25 May Wednesday

ലാറ്റിനമേരിക്കയിൽ ചുവപ്പുവസന്തം

വി ബി പരമേശ്വരൻUpdated: Monday Dec 13, 2021

ഡാനിയൽ ഒർടേഗ

അമേരിക്ക അവരുടെ പിന്നാമ്പുറമായി കരുതി യഥേഷ്ടം ഇടപെട്ട ലാറ്റിനമേരിക്ക അവർക്കുനേരെ മുഷ്ടിചുരുട്ടാൻ തുടങ്ങിയിരിക്കുന്നു. അമേരിക്ക കരിമ്പട്ടികയിൽ പെടുത്തിയ രാഷ്ട്രങ്ങളിൽ ഭരണമാറ്റം ഉറപ്പുവരുത്താനുള്ള അമേരിക്കയുടെ നീക്കങ്ങൾ തുടർച്ചയായി പരാജയപ്പെടുകയാണ്‌. നവംബറിൽ നാല്‌ രാജ്യത്ത്‌ നടന്ന തെരഞ്ഞെടുപ്പ്‌ ചിത്രം പരിശോധിച്ചാൽ ലാറ്റിനമേരിക്കയിൽ അമേരിക്കയുടെ  പിടി അയയുകയാണെന്ന്‌ ബോധ്യപ്പെടും. ഹോണ്ടുറാസിൽ നടന്ന  പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ അമേരിക്കയുടെ എതിർപക്ഷത്ത്‌ നിൽക്കുന്ന സിയോമാര കാസ്‌ട്രോ വിജയിച്ചപ്പോൾ വെനിസ്വേലൻ പ്രാദേശിക–-മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ നിക്കോളസ്‌ മഡൂറോയുടെ സോഷ്യലിസ്‌റ്റ്‌ പ്രസ്ഥാനം വൻ വിജയം ആവർത്തിച്ചു. നിക്കരാഗ്വയിൽ ഇടതുപക്ഷ സാന്തനീസ്‌റ്റ പ്രസ്ഥാനം തുടർച്ചയായ നാലാം വിജയം ആവർത്തിക്കുകയും ഡാനിയൽ ഒർടേഗ വീണ്ടും പ്രസിഡന്റാകുകയും ചെയ്‌തു. ചിലിയിലാകട്ടെ ഇടതുപക്ഷ സ്ഥാനാർഥി ഗബ്രിയേൽ ബോറിക്‌ രണ്ടാം ഘട്ടത്തിലേക്ക്‌ കടക്കുകയും ചെയ്‌തു.

ഈ വർഷമാദ്യം പെറുവിലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ പെദ്രോ കാസ്‌തിയ്യോ എന്ന ഇടതുപക്ഷക്കാരൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ തുടങ്ങിയ ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റം അമേരിക്കയുടെ സാമന്തപദവിയിൽനിന്ന്‌  ലാറ്റിനമേരിക്ക വിടുതൽ നേടുകയാണെന്ന്‌ വ്യക്തമാക്കുന്നു. അടുത്ത വർഷം ബ്രസീലിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ വർക്കേഴ്‌സ്‌ പാർടിയുടെ സ്ഥാനാർഥിയായി മത്സരിക്കുന്ന ലുല വിജയിക്കുമെന്നാണ്‌ പ്രവചനം. 60 ശതമാനം ജനങ്ങളും പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ജയിർ ബൊൾസനാരോക്ക്‌ വോട്ട്‌ നൽകില്ലെന്ന്‌ പ്രഖ്യാപിച്ചു കഴിഞ്ഞു. അമേരിക്കയുടെ ലാറ്റിനമേരിക്കൻ ചമ്മട്ടിയായ കൊളംബിയയിലും അടുത്ത വർഷം നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ  ബൊഗോട്ടയിലെ മുൻ മേയറും ഇടതുപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥിയുമായ  ഗുസ്‌താവോ പെട്രോ വിജയിക്കുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്.

ഹോണ്ടുറാസിന്റെ മറുപടി
ലാറ്റിനമേരിക്കയിൽ അമേരിക്ക നടത്തുന്ന അട്ടിമറി പ്രവർത്തനങ്ങൾക്ക്‌ എല്ലാ സൗകര്യവും ചെയ്‌തുകൊടുക്കുന്ന രാജ്യമാണ്‌ ഹോണ്ടുറാസ്‌. നിക്കരാഗ്വയിലെ സാന്തനീസ്‌റ്റ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക താവളമാക്കിയത്‌ ഹോണ്ടുറാസായിരുന്നു. മധ്യ വലതുപക്ഷ ലിബറൽ പാർടിക്കാരനായി അധികാരമേറ്റ്‌ ഇടതുപക്ഷത്തേക്ക്‌ മാറിയ മാന്വൽ സെലായയെ 2009ൽ അട്ടിമറിച്ചതും അമേരിക്കയായിരുന്നു. പൊതുവിദ്യാഭ്യാസം സൗജന്യമാക്കിയും കുട്ടികൾക്ക്‌ സൗജന്യ ഉച്ചഭക്ഷണം നൽകിയും അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചും തൊഴിലാളികളുടെ മിനിമം കൂലി വർധിപ്പിച്ചും നിയോലിബറൽ അജൻഡയിൽനിന്ന്‌ സെലായ വ്യതിചലിച്ചു. കൂടാതെ, ഹ്യൂഗോ ഷാവേസുമായി അടുത്ത ബന്ധം സ്ഥാപിച്ചതും അമേരിക്കയുടെ നിയോലിബറൽ പദ്ധതിക്ക്‌ ബദലായ അൽബയിൽ അംഗമായതും അമേരിക്കയെ ചൊടിപ്പിച്ചു. ഈ ഘട്ടത്തിലാണ്‌ അമേരിക്കൻ പ്രസിഡന്റ്‌ ഒബാമയും സെക്രട്ടറി ഓഫ്‌ സ്‌റ്റേറ്റ്‌സ്‌ ഹിലരി ക്ലിന്റണും ചേർന്ന്‌ സെലായയെ അട്ടിമറിച്ചത്‌. ഇതിനായി പണം ഒഴുക്കിയത്‌ ഹിലരിയാണെന്ന്‌ പിന്നീട്‌ വെളിപ്പെടുകയും ചെയ്‌തു. അന്ന്‌ അട്ടിമറിക്കപ്പെട്ട സെലായയുടെ ഭാര്യയാണ്‌ 54 ശതമാനം വോട്ട്‌ നേടി ഹോണ്ടുറാസിന്റെ പ്രസിഡന്റായ സിയോമാര കാസ്‌ട്രോ. അട്ടിമറിയിൽ പ്രതിഷേധിച്ച്‌  രൂപംകൊണ്ട ദേശീയ ജനകീയ പ്രതിരോധ മുന്നണിയാണ്‌ 2012ൽ ലിബ്‌റേ പാർടിയായി മാറുന്നത്‌. ഈ ലിബ്‌റേ പാർടിയുടെ സ്ഥാനാർഥിയായാണ്‌ സിയോമാര പ്രസിഡന്റായത്‌. അമേരിക്ക നടത്തിയ അട്ടിമറിക്ക്‌ 12 വർഷത്തിനുശേഷം ഹോണ്ടുറൻജനത പ്രതികാരം ചെയ്‌തിരിക്കുന്നു.

നിക്കരാഗ്വ
മധ്യഅമേരിക്കൻ രാജ്യമായ നിക്കരാഗ്വയിൽ ഇടതുപക്ഷ  സാന്തനീസ്റ്റ ഫ്രണ്ട് ഫോർ നാഷണൽ ലിബറേഷൻ (എഫ്എസ്എൽഎൻ)വിജയം ആവർത്തിച്ചു. നവംബർ ഏഴിന്‌ നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഡാനിയൽ ഒർടേഗ അഞ്ചാം തവണയും (തുടർച്ചയായി നാലാം തവണ) വിജയിച്ചു. 74.99 ശതമാനം വോട്ട്‌ നേടിയാണ്‌ ഒർടേഗ വിജയം ഉറപ്പിച്ചത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ രണ്ടര ശതമാനം വോട്ട്‌ കൂടുതലാണിത്‌.  മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺസ്‌റ്റിറ്റ്യൂഷണൽ ലിബറേഷൻ പാർടി സ്ഥാനാർഥി വാൾടർ എസ്‌പിനോസയ്‌ക്ക്‌  14. 4 ശതമാനം വോട്ടാണ്‌ ലഭിച്ചത്‌. മറ്റ്‌ നാല്‌ കക്ഷികൾകൂടി മത്സരരംഗത്തുണ്ടായിരുന്നെങ്കിലും തുച്‌ഛമായ വോട്ട്‌ മാത്രമേ അവർക്ക്‌ നേടാനായുള്ളൂ. മധ്യ അമേരിക്കയിൽ ജനപ്രിയ നടപടികൾകൊണ്ട്‌ പേരുകേട്ട സർക്കാരാണ്‌ നിക്കരാഗ്വയിലേത്‌. 92 അംഗ പാർലമെന്റിൽ പകുതി സീറ്റ്‌ സ്‌ത്രീകൾക്കായി സംവരണം ചെയ്‌തിരിക്കുന്നു. 16 വയസ്സ്‌ പൂർത്തിയായവർക്ക്‌ വോട്ടവകാശമുണ്ട്‌. എല്ലാ പൗരന്മാർക്കും സൗജന്യ ചികിത്സ നൽകുന്നു.  കോളേജ്‌ വിദ്യാഭ്യാസംവരെ സൗജന്യമാണ്‌.  ഈ  പശ്‌ചാത്തലത്തിലാണ്‌ അന്താരാഷ്ട്ര സമൂഹത്തെ കൂടെനിർത്തി സാമ്പത്തികമായും നയതന്ത്രതലത്തിലും ഒർടേഗ സർക്കാരിനെ നിലയ്‌ക്കുനിർത്തുമെന്ന്‌ ജോ ബൈഡൻ പ്രസ്‌താവിച്ചത്‌. നിക്കരാഗ്വയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം ശക്തമാക്കുന്ന റെനാസർ ബില്ലിൽ നവംബർ 10ന്‌ ഒപ്പിട്ടുകൊണ്ട്‌ ഒർടേഗ സർക്കാരിനെ അട്ടിമറിക്കാനുള്ള പരസ്യമായ ആഹ്വാനമാണ്‌ ബൈഡൻ നൽകിയിട്ടുള്ളത്‌.

വെനസ്വേല
നവംബർ 21നാണ്‌ സംസ്ഥാന ഗവർണർസ്ഥാനത്തേക്കും മുനിസിപ്പാലിറ്റികളിലേക്കും തെരഞ്ഞെടുപ്പ്‌ നടന്നത്‌. 23 സംസ്ഥാനത്തിൽ 19ലും ഭരണകക്ഷിയായ യുണൈറ്റഡ്‌ സോഷ്യലിസ്‌റ്റ്‌ പാർടി ഓഫ്‌ വെനസ്വേലയുടെ നേതൃത്വത്തിലുള്ള ഗ്രേറ്റ്‌ പാട്രിയോട്ടിക് പോൾ വിജയിച്ചു. 322 മേയർ സ്ഥാനങ്ങളിൽ 205 മുനിസിപ്പാലിറ്റിയിലും ഭരണകക്ഷി വിജയം നേടി. 117 മുനിസിപ്പാലിറ്റി ഡെമോക്രാറ്റിക് യുണിറ്റി റൗണ്ട്‌ ടേബിൾ എന്ന പ്രതിപക്ഷ സഖ്യത്തിന്‌ ലഭിച്ചു. തലസ്ഥാനമായ കാരക്കാസിലും ഇടതുപക്ഷം വിജയക്കൊടി നാട്ടി. അമേരിക്കൻ ഇടപെടലിനെത്തുടർന്ന്‌ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരം പതിവാക്കിയ പ്രതിപക്ഷം ഇക്കുറി തെരഞ്ഞെടുപ്പിൽ പങ്കെടുത്തതുതന്നെ അട്ടിമറി നീക്കങ്ങൾക്ക്‌ തിരിച്ചടിയായി. 1999ൽ ഹ്യൂഗോ ഷാവേസ്‌ അധികാരത്തിൽ വന്നതുമുതൽ ഇടതുപക്ഷമാണ്‌ വെനസ്വേല ഭരിക്കുന്നത്‌. ഷാവേസിനെയും മഡൂറോയെയും അട്ടിമറിക്കാൻ നടത്തിയ എല്ലാ ശ്രമവും പരാജയപ്പെടുകയായിരുന്നു.

ചിലി
നവംബർ 21ന്‌ നടന്ന ആദ്യഘട്ടം പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ആർക്കും 50 ശതമാനം വോട്ട്‌ ലഭിക്കാത്തതിനാൽ ഡിസംബർ 19ന്‌ രണ്ടാംഘട്ടം വോട്ടെടുപ്പ്‌ നടക്കും. ചിലിയൻ കമ്യൂണിസ്‌റ്റ്‌ പാർടിയുടെയും ഫ്രണ്ടെ ആംപ്ലിയോയുടെയും സംയുക്ത സ്ഥാനാർഥി മുപ്പത്തിരണ്ടുകാരനായ ഗബ്രിയേൽ ബോറിക്കും തീവ്രവലതുപക്ഷ സ്ഥാനാർഥി ജോൺ അന്റോണിയോ കാസ്‌റ്റും തമ്മിലായിരിക്കും രണ്ടാംഘട്ട മത്സരം. ആദ്യഘട്ടത്തിൽ ബോറിക്കിന്‌ 25.83 ശതമാനവും കോസ്‌റ്റിന്‌ 27.91 ശതമാനം വോട്ടുമാണ്‌ ലഭിച്ചത്‌. നിയോലിബറൽ പരിഷ്‌കാരങ്ങൾക്കെതിരെയുള്ള വിശാല സഖ്യത്തിന്റെ സ്ഥാനാർഥിയായ ബോറിക് വിജയിക്കുന്ന പക്ഷം അത്‌ ലാറ്റിനമേരിക്കയുടെ മുഖച്ഛായതന്നെ മാറ്റിമറിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top