25 April Thursday

സമത്വസുന്ദര ക്യൂബൻ കുടുംബം

വി ബി പരമേശ്വരൻUpdated: Thursday Oct 6, 2022

കുടുംബത്തെക്കുറിച്ചുള്ള പതിവ്‌ സങ്കൽപ്പങ്ങളിൽ കാലാനുസൃതമായ മാറ്റംവരുത്തി, കൂടുതൽ സമത്വപൂർണവും ജനാധിപത്യപരവുമാക്കുന്ന പുതിയ കുടുംബസംഹിതയ്‌ക്ക്‌ ക്യൂബൻ ജനത അംഗീകാരം നൽകി. സെപ്‌തംബർ 18നും (വിദേശത്തുള്ള ക്യൂബൻ പൗരന്മാർ) 25നുമായി നടന്ന ഹിതപരിശോധനയിലൂടെയാണ്‌ പുതിയ കുടുംബനിയമങ്ങൾക്ക്‌ അംഗീകാരം ലഭിച്ചത്‌. ഇതോടെ പുരോഗമനപരമായ, കൂടുതൽ സമത്വപൂർണമായ കുടുംബരൂപമാണ്‌ ക്യൂബയിൽ ഉരുത്തിരിയുന്നത്‌. ക്യൂബൻ വിപ്ലവത്തിന്റെ തുടർച്ച ഉറപ്പുവരുത്തിക്കൊണ്ടാണ്‌, പാർശ്വവൽക്കൃതർക്കും ലിംഗന്യൂനപക്ഷങ്ങൾക്കും അന്തസ്സായ ജീവിതം ക്യൂബൻ കമ്യൂണിസ്റ്റ്‌ പാർടി നയിക്കുന്ന സർക്കാർ ഉറപ്പുനൽകുന്നത്‌. ‘ക്യൂബൻ വിപ്ലവത്തിന്റെ മാനുഷികമുഖമാണ്‌ ഇത്‌ കാണിക്കുന്നതെന്നാണ്‌’ ഈ മാറ്റത്തിന്‌ ചുക്കാൻപിടിച്ച നീതിവകുപ്പ്‌ മന്ത്രി ഓസ്‌കർ സിൽവേര മാർടിനെസിന്റെ അഭിപ്രായം. ‘എല്ലാവർക്കും നീതി ലഭ്യമാക്കിയിരിക്കുന്നുവെന്നാണ്‌’ പ്രസിഡന്റ്‌ മിഗ്വൽ ഡയസ്‌ കാനലിന്റെ അഭിപ്രായം.

കുടുംബരൂപത്തിൽ എന്തുമാറ്റമാണ്‌ പുതിയ നിയമങ്ങൾ വരുത്തുന്നതെന്ന്‌ ആദ്യം പരിശോധിക്കാം. സ്വവർഗവിവാഹം നിയമപരമായി അംഗീകരിക്കുന്നുവെന്നതാണ്‌ ഏറ്റവും പ്രധാന പ്രത്യേകത. സ്വവർഗ ദമ്പതികൾക്ക്‌ കുട്ടികളെ ദത്തെടുക്കാനും അവകാശമുണ്ടാകും. അതോടൊപ്പം കുടുംബത്തിൽ സ്‌ത്രീക്കും പുരുഷനും തുല്യമായ ഉത്തരവാദിത്വമുണ്ടായിരിക്കും. കുട്ടികളുടെ ‘ഉത്തരവാദിത്വം’ രക്ഷിതാക്കൾക്ക്‌ ആയിരിക്കുമെങ്കിലും അവരെ ‘കസ്റ്റഡിയിൽ വയ്‌ക്കാനുള്ള’ അധികാരം ഉണ്ടായിരിക്കില്ല. കുട്ടികൾക്കും കൗമാരക്കാർക്കും ബഹുമാനവും അന്തസ്സും വകവച്ചുനൽകാൻ രക്ഷിതാക്കൾ തയ്യാറാകണം. കുടുംബകാര്യങ്ങളിൽ അവരുടെ അഭിപ്രായവും മാനിക്കപ്പെടണം. ഗാർഹികപീഡനം തടയാനുള്ള നിയമങ്ങളും കർക്കശമാക്കും. കുട്ടികളുടെയും പ്രായമായവരുടെയും സംരക്ഷണം ഉറപ്പുവരുത്താനും പുതിയ സംഹിതയിൽ നിയമങ്ങളുണ്ട്‌.

വിവാഹമെന്നത്‌ ആണും പെണ്ണും ഉഭയസമ്മതപ്രകാരം നടത്തുന്ന കരാറെന്ന നിർവചനത്തിലും മാറ്റംവരുത്തി. രണ്ട്‌ പങ്കാളികൾ തമ്മിലുള്ള കരാർ ആയിരിക്കും ഇനി വിവാഹം. സ്വവർഗരതിയെ ഭയത്തോടെ കണ്ടിരുന്ന കാലത്തിനാണ്‌ ക്യൂബയിൽ അന്ത്യമാകുന്നത്‌. ലാറ്റിനമേരിക്കയിൽ മെക്‌സിക്കോ, കൊളംബിയ, ബ്രസീൽ, ചിലി, കോസ്റ്റാറിക്ക, ബൊളീവിയ, അർജന്റീന, ഉറുഗ്വെ എന്നീ രാജ്യങ്ങളിൽ നേരത്തേ തന്നെ സ്വവർഗവിവാഹം അനുവദിച്ചിട്ടുണ്ട്‌. അങ്ങേയറ്റം ജനാധിപത്യപരമായ പ്രക്രിയയിലൂടെയാണ്‌ ഈ പുതിയ സംഹിതയ്‌ക്ക്‌ അംഗീകാരം നൽകിയിട്ടുള്ളത്‌. ക്യൂബയിൽ കമ്യൂണിസ്റ്റ്‌ പാർടിയുടെ ഏകാധിപത്യ ഭരണമാണെന്ന്‌ വിളിച്ചുകൂവുന്നവർ ഇതറിയണം. 39 ലക്ഷം (മൊത്തം 85 ലക്ഷം വോട്ടർമാരാണ്‌ ഉള്ളത്‌) വോട്ടർമാർ പുതിയ സംഹിതയ്‌ക്ക്‌ അനുകൂലമായി വോട്ട്‌ ചെയ്‌തു. അതായത്‌ 66.9 ശതമാനംപേർ. 19.5 ലക്ഷം വോട്ടർമാർ–-33.1 ശതമാനം  എതിർത്തും വോട്ട്‌ ചെയ്‌തു.  ഇന്റർനെറ്റും സമൂഹമാധ്യമങ്ങളും പ്രചാരത്തിലുള്ള കാലത്താണ്‌ ഈ വോട്ടെടുപ്പ്‌ നടന്നത്‌. കടുത്ത ഊർജപ്രതിസന്ധിയിലൂടെയാണ്‌ ക്യൂബ കടന്നുപോകുന്നത്‌. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ്‌ സർക്കാരിനെ തോൽപ്പിക്കാൻ ജനങ്ങൾ കിട്ടിയ അവസരം ഉപയോഗിക്കുമെന്ന്‌ ബിബിസി ഉൾപ്പെടെയുള്ള പാശ്ചാത്യമാധ്യമങ്ങളും ഹവാന ടൈംസ്‌ പോലുള്ള പത്രങ്ങളും എഴുതിയെങ്കിലും പുരോഗമനപരമായ പരിഷ്‌കാരത്തെ ഭൂരിപക്ഷം ജനങ്ങളും അനുകൂലിച്ചു. മാത്രമല്ല, കത്തോലിക്ക ചർച്ചും ഇവാഞ്ചലിക്കൽ ചർച്ചും പരസ്യമായിത്തന്നെ ഈ കുടുംബബന്ധ പരിഷ്‌കാരത്തിനെതിരെ രംഗത്തുവന്നിരുന്നു.  കത്തോലിക്കാ ബിഷപ് ഇറക്കിയ ഒരു പ്രസ്‌താവനയിൽ അച്ഛനെയും അമ്മയെയും ലഭിക്കാനുള്ള ഒരു കുട്ടിയുടെ അവകാശമാണ്‌ പുതിയ സംഹിത നിഷേധിക്കുന്നതെന്നും വിവാഹമെന്നാൽ ആണും പെണ്ണും തമ്മിൽ മാത്രമായിരിക്കണമെന്നും വാദിച്ചു. എന്നാൽ, മൂന്നിൽരണ്ട്‌ വോട്ടർമാരും സർക്കാർ മുന്നോട്ടുവച്ച പരിഷ്‌കാരങ്ങളെയാണ്‌ അനുകൂലിച്ചത്‌.

അസാധാരണമായ ജനാധിപത്യപ്രക്രിയയാണ്‌ ഈ നിയമസംഹിത അംഗീകരിക്കുന്നതിനായി ക്യൂബയിലെ കമ്യൂണിസ്റ്റ്‌ സർക്കാർ കൈക്കൊണ്ടത്‌. 2019ൽ പുതിയ ഭരണഘടന അംഗീകരിക്കുന്ന വേളയിൽത്തന്നെ കുടുംബനിയമങ്ങളിലും മാറ്റംവേണമെന്ന ആവശ്യം ഉയർന്നിരുന്നു. മുൻ പ്രസിഡന്റ്‌ റൗൾ കാസ്‌ട്രോയുടെ മകളും നാഷണൽ സെന്റർ ഫോർ സെക്‌സ് എഡ്യൂക്കേഷൻ മേധാവിയുമായ മരിയേല കാസ്‌ട്രോയാണ്‌ ഈ ആവശ്യം ഉന്നയിച്ചത്‌. എന്നാൽ, ക്രിസ്‌ത്യൻ പള്ളികൾ വലിയ പ്രതിഷേധവുമായി രംഗത്തുവന്നതിനാൽ ആ നീക്കം മാറ്റിവച്ചു.  2019 ജൂലൈ ആറിന്‌ നീതി മന്ത്രാലയം ഒരു അഡ്‌ഹോക്ക്‌ വർക്കിങ് ഗ്രൂപ്പിന്‌ രൂപംനൽകി. ഇവർ നടത്തിയ വിശദമായ ചർച്ചയിൽ നിയമസംഹിതയുടെ 22 കരടുരൂപങ്ങളാണ്‌ ഉണ്ടായത്‌. ഇതിൽ 22–-ാമത്തെ കരടാണ്‌ സെപ്‌തംബർ 15ന്‌ നീതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത്‌. ജനങ്ങൾക്ക്‌ ഒക്ടോബർ 15 വരെ അഭിപ്രായങ്ങൾ അറിയിക്കാൻ അവസരം നൽകി. ഈ നിർദേശങ്ങളിൽ പലതും ഉൾപ്പെടുത്തി 23–-ാമത്തെ കരടാണ്‌ നാഷണൽ അസംബ്ലിയുടെ അംഗീകാരത്തിനായി സമർപ്പിച്ചത്‌. പാർലമെന്റിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ചില ഭേദഗതികൂടി ഉൾപ്പെടുത്തി 24–-ാമത്തെ കരട്‌ വീണ്ടും ജനകീയ ചർച്ചയ്‌ക്ക്‌ വിധേയമാക്കി. 79,000 യോഗമാണ്‌ ചേർന്നത്‌. ഈ യോഗങ്ങളിൽ 64,81,200 പേർ പങ്കെടുത്തു. 3,36,595 പേർ ചർച്ചയിൽ പങ്കെടുത്തു. മൊത്തം വോട്ടർമാരിൽ 79.93 ശതമാനംപേർ യോഗങ്ങളിൽ പങ്കെടുത്തു. ഈ ചർച്ചയുടെ അടിസ്ഥാനത്തിൽ 24–-ാമത്തെ കരടിലെ 49.15 ശതമാനം ഉള്ളടക്കവും മാറ്റിയെഴുതപ്പെട്ടു. അങ്ങനെ തയ്യാറാക്കിയ 25–-ാമത്തെ കരടാണ്‌ നാഷണൽ അസംബ്ലിയുടെ അംഗീകാരത്തിനുശേഷം ഹിതപരിശോധനയ്‌ക്ക്‌ വിധേയമാക്കിയത്‌. അതായത്‌ ജനങ്ങളെ പൂർണമായും വിശ്വാസത്തിലെടുത്താണ്‌ കുടുംബസംഹിത മാറ്റിയത്‌. ക്യൂബൻ ജനാധിപത്യത്തിന്റെ കരുത്തും വ്യാപ്‌തിയുമാണ്‌ ഇവിടെ തെളിയുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top