated: Thursday Nov 11, 2021

ഭാഗം 1

ഭാഗം 2

ഭാഗം 3

നാടിന്റെ ജീവവായുവായ വനം ഛിന്നഭിന്നമായതാണ്‌ വന്യജീവികൾ കാടിറങ്ങാൻ മുഖ്യ കാരണമെന്ന്‌ ശാസ്‌ത്രജ്ഞരും പ്രകൃതിസ്‌നേഹികളും അഭിപ്രായപ്പെടുന്നു. കാടിനുള്ളിലെ ആവാസവ്യവസ്ഥയിലെ മാറ്റത്തിൽ വന്യജീവികൾ തമ്മിലുള്ള ബന്ധം മുറിഞ്ഞു. ഇതോടെ അവയുടെ സ്വഭാവത്തിലും മാറ്റംവരികയാണ്‌.

വന്യജീവികളുടെ സഞ്ചാരപാതയ്‌ക്കിടയിലുള്ള പല ഭാഗവും മനുഷ്യവാസമേഖലകളായി. ‘കാടുകേറുന്നവർ കണ്ണും കാതും മുക്കും തുറന്നുവയ്‌ക്കണം. വായ അടച്ചുവയ്‌ക്കണം. വന്യജീവി അപകടങ്ങൾ ഒഴിവാക്കാനുള്ള പ്രവൃത്തികളും കാടറിഞ്ഞു ചെയ്യണം’ വന്യജീവി ഗവേഷകൻ ഡോ. പി എസ്‌ ഈസയുടെ മുന്നറിയിപ്പാണ്‌ ഇത്‌.

വന്യജീവി പ്രതിരോധം ഭൂപ്രദേശത്തിന്റെ സവിശേഷത തിരിച്ചറിഞ്ഞ്‌ നടപ്പാക്കണം. സാമൂഹ്യ പ്രതിബദ്ധതയുള്ളവയും സാമ്പത്തികമായി യോജിച്ചതുമാകണം. നടപ്പാക്കുംമുമ്പ്‌ കൃത്യമായ ആസൂത്രണവും വിദഗ്‌ധരുമായി ചർച്ചയും വേണം. ജനപ്രതിനിധികളെ ബോധ്യപ്പെടുത്തണം. ആനയിറങ്ങുന്നത്‌ തടയാൻ സോളാർ വേലികളാണ്‌ കൂടുതൽ അനുയോജ്യം. തുടർപരിപാലനം ജനങ്ങൾ ഏറ്റെടുക്കണം. പഞ്ചായത്തുതല ജനജാഗ്രതാസമിതികൾ സജീവമാകട്ടെ. എല്ലാം സർക്കാർ നൽകുമെന്ന മനോഭാവം മാറണം. അധികൃതർ കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തണം. കോവിഡും അടച്ചുപൂട്ടലും ഒരുക്കിയ ശാന്തത വന്യജീവികൾ കാടിറങ്ങുന്നത്‌ വർധിക്കാൻ കാരണമായെന്നും ഡോ. ഈസ പറഞ്ഞു.

വനം കുറഞ്ഞു
സംസ്ഥാനത്ത്‌ വനമേഖല കുറഞ്ഞു. 1952–-90ൽ വയനാട് ജില്ലയിൽമാത്രം 60 ശതമാനം കുറഞ്ഞതായാണ്‌ പഠനമെന്ന്‌ കാർഷിക സർവകലാശാലാ വന്യജീവി ഗവേഷണവിഭാഗം മേധാവി ഡോ. പി ഒ നമീർ പറയുന്നു. 1987 ചതുരശ്ര കിലോമീറ്റർ വനഭൂമി കുറഞ്ഞു. ഇതോടെ വന്യജീവികൾ കൂടുതലായി നാട്ടിലിറങ്ങി. അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങളാൽ വിലപ്പെട്ട വനവിഭവങ്ങളും നഷ്ടമായി. സസ്യഭുക്കുകൾ ഇഷ്ടപ്പെടുന്ന ചെടികളും ചെറുമരങ്ങളും ഇവയുടെ പുനരുദ്ധാരണവും കുറവാണ്. 50 സെന്റീമീറ്റർ തടിവണ്ണത്തിൽ കുറവുള്ള മരങ്ങൾ കുറവാണ്. ചില മേഖലയിൽ 90 സെന്റീമീറ്റർ തടിവണ്ണത്തിൽ കുറവുള്ളവ ഇല്ല. ചെറുസസ്യങ്ങൾ കുറഞ്ഞത്‌ വന്യജീവികളുടെ ഭക്ഷണലഭ്യതയെ ബാധിക്കുന്നു. കിടങ്ങുകളും കുളങ്ങളും കുഴിക്കുമ്പോൾ മറുഭാഗം വരണ്ടുപോകാതിരിക്കാനുള്ള കരുതൽ വേണമെന്നും അദ്ദേഹം പറഞ്ഞു.

വനം, കൃഷി,- റവന്യൂ, -മൃഗസംരക്ഷണ വകുപ്പുകൾ, കൺസർവേഷൻ ബയോളജിസ്റ്റ്, ആദിവാസികൾ, സ്ഥലമുടമകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുടെ കൂട്ടായ്മയോടെ പ്രതിരോധപ്രവർത്തനങ്ങൾ പല തലത്തിൽ സംഘടിപ്പിച്ചാൽ മാത്രമേ ഇതിനൊരു പരിഹാരമാകൂ. ദീർഘകാല അടിസ്ഥാനത്തിൽ പരിഹാരം കാണേണ്ടവ അത്തരത്തിൽ കാണണം.

അവരും ഭൂമിയുടെ അവകാശികൾ
ഓരോ ജീവജാലവും ഭൂമിക്ക്‌ അവകാശിയാണ്‌. വന്യജീവികളോടും വനത്തിനോടുമുള്ള ശത്രുതാ മനോഭാവം മനുഷ്യർ തിരുത്തണം. മനുഷ്യർക്കേ അത്‌ തിരുത്താനാകൂ. നിയമനിർമാണത്തിലൂടെ ആക്രമണകാരികളായ വന്യജീവികളെ നിയന്ത്രിക്കാനാകണം. ആനയെപ്പോലും വൈദ്യുതിക്കെണി വച്ച്‌ കൊല്ലുന്ന സംഭവമുണ്ട്‌. കാവുകൾ സംരക്ഷിച്ചിരുന്നപോലെ സഹവർത്തിത്വം വളർത്തിയെടുക്കണമെന്ന്‌ ഡോ. പി എസ്‌ ഈസ പറയുന്നു.

523 മനുഷ്യരും 1645 ജീവികളും
കേരള വനംവകുപ്പ്‌ കണക്കനുസരിച്ച്‌ വന്യജീവി ആക്രമണത്തിൽ 2010 മുതൽ 20വരെ 183പേരാണ്‌ കൊല്ലപ്പെട്ടത്‌. കാർഷിക സർവകലാശാല വന്യജീവി ഗവേഷണ വിഭാഗത്തിന്റെ പഠനത്തിൽ 2006 മുതൽ 2015 വരെ പാമ്പുകടിയേറ്റതുൾപ്പെടെ 523 മനുഷ്യജീവൻ നഷ്ടപ്പെട്ടതായി പറയുന്നു. 1627 പേർക്ക് പരിക്കേറ്റു, 1645 ജീവികളും ചത്തു.

ആറുവർഷം നഷ്ടപരിഹാരം 55.52കോടി
2015മുതൽ 20വരെ വന്യജീവി ആക്രമണത്തിൽ മൊത്തം 49,199 പേർക്ക്‌ 55.52 കോടി രൂപ ധനസഹായം നൽകി. വന്യജീവി ആക്രമണത്തിനിരയാകുന്നവർക്ക്‌ സർക്കാർ സഹായങ്ങളും വർധിപ്പിച്ചു. വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബ ധനസഹായം അഞ്ചുലക്ഷമെന്നത്‌ പത്തുലക്ഷമാക്കി. പാമ്പുകടിയേറ്റ്‌ മരിച്ചവർക്ക്‌ ഒരു ലക്ഷമെന്നത്‌ രണ്ടു ലക്ഷവും സ്ഥിരം വൈകല്യം സംഭവിച്ചവർക്ക്‌ പരമാവധി ധനസഹായം 75,000 എന്നതും രണ്ടുലക്ഷമാക്കി. പരിക്ക്‌ പരമാവധി 75,000 എന്നത്‌ ഒരു ലക്ഷമായി വർധിപ്പിച്ചു. പട്ടികജാതി, വർഗ വിഭാഗക്കാർക്ക്‌ മെഡിക്കൽ സർട്ടിഫിക്കറ്റ്‌ അടിസ്ഥാനത്തിൽ മുഴുവൻ ചെലവുകളും വഹിക്കും.
(നാളെ -വനം വകുപ്പ് വെറുതെയിരിക്കുന്നില്ല)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top