18 April Thursday

മാതൃകയാണ് കുസാറ്റ്

ഡോ. അബേഷ് 
രഘുവരൻUpdated: Monday Jan 16, 2023

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വിദ്യാർഥിനികൾക്ക് ആർത്തവാവധി നൽകിക്കൊണ്ട് ചരിത്രത്തിൽ ഇടംനേടിയിരിക്കുന്നു. ആദ്യമായാണ് കേരളത്തിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം വിദ്യാർഥിനികൾക്ക് ആർത്തവാവധി നൽകിയിരിക്കുന്നത്. കുസാറ്റിലെ എസ്എഫ്ഐ യൂണിയനാണ് ഇത്തരമൊരു ആവശ്യവുമായി സർവകലാശാല അധികൃതരെ സമീപിക്കുന്നതും സർവകലാശാല അതിന് അനുകൂലമായ നിലപാട് കൈക്കൊണ്ടതും. രണ്ടു ശതമാനം ഇളവാണ്‌ ആർത്തവാവധിയായി നൽകിയിരിക്കുന്നത്. സെമസ്റ്റർ പരീക്ഷയെഴുതാൻ ആവശ്യമായ 75 ശതമാനം ഹാജരിലാണ് ഈ ഇളവ്.

അഞ്ചോ പത്തോ വർഷംമുമ്പുവരെ പെൺമക്കളുടെ ആർത്തവം ഒരു മുഖഭാവം കൊണ്ടുപോലും മൂന്നാമതൊരാൾ അറിയരുതെന്ന് അമ്മമാർപോലും നിഷ്കർഷിക്കാറുണ്ടായിരുന്നു. അതുനൽകുന്ന വേദനയും  ബുദ്ധിമുട്ടുമൊക്കെ ആരുമറിയാതെ, അടുത്ത കൂട്ടുകാരിയോടോ, പങ്കാളിയോടോ  പങ്കുവയ്‌ക്കപ്പെടാതെ സഹിക്കണമായിരുന്നു. സ്ത്രീജന്മം ശാപജന്മമാണെന്ന് സ്വയം മുദ്രകുത്തിയിരുന്നു. ഇന്നും ആ മനോഭാവങ്ങളിൽ വലിയ മാറ്റംവന്നിട്ടില്ല. തൊഴിലിടങ്ങളിൽ അവധി ലഭിക്കാതെ വേദനയിൽ ഉരുകി തൊഴിലെടുക്കേണ്ടിവരുന്ന സ്ത്രീകൾ ഏറെയാണ്. സ്വയം പഴിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ അവർക്കുമുന്നിൽ ഇല്ലാതെ, മാസത്തിൽ അഞ്ചോ ആറോ ദിനം സ്ഥിരമായി ഇത്തരം ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുകയാണ് സ്ത്രീകൾ ഇപ്പോഴും. വിദ്യാർഥിനികളുടെ കാര്യമാണെങ്കിൽ പരീക്ഷയെഴുതാനുള്ള മിനിമം ഹാജർ ഇല്ലെങ്കിൽ ആർത്തവദിനങ്ങളിൽ ക്ലാസുകളിൽ ഇരുന്ന് ആ നിമിഷങ്ങളെ തള്ളിനീക്കേണ്ടിവരുന്ന അവസ്ഥയാണ്. ഇനി ഇവർക്ക് ആ ദിനങ്ങളിൽ ആവശ്യത്തിന് വിശ്രമമെടുക്കാൻ കഴിയും.

ആർത്തവം ഒളിച്ചുവയ്ക്കപ്പെടാനും അയിത്തപ്പെടാനും ഉള്ളതാണെന്ന ധാരണ നമ്മുടെ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നു. ആർത്തവദിനങ്ങളിൽ വീടുകളിലെ അകത്തളങ്ങളിൽ ഒറ്റപ്പെട്ടുകഴിയാനും അടുക്കളയിലും പൂജാമുറികളിലുമൊക്കെ കയറാനുമുള്ള അനുമതിപോലും നിഷേധിക്കപ്പെട്ടിരുന്ന കാലത്തുനിന്നും ഏറെ മാറ്റം ഇന്ന് ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോഴും അതിനെ ഇരുട്ടത്തുനിർത്തിക്കൊണ്ട് ആൺമക്കൾക്കോ, എന്തിന് പെൺമക്കളോടുപോലും ആർത്തവത്തെക്കുറിച്ചു പറഞ്ഞ്‌ മനസ്സിലാക്കാൻ രക്ഷിതാക്കൾ മടിക്കുകയാണ്. സ്വന്തം വീടുകളിൽ പോലും പരിഗണനയോ, കരുതലോ ലഭിക്കാതെ എങ്ങനെയാണ് അതവരുടെ കലാലയങ്ങളിലോ, സ്‌കൂളുകളിലോ, തൊഴിലിടങ്ങളിലോ ലഭിക്കുക.

കുറഞ്ഞ ചെലവിൽ സാനിറ്ററി നാപ്കിൻ വികസിപ്പിച്ചെടുത്ത അരുണാചലം മുരുഗനാഥന്റെ (പദ് മൻ) ജീവിതം അനാവരണംചെയ്ത ബോളിവുഡ് സിനിമയിൽ അക്ഷയ് കുമാർ പറയുന്ന ഡയലോഗുണ്ട്, ‘സ്ത്രീകളെപ്പോലെ പുരുഷന്മാരിൽ രക്തസ്രാവം ഉണ്ടായാൽ, അവർക്ക് അതിജീവിക്കാൻ ആവില്ല’ എന്ന്. ഓരോ സ്ത്രീയും  അവളുടെ ആർത്തവദിനങ്ങളിൽ ആ വാക്കുകളുടെ പൊരുളിനെ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീശാക്തീകരണവും  ലിംഗസമത്വവും വാക്കുകളിൽ അല്ല, പ്രവൃത്തിയിലും അതിലേറെ മനോഭാവത്തിലുമാണ് ഉണ്ടാകേണ്ടത്. ഓരോ പുരുഷനും ജനിക്കുന്നത് അമ്മയുടെഗർഭപാത്രത്തിൽ മാത്രമാണ്.  എന്നെങ്കിലും ഒരു ജീവനെ സൃഷ്ടിക്കുന്നതിനുമാത്രമാണ് അവൾ ആ സമാനതകളില്ലാത്ത വേദന ഓരോ മാസവും അനുഭവിച്ചുതീർക്കുന്നതും. എന്നിട്ടും ആ ദിനങ്ങളിൽ വിശ്രമിക്കാനുള്ള അവധിക്കുവേണ്ടി അവർതന്നെ മുന്നിട്ടിറങ്ങേണ്ടിവന്നു എന്നതാണ് ഏറ്റവും വലിയ മൂല്യച്യുതി. എന്നിരുന്നാലും കുസാറ്റ് പോലെയൊരു പ്രശസ്തമായ സർവകലാശാല തുടക്കംകുറിച്ചതിൽ ഓരോ മലയാളിയും അഭിമാനിക്കണം. പിന്നിൽ പ്രവർത്തിച്ച സർവകലാശാലയിലെ എസ്എഫ്ഐ നേതൃത്വത്തിന്റെ പങ്കും ഏറെ ശ്ലാഘനീയമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top