07 October Friday

ലങ്കാദഹനം - ഡോ. പി ജെ വിൻസെന്റ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 11, 2022

അന്തംവിട്ട ആഗോളീകരണം അതിജീവനത്തിന്റെ അവസാനത്തെ സാധ്യതയും അടച്ചപ്പോൾ പിന്മടക്കമില്ലാത്ത പോരാട്ടത്തിന്‌ ലങ്കൻ ജനത തയ്യാറായി. പ്രസിഡന്റ്‌ ഗോതബായ രജപക്‌സെ രാജിവയ്‌ക്കുംവരെ പോരാട്ടമെന്ന്‌ പ്രതിപക്ഷം പ്രഖ്യാപിച്ചിട്ട്‌ മൂന്നുമാസം കഴിഞ്ഞു. ‘രാജിവയ്‌ക്കൂ, വീട്ടിൽ പോകൂ’ (Gota to Home) വിളികൾ രജ്യത്തിന്റെ തെരുവീഥികളിൽ തുടർച്ചയായി മുഴങ്ങിയിട്ടും അധികാരം വിട്ടൊഴിയാൻ ഗോതബായ തയ്യാറായില്ല. ഈ പശ്ചാത്തലത്തിലാണ്‌ കഴിഞ്ഞ ശനിയാഴ്‌ച പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്ത്‌ ജനകീയ ഉയിർപ്പുണ്ടാകുന്നത്‌.

2019 നവംബർ 16നു നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ 52.25 ശതമാനം വോട്ടുനേടി തിളക്കമാർന്ന വിജയം നേടാൻ ഗോതബായ രജപക്‌സെയ്‌ക്കു കഴിഞ്ഞു. 2020 ആഗസ്‌ത് അഞ്ചിനു നടന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. 225 അംഗ പാർലമെന്റിൽ അദ്ദേഹത്തിന്റെ പാർടി ശ്രീലങ്ക പൊതുജന പെരുമന 145 സീറ്റുനേടി. ഗോതബായയുടെ മൂത്ത സഹോദരനും മുൻപ്രസിഡന്റുമായ മഹിന്ദ രജപക്‌സെ പ്രധാനമന്ത്രിയായി. മറ്റൊരു സഹോദരൻ ബേസിൽ രജപക്‌സെ ധനമന്ത്രിയായി തുടർന്നങ്ങോട്ട്‌ ‘രജപ്‌കസെ’ കുടുംബത്തിന്റെ ‘കിച്ചൻ കാബിനറ്റാ’ണ്‌ ശ്രീലങ്കയെ ഭരിച്ചത്‌.

സാമ്പത്തികത്തകർച്ച
1980കളുടെ തുടക്കത്തിൽ ജെ ആർ ജയവർധനയുടെ നയങ്ങൾ നടപ്പാക്കിയ രാജ്യമാണ്‌ ശ്രീലങ്ക. 1983ൽ ആരംഭിച്ച എൽടിടിഇയുടെ സായുധ കലാപവും 1987–-90 കാലത്തെ ജനത വിമുക്തി പെരമുനയുടെ സായുധ ഉയിർപ്പും ലങ്കൻ സമ്പദ്‌‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെങ്കിലും വികസ്വരമായ കാർഷികരംഗവും ടൂറിസം വികസനവും വളർച്ചയുടെ വാതിലുകൾ തുർന്നിട്ടു.

2005–-2015 വരെ അധികാരത്തിലിരുന്ന പ്രസിഡന്റ്‌ മഹിന്ദ രജപക്‌സെ എൽടിടിയെ തുടച്ചുനീക്കി തീവ്രവാദത്തിന്‌ അറുതിവരുത്തിയ, ഒരു ലക്ഷത്തിലധികം തമിഴ്‌വംശജരെ കൊന്നുതള്ളിയ സൈനികനടപടി കടുത്ത വിമർശങ്ങൾക്കും കാരണമായി. ചാനൽ–- 4 പുറത്തുവിട്ട ശ്രീലങ്കയിലെ കൊലക്കളങ്ങൾ എന്ന (The Killing Fields od Sree Lanka) ഡോക്യുമെന്ററി 2009 ലെ സൈനിക നടപടിയുടെ ഭീകരത വെളിപ്പെടുത്തി. സാമ്പത്തികരംഗത്ത്‌ അമേരിക്ക, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിൽനിന്നും ലോകബാങ്കിൽനിന്നും വൻതോതിൽ കടമെടുത്തു.

രാഷ്‌ട്രീയസ്ഥിരത കൈവരിക്കാനായെങ്കിലും സാമ്പത്തികത്തകർച്ചയുടെ അടിസ്ഥാനമിട്ടത്‌ മഹിന്ദ രജപക്‌സെയുടെ നവിലിബറൽ നയങ്ങളാണ്‌. മൈത്രപാല സിരിസേന സാമ്പത്തികരംഗം ഒരുപരിധിവരെ മുന്നോട്ടുനയിച്ചു. എന്നാൽ, ദുരന്തമായി മാറി. ആദായനികുതി പരിഷ്‌കാരം, കൃഷി പരിഷ്‌കാരം എന്നിവ ദുരന്തമായി മാറി. ആദായനികുതി പരിധി അശാസ്‌ത്രീയമായി ഉയർത്തിയതോടെ നികുതി വരുമാനത്തിൽ 50 ശതമാനത്തിന്റെ കുറവുണ്ടായി. സമ്പൂർണ ജൈവകൃഷി രാഷ്‌ട്രമാകാൻ രാസവളങ്ങൾ നിരോധിച്ചതോടെ കാർഷികോൽപ്പാദനം 52 ശതമാനം കുറഞ്ഞു. 99,000 മെട്രിക്‌ ടൺ ജൈവവളമാണ്‌ ചൈനയിലെ ക്വിങ്‌ഡാവോ സിവിൽ ബയോടെക്‌ ഗ്രൂപ്പ്‌ കമ്പനിയിൽനിന്ന്‌ ഇറക്കുമതി ചെയ്‌തത്‌. 63 ദശലക്ഷം ഡോളർ ഇതിനായി ചെലവഴിച്ചു. ‘ഇർവിനിയ’ എന്ന മാരക ബാക്ടീരിയയുടെ സാന്നിധ്യം ചൈനീസ്‌ ജൈവവളത്തിൽ കണ്ടെത്തിയതോടെ സ്വന്തമായി ജൈവവളമുണ്ടാക്കി കൃഷിചെയ്യാൻ ഗോതബായ കർഷകർക്ക്‌ നിർദേശം നൽകി. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്‌ സാധ്യമാകുമായിരുന്നില്ല. 2021 സെപ്‌തംബറിലെ കൃഷി സീസൺ ആരംഭിച്ചത്‌ വളപ്രയോഗമില്ലാതെയാണ്‌. 2021 ഡിസംബറിൽ രാസവള നിരോധനം നീക്കിയെങ്കിലും അപ്പോഴേക്കും വളം ഇറക്കുമതി ചെയ്യാനുള്ള വിദേശനാണ്യം ശ്രീലങ്കയ്‌ക്ക്‌ ഉണ്ടായിരുന്നില്ല.

രണ്ടാം കൃഷി സീസണും ഇതോടെ പ്രതിസന്ധിയിലായി. നെല്ലുൽപ്പാദനത്തിൽ 45 ശതമാനത്തിന്റെ കുറവാണ്‌ ഉണ്ടായത്‌. ഭക്ഷ്യസുരക്ഷ തകർന്നടിഞ്ഞു. ഇതോടൊപ്പം കോവിഡിന്റെ വരവുംകൂടിയായപ്പോൾ ജനങ്ങൾ ദുരിതത്തിലായി. 2019ലെ ഈസ്റ്റർ ദിന ഭീകരാക്രമണപരമ്പര ടൂറിസം വരുമാനത്തെ ഗണ്യമായി ബാധിച്ചു. ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ നടത്തിയ ഭീകരാക്രമണത്തിൽ 202 പേർ കൊല്ലപ്പെട്ടു. ഇതേത്തുടർന്ന്‌ ടൂറിസ്റ്റുകളുടെ വരവിൽ 65 ശതമാനത്തിന്റെ കുറവുണ്ടായി. 2022 ഫെബ്രുവരി 24ന്‌ ആരംഭിച്ച റഷ്യയുടെ ഉക്രയ്‌ൻ യുദ്ധം എണ്ണ–-പ്രകൃതിവാതക വിലക്കയറ്റത്തിനും കാരണമായി. ഇത്തരം പ്രതിസന്ധി  പരിഹരിക്കാൻ ആത്മാർഥ ശ്രമംപോലും സർക്കാർ നടത്തിയില്ല. മറിച്ച്‌ സ്വജനപക്ഷപാതവും അഴിമതിയും നടത്തി രജപക്‌സെ കുടുംബത്തിന്റെ ആസ്തി വർധിപ്പിക്കാനാണ്‌ ഭരണസംവിധാനം ഉപയോഗിച്ചത്‌.

പ്രതിപക്ഷ നേതാവ്‌ സജത്‌ പ്രേമദാസയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർടികൾ 2021 ഡിസംബറിൽത്തന്നെ വിലക്കയറ്റത്തിനെതിരെ സമരം ആരംഭിച്ചിരുന്നു. ട്രഷറി കാലിയായതോടെ ബദൽ മാർഗങ്ങൾ തേടുന്നതിനും പകരം കൂടുതൽ പണം അടിച്ചിറക്കി പ്രതിസന്ധി പരിഹരിക്കാൻ ശ്രമിച്ചത്‌ പണപ്പെരുപ്പത്തിന്റെ സുനാമി സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണ്‌ വിവിധ പൗരാവകാശ  പ്രവർത്തകർ, ബുദ്ധിജീവികൾ എന്നിവരെല്ലാം അണിനിരന്ന ഏപ്രിൽ ഉയിർപ്പുണ്ടാകുന്നത്‌. വിദേശനാണ്യശേഖരം സംപൂജ്യമായതോടെ പെട്രോൾ, പ്രകൃതിവാതകം, മരുന്നുകൾ, ഭക്ഷ്യധാന്യങ്ങൾ, വളം എന്നിവയുടെ ഇറക്കുമതി പൂർണമായി നിലച്ചു. വൈദ്യുതി വിതരണം തലസ്ഥാന നഗരിയിലടക്കം പ്രതിസന്ധിയിലായി. പെട്രോളിനായി ദിവസങ്ങളോളം ജനങ്ങൾ വരിനിന്ന്‌ തളർന്നു. ഒരു രാജ്യത്തിന്റെ സമ്പൂർണ തകർച്ചയുടെ ചിത്രമാണ്‌ ശ്രീലങ്ക നൽകിയത്‌.

വികസിത രാജ്യങ്ങളിലെ ഐഎംഎഫ്‌, ലോക ബാങ്ക്‌ സംവിധാനമോ പ്രതിസന്ധി ഘട്ടത്തിൽ ലങ്കയുടെ രക്ഷയ്‌ക്കെത്തിയില്ല. പൊതു ആസ്തികളുടെ വിറ്റഴിക്കൽ അടക്കമുള്ള തീവ്ര സ്വകാര്യവൽക്കരണ നയങ്ങൾ അടിയന്തരമായി നടപ്പാക്കാനാണ്‌  ഐഎംഎഫ്‌ നിർദേശിച്ചത്‌. ജീവിതം വഴിമുട്ടിയ ജനങ്ങൾക്ക്‌ സഹായമെത്തിക്കാൻ നവലിബറൽ നയങ്ങളുടെ കുഴലൂത്തുകാർക്ക്‌ പദ്ധതികളുണ്ടായില്ല. ഇന്ത്യൻ സഹായമാണ്‌ ലങ്കയെ അൽപ്പമെങ്കിലും പിടിച്ചുനിർത്തിയത്‌. മൂന്നു ബില്യൺ ഡോളർ ഇന്ത്യ സഹായമായി നൽകി. ഒരു ബില്യൺ ഡോളറിന്റെ വായ്‌പാ തിരിച്ചടവിന്‌ ഏഷ്യൻ ക്ലിയറിങ്‌ യൂണിയൻ മുഖേന സാവകാശം അനുവദിച്ചു. 2022 മെയ്‌ 15ന്‌ 80,000 മെട്രിക്‌ ടൺ ഡീസലും പെട്രോളും നൽകി. തമിഴ്‌നാട്‌ 5.5 മില്യൻ ഡോളറിന്റെ പ്രത്യേക സഹായം നൽകി. 40,000 മെട്രിക്‌ ടൺ അരി, 500 മെട്രിക്‌ ടൺ പാൽപ്പൊടി, 25 മെട്രിക്‌ ടൺ മരുന്നുകൾ എന്നിവയാണ്‌ തമിഴനാടിന്റെ സഹായ പാക്കേജിലുള്ളത്‌.

ജൂലൈ വിപ്ലവം
2022 ഏപ്രിലിൽ ആരംഭിച്ച ജനകീയ ഉയിർപ്പിൽ രാജിവച്ച്‌ ദേശീയ സർക്കാർ ഉണ്ടാക്കാനുള്ള ആവശ്യം ഗോതബായ സ്വീകരിച്ചില്ല. പ്രതിഷേധം കനത്തപ്പോൾ മെയ്‌ ഒമ്പതിന്‌ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു. പ്രതിപക്ഷ നേതാവ്‌ സജിത്‌ പ്രേമദാസ പ്രധാനമന്ത്രിയാകാനുള്ള ക്ഷണം നിരസിക്കുകയും പ്രസിഡന്റ്‌ രാജിവയ്‌ക്കാതെയുള്ള ഭരണമാറ്റം അംഗീകരിക്കില്ലെന്ന്‌ വ്യക്തമാക്കുകയും ചെയ്‌തു. ഇതേത്തുടർന്ന്‌ റെനിൽവിക്രമ സിംഗെയെ പ്രധാനമന്ത്രിയാക്കി.  2020ലെ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും നേടാൻ അദ്ദേഹത്തിന്റെ പാർടിക്ക്‌ കഴിഞ്ഞില്ല. വിക്രമ സിംഗെയെ മുൻനിർത്തി ഗോതബായയുടെ പ്രസിഡന്റുസ്ഥാനം സംരക്ഷിക്കാനാണ്‌ രജപക്‌സെ കുടുംബം ശ്രമിച്ചത്‌.

ഐഎംഎഫ്‌ വിശാരദനും സാമ്പത്തിക ലിബറലിസത്തിന്റെ വക്താവുമായ വിക്രമ സിംഗയ്‌ക്ക്‌ ഒരു മാജിക്കും കാണിക്കാനായില്ല.  പ്രതിപക്ഷത്തിന്റെ പിന്തുണയും അദ്ദേഹത്തിന്‌ ഉണ്ടായിരുന്നില്ല. ഗോതബായ ഭരണകൂടം തുടരുന്ന സാഹചര്യം ജനങ്ങൾക്ക്‌ സ്വീകാര്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ ‘ഗോത ഗോ ഹോം’ വിളികൾകൊണ്ട്‌ തെരുവുകൾ മുഖരിതമായത്‌. കഴിഞ്ഞദിവസം ജനക്കൂട്ടം പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്തു. ഗോതബായ ഒളിച്ചോടി. പ്രധാനമന്ത്രി റെനിൽ രാജിവച്ചു. അദ്ദേഹത്തിന്റെ വീട്‌ ജനങ്ങൾ കത്തിച്ചു. ജൂലൈ 13നു രാജിവയ്‌ക്കുമെന്ന്‌ ഗോതബായ  പാർലമെന്റ്‌ സ്‌പീക്കറെ അറിയിച്ചു. എല്ലാ പാർടികളെയും ഉൾക്കൊള്ളുന്ന  സർവകക്ഷി സർക്കാർ ഉണ്ടാക്കാനാണ്‌ നീക്കം.  സ്‌പീക്കറുടെ നേതൃത്വത്തിലുള്ള ഈ നീക്കം ഫലം കണ്ടേക്കാം. രാജിപ്രഖ്യാപനം ജനങ്ങൾ ഹർഷാരവത്തോടെയാണ്‌ സ്വീകരിച്ചത്‌.

രാഷ്‌ട്രീയ പ്രതിസന്ധി നേരിടാതെ ലങ്കയിൽ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ല. വരാൻ പോകുന്ന ദേശീയ സർക്കാർ ജനങ്ങളുടെ ജീവിതപ്രതിസന്ധിക്ക്‌ പരിഹാരം കാണുമെന്ന്‌ പ്രതീക്ഷിക്കാം. വികസിത രാജ്യങ്ങൾ, ഐഎംഎഫ്‌, ലോക ബാങ്ക്‌, മറ്റ്‌ ആഗോള ധനസ്ഥാപനങ്ങൾ എന്നിവയുടെയൊക്കെ അടിയന്തരസഹായം ശ്രീലങ്കയ്‌ക്ക്‌ ആവശ്യമാണ്‌. ഭക്ഷണവും മരുന്നും എണ്ണയും വൈദ്യുതിയും ഒന്നുമില്ലാതെ എങ്ങനെ ജീവിക്കുമെന്നതാണ്‌ പ്രധാനം. ജനങ്ങളെ കണക്കിലെടുക്കാതെ നവലിബറൽ നയങ്ങളും അഴിമതിയും സ്വജന പക്ഷപാതവും കുടുംബാധിപത്യവുമെല്ലാം ഒന്നുചേർന്ന ഭരണം മുന്നോട്ടുകൊണ്ടുപോകുന്ന ഭരണാധികാരികൾക്ക്‌ സ്വാഭാവികമായി ഉണ്ടാകുന്ന വൻവീഴ്‌ചയാണ്‌ രജപക്‌സെമാർക്ക്‌ സംഭവിച്ചത്‌.

ശ്രീലങ്കയിലെ പ്രതിസന്ധി നീണ്ടുപോയാൽ തെക്കനേഷ്യയെ പൊതുവേ ബാധിക്കാനിടയുണ്ട്‌. അഭയാർഥിപ്രവാഹം വൻതോതിൽ ഉണ്ടായാൽ ഇന്ത്യക്ക്‌ ഭീഷണിയാണ്‌. വടക്കൻ ശ്രീലങ്കയിൽനിന്ന്‌ വിശിഷ്യ തമിഴ്‌ വംശജർ അഭയാർഥികളായി വരാനിടയുണ്ട്‌. സിംഹളരും മധ്യ–- തെക്കൻ മേഖലകളിൽനിന്ന്‌ പലായനം ചെയ്യുന്നുണ്ട്‌ എന്നാണ്‌ വിവരം. സ്ഥിരതയാർന്ന ശ്രീലങ്ക ഇന്ത്യയുടെയും ആവശ്യമാണ്‌. ഈ ദിശയിൽ അർഥപൂർണമായ ഇടപെടൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. സംഘർഷത്തിൽ ലാഭം കൊയ്യുന്ന, ഏറെ വിമർശിക്കപ്പെട്ട അദാനി മോഡൽ (വൈദ്യുതി മേഖല) ശ്രീലങ്കക്കാരുടെ ഇടയിൽ ഇന്ത്യാവിരുദ്ധത വളർത്തുമെന്ന്‌ തിരിച്ചറിയണം.

(പാലക്കാട്‌ ഗവ. വിക്ടോറിയ കോളേജിൽ ചരിത്രവിഭാഗം മേധാവിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top