01 April Wednesday

ക്യൂബ ലോകത്തിന്റെ മനഃസാക്ഷി

ഡോ. സോണി ജോൺUpdated: Friday Mar 27, 2020

കുറച്ച് വർഷങ്ങൾക്കുമുമ്പ്‌ എന്റെ കോളേജിൽ പരീക്ഷാ ജോലിക്കെത്തിയ ഒരധ്യാപകൻ തന്റെ ദക്ഷിണാഫ്രിക്കൻ ജീവിതകാലത്ത് അവിടെ ഗ്രാമങ്ങളിൽ സൈക്കിളിലെത്തി രോഗികളെ പരിചരിച്ചിരുന്ന ക്യൂബൻ ഡോക്ടർമാരെ പുച്ഛിച്ച് സംസാരിച്ചിരുന്നത് ഇന്നും ഓർമയിലുണ്ട്. പിന്നീട് ക്യൂബ സന്ദർശിച്ചപ്പോഴാണ് അവരുടെ ആരോഗ്യരംഗത്തെക്കുറിച്ചും ആ രംഗത്ത് അവർ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ കഴിഞ്ഞത്. അതുകൊണ്ടുതന്നെ ഇന്ന് കോവിഡ് ഭീതിയിൽ ലോകം വിറയ്‌ക്കുമ്പോൾ രോഗം ബാധിച്ച ഒട്ടേറെ രാജ്യങ്ങളിൽ ക്യൂബൻ ഭിഷഗ്വരന്മാർ സേവനസന്നദ്ധരായി എത്തിയിരിക്കുന്നു എന്ന വാർത്ത ഒട്ടും അതിശയിപ്പിക്കുന്നതല്ല. വിപ്ലവത്തിനുശേഷം ലോകത്ത് ഒരു രാജ്യത്തും ഉണ്ടാകാത്ത രീതിയിലുള്ള മാറ്റങ്ങളാണ് ക്യൂബയിലെ ആരോഗ്യരംഗത്തുണ്ടായത്. 1959 ലെ പുതുവർഷപ്പുലരിയിൽ ക്യൂബൻ വിപ്ലവം വിജയത്തിലെത്തുമ്പോൾ പതിനായിരം പേർക്ക് ആറ് ഡോക്ടർമാർ മാത്രമുണ്ടായിരുന്ന അവസ്ഥയിൽനിന്ന്‌, ലോകാരോഗ്യ സംഘടനയുടെ 2009 മുതൽ 2018 വരെയുള്ള ഏറ്റവും പുതിയ കണക്കുപ്രകാരം, ക്യൂബയിലെ ഡോക്ടർമാരുടെ ജനസംഖ്യാനുപാതം ലോകത്തെ ഏറ്റവും ഉയർന്ന പതിനായിരത്തിന് 81.9 എന്നതാണ്. ഇന്ത്യയിലേത് പതിനായിരത്തിന് 7.8 ഉം അമേരിക്കൻ ഐക്യനാടുകളിലേത് 25.9 ഉം മാത്രമാണെന്നത് ആരോഗ്യപരിപാലന രംഗത്ത് ക്യൂബ മറ്റ്‌ രാജ്യങ്ങളെക്കാൾ വളരെ മുന്നിലാണെന്ന് കാണിക്കുന്നു.

സൗജന്യമായ ആരോഗ്യ പരിപാലനത്തെക്കുറിച്ച് റോയൽ ഓസ്ട്രേലിയൻ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേഴ്സിന്റെ മുൻ തലവനായ കോളിൻ ഹ്യൂസ് തന്റെ ഒരു വിദ്യാർഥിക്കുണ്ടായ അനുഭവം വിവരിക്കുന്നുണ്ട്. ഒരിക്കൽ ക്യൂബ സന്ദർശിക്കാൻ ഇടയായ ആ വിദ്യാർഥിക്ക് യാത്രയ്‌ക്കിടയിൽ തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെത്തുടർന്ന് സങ്കീർണമായ അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിവന്നതിനെക്കുറിച്ചും തികച്ചും - സൗജന്യമായിത്തന്നെ ക്യൂബൻ ഡോക്ടർമാർ അത് നടത്തിക്കൊടുത്തതിനെക്കുറിച്ചുമാണ്‌ ഹ്യൂസ് ആദരവോടെ സംസാരിക്കുന്നത്. ആരോഗ്യരംഗത്ത് അവർ നടത്തിയിട്ടുള്ള അസൂയാവഹമായ മുന്നേറ്റത്തെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്. അമേരിക്കൻ ഐക്യനാടുകളുടെ താൽപ്പര്യ വിഭാഗത്തിന്റെ തലവനായിരുന്ന വെയ്ൻ സ്മിത്ത് ക്യൂബയുടെ ആരോഗ്യരംഗത്തെ അഭിസംബോധന ചെയ്യുന്നത് "അവിശ്വസനീയമായ സമർപ്പണബോധ'മെന്ന വിശേഷണത്തോടെയാണ്. തുടർന്നദ്ദേഹം പറയുന്നു ക്യൂബയിലെ ടാക്സി ഡ്രൈവർമാരും കുതിരവണ്ടി ഓട്ടക്കാരും ഡോക്ടർമാരേക്കാൾ കൂടുതൽ വരുമാനമുള്ളവരാണെന്ന്. അത് ശരിയാണ്. അതുതന്നെയാണ് ക്യൂബൻ മാതൃകയുടെ വിജയരഹസ്യവും. അത് മനസ്സിലാകണമെങ്കിൽ ഡോക്ടർമാരെ തെരഞ്ഞെടുക്കുന്ന രീതികൂടി മനസ്സിലാക്കണം.


 

വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നല്ല മാർക്കുണ്ടായതുകൊണ്ടുമാത്രം ആർക്കും വൈദ്യത്തിനു പഠിക്കാനാകില്ല. അതിന്‌ നിങ്ങൾക്കുള്ള യോഗ്യത ആദ്യം തീരുമാനിക്കേണ്ടത് നിങ്ങളുടെ സഹപാഠികളും അധ്യാപകരുമാണ്. വൈദ്യസേവനത്തിനുള്ള സമർപ്പണബോധം - നിങ്ങൾക്കുണ്ടെന്ന് സഹപാഠികൾക്കും അധ്യാപകർക്കും ബോധ്യപ്പെടുകയും അവർ നിങ്ങളെ വൈദ്യപഠനത്തിനായി ശുപാർശ ചെയ്യുകയും വേണം. ചുരുക്കം പറഞ്ഞാൽ വൈദ്യസേവനത്തിനുള്ള ഏറ്റവും ആദ്യത്തെ യോഗ്യത, ക്യൂബയെ സംബന്ധിച്ചിടത്തോളം, അതിനുവേണ്ടുന്ന സമർപ്പണബോധമാണ്. തികച്ചും സൗജന്യമായ വിദ്യാഭ്യാസത്തിന് പണം ഒരു തടസ്സമേ അല്ല. അതുകൊണ്ടുതന്നെ വൈദ്യസേവനം അവർക്ക് പണമുണ്ടാക്കാനുള്ള മാർഗവുമല്ല. മറിച്ച്, അവരെ നയിക്കുന്നത്, "ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കു'മെന്ന മാനവ ചരിത്രത്തിലെ ഏറ്റവും മികച്ച വിചാരണ പ്രസംഗങ്ങളിലൊന്നിൽ തന്റെ നാട്ടുകാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അവരുടെ കൊടിയ ദാരിദ്ര്യത്തെക്കുറിച്ച്‌ ആശങ്കപ്പെടുകയും, അധികാരത്തിലെത്തിയ മുറയ്‌ക്കുതന്നെ വിപ്ലവസമരത്തിൽ തന്റെ സഖാവും ഡോക്ടറുമായിരുന്ന ചെ ഗുവേരയുടെ വിദഗ്‌ധോപദേശത്തിൽ ക്യൂബൻ ആരോഗ്യരംഗം അടിമുടി ഉടച്ചുവാർത്ത, അവരുടെ നേതാവും വിപ്ലവനായകനുമായിരുന്ന, ഫിദലിന്റെ ഉദാത്തമായ മാനവികതയിലൂന്നിയ ജീവിതവീക്ഷണംതന്നെ.

മധ്യക്യൂബയിലെ പ്രധാന പട്ടണമായ സാന്താക്ലാരയ്‌ക്കടുത്തുള്ള റാഞ്ചാലോ എന്ന ഗ്രാമത്തിലെ വാലൻസിയ കുടുംബത്തോടൊപ്പമുള്ള ഏതാനും ദിവസത്തെ സഹവാസം അവരുടെ ആരോഗ്യരീതികളെക്കുറിച്ച് നൽകിയ ഉൾക്കാഴ്ചകൾ എളുപ്പത്തിൽ മറക്കാൻ കഴിയുന്നതല്ല. കുടുംബത്തിലെ കാരണവരായ കാർലോ ഒരു രാത്രി വയറുവേദന കലശലായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. നേരത്തെ ഒരു ശസ്‌ത്രക്രിയക്ക് വിധേയനാക്കപ്പെട്ടിട്ടുള്ള കാർലോയ്‌ക്ക് ഭക്ഷണകാര്യത്തിൽ വലിയ നിയന്ത്രണമുള്ള ആളായിരുന്നു. എന്നാൽ, എന്നെ അത്‌ഭുതപ്പെടുത്തിക്കൊണ്ട് പിറ്റേന്ന് കാലത്തുതന്നെ അദ്ദേഹത്തെ തിരിച്ച് വീട്ടിലാക്കി. നാട്ടിലെ അനുഭവംവച്ച് ഞാൻ കരുതിയത് ആശുപത്രിയിലെ സ്ഥലപരിമിതിയായിരിക്കും തിരിച്ചയച്ചതിന്‌ കാരണമെന്നായിരുന്നു. ആശുപത്രി കാണാനുള്ള അതിയായ ആഗ്രഹത്തെത്തുടർന്ന് കുടുംബത്തിലെ ഇളംതലമുറക്കാരിയായ ലിയാന്നിയുമായി അവിടെയെത്തിയ ഞാൻ കണ്ടത് ഒരൊറ്റ രോഗിപോലുമില്ലാത്ത ഒഴിഞ്ഞ മുറികളായിരുന്നു. അന്ന് വൈകിട്ടാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. കാർലോയെ കാണാൻ അന്നവിടെ ഒരു വിശിഷ്ട അതിഥിയെത്തി, ഒരു വനിതാ ഡോക്ടർ. കാർലോയോട് കാര്യങ്ങളന്വേഷിച്ചശേഷം കുടുംബാംഗങ്ങളെയെല്ലാം കൂട്ടി മുക്കാൽ മണിക്കൂർ നീണ്ട ക്ലാസ്. അദ്ദേഹത്തിന്റെ അസുഖത്തെക്കുറിച്ചും അദ്ദേഹം കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ചും കഴിക്കാൻ പാടില്ലാത്തതിനെക്കുറിച്ചും മരുന്നിനെക്കുറിച്ചുമെല്ലാം സവിസ്തരം അവർ സംസാരിച്ചു. അവരുടെ സാന്നിധ്യവും വീട്ടുകാരോടുള്ള സമ്പർക്കവും അവർക്കും കാർലോയ്ക്കും നൽകിയ ആത്മവിശ്വാസം വലുതായിരുന്നു. ഇന്ത്യക്കാരനോടൊപ്പം ചായകുടിക്കാൻ കഴിഞ്ഞതൊരു ബഹുമതിയായി എന്ന് പറഞ്ഞവർ ഇറങ്ങുമ്പോൾ പുകൾപെറ്റ ക്യൂബൻ കുടുംബ ഡോക്ടർ സമ്പ്രദായത്തിന്റെ നേർക്കാഴ്ച ലഭിച്ച സന്തോഷത്തിലായിരുന്നു ഞാൻ. പിറ്റേന്ന് കാലത്ത് ഞാൻ കാണുന്നത് കാർലോയ്‌ക്ക് കഴിക്കാനുള്ള ഭക്ഷണസാധനങ്ങളുമായി എത്തിയിരിക്കുന്ന അയൽക്കാരെയും.


 

എങ്ങനെയാണ് ഇത്രയും ബൃഹത്തായ ഒരു കുടുംബ ഡോക്ടർ സംവിധാനം നിലനിർത്തിക്കൊണ്ടുപോകുന്നതെന്നതിനുത്തരം ഡോക്ടർമാരുടെ വർധിച്ച ലഭ്യത എന്നതാണ്. അതിനവരെ സഹായിക്കുന്നത് രാജ്യത്തെ 21 മെഡിക്കൽ കോളേജും. എന്നാൽ, അവരുടെ മെഡിക്കൽ വിദ്യാഭ്യാസത്തെ ഏറെ പ്രത്യേകതയുള്ളതാക്കുന്നത് ലോകത്തെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാലയായ എസ്കവേല ലാറ്റിനോ അമേരിക്കന ദേ മെഡിസിന എന്ന അന്താരാഷ്ട സർവകലാശാലയാണ്. ഐക്യനാടുകളിൽ നിന്നടക്കമുള്ള ഇരുപതിനായിരത്തോളം വിദേശ വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.  പഠനം തീർത്തും സൗജന്യമാണ്. പഠനത്തോടൊപ്പം രണ്ടുവർഷം പ്രാഥമികാരോഗ്യ മേഖലയിൽ ജോലി ചെയ്യേണ്ടതുണ്ട്. സേവനസന്നദ്ധതയെ അരക്കിട്ടുറപ്പിക്കുന്ന കാലഘട്ടമാണെന്ന് - സർവകലാശാലയിലെ പരാഗ്വയിൽനിന്നുള്ള ഹോവാന സൗറസ് പറയുന്നു. വികസിത രാജ്യങ്ങളിലെ വർധിച്ച പഠനച്ചെലവ് ഇല്ലാത്തതിനാൽ സമ്മർദമില്ലാതെ പഠിക്കാൻ കഴിയുന്നതുകൊണ്ടുതന്നെ പ്രാഥമികാരോഗ്യരംഗത്തെ സേവനം മികച്ചരീതിയിൽ പൂർത്തിയാക്കാനും വിദ്യാർഥികൾക്ക്‌ കഴിയുന്നുണ്ടെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു.

ക്യൂബയുടെ വെള്ളപ്പട്ടാളം ഈ കൊറോണക്കാലത്ത് 7 രാജ്യങ്ങളിൽ സേവനസന്നദ്ധരായി എത്തിക്കഴിഞ്ഞു. എന്നാൽ, അവർക്കിത് കാലങ്ങളായുള്ള സേവനപരമ്പരയിലെ ഇപ്പോഴത്തെ ദൗത്യംമാത്രം. നിസ്വാർഥ സേവനത്തിലൂടെ ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും യൂറോപ്പിലും ഏഷ്യയിലുമായി സമ്പത്തിനും ഭാഷയ്‌ക്കും രാഷ്ട്രീയത്തിനുമതീതമായി മാനവികതയെ പ്രതിഷ്ഠിക്കുന്ന അവർക്ക് ഈ ദൗത്യമൊരിക്കലും അവസാനത്തേതാകില്ല. തങ്ങളുടെ -പ്രിയ സഖാവ് ചെഗുവേരയുടെ നെഞ്ചിലേക്ക് വെടിയുതിർത്ത മാരിയോ ടെറാൻ എന്ന ബൊളീവിയൻ സൈനികന് കാഴ്ചശക്തി തിരിച്ചുനൽകിയ ക്യൂബൻ ഡോക്ടർമാർ, സേവനത്തിന് വിലങ്ങുകളില്ലാത്ത ലക്ഷ്യങ്ങളാണ് തീർത്തുകൊണ്ടിരിക്കുന്നത്. അവരുടെ സേവനത്തിന്റെ ഉദാത്ത മാതൃകകളിലൂടെ പ്രിയങ്കരരായ ഫിദലും ചെയും കാമിലോയുമെല്ലാം മനുഷ്യഹൃദയങ്ങളിൽ എന്നും ജീവിക്കും.

(ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളേജ്‌ അധ്യാപകനാണ്‌ ലേഖകൻ)

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top