11 May Saturday

ക്യൂബ ലോകത്തിന്റെ പിന്തുണ അർഹിക്കുന്നുണ്ട്, ക്യൂബയെ ലോകവും

നിതീഷ് നാരായണൻUpdated: Saturday Jun 10, 2023

ഒന്നര ആഴ്ചകാലത്തെ സന്ദർശനത്തിന് ശേഷം ക്യൂബയിൽ നിന്നും ഞങ്ങൾ ഇന്ത്യയിൽ തിരിച്ചെത്തി. ക്യൂബൻ ഐക്യദാർഢ്യ മിഷനിലും വേൾഡ് ഫെഡറേഷൻ ഓഫ് ഡെമോക്രാറ്റിക് യൂത്ത് ജനറൽ കൗൺസിൽ യോഗത്തിലും പങ്കെടുക്കാനാണ് എസ് എഫ് ഐ ജനറൽ സെക്രട്ടറിയായ മയൂഖ് ബിശ്വാസും വൈസ് പ്രസിഡൻ്റായ ലേഖകനും ധീരമായ സാമ്രാജ്യ്വത്വ വിരുദ്ധ സമരത്തിൻ്റെ ദ്വീപിലേക്ക് യാത്ര തിരിച്ചത്. മെയ് 24 മുതൽ 28 വരെ ഹവാനയിലാണ് പരിപാടികൾ നടന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ഹവാനയ്ക് പുറമേ മതാൻസാസ്, വരാദേരോ തുടങ്ങിയ പ്രവിശ്യകളിലേക്കും ഹ്രസ്വമായ യാത്രകൾ നടത്താനായി. ആറ് പതിറ്റാണ്ടിലേറെ നീണ്ട യുദ്ധസമാനമായ യു എസ് ഉപരോധത്തെ ചെറുത്ത് സോഷ്യലിസത്തിൻ്റെ പതാക ഉയർത്തിപ്പിടിക്കുന്ന ക്യൂബൻ അനുഭവം ആവേശകരമാണ്. ഒരേ സമയം മുതലാളിത്തത്തിന് വിരുദ്ധമായ സോഷ്യലിസ്റ്റ് സാമൂഹിക-സാമ്പത്തിക ജീവിതം കെട്ടിപ്പടുക്കാൻ ക്യൂബ ശ്രമിക്കുന്നതിൻ്റെ ഉജ്ജ്വലമായ കാഴ്ചകൾക്കും സാമ്രാജ്യത്വ ശക്തികൾ അടിച്ചേൽപ്പിച്ച ക്രൂരമായ സാമ്പത്തിക ഉപരോധത്തിൻ്റെ കെടുതികൾ എങ്ങനൊക്കെയാണ് ഒരു നാടിനെ ശ്വാസം മുട്ടിച്ച് കൊല്ലാൻ നോക്കുന്നത് എന്നതിൻ്റെ അനുഭവങ്ങൾക്കും സാക്ഷികളാവുകയായിരുന്നു ഞങ്ങൾ. തീർച്ചയായും ക്യൂബ ലോകത്തിൻ്റെ കൂടുതൽ അനുഭാവവും ഐക്യദാർഢ്യവും അർഹിക്കുന്നുണ്ട്. ലാഭം കുന്നുകൂട്ടാനുള്ള മുതലാളിത്തത്തിൻ്റെ ചൂഷണ പദ്ധതികൾക്ക് ബദൽ സാധ്യമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ക്യൂബയുടെ ശ്രമങ്ങൾ കൂടുതൽ അറിയപ്പെടുകയും ചെയ്യേണ്ടതുണ്ട്.

ക്യൂബൻ യാത്രയ്ക്കിടയിൽ സോഷ്യലിസം കെട്ടിപടുക്കാനുള്ള വ്യത്യസ്തമായ പദ്ധതികൾ കാണാനും മനസിലാക്കാനും ഞങ്ങൾക്ക് സാധിച്ചു. ക്യൂബയിലെ സ്കൂളുകൾ, ആശുപത്രികൾ, മെഡിക്കൽ കോളേജ്, മരുന്ന് നിർമാണ-പരീക്ഷണ കേന്ദ്രങ്ങൾ, സ്പോർട്സ് അക്കാദമി, ആർട്ട് ഗ്യാലറി, തൊഴിൽ കേന്ദ്രങ്ങൾ, ഹവാന സർവകലാശാല തുടങ്ങിയവ സന്ദർശിക്കാനും അവിടങ്ങളിലെ ആളുകളുമായി സംവദിക്കാനുമുള്ള അവസരം ലഭിച്ചിരുന്നു. ഒപ്പം പ്രസിദ്ധമായ റവല്യൂഷ്യൻ സ്ക്വയർ, ഫിദൽ കാസ്റ്റ്രോ സെൻ്റർ, ഗ്രാന്മ കപ്പലും വിവിധ പോരാട്ടങ്ങളുടെ ശേഷിപ്പുകളും  സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം, പാർലമെൻ്റ് മന്ദിരം തുടങ്ങിയവയും കാണാൻ സാധിച്ചു.

ആരോഗ്യ മേഖലയിൽ ക്യൂബ കൈവരിച്ച നേട്ടങ്ങൾ അതിശയപ്പെടുത്തുന്നതാണ്. പടിഞ്ഞാറൻ ഹവാനയിലെ പ്ലായ മുനിസിപാലിറ്റിയിൽ കരീബിയൻ കടലിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന  ലാറ്റിൻ അമേരിക്കൻ സ്കൂൾ ഓഫ് മെഡിസിനിൽ വച്ചാണ് സന്ദർശനത്തിൻ്റെ ഭാഗമായ ഔദ്യോഗിക പരിപാടികൾ ആരംഭിച്ചത്. എലാം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വിശാലമായ ഈ കാമ്പസ് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിച്ചിറങ്ങുന്ന ആരോഗ്യ വിദ്യാഭ്യാസ കേന്ദ്രമാണ്. ക്യൂബ ഉയർത്തിപ്പിടിക്കുന്ന സാർവദേശീയതയുടെ അടയാളങ്ങളിൽ ഒന്നാണ് 1999 ഇൽ ആരംഭിച്ച ഈ സ്ഥാപനം. വിവിധ ലോക രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികൾ ഓരോ വർഷവും ഇവിടെ നിന്നും സൗജന്യമായി പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്നുണ്ട്. മിക്കവാറും യുദ്ധത്തിൻ്റെയും അധിനിവേശത്തിൻ്റെയുമെല്ലാം കെടുതികൾ അനുഭവിക്കുന്ന പിന്നാക്ക രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ. അവരിൽ തന്നെ വലിയ വിഭാഗം ആദിവാസികൾ ഉൾപ്പടെ പാർശ്വവൽകരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഭൂരിപക്ഷവും പെൺകുട്ടികൾ. സിറിയയിൽ നിന്നുള്ള വിദ്യാർഥിനിയായ ഹനാൻ പറഞ്ഞത് ഏറ്റവും നല്ല അനുഭവങ്ങളാണ് ഈ സ്ഥാപനം സമ്മാനിക്കുന്നത് എന്നായിരുന്നു. സിറിയയിലെ സംഭവവികാസങ്ങൾ ആശങ്കപ്പെടുത്തുമ്പോൾ തന്നെ ക്യൂബയിൽ അനുഭവിക്കാനായ സാർവദേശീയമായ സാഹോദര്യത്തിൻ്റെ ഊഷ്മളതയും അധ്യാപകർ ഉൾപ്പടെയുള്ളവരുടെ അങ്ങേയറ്റം സ്നേഹത്തോടു കൂടിയ പെരുമാറ്റവും അവർക്ക് പ്രതീക്ഷയാവുകയാണ് എന്നും. മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്ന ഒരു വിദ്യാർഥിയിലും തങ്ങളുടെ രാഷ്ട്രീയ ആശയം അടിച്ചേൽപ്പിക്കാൻ ക്യൂബ ശ്രമിക്കില്ലെന്ന് ജോർദാനിൽ നിന്നുള്ള അഹ്മദ് സാക്ഷ്യപ്പെടുത്തുന്നു. ആരുടെയും വിശ്വാസത്തിലോ ആഘോഷങ്ങളിലോ ഇടപെടുകയുമില്ല. എന്നാൽ സോഷ്യലിസ്റ്റ് സാമൂഹിക വീക്ഷണത്തിൻ്റെ ഗുണഭോക്താക്കളാണ് തങ്ങളെന്ന് ജീവിതാനുഭവങ്ങളിലൂടെ വിദ്യാർഥികളിൽ പലരും മനസിലാക്കാറുണ്ട്. ഉപരോധം സൃഷ്ടിക്കുന്ന പ്രയാസങ്ങൾ നേരിടേണ്ടി വരുമ്പോഴും ക്യൂബയെ അവർ ആഴത്തിൽ സ്നേഹിക്കുകയും ചെയ്യുന്നു. ഇവിടത്തെ വിദ്യാഭ്യാസം അവരെ കടക്കെണിയിലേക്ക് തള്ളിവിടില്ല. ആരോഗ്യ സംവിധാനങ്ങൾ ഏറ്റവും കുറഞ്ഞ പ്രദേശങ്ങളിലെ ജനങ്ങൾക്കായി സേവനമനുഷ്ഠിക്കും എന്ന പ്രതിജ്ഞ അവർ എടുക്കാറുണ്ട്. ഏറ്റവും മികച്ച ആരോഗ്യ പ്രവർത്തകരെ സൃഷ്ടിക്കുകയും അവരുടെ സേവനം ലോകത്തെമ്പാടുമുള്ള ദരിദ്ര ജനതയ്ക്ക് പ്രാപ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് ക്യൂബ ഉയർത്തിപ്പിടിക്കുന്നത്.

ക്യൂബയിൽ ആരോഗ്യ പരിരക്ഷ പൂർണമായും സൗജന്യമാണ്. ഞങ്ങളുടെ യാത്രയിലുടനീളം ഓരോ പ്രദേശത്തും പോളി ക്ലിനിക്കുകൾ കാണാമായിരുന്നു. ജനങ്ങളിൽ പ്രതിരോധ ശേഷി വർധിപ്പിക്കുകയും അസുഖം തുടക്കത്തിലേ മനസിലാക്കി ആദ്യ ഘട്ടത്തിൽ തന്നെ ചികിത്സിച്ച് ഭേദമാക്കുകയും ചെയ്യുക എന്നതാണ് ക്യൂബയിലെ രീതി. അതുകൊണ്ട് തന്നെ പ്രാഥമിക ആരോഗ്യ പരിചരണത്തിൽ പരിശീലനത്തിന് മുന്തിയ പരിഗണനയാണ് അവർ നൽകുന്നത്. അമേരിക്കയുടേതിന് സമാനമായ ആയുർദൈർഘ്യം ക്യൂബയ്ക്ക് കൈവരിക്കാനായത് ഇങ്ങനൊക്കെയാണ്.

കുട്ടികളുടെ ആരോഗ്യ പരിപാലനത്തിലും വിദ്യാഭ്യാസത്തിലും ക്യൂബയുടെ കരുതലിന് സമാനതകളില്ല. ബൊയെറോസ് മുനിസിപാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന കുട്ടികൾക്കായുള്ള വില്ല്യം സോളെർ ആശുപത്രിയും ശിശുപരിചരണത്തിൻ്റെ പഠനകേന്ദ്രവും ഈ വിഭാഗത്തിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ ഒന്നാണ്. സബ് ഡയറക്ടറായ റോബെർട്ടോ ഡിയാസ് കിങ് സ്ഥാപനത്തിൻ്റെ സവിശേഷതകളും ചരിത്രവും ഞങ്ങൾക്കായി വിശദീകരിച്ചു. സ്പെഷലിസ്റ്റുകൾ ഉൾപ്പടെയുള്ള ഇവിടത്തെ ആരോഗ്യ പ്രവർത്തകരിൽ 66 ശതമാനവും സ്ത്രീകളാണ്. കുട്ടികളിലെ ഹൃദയ സംബന്ധമായതുൾപ്പടെയുള്ള അതിസങ്കീർണമായ അസുഖങ്ങൾ ചികിത്സിച്ച് ഭേദമാക്കാൻ പരിശീലനം നേടിയ വിദഗ്ദരുടെ സേവനം ഇവിടെ ലഭ്യമാണ്. സമാനമായ മറ്റ് സ്ഥാപനങ്ങൾ ക്യൂബയുടെ വിവിധ ഭാഗങ്ങളിലുണ്ട്.


ശാരീരിക പരിമിതികൾ അനുഭവിക്കുന്ന കുട്ടികൾക്കായുള്ള സോളിഡാരിറ്റി വിത്ത് പനാമ സ്കൂൾ ആരംഭിക്കുന്നത് 1989 ൽ ആണ്. അവിടെ കുട്ടികളെ അവരുടെ പരിമിതികൾ മറികടക്കാൻ പരിശീലിപ്പിച്ചെടുക്കുകയും കൂടുതൽ ആത്മവിശ്വാസത്തോടെ ജീവിക്കാൻ കരുത്തുനൽകുകയും ചെയ്യുന്ന കാഴ്ച കുട്ടികളെ സ്നേഹിക്കുന്ന ഏതൊരാളുടെയും ഹൃദയത്തെ സ്പർശിക്കും. ഹവാനയ്ക്ക് പുറമേ സാൻ്റിയാഗോ ഡി ക്യൂബയിലും സാന്താ ക്ലാരയിലും ഇതുപോലുള്ള വേറെയും സ്കൂളുകൾ ഉണ്ട്. എന്നാൽ യു എസ് ഉപരോധത്തിൻ്റെ കെടുതികൾ കൂടുതൽ ഇത്തരം സ്കൂളുകൾ സ്ഥാപിക്കുന്നതിന് വെല്ലുവിളിയായി മാറി. ഞങ്ങൾ സന്ദർശിച്ച പ്രത്യേക സ്കൂളിൽ 225 കുട്ടികളാണ് നിലവിലുള്ളത്. അവരെ പിന്തുണക്കാൻ ഈ മേഖലയിലുള്ള 7 വിദഗ്ദർ ഉൾപ്പടെ 145 പ്രവർത്തകരുമുണ്ട്. പ്രസിദ്ധമായ ‘വന്ദനമേര’ പാട്ടുപാടിയാണ് കുട്ടികൾ ഞങ്ങളെ സ്വീകരിച്ചത്. പത്ത് വർഷമായി സ്ഥാപനത്തിൻ്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന എസ്തർ ലാവോ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും കുട്ടികൾക്കായുള്ള ജിമ്മും, മെഡിക്കൽ യൂണിറ്റും, കളിക്കളവും, ക്ലാസ് മുറിയും, ഭക്ഷണ ശാലയും, തിരുമ്മൽ കേന്ദ്രവുമെല്ലാം നടന്ന് കാണിക്കുകയും ചെയ്തു. കുട്ടികളുടെ മാനസികാരോഗ്യത്തിനാണ് ഏറ്റവും മുന്തിയ പരിഗണനയെന്ന് അവർ പറഞ്ഞു. എങ്ങനെയാണ് ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ സംരക്ഷിക്കേണ്ടതെന്നതിൻ്റെ മകുടോദാഹരണമായി ക്യൂബ മാറുന്നു.

കോവിഡ് മഹാമാരി ക്യൂബയ്ക്ക് മേൽ അടിച്ചേൽപ്പിച്ച ദുരിതങ്ങൾ വിവരണാതീതമാണ്. മനുഷ്യത്വ രഹിതമായ ഉപരോധത്തിനൊപ്പം ഇരട്ടപ്രഹരമായി മഹാമാരി കാലം മാറി. അതേൽപ്പിച്ച സാമ്പത്തിക പ്രയാസങ്ങളിൽ നിന്നും വളരെ പതിയെ മാത്രം കരകയറുകയാണ് ഈ കൊച്ചു ദ്വീപ്. പ്രധാന വരുമാന ശ്രോതസ്സായ വിനോദ സഞ്ചാരം ദീർഘകാലം പൂർണമായും നിലച്ചിരുന്നു. എന്നിട്ടും മുതലാളിത്ത ലോകങ്ങളിൽ കണ്ടതിന് സമാനമായ കോവിഡ് മഹാദുരന്തങ്ങൾ ക്യൂബയിൽ ഉണ്ടായില്ല. വിവിധ തരം ജനങ്ങൾക്ക് വിവിധ തരത്തിലുള്ള ചികിത്സകളും മുൻ കരുതലുകളും തയ്യാറാക്കി ക്യൂബ കോവിഡിനെ നേരിട്ടു. ലോകത്ത് തന്നെ ഏറ്റവും ഫലപ്രാപ്തിയുള്ള അഞ്ച് വാക്സിനുകൾ സ്വന്തമായി വികസിപ്പിച്ചെടുക്കാൻ അവരുടെ മരുന്ന് ഗവേഷണ കേന്ദ്രങ്ങൾക്കായി. ഉപരോധം മൂലം ആരോഗ്യ ഉപകരണങ്ങളും മരുന്നുകളും പുറമേ നിന്ന് എത്തിക്കാൻ സാധിക്കാത്തപ്പോഴും തങ്ങളുടെ ജനതയെ കൈവിടാതെ പിടിച്ചു നിന്ന ക്യൂബൻ അനുഭവം ഡോ. മാനുവൽ റൈസസ് പെരെസ് വിശദീകരിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വന്ന രോഗികളിൽ 85 ശതമാനത്തെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ക്യൂബയിലെ ആരോഗ്യ പ്രവർത്തകർക്ക് സാധിച്ചു. ക്യൂബയോളം തന്നെ ജനസംഖ്യയുള്ള യു എസിലെ മിഷിഗൻ സ്റ്റേറ്റിൽ ഇത് കേവലം 15 ശതമാനം മാത്രമായിരുന്നു. ഒപ്പം ക്യാൻസർ ഉൾപ്പടെയുള്ള രോഗങ്ങൾക്കെതിരെ ക്യൂബ വികസിപ്പിച്ചെടുത്ത മരുന്നുകളും ചികിത്സാ സംവിധാനങ്ങളും ഉപയോഗപ്പെടുത്താൻ ഉപരോധം കാരണം സാധിക്കാത്തത് മൂലം അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിലെ ജനങ്ങൾക്കുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചും കണക്കുകൾ വച്ച് അദ്ദേഹം സ്ഥാപിച്ചു. ലോകത്തെ കീഴടക്കിയ വൈറസിനെ പരാജയപ്പെടുത്താൻ ക്യൂബയ്ക്ക് സാധിച്ചു. എന്നാൽ അതിനേക്കാൽ വലിയൊരു മഹാമാരിയായി ഉപരോധം അടിച്ചേൽപ്പിച്ച സാമ്പത്തിക പരാധീനതകൾ ആ നാടിനെ കൊല്ലാൻ ആയുധമേന്തുന്നു. രാഷ്ട്രീയമായ ഉൾക്കാഴ്ച്ചയും ആരോഗ്യ മേഖലയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും സാമൂഹിക പ്രതിബദ്ധതയോടുകൂടി ഒരു പ്രഫഷനെഎങ്ങനെ സമീപിക്കണം എന്നതിൻ്റെ തെളിവുമായിരുന്നു ഡോക്ടർ മാനുവലിൻ്റെ ക്ലാസ്. ക്യൂബയ്ക്കു മേലുള്ള ഉപരോധം അവസാനിപ്പിക്കാനായാൽ ലോകം മുഴുവൻ അതിൻ്റെ ഗുണം അനുഭവിക്കും.

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്. എയർപ്പോർട്ടിലും ബാങ്കിലും സ്കൂളിലും ആശുപത്രിയിലുമെല്ലാം ബഹുഭൂരിപക്ഷവും സ്ത്രീകളാണ് സെക്യൂരിറ്റി സ്റ്റാഫ് മുതൽ അഡ്മിനിസ്ട്രേറ്റീവ് ചുമതലകൾ വരെ വഹിക്കുന്നത്. ഞങ്ങൾ സേവനം തേടിയ ബാങ്കിൽ മുഴുവൻ സ്റ്റാഫും സ്ത്രീകളായിരുന്നു. നേതൃ രംഗത്തും ഉയർന്ന തോതിൽ സ്ത്രീകളെ കാണാനാകും. കായിക മേഖലയക്ക് നൽകുന്ന ഊന്നൽ സെറോ പെറാഡൊ അത്‌ലീറ്റിക് പരിശീലന കേന്ദ്രം സന്ദർശിച്ചപ്പോൾ മനസിലാക്കാനായി. കഴിഞ്ഞ ഒളിമ്പിക്സിൽ പതിനാലാം സ്ഥാനത്തായിരുന്നു ജനസംഖ്യയിൽ 83 ആം സ്ഥാനത്തും വലിപ്പത്തിൽ 104ആം സ്ഥാനത്തുമുള്ള ക്യൂബ.

ഭക്ഷ്യ പ്രതിസന്ധിയും ഊർജ്ജ പ്രതിസന്ധിയും ഒക്കെ മറികടക്കണമെങ്കിൽ മറ്റ് ലോക രാജ്യങ്ങളുമായി കൂടുതൽ തുറന്ന ബന്ധത്തിനുള്ള സാഹചര്യം ക്യൂബയ്ക്ക് ഉണ്ടായേ തീരൂ. യു എസ് ഉപരോധം മൂലം ലോകത്തെ പല കമ്പനികളും രാജ്യങ്ങളും ക്യൂബയുമായി വാണിജ്യ ബന്ധങ്ങൾക്ക് തയ്യാറല്ല. ദ്വീപ് ആയതിനാൽ തന്നെ തങ്ങൾക്കാവശ്യമായ എല്ലാം അവിടെ തന്നെ നിർമിക്കുകയെന്നത് ക്യൂബയെ സംബധിച്ചിടത്തോളം സാധ്യമല്ല. ക്യൂബൻ സോഷ്യലിസത്തിൻ്റെ മുന്നേറ്റം യു എസ് മുതലാളിത്തത്തെ ഭയപ്പെടുത്തുന്നുണ്ട്. യു എസിൽ നിന്നും മൈലുകൾ മാത്രം അകലെയുള്ള ക്യൂബയിൽ എല്ലാ മനുഷ്യർക്കും സൗജന്യവും മികച്ചതുമായ വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും തൊഴിലും ഉയർന്ന വേതനവും ഭക്ഷ്യ സുരക്ഷയും ഉറപ്പാണെന്ന് വന്നാൽ അത് യു എസിലെ തൊഴിലാളി വർഗത്തിനിടയിൽ ചർച്ചയാകുമെന്നും മുതലാളിത്തത്തിനെതിരായ വലിയ സമരങ്ങൾക്ക് അവർ കോപ്പുകൂട്ടുമെന്നും യു എസ് ഭരണകൂടത്തിന് ആശങ്കയുണ്ട്. അതുകൊണ്ടാണ് ഐക്യരാഷ്ട്ര സഭയിൽ തുടർച്ചയായി പ്രമേയം പാസാക്കപ്പെട്ടിട്ടും ക്യൂബയ്ക്കുമേലുള്ള ഉപരോധം അനുദിനം കനപ്പിക്കാൻ മാത്രം അവർ തയ്യാറാകുന്നത്. ഇവിടെയാണ് ലോക ജനത കൂടുതൽ കരുത്തോടെ ക്യൂബയ്ക്കൊപ്പം നിൽക്കേണ്ടത്. ക്യൂബ അതിജീവിക്കേണ്ടത് ലോക മാനവികതയുടെ കൂടി ആവശ്യമാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top