28 March Thursday

കുസാറ്റ് സുവർണജൂബിലി നിറവിൽ - ഡോ. കെ എൻ മധുസൂദനൻ എഴുതുന്നു

ഡോ. കെ എൻ മധുസൂദനൻUpdated: Monday Jul 12, 2021

ശാസ്‌ത്രസാങ്കേതിക രംഗങ്ങളിൽ സംസ്ഥാനത്തിന്റെ നേട്ടങ്ങളിൽ നിർണായക പങ്ക്‌ വഹിച്ച കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല ഈ വർഷം സുവർണജൂബിലി ആഘോഷിക്കുകയാണ്. തിളക്കമാർന്ന അമ്പതുവർഷം പൂർത്തിയാക്കുന്ന വേളയിൽ ഉന്നതവിദ്യാഭ്യാസരംഗത്തു മാറ്റങ്ങൾ ഉൾക്കൊണ്ടുള്ള പാഠ്യപദ്ധതി രൂപപ്പെടുത്തിയും ശാസ്‌ത്രസാങ്കേതികരംഗത്ത് ശക്തമായ ഇടപെടലുകൾ നടത്തിയും കുസാറ്റ്‌ ജൈത്രയാത്ര തുടരുകയാണ്. ഒരുവർഷം നീളുന്ന സുവർണജൂബിലി ആഘോഷങ്ങൾക്കാണ് തുടക്കമാകുന്നത്. ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന വലിയൊരു ശതമാനം പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർഥികളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ കൊച്ചി സർവകലാശാലയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അതിന്റെ ചരിത്രം അടിവരയിടുന്നുണ്ട്. ലോകത്താകമാനം പന്തലിച്ച പ്രഗത്ഭരായ പൂർവവിദ്യാർഥികളെയും അധ്യാപകരെയുംകൊണ്ട് സമ്പന്നമായ സർവകലാശാലയാണിത്‌.

സംസ്ഥാനത്തിന്റെ ശാസ്‌ത്രസാങ്കേതിക രംഗത്തെ കുതിച്ചുചാട്ടത്തിനു പിന്നിൽ കുസാറ്റിന്റെ സജീവസാന്നിധ്യമുണ്ട്. 1971 ജൂലൈ 10ന്‌ ആരംഭിച്ച്‌, പടിപടിയായി ഉയർന്ന്‌ ഇന്ത്യയിലെതന്നെ എണ്ണപ്പെട്ട ശാസ്‌ത്രസാങ്കേതിക സർവകലാശാലകളിലൊന്നായി മാറിയ കുസാറ്റ് സുവർണജൂബിലി ആഘോഷിക്കുന്ന വർഷംതന്നെ സംസ്ഥാന ബജറ്റിൽ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി എണ്ണമറ്റ പ്രഖ്യാപനങ്ങൾ ഉണ്ടായത് യാദൃച്ഛികമായി കാണുന്നില്ല. അതൊക്കെത്തന്നെ ഏറ്റെടുക്കുകയും പ്രവൃത്തിപഥത്തിൽ എത്തിക്കുകയും ചെയ്യാൻ പ്രാപ്‌തരായ അധ്യാപകരും ഗവേഷകരും വിദ്യാർഥികളുമാണ് ക്യാമ്പസിൽ ഇന്ന് ഉള്ളത്‌.

ആദ്യ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയും പ്രമുഖ ദാർശനികനുമായിരുന്ന ജോസഫ് മുണ്ടശ്ശേരി ആയിരുന്നു കൊച്ചി സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലർ. സർവകലാശാലയ്‌ക്കു വിത്ത്‌ പാകുന്നത് കേരള സർവകലാശാല അതിന്റെ റീജ്യണൽ സെന്റർ എറണാകുളത്ത് ഓഷ്യാനോഗ്രഫി വിഭാഗം സ്ഥാപിച്ചുകൊണ്ടായിരുന്നു. വർഷങ്ങൾക്കുശേഷം 1963ൽ ഹിന്ദി വിഭാഗവും ഊർജതന്ത്രവിഭാഗവും പിന്നീട് 1964ൽ നിയമവിഭാഗവും മാനേജ്‌മെന്റ് പഠനവിഭാഗവും സമുദ്രശാസ്‌ത്ര വകുപ്പുകളും വന്നു. 1971ൽ പോളിമർ സയൻസ് ആൻഡ് റബർ ടെക്‌നോളജി വകുപ്പും സ്ഥാപിക്കപ്പെടുന്നതോടെ മധ്യകേരളത്തിൽ സ്വതന്ത്രമായ ഒരു സർവകലാശാല എന്ന ചിന്ത രൂപപ്പെട്ടു. 1971 ജൂലൈ പത്തിന്‌ ‘യൂണിവേഴ്‌സിറ്റി ഓഫ് കൊച്ചി' എന്ന പേരിൽ സ്വതന്ത്ര സർവകലാശാലയായി മാറി. ഇന്നത്തെ ഗണിതശാസ്‌ത്രവിഭാഗത്തിന്റെ കെട്ടിടം ആയിരുന്നു ആദ്യത്തെ ആസ്ഥാനമന്ദിരം. 1973 മാർച്ച് 2ന്‌ തൃപ്പൂണിത്തുറയിലെ ഹിൽ പാലസിലേക്ക്‌ മാറ്റി. ഒരു ദശാബ്ദത്തിനപ്പുറം 1984ൽ തൃക്കാക്കരയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. 1986ൽ ശാസ്‌ത്രസാങ്കേതിക വിഷയങ്ങൾകൂടി ഉൾപ്പെടുത്തി ഉന്നതപഠനത്തിനും ഒപ്പം ഗവേഷണത്തിനും ഉതകുന്നതരത്തിൽ ‘സമ്പൂർണ ശാസ്ത്രസാങ്കേതിക സർവകലാശാല' യായി പുനഃസംഘടിപ്പിക്കപ്പെട്ടു.

അതിനുശേഷം ഉയർച്ചയുടെ പടവുകൾ കയറിയത് കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ ആയിരുന്നു. ഉന്നതവിദ്യാഭ്യാസ ഗവേഷണകേന്ദ്രമായിരുന്ന സർവകലാശാലയിൽ 1995ൽ ആണ് എൻജിനിയറിങ്‌ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നത്. അധികാരപരിധി കേരളം മുഴുവൻ വ്യാപിച്ചത് സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലുമുള്ള വിദ്യാർഥികൾക്ക് കുസാറ്റിന്റെ അക്കാദമികസേവനം ലഭ്യമാക്കാൻ സഹായിച്ചു. മികച്ച ഗവേഷണസ്ഥാപനങ്ങളുമായി സഹകരണം ഉറപ്പിക്കാനും ഗവേഷണ ബിരുദം നൽകാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാനും കഴിഞ്ഞു. സർവകലാശാലകളിൽ ‘യൂണിറ്ററി ടൈപ്പ്’ എന്നുള്ള നിലയിലേക്ക് മാറുന്നതിനെക്കുറിച്ചുള്ള ആലോചനകൾ നടക്കുന്ന കാലം കൂടിയാണ് ഇത്. വൈജ്ഞാനാധിഷ്ഠിത സാമൂഹ്യക്രമം രൂപപ്പെടുമ്പോഴും സർവകലാശാലകൾ ഇന്ന് വളരെയധികം പ്രാധാന്യം നൽകുന്ന സയൻസ്‌, ടെക്‌നോളജി എൻജിനിയറിങ് ആൻഡ്‌ മാത്തമാറ്റിക്‌സ്‌ (എസ്‌ടിഇഎം) വിദ്യാഭ്യാസമാണ് ഏറെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. പാഠ്യപദ്ധതികൾ ശക്തിപ്പെടുത്തുന്നതിനൊപ്പം പുതുതായി വളർന്നതും അടുത്ത പതിറ്റാണ്ടുകളിൽ വളരാൻ സാധ്യതയുള്ളതുമായ വിഷയങ്ങളിൽ പഠനഗവേഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ബയോളജിക്കൽ സയൻസ്, കംപ്യൂട്ടർ സയൻസ്, ഗണിതം എന്നീ വിഷയങ്ങൾ സമസ്തമേഖലകളെയും സ്വാധീനിച്ചു വളർന്നുവരുന്നതിനൊപ്പം സാമൂഹ്യ മാനവിക വിഷയങ്ങളും പാഠ്യഗവേഷണ പദ്ധതികളിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. കുസാറ്റിന്‌ ഈ മേഖലയിൽ പ്രത്യേകമായ സംഭാവന നൽകാൻ കഴിയും.

വികസനം കുറഞ്ഞ പ്രദേശങ്ങളിലും താഴേക്കിടയിലുള്ളവരിലേക്കും ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രയോജനം എത്തിക്കുന്നതിന്റെ ഭാഗമായാണ് 1999 ഒക്ടോബറിൽ കുട്ടനാട്ടിലെ പുളിങ്കുന്നിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനിയറിങ്‌ സ്ഥാപിക്കപ്പെടുന്നത്. 1991ൽ കൊച്ചി സർവകലാശാല ആതിഥ്യമരുളിയ ഇന്ത്യൻ സയൻസ് കോൺഗ്രസിൽ ഉയർന്നുവന്ന പ്രധാന നിർദേശമായ, ‘ശാസ്‌ത്രം സമൂഹത്തിലേക്ക്' എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ശാസ്ത്ര സമൂഹകേന്ദ്രം സ്ഥാപിച്ചു. അങ്ങനെയൊരു സെന്റർ രാജ്യത്തുതന്നെ പ്രഥമസംരംഭം ആയിരുന്നു. ഇന്ന് സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി ശാസ്‌ത്രത്തിന്റെ പ്രയോജനങ്ങൾ സമൂഹത്തിലേക്ക് പകർന്നു നൽകുന്നു. ഗുണനിലവാരസൂചികയിൽ ഏറ്റവും പ്രധാനപ്പെട്ട വസ്തുതകളാണല്ലോ സർവകലാശാലയിൽനിന്ന് പുറത്തുവരുന്ന പേറ്റന്റുകൾ, ഗവേഷണ പ്രബന്ധങ്ങൾ എന്നിവ. വർഷംതോറും ശരാശരി 34 പേറ്റന്റും അന്താരാഷ്ട്രനിലവാരവും മികച്ച ഇമ്പാക്ട് ഫാക്റ്ററുമുള്ള നാനൂറിലേറെ ഗവേഷണ പ്രബന്ധങ്ങളുമാണ് വിവിധ വകുപ്പുകളിൽനിന്ന് പുറത്തിറങ്ങുന്നത്. ഈ കണക്കുകൾ കുസാറ്റിന്റെ ഗവേഷണരംഗത്തെ ആധിപത്യം വിളിച്ചോതുന്നു. ഗവേഷണനിലവാരത്തിന്റെ സൂചികയായ എച്ച് ഇൻഡക്സ് നൂറിൽ എത്തിനിൽക്കുന്നു. ഗവേഷണ പ്രോജക്റ്റുകളുടെ എണ്ണത്തിലും കുസാറ്റ് വളരെ മുന്നിലാണ്.

കേന്ദ്രസർക്കാരിന്റെ എൻഐആർഎഫ് റാങ്കിങ്ങിൽ അഞ്ചുവർഷമായി മുൻനിരയിൽ തന്നെ കുസാറ്റ്‌ ഇടംപിടിച്ചു. ടൈംസ് ഹയർ എഡ്യൂക്കേഷൻ ലോകറാങ്കിങ്ങിൽ ഓരോ വിഷയങ്ങൾ തിരിച്ചുള്ള പട്ടികയിലും അഭിമാനാർഹമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ലോകറാങ്കിങ്ങിൽ അറൂനൂറിനടുത്താണ് സ്ഥാനം. ഇന്ത്യയിൽനിന്ന് ഇരുപത്തിയെട്ട് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ മാത്രമാണ് ഈ പട്ടികയിൽ എന്നതും കേരളത്തിൽനിന്ന് കുസാറ്റ് മാത്രമാണ് ഉള്ളതെന്നതും പ്രസക്തമാണ്. മാത്രമല്ല, ക്യൂ എസ് ഏഷ്യാ റാങ്കിങ്ങിൽ നാനൂറിനടുത്തും ഇന്ത്യയിലെ പട്ടികയിൽ അമ്പതാം സ്ഥാനത്തും എത്താൻ കഴിഞ്ഞു. ജർമനി ആസ്ഥാനമായ യൂറോപ്യൻ സയൻസ് ഇവാല്യൂവേഷൻ സെന്റർ പ്രസിദ്ധീകരിച്ച ലോകത്തിലെ മികച്ച ശാസ്‌ത്രജ്ഞന്മാരുടെ പട്ടികയിൽ കേരളത്തിൽനിന്ന്‌ കൂടുതൽ ശാസ്‌ത്രജ്ഞർ ഉൾപ്പെട്ടിരിക്കുന്നത് കുസാറ്റിൽ നിന്നാണ്.

ഉന്നതവിദ്യാഭ്യാസരംഗത്തും ശാസ്‌ത്രസാങ്കേതിക ഗവേഷണമേഖലയിലും അമ്പതുസംവത്സരം പൂർത്തിയാക്കുമ്പോൾ പിന്നിട്ട നാഴികക്കല്ലുകൾ ഓരോന്നും അഭിമാനിക്കത്തക്കതാണ്‌. ഇനി സഞ്ചരിക്കേണ്ട വഴികളെക്കുറിച്ചു സർവകലാശാലയ്ക്ക് വ്യക്തമായ ധാരണകളും രൂപരേഖയുമുണ്ട്. ഉന്നതവിദ്യാഭ്യാസമേഖലയിലാകെ ഒരു സമൂലമായ മാറ്റം സമൂഹം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രകൃതിദുരന്തങ്ങളും മഹാമാരിയുമൊക്കെ തരിശാക്കിക്കൊണ്ട് കടന്നുപോകുന്ന നമ്മുടെ പൊതു ജീവിതത്തെ കൈപിടിച്ചുയർത്തേണ്ട ധാർമികമായ ഉത്തരവാദിത്തം സർവകലാശാലകൾക്കുണ്ട്. കാലഘട്ടത്തിന് അനുയോജ്യമായതരത്തിൽ പഠനപ്രക്രിയയും സിലബസും പരിഷ്കരിക്കണം. മാറുന്ന സാഹചര്യത്തിന് ഉതകുന്ന ഗവേഷണപഠനങ്ങളുടെ ആവശ്യകത മനസ്സിലാക്കേണ്ടതും പ്രയോഗത്തിലേക്ക് കൊണ്ടുവരേണ്ടതുമുണ്ട്. ഇതൊക്കെ സാധ്യമാകാൻ ഗുണനിലവാരമുള്ള ഒരു അധ്യാപകസമൂഹത്തെയും ഉന്നതഗവേഷണസാധ്യതകളുള്ള ഭൗതികസൗകര്യവും ഒരുക്കിയെടുത്തേ മതിയാകൂ. കൊച്ചി സർവകലാശാലയിൽ അത്തരത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല പുതിയ ഉയരങ്ങൾ ലക്ഷ്യമാക്കി നീങ്ങുമ്പോൾ സർവകലാശാല അതിന്റെ ഉത്തരവാദിത്തങ്ങൾ കൂടുതലായി ഏറ്റെടുക്കാൻ പ്രതിജ്ഞാബദ്ധമാണ്. അത്തരത്തിൽ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾക്കാണ് ഈ സുവർണജൂബിലി ആഘോഷിക്കുന്നവേളയിൽ ഊന്നൽ.

വിദ്യാഭ്യാസനയങ്ങൾ പൊളിച്ചെഴുതാനും അതുവഴി അറിവിൽ അടിസ്ഥാനമായ ഒരു സമ്പദ്ഘടനയെ വാർത്തെടുക്കാനും കേരളസർക്കാർ നയരൂപീകരണം നടത്തുന്ന അവസരമാണല്ലോ ഇത്. ശാസ്‌ത്രസാങ്കേതിക വിഷയങ്ങളിൽ നയരൂപീകരണത്തിനും നയംമാറ്റങ്ങൾക്കും ഉൾപ്പെടെ ഗവേഷണം നടത്താനും ചർച്ചകൾ സംഘടിപ്പിക്കാനും അതൊക്കെ ക്രോഡീകരിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പിന് ശുപാർശകൾ സമർപ്പിക്കാനുമുള്ള കേന്ദ്രമായി കുസാറ്റ്‌ മാറണം. സുവർണജൂബിലി വർഷത്തിൽ അങ്ങനെയൊരു അംഗീകാരം കൂടി സർക്കാരിൽനിന്ന് സമൂഹം പ്രതീക്ഷിക്കുന്നുണ്ട്.

(കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല വൈസ് ചാൻസലറാണ്‌ ലേഖകൻ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top