25 April Thursday

അപകീർത്തി 
ക്രിമിനൽ കുറ്റമാകരുത് - സെബാസ്റ്റ്യൻ പോൾ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

രാഷ്ട്രീയപ്രവർത്തനത്തിന്റെ അവിഭാജ്യമായ ഭാഗമാണ് പൊതുപ്രസംഗമെന്നതിനാൽ രാഹുൽ ഗാന്ധിക്കു സംഭവിച്ച അപകടം സംസാരിക്കുന്ന ആർക്കും എപ്പോഴും ഉണ്ടാകാം. അപകീർത്തി ക്രിമിനൽ കുറ്റമായിരിക്കുന്ന കൊളോണിയൽ നിയമവും രണ്ടു വർഷത്തെ തടവ് ജനപ്രതിനിധികളെ ആറു വർഷത്തേക്ക് അയോഗ്യരാക്കുന്ന ഇന്ത്യൻ ജനപ്രാതിനിധ്യ നിയമവും ചേർന്ന് ജനാധിപത്യത്തിൽ അവശ്യം വേണ്ടതായ ഭയരഹിതഭാഷണത്തെ ഭയചകിതമാക്കുന്നു. 1860ൽ നിർമിക്കപ്പെട്ട ഇന്ത്യൻ അപകീർത്തി നിയമം ബ്രിട്ടീഷ് നിയമത്തേക്കാൾ ദുർഗ്രഹമാക്കിയത് അത് ആർക്കെതിരെയും പ്രയോഗിക്കുന്നതിനുവേണ്ടിയാണ്. സ്റ്റിങ് ഓപ്പറേഷന്റെ ഭാഗമായി സമർപ്പിക്കപ്പെട്ട വ്യാജ പരാതിയിൽ രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും എതിരെ വാറന്റ്‌ അയച്ച മജിസ്ട്രേട്ട്‌ അഹമ്മദാബാദിലുണ്ടായി. അപകീർത്തിയാണോയെന്ന് കൃത്യമായി പറയാൻ കഴിയാത്ത നിർദോഷമായ പരാമർശത്തിന്റെ പേരിൽ പാർലമെന്റംഗത്തെ അയോഗ്യനാക്കുംവിധം പരമാവധി ശിക്ഷ നൽകിയ മജിസ്ട്രേട്ട്‌ സൂറത്തിലുണ്ടായി. ഇത്തരത്തിലുള്ള മജിസ്ട്രേട്ടുമാർക്ക് ക്ഷാമമില്ലാത്ത രാജ്യത്ത് പാർലമെന്ററി ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുംവിധം അപകീർത്തി ക്രിമിനൽ കുറ്റമായി നിലനിർത്തരുത്. അപകീർത്തിക്കേസിൽ സത്യം നിയമത്തിന് സ്വീകാര്യമായ പ്രതിരോധമാണെങ്കിലും സത്യത്തോടൊപ്പം പൊതുനൻമകൂടി സ്ഥാപിച്ചെങ്കിലേ കോടതിക്ക് സ്വീകാര്യമാകൂ. കനത്ത നഷ്ടപരിഹാരം ഈടാക്കാവുന്ന സിവിൽ സ്വഭാവംകൂടി സമാന്തരമായി അപകീർത്തിക്കുള്ളതിനാൽ വ്യവസ്ഥകൾ ദുർവഹമാകുന്നു.

സംസാരസ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന അപകീർത്തിയുടെ ക്രിമിനൽ സ്വഭാവം നീക്കണമെന്ന ആവശ്യം 2016ൽ സുപ്രീംകോടതി നിരാകരിച്ചു. സുബ്രഹ്മണ്യൻ സ്വാമി, അരവിന്ദ് കെജ്‌രിവാൾ എന്നിവർക്കൊപ്പം ഹർജിക്കാരുടെ കൂട്ടത്തിൽ രാഹുൽ ഗാന്ധിയും ഉണ്ടായിരുന്നു. ഭരണഘടനാ ബെഞ്ചിനു വിടേണ്ടതായ വിഷയത്തിൽ  ദീപക് മിശ്രയും പി സി പന്തും ചേർന്ന ബെഞ്ച് അത്ര അവധാനതയില്ലാതെ തീരുമാനമെടുത്തെന്ന വിമർശം ഉണ്ടായി. ശ്രീലങ്കപോലും അപകീർത്തി ക്രിമിനൽ കുറ്റമല്ലാതാക്കിയ കാലത്താണ് ഇന്ത്യൻ സുപ്രീംകോടതിയുടെ പുരോഗമനപരമല്ലാത്ത നിലപാടുണ്ടായത്. ജനാധിപത്യത്തിന്റെ പ്രാണവായുവായ സംസാരസ്വാതന്ത്ര്യവും വ്യക്തിയുടെ അന്തസ്സിന്റെ ഭാഗമായ സദ്കീർത്തിയും തമ്മിലുള്ള തുലനത്തിൽ സംസാരസ്വാതന്ത്ര്യം പരിമിതമായി. നഷ്ടമാകുന്ന കീർത്തിക്ക് സിവിൽ നിയമപ്രകാരം പരിഹാരം കാണാമെന്നിരിക്കെ അപകീർത്തിയുടെ ക്രിമിനൽ സ്വഭാവം ഒഴിവാക്കണമെന്ന ആവശ്യം ന്യായമാണ്. ഹെൻറി എട്ടാമന്റെ സ്റ്റാർ ചേംബർ കോടതിയിൽ അധികാരത്തോടുള്ള അനാദരവ് തടയുന്നതിനാണ് അപകീർത്തിയെന്ന ക്രിമിനൽ കുറ്റമുണ്ടായത്. അധികാരത്തോടുള്ള അനാദരവ് ബ്രിട്ടീഷ് നിർമിതിയായ ഇന്ത്യൻ ശിക്ഷാനിയമത്തിൽ രാജ്യദ്രോഹമാണ്. നമ്മുടെ നിയമവ്യവസ്ഥ ഭരണഘടനാനുസൃതമാകണമെങ്കിൽ  രാജ്യദ്രോഹം, അപകീർത്തി എന്നീ പുരാതന കുറ്റങ്ങൾ ശിക്ഷാനിയമത്തിൽനിന്ന് നീക്കം ചെയ്യണം. അപകീർത്തിക്കേസ് കൊടുക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന കേരളത്തിലെ കോൺഗ്രസുകാർ രാഹുൽ ഗാന്ധിയിൽനിന്ന് പാഠങ്ങൾ പഠിക്കാനുണ്ട്.  

2019ൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ  മുപ്പതു ശതമാനം അഴിമതി, കൊലപാതകം തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ  ഉൾപ്പെട്ടവരായിരുന്നു. പാർലമെന്റിന്റെ സംശുദ്ധി നിലനിർത്തുന്നതിന്‌ അയോഗ്യതാനിയമം അനിവാര്യമാണെന്നതിന്റെ തെളിവാണിത്. വിഷം വമിക്കുന്ന ഗുരുതരമായ പ്രസ്താവനകൾ നിയമത്തിന്റെ പരിശോധനയ്ക്ക് വിധേയമാകാതെ പോകുമ്പോൾ വാക്യഘടനയിലെ ആലോചനക്കുറവ് സംശയാസ്പദമായ അപകീർത്തിയായി രാഹുൽ ഗാന്ധിയെ കുടുക്കിയിരിക്കുന്നു. വിമർശത്തോടൊപ്പം നർമവും കുറ്റമാകുന്ന ഇന്ത്യൻ സാഹചര്യത്തിൽ  രാഹുൽ ഗാന്ധിക്ക് ലഭിച്ച ന്യായീകരണമില്ലാത്ത ശിക്ഷപോലും സംശയത്തിനു കാരണമാകുന്നു. ജനാധിപത്യത്തിന്റെ ആഗോളസൂചികയിൽ അപമാനകരമായി താഴെ നിൽക്കുന്ന ഇന്ത്യയുടെ അധോഗതിക്ക് ഇത്തരം നടപടികൾ ഇനിയും കാരണമാകും.

കുറ്റവും ശിക്ഷയും പൊരുത്തപ്പെടണം. ആരോപിതമായ കുറ്റത്തിന്റെ ഗൗരവത്തേക്കാൾ കവിഞ്ഞ ശിക്ഷയാണ് വ്യക്തമായ ലക്ഷ്യം ആരോപിക്കാൻ കഴിയുന്ന രീതിയിൽ രാഹുൽ ഗാന്ധിക്ക് നൽകിയത്. അയോഗ്യത ജനപ്രതിനിധികൾക്കു മാത്രമാണെങ്കിൽ കൂടുതൽ കടുത്ത ശിക്ഷ സാധാരണക്കാർ അനുഭവിക്കുന്നുണ്ട്. എം എഫ് ഹുസൈനും ഖുശ്ബുവും അനാവശ്യമായി അപകീർത്തിക്കേസുകളിൽ അകപ്പെട്ടവരാണ്. ഇന്ത്യാ ടുഡേയിലെ പരാമർശത്തിന്റെ പേരിൽ പല കോടതികളിലായി 23 കേസാണ് ഖുശ്ബുവിനെതിരെ ഉണ്ടായത്. ഒരു പരാമർശത്തിന്റെ പേരിൽ അഞ്ചു കോടതിയിൽ അപകീർത്തിക്കേസിന് വിധേയനായ ആളാണ് ഞാൻ. അന്തിമവിധിയേക്കാൾ പ്രതിയെന്ന നിലയിൽ കോടതികൾ കയറിയിറങ്ങുന്നതാണ് ദുർവഹമായ അനുഭവം.

അനുച്ഛേദം 499 ശിക്ഷാനിയമത്തിൽനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച രാഹുൽ ഗാന്ധിക്ക് അദ്ദേഹത്തിന്റെ പാർടി അധികാരത്തിലിരുന്നപ്പോൾ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പിതാവ് പ്രധാനമന്ത്രിയായിരുന്നപ്പോൾ അപകീർത്തിനിയമത്തിന്റെ കാർക്കശ്യം വർധിപ്പിക്കാൻ നീക്കമുണ്ടായി. ബൊഫോഴ്സിന്റെ പേരിൽ ചക്രവ്യൂഹത്തിലായ രാജീവ് ഗാന്ധി സ്വയം പ്രതിരോധിക്കുന്നതിനും പത്രങ്ങളെ നിർവീര്യമാക്കുന്നതിനും കണ്ടെത്തിയ മാർഗമായിരുന്നു അത്. എതിർപ്പ് ശക്തമായപ്പോൾ ലോക്‌സഭ പാസാക്കിയ ബിൽ ആയിരുന്നിട്ടും അത് പിൻവലിക്കപ്പെട്ടു. രാജീവ് ഗാന്ധിയുടെ കുപ്രസിദ്ധമായ തപാൽബില്ലിനും ഇതേ ഗതിയാണുണ്ടായത്.
പിന്നാലെ വരുന്നവർ മാത്രമല്ല, കുഴിക്കുന്നവരും ചിലപ്പോൾ കുഴിയിൽ വീഴും. അയോഗ്യതയ്ക്കു കാരണമാകുന്ന വിധി ഉടൻ പ്രാബല്യത്തിലാകുന്നത് തടയാനുള്ള ഓർഡിനൻസ് കീറിയെറിഞ്ഞ ആളാണ് രാഹുൽ ഗാന്ധി. അന്ന് അത് നിയമമായിരുന്നെങ്കിൽ രാഹുൽ ഗാന്ധിക്ക് ഈ ഗതി ഉണ്ടാകുമായിരുന്നില്ല.

നാവിന്റെ പിഴവും വർത്തമാനത്തിലെ പിശകും ഗുരുതരമായ പ്രതിസന്ധിക്ക് കാരണമാകരുത്. ഭവിഷ്യത്തിനെ ഭയക്കാതെ സംസാരിക്കാൻ കഴിയണം. ജീവന്റെയും സ്വത്തിന്റെയും സംരക്ഷണംപോലെ പൊലീസ് സ്റ്റേഷനിലും ക്രിമിനൽ കോടതിയിലും സംരക്ഷിക്കാവുന്നതല്ല സൽപ്പേര്. ആരെങ്കിലും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മാനം പോയെന്ന് ആക്ഷേപമുള്ളവർ മാനത്തിന് വിലയിട്ട് സിവിൽ  കോടതിയെ സമീപിക്കുകയാണ് വേണ്ടത്. ജനപ്രതിനിധികൾക്ക് ബാധകമായ അയോഗ്യതാ നിയമത്തിന്റെ യുക്തിസഹമല്ലാത്ത കാഠിന്യം കുറയ്ക്കുന്നതിനു മാത്രമല്ല, സംസാരസ്വാതന്ത്ര്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഇതാവശ്യമാണ്. അമേരിക്കയിൽ അപകീർത്തി ക്രിമിനൽ കുറ്റമല്ല. ബ്രിട്ടനിൽ പറയുന്നതല്ല, എഴുതുന്നതു മാത്രമാണ് കുറ്റകരമാകുന്നത്.

കോടതിവിധിയെത്തുടർന്നുള്ള സ്ഥാനനഷ്ടവും അയോഗ്യതയും നമുക്ക് പരിചയമുള്ള കാര്യങ്ങളാണ്. പക്ഷേ, രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ  അസംബന്ധമെന്നോ അശ്ലീലമെന്നോ വിശേഷിപ്പിക്കാവുന്ന തിടുക്കമുണ്ടായി. വകതിരിവുള്ള ഒരു കോടതി ഒരുപക്ഷേ കുറ്റവിമുക്തനാക്കുമായിരുന്ന കേസിലാണ് രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ടത്. ഒരു മജിസ്ട്രേട്ടിന്റെ അത്യുത്സാഹം രാഷ്ട്രത്തിന്റെ ഗതിവിഗതികളെ ബാധിക്കരുത്. കുറ്റമല്ല ശിക്ഷയാണ് അയോഗ്യതയ്ക്ക് കാരണമാകുന്നത്. കുറ്റക്കാരനെന്നു കണ്ട് നൽകിയ ശിക്ഷ മുപ്പതു ദിവസത്തേക്ക് സ്റ്റേ ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിൽ  പ്രാബല്യത്തിൽ ഇല്ലാത്ത ശിക്ഷയുടെ പേരിലാണ് രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടിരിക്കുന്നത്. അയോഗ്യതയുണ്ടായാൽ തെരഞ്ഞെടുപ്പ് കമീഷനുമായി ആലോചിച്ച് രാഷ്ട്രപതിയാണ് തീരുമാനമെടുത്ത് ഉത്തരവിറക്കേണ്ടത്. സ്പീക്കർക്കോ ലോക്സഭാ സെക്രട്ടറിയറ്റിനോ അതിൽ കാര്യമില്ല. ഇല്ലാത്ത അധികാരമാണ് സ്പീക്കർ പ്രയോഗിച്ചത്. പാർലമെന്റിന്റെ പ്രവർത്തനത്തിൽ കടന്നുകൂടിയിരിക്കുന്ന ഫാസിസ്റ്റ് വൈറസിന്റെ ലക്ഷണമാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top