26 April Friday

രാജ്യാന്തര വിപണിയിൽ ക്രൂഡ്‌ വില ഇടിയുന്നു ; ഇന്ത്യയിൽ ഇരട്ടിവില

ജോർജ് ജോസഫ്Updated: Friday Jun 2, 2023

 

ആഗോള സാമ്പത്തികരംഗത്തെ മെല്ലെപ്പോക്ക് സങ്കീർണമായ  പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് ക്രൂഡ് വിപണിയിലാണ്.  സാമ്പത്തികമാന്ദ്യവും റഷ്യ –--ഉക്രയ്‌ൻ യുദ്ധം തീവ്രമായി തുടരുന്നതുംമൂലം എണ്ണയുടെ ഡിമാൻഡിലുള്ള തളർച്ചയും വിലയിടിവും തുടർക്കഥയാകുകയാണ്.  ക്രൂഡ് വില പിടിച്ചുനിർത്തുന്നതിന് ഒപെക്  പ്ലസ് രാജ്യങ്ങൾ ഉൽപ്പാദനം കുറയ്ക്കുകയെന്ന തന്ത്രം ശക്തമാക്കുമ്പോഴും ആഗോളവിപണികളിൽ വിലയിടിവ് രൂക്ഷമാകുകയാണ്.  സപ്ലൈ എത്രകണ്ട് കുറയ്ക്കാൻ ശ്രമിക്കുമ്പോഴും ഡിമാൻഡ് അതിനേക്കാൾ കൂടുതൽ ഇടിയുന്നുവെന്ന അപൂർവ പ്രതിഭാസമാണ് എണ്ണവിപണിയിൽ കാണുന്നത്.  അതുകൊണ്ട് ബ്രെന്റ് ക്രൂഡിന്റെ വില സമീപകാലത്തെ ഏറ്റവും താഴ്ന്ന നിരക്കായ,  ബാരലിന് 72-73 ഡോളർ എന്ന നിലയിലേക്ക് ഇടിഞ്ഞിരിക്കുകയാണ്.  കഴിഞ്ഞ നാലു മാസമായി തുടർച്ചയായി ഇടിയുന്നു.  2022ൽ 100 ഡോളറിന് മുകളിലായിരുന്ന ശരാശരി വിലയാണ്  ഇപ്പോൾ 73 ഡോളറായി കുറഞ്ഞിരിക്കുന്നത്. 2022ൽ വിപണി ശരാശരി 7.22 ശതമാനം നേട്ടം കൈവരിച്ചപ്പോൾ ഈവർഷം ഇതുവരെ വിലയിൽ ഉണ്ടായിരിക്കുന്ന ശരാശരി ഇടിവ് 8. 89 ശതമാനമാണ്.

അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ഇക്കാര്യത്തിൽ നിർണായകഘടകമാണ്.  ഉപരോധം അവഗണിച്ച് എണ്ണ വാങ്ങാൻ തയ്യാറാകുന്ന രാഷ്ട്രങ്ങൾക്ക് അന്താരാഷ്ട്ര വിലയേക്കാൾ വളരെ വില കുറച്ച് റഷ്യ എണ്ണ  നൽകുന്നുണ്ട്.  ഇന്ത്യ,  ചൈന,  തുർക്കിയ,  ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളാണ് റഷ്യയിൽനിന്നും കാര്യമായി എണ്ണ  വാങ്ങുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ഉപയോഗിക്കുന്ന ചൈനയുടെ മൊത്തം ഇറക്കുമതിയുടെ 25 ശതമാനത്തിലധികം ഇപ്പോൾ റഷ്യയിൽ നിന്നാണ്.  ഈ വർഷത്തിന്റെ തുടക്കംമുതൽ ഇറാക്ക്,  സൗദി അറേബ്യ എന്നീ രാജ്യങ്ങളെ മറികടന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡിന്റെ ഏറ്റവും വലിയ കയറ്റുമതിക്കാരായി റഷ്യ മാറിയിട്ടുണ്ട്. നിലവിൽ ഇന്ത്യയുടെ ആവശ്യത്തിന്റെ മൂന്നിലൊന്ന് റഷ്യയിൽനിന്നുമാണ് എത്തുന്നത്. 2021ൽ ഒരു ശതമാനത്തിൽ താഴെ മാത്രമായിരുന്നു റഷ്യയിൽനിന്നുള്ള ഇറക്കുമതി. രാജ്യാന്തര മാർക്കറ്റ് വിലയേക്കാൾ ബാരലിന് 15 മുതൽ 20 ഡോളർവരെ കുറഞ്ഞ നിരക്കിലാണ് റഷ്യ ഓയിൽ വിൽക്കുന്നത് എന്നതാണ് റഷ്യൻ വിപണിയെ പല രാജ്യങ്ങൾക്കും പ്രിയതരമാക്കുന്നത്.

ഇന്ത്യയിലെ ഓയിൽ റിഫൈനിങ്‌ കമ്പനികൾ റഷ്യയിൽനിന്ന് വാങ്ങുന്ന ക്രൂഡിന് നൽകുന്ന ശരാശരി വില ബാരലിന് 60  ഡോളറാണ്. മൊത്തം ഇറക്കുമതി എണ്ണയുടെ ശരാശരി  വില കണക്കാക്കുമ്പോൾ അത് ബാരലിന് 70 ഡോളറിന് താഴെയാണ്. ഇത്രമേൽ താഴ്ന്ന വിലയ്ക്ക് ലഭ്യമാകുന്ന ക്രൂഡ്, ഇന്ധനമാക്കി മാറ്റിവിൽക്കുമ്പോൾ എണ്ണക്കമ്പനികൾ നടത്തുന്ന ഭീമൻ കൊള്ള വ്യക്തമാക്കുന്നതാണ്  അന്താരാഷ്ട്ര ക്രൂഡ് വിപണി നിലവിൽ നൽകുന്ന ചിത്രം. 2008ലാണ്  അസംസ്‌കൃത എണ്ണയ്‌ക്ക് ഏറ്റവും ഉയർന്ന വിലയായ 145.31 ഡോളർ രേഖപ്പെടുത്തിയത്. ആ വർഷത്തെ ശരാശരി വിലയാകട്ടെ 99.67 ഡോളറും.  അന്ന്  ഒരു ലിറ്റർ പെട്രോളിന്റെ വില 50.62 രൂപയും ഡീസലിന്റെ വില 34. 86 രൂപയുമായിരുന്നു. എന്നാൽ, ശരാശരി ആഗോളവില അന്നത്തേതിൽനിന്നും നേർപകുതിയായി താഴ്ന്നിട്ടും ഇന്ത്യയിൽ പെട്രോൾ,  ഡീസൽ,  വാതക വിലകളിലെ ഉയർന്നവില അനുസ്യൂതം തുടരുകയാണ്. ഇറക്കുമതി ചെയ്യുന്ന ക്രൂഡിന്റെ വില ഗണ്യമായി കുറഞ്ഞിട്ടും ഒരു രൂപയുടെപോലും വിലയിളവ് നൽകാൻ എണ്ണ വിതരണക്കമ്പനികളും ഒരുരൂപയുടെ നികുതിയിളവ് നൽകാൻ കേന്ദ്ര സർക്കാരും തയ്യാറാകുന്നില്ല. നികുതികൾ കുറയ്‌ക്കാതെ കേന്ദ്ര സർക്കാരും വില കുറയ്‌ക്കാതെ കമ്പനികളും ജനങ്ങളെ പിഴിയുന്നു.

ഏതോ കാലത്ത് വിലക്കയറ്റം ഉണ്ടായതുകൊണ്ട് സംഭവിച്ച നഷ്ടം ഇനിയും നികത്തി കഴിഞ്ഞിട്ടില്ലെന്ന നാണംകെട്ട  ന്യായീകരണമാണ് കമ്പനികൾ  നിരത്തുന്നത്.  10 വർഷംമുമ്പ്‌ 100 ചാക്ക് പഞ്ചസാര വിറ്റപ്പോൾ  5000 രൂപ നഷ്ടം വന്നുവെന്നും അത് നികത്താൻ ഇപ്പോൾ വില കൂട്ടി വിൽക്കണമെന്നും ഒരു പലചരക്ക് വ്യാപാരി പറയുന്ന വിചിത്ര ന്യായംപോലുണ്ട് ഇത്. പഞ്ചസാര വാങ്ങുന്നതിന് ഉപഭോക്താവിന് വേറെ പലചരക്ക് കട  കണ്ടുപിടിക്കാം. പക്ഷേ, പെട്രോൾ,  ഡീസൽ വിതരത്തിൽ എണ്ണ വിതരണക്കമ്പനികൾക്ക് കുത്തകയുള്ളതുകൊണ്ട്  സഹിക്കുകയല്ലാതെ ജനത്തിന് നിവൃത്തിയില്ല. കാർട്ടൽ എന്ന രീതിയിൽ  പ്രവർത്തിച്ച് എണ്ണ വിതരണക്കമ്പനികൾ ജനങ്ങളെ നിർബാധം ചൂഷണം ചെയ്യുന്നു. ഇതിനെല്ലാം കുടപിടിക്കുന്ന കേന്ദ്ര സർക്കാരിന്  മോസ്കുകളിൽ ശിവലിംഗം തിരയൽ,  പീഡനവീരനായ എംപിയെ രക്ഷിച്ചെടുക്കൽ തുടങ്ങി വേറെ പിടിപ്പത് പണികളുള്ളതുകൊണ്ട് ഇതൊന്നും അത്ര കാര്യമാക്കുന്നുമില്ല.

നഷ്ടത്തിന്റെ കള്ളക്കണക്കുകൾ
ജനങ്ങളെ കൊള്ളയടിക്കുന്ന കമ്പനികൾ എന്നും വിളിച്ചുകൂവുന്നത് റിഫൈനിങ്‌, വിതരണം തുടങ്ങിയ രംഗങ്ങളിൽ തങ്ങൾക്ക് വൻനഷ്ടം നേരിടേണ്ടിവരുന്നു എന്നാണ്.  2022–- -23ൽ ഏറ്റവും വലിയ വിതരണക്കാരായ ഇന്ത്യൻ ഓയിൽ കോർപറേഷൻ നേടിയ ലാഭം 8241.82 കോടി രൂപയാണ്. സാമ്പത്തികവർഷത്തിന്റെ അവസാന പാദത്തിൽ  (2023  ജനുവരി–- - മാർച്ച് ) മാത്രം നേടിയിരിക്കുന്ന അറ്റാദായം 10,058.69 കോടി രൂപയാണ്.  ആദ്യ രണ്ടു പാദങ്ങളിൽ ഉണ്ടായ നഷ്ടം നാലാം പാദത്തിലെ മികച്ച നേട്ടംകൊണ്ട് മറികടക്കാൻ കമ്പനിക്ക് കഴിഞ്ഞു. ആഗോള ക്രൂഡ് വിലയിലെ ഇടിവും റഷ്യയിൽനിന്നുള്ള കുറഞ്ഞ നിരക്കിലുള്ള ഇറക്കുമതിയുമാണ് കമ്പനിക്ക് സഹായകമായത്.  കോവിഡ്  പ്രതിസന്ധിക്കുശേഷം ഡിമാൻഡിൽ ഉണ്ടായ പ്രകടമായ മുന്നേറ്റവും കാരണമായി.  ഭാരത് പെട്രോളിയം കോർപറേഷൻ രേഖപ്പെടുത്തിയ നാലാം പാദ ലാഭം 6478 കോടി രൂപയാണ്. മൂന്നാം പാദത്തിൽ കമ്പനി 1747 കോടി രൂപലാഭം നേടിയിരുന്നു. രണ്ട്‌ പാദങ്ങളിലെ നേട്ടത്തിന്റെ ഫലമായി 2022–- -23ൽ കമ്പനി 1870.10 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു എണ്ണ വിതരണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ ലാഭം നാലാം പാദത്തിൽ  79 ശതമാനം വളർച്ച കൈവരിച്ച് 3608.32  കോടി രൂപയായിട്ടുണ്ട്. എന്നാൽ, 2022–- -23 സാമ്പത്തിക വർഷമെടുക്കുമ്പോൾ 6980.23 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിട്ടുള്ളത്.

മാർക്കറ്റിലെ വില വ്യതിയാനത്തിനും സാഹചര്യത്തിനും അനുസരിച്ച് കമ്പനികൾ ലാഭവും നഷ്ടവും രേഖപ്പെടുത്തുകയെന്നത് ബിസിനസിൽ പതിവാണ്. എന്നാൽ, ചില പാദങ്ങളിലെ നഷ്ടംമാത്രം കണക്കാക്കിയാണ് എണ്ണക്കമ്പനികൾ നഷ്ടത്തെക്കുറിച്ചുള്ള വിലാപം നടത്തുന്നത്.  അത് നികത്തുന്നതിന് കൂടിയ വിലയ്ക്ക് വിൽക്കുക മാത്രമാണ് പോംവഴിയെന്നാണ്  വാദം. പൊതുമേഖലാ കമ്പനികളാണ് ഇവയെന്നും ഓർക്കണം. ഇതേ ന്യായംവച്ചാണെങ്കിൽ കെഎസ്ആർടിസിയും ലാഭത്തിലാക്കാം. ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയാൽമാത്രം മതിയല്ലോ. പൊതുവിൽ ഇന്ത്യയിലെ എണ്ണ വിതരണക്കമ്പനികൾ വാർഷികാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ മിക്കവാറും വർഷങ്ങളിൽ ലാഭത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നതെന്ന് കാണാം. നഷ്ടത്തെക്കുറിച്ച് മുതലക്കണ്ണീർ പൊഴിക്കുന്ന കമ്പനികൾ അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണവില കുറയുമ്പോൾ  അതിന്റെ നേട്ടം ഉപയോക്താക്കൾക്ക് നൽകുമെന്ന വാഗ്ദാനം എപ്പോഴെങ്കിലും പാലിച്ചതായി പറയാമോ?  നക്കാപ്പിച്ച വിലക്കുറവ് ചിലപ്പോൾ നടത്തിയിട്ടുണ്ട് എന്ന്  അവകാശപ്പെടുന്നതുപോലും ഉപയോക്താക്കളെ കളിയാക്കുന്നതിനു തുല്യമാണ്.  അന്താരാഷ്ട്ര എണ്ണവിപണിയിലെ വൻ വിലയിടിവുകൊണ്ട് ഉണ്ടാകുന്ന നേട്ടത്തിന്റെ നേരിയ പങ്കുപോലും ജനങ്ങൾക്ക് കൈമാറാൻ തയ്യാറാകാത്ത പൊതുമേഖലാ എണ്ണക്കമ്പനികളുടെ  നെറികേടിന് ചൂട്ടുപിടിച്ച്  മുമ്പേ നടക്കുകയാണ്  കേന്ദ്ര സർക്കാർ.കേന്ദ്ര സർക്കാർ വിചാരിച്ചാൽ ഒരു നിമിഷം കൊണ്ട് വില കുറയ്ക്കാവുന്നതേയുള്ളു.

(മുതിർന്ന സാമ്പത്തികകാര്യ മാധ്യമ
പ്രവർത്തകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top