25 April Thursday

തിരിച്ചുവരവിന്റെ ഗർജനം

വി ബി പരമേശ്വരൻUpdated: Tuesday Apr 19, 2022

സൈറ ഷാ ഹാലിം പ്രചാരണത്തിനിടെ

പതിനൊന്ന്‌ വർഷംമുമ്പ്‌ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ്‌ സിപിഐ എമ്മിന്‌ പശ്‌ചിമ ബംഗാളിൽ ഭരണം നഷ്ടമായത്‌. പിന്നീട്‌ ത്രിപുരയും നഷ്ടമായി. പ്രധാനമന്ത്രി മോദിയുടെ ഭാഷയിൽ ഇന്ത്യയുടെ ഒരു മൂലയ്‌ക്ക്‌ കേരളത്തിൽ മാത്രമായി സിപിഐ എമ്മിന്റെ സ്വാധീനം ഒതുങ്ങി. സോവിയറ്റ്‌ പതനത്തോടെ കമ്യൂണിസത്തിന്റെ അന്ത്യം പ്രവചിച്ചവർ ആ പല്ലവി വീണ്ടും ഉച്ചത്തിൽ ആവർത്തിച്ചു. എന്നാൽ, സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലൂടെ വളർന്നുവന്ന കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തെ തകർക്കാനാകില്ലെന്നും തിരിച്ചടികളും പ്രതിസന്ധികളും വകഞ്ഞുമാറ്റി മുന്നോട്ടു കുതിക്കുകതന്നെ ചെയ്യുമെന്നും പശ്‌ചിമ ബംഗാളിൽനിന്ന്‌ വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നു.

സിപിഐ എമ്മിന്‌ ഭരണം നഷ്ടമായ 2011ൽ 30 ശതമാനം വോട്ടും 40 സീറ്റും സിപിഐ എം നേടിയിരുന്നു. 2016ലെ തെരഞ്ഞെടുപ്പിൽ ഇത്‌ യഥാക്രമം 19.75 ശതമാനം വോട്ടും 26 സീറ്റുമായി ചുരുങ്ങി. 2021ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഇന്ത്യൻ സെക്കുലർ ഫ്രണ്ട്‌ എന്നീ കക്ഷികളുമായി മഹാസഖ്യത്തിന്‌ രൂപം നൽകിയെങ്കിലും സിപിഐ എമ്മിന്‌ ഒരിഞ്ച്‌ മുന്നേറാനായില്ലെന്ന്‌ മാത്രമല്ല പിന്നോട്ടടിയാണുണ്ടായത്‌.  2021 മെയ്‌  രണ്ട്‌  സിപിഐ എമ്മിന്‌ ചരിത്രദിനമാണ്‌.  കേരളത്തിൽ ആദ്യമായി സിപിഐ എം നേതൃത്വത്തിലുള്ള എൽഡിഎഫിന്‌ തുടർഭരണം ലഭിച്ചു. അതേ അവസരത്തിൽത്തന്നെ ചരിത്രത്തിൽ ആദ്യമായി പശ്‌ചിമ ബംഗാൾ നിയമസഭയിൽ സിപിഐ എമ്മിന്‌(ഇടതുപക്ഷത്തിന്‌) ഒരംഗം പോലുമില്ലാതാകുകയും ചെയ്‌തു. ലഭിച്ചത്‌ 4.71 ശതമാനം വോട്ടു മാത്രവും.

അടിയന്തരാവസ്ഥയ്‌ക്കുശേഷം 1977ൽ ഇടതുപക്ഷം ആദ്യമായി ജ്യോതിബസുവിന്റെ നേതൃത്വത്തിൽ പശ്‌ചിമ ബംഗാളിൽ അധികാരത്തിൽ വന്നതിനുശേഷം 2006 വരെയും സിപിഐ എമ്മിന്‌ 35 ശതമാനത്തിൽ കൂടുതൽ വോട്ട്‌ ലഭിച്ചിരുന്നു. 1987 ലാണ്‌ ഏറ്റവും കൂടുതൽ വോട്ട്‌ ലഭിച്ചത്‌. 39.30 ശതമാനം. 187 സീറ്റും ലഭിച്ചു. അന്ന്‌ ഇടതുപക്ഷത്തിന്‌ 52.96 ശതമാനം വോട്ടാണ്‌ ലഭിച്ചത്‌. അവിടുന്നാണ്‌ അഞ്ച്‌ ശതമാനത്തിൽ താഴേക്കുള്ള വീഴ്‌ചയുണ്ടായത്‌.

തെരഞ്ഞെടുപ്പ്‌ പരാജയത്തോടെ രാഷ്ട്രീയം അവസാനിപ്പിക്കുന്നവരല്ല കമ്യൂണിസ്‌റ്റുകാർ. വീണ്ടും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച്‌ അവരുടെ വിശ്വാസം നേടിയെടുക്കാനുള്ള തീവ്ര ശ്രമം നടത്തും. 23–-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി നടന്ന സംസ്ഥാന സമ്മേളനത്തിൽ ജനവിശ്വാസം തിരിച്ചുപിടിക്കാനുള്ള പദ്ധതികൾക്ക്‌ പശ്‌ചിമ ബംഗാൾ ഘടകം രൂപം നൽകി. സംസ്ഥാനകമ്മിറ്റിയിൽ 30 ശതമാനം(23 പേർ) പുതുമുഖങ്ങളെ ഉൾപ്പെടുത്തി. യുവജന വിദ്യാർഥി നേതാക്കളായ മീനാക്ഷി മുഖർജി, മയൂഖ്‌ ബിശ്വാസ്‌, സത്രൂപ്‌ ഘോഷ്‌ തുടങ്ങിയ നേതാക്കൾ നേതൃത്വത്തിലേക്ക്‌ ഉയർന്നു. സംസ്ഥാന സെക്രട്ടറിയായി പി ബി അംഗം  മുഹമ്മദ്‌ സലീം തെരഞ്ഞെടുക്കപ്പെട്ടു.  പൂജ്യത്തിൽനിന്ന്‌ വിജയത്തിലേക്ക്‌ കുതിക്കുകതന്നെ ചെയ്യുമെന്ന്‌ മുഹമ്മദ്‌ സലീം പറഞ്ഞു.

മുഹമ്മദ്‌ സലീമിന്റെ വാക്കുകളെ അർഥവത്താക്കിക്കൊണ്ടുള്ള ചുവപ്പ്‌ ചലനങ്ങളാണ്‌ ബംഗാളിൽ ഇപ്പോൾ ദൃശ്യമാകുന്നത്‌. അത്‌ ബാലിഗഞ്ചിൽ നടന്ന ഉപതെരഞ്ഞെടുപ്പ്‌ ഫലത്തിലും കാണാം. ദക്ഷിണ കൊൽക്കത്തയിലെ ഈ മണ്ഡലത്തിൽ അവസാനമായി സിപിഐ എം ജയിച്ചത്‌ 2006ലായിരുന്നു. 2011 മുതൽ തൃണമൂൽ കോൺഗ്രസാണ്‌ ജയിക്കുന്നത്‌. ഏറ്റവും അവസാനമായി 2021ൽ സുബ്രത മുഖർജിയാണ്‌ 70.6 ശതമാനം വോട്ട്‌ നേടി ഇവിടെ വിജയിച്ചത്‌. അന്ന്‌ മൂന്നാം സ്ഥാനത്തേക്ക്‌ തള്ളപ്പെട്ട സിപിഐ എം സ്ഥാനാർഥി ഫുവദ്‌ (fuad) ഹലീമിന്‌ 8474 വോട്ടാണ്‌ ലഭിച്ചത്‌. ആറ്‌ ശതമാനം. ബംഗാൾ നിയമസഭയിൽ ദീർഘകാലം സ്‌പീക്കറായിരുന്ന(1982–-2011) ഹാഷിം അബ്‌ദുൾ ഹലീമിന്റെ മകനാണ്‌ ഡോക്ടർ കൂടിയായ ഫുവദ്‌.  ബിജെപി സ്ഥാനാർഥി 20 ശതമാനം വോട്ട്‌ നേടി രണ്ടാം സ്ഥാനത്തെത്തി.

സുബ്രത മുഖർജിയുടെ മരണത്തെ തുടർന്നാണ്‌  ബാലിഗഞ്ചിൽ ഏപ്രിൽ 12ന്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. രണ്ടാം മോദി മന്ത്രിസഭയിൽ ഇടം കിട്ടാത്തതിനെത്തുടർന്ന്‌ രാഷ്ട്രീയം ഉപേക്ഷിച്ച ബാബുലാൽ സുപ്രിയോ ആണ്‌ തൃണമൂലിൽ ചേർന്ന്‌ ബാലിഗഞ്ചിൽ അവരുടെ സ്ഥാനാർഥിയായത്‌. ബോളിവുഡ്‌ താരം നസിറുദ്ദീൻ ഷായുടെ സഹോദരന്റെ മകളും ഫുവദ്‌ ഹാലിമിന്റെ ഭാര്യയുമായ സൈറ ഷാ ഹാലിമിനെയാണ്‌ സിപിഐ എം ഇക്കുറി സ്ഥാനാർഥിയാക്കിയത്‌. വിജയിക്കാനായില്ലെങ്കിലും രണ്ടാം സ്ഥാനത്ത്‌ എത്താൻ സൈറ ഷാ ഹാലിമിന്‌ കഴിഞ്ഞു. കഴിഞ്ഞ തവണത്തേക്കാൾ 22,466 വോട്ട്‌ നേടിയാണ്‌ സൈറ രണ്ടാം സ്ഥാനത്ത്‌ എത്തിയത്‌. 30.19 ശതമാനം വോട്ടും ലഭിച്ചു. 24 ശതമാനം വോട്ടാണ്‌ വർധിച്ചത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി ഇക്കുറി മൂന്നാം സ്ഥാനത്തേക്ക്‌ തള്ളപ്പെട്ടുവെന്നുമാത്രമല്ല, കഴിഞ്ഞ തവണത്തേക്കാൾ എട്ട്‌ ശതമാനം വോട്ട്‌ കുറഞ്ഞു. 12 ശതമാനം വോട്ടാണ്‌ ലഭിച്ചത്‌.

കെട്ടിവച്ച കാശ്‌ കിട്ടിയതുമില്ല. ബാബുലാൽ സുപ്രിയോ വിജയിച്ചെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ 20 ശതമാനം വോട്ട്‌ കുറഞ്ഞു.
മാർച്ച്‌ മാസം നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽത്തന്നെ സിപിഐ എം സ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച 5.69 ശതമാനത്തിൽനിന്ന്‌ വോട്ട്‌ ശതമാനം 15.6 ശതമാനമായാണ്‌ ഉയർത്തിയത്‌. അതായത്‌ 10 ശതമാനത്തിന്റെ വർധന. സിപിഐ എം പിന്തുണച്ച സ്വതന്ത്രർക്ക്‌ ലഭിച്ച വോട്ടുകൂടി കണക്കിലെടുത്താൽ സിപിഐ എമ്മിന്‌ 17 ശതമാനം വോട്ടാണ്‌ ലഭിച്ചത്‌. നിയമസഭയിൽ ലഭിച്ചതിനേക്കാൾ 12 ശതമാനം വോട്ടിന്റെ വർധനയാണിത്‌. അതാണിപ്പോൾ ബാലിഗഞ്ചിൽ 30 ശതമാനമായി ഉയർന്നിട്ടുള്ളത്‌. നദിയ ജില്ലയിലെ തഹേർപുർ മുനിസിപ്പാലിറ്റി ഭരണവും സിപിഐ എം നേടി.
തൃണമൂൽ കോൺഗ്രസിന്റെയും ബിജെപിയുടെയും വോട്ടർമാർ ഇടതുപക്ഷത്തിൽ വിശ്വാസം അർപ്പിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നതിന്റെ പ്രകടമായ സൂചനയാണിതെല്ലാം. മുസ്ലിം വോട്ടുകളും ഇടതുപക്ഷത്തേക്ക്‌ ചായാൻ തുടങ്ങിയിരിക്കുന്നുവെന്ന വ്യക്തമായ സൂചന ബാലിഗഞ്ച്‌ നൽകുന്നതായി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ്‌ പത്രം റിപ്പോർട്ട്‌ ചെയ്‌തു.

‘ബാലിഗഞ്ച്‌ മണ്ഡലത്തിലെ തൃണമൂൽ കോട്ടയായ രണ്ട്‌ മുസ്ലിം ഭൂരിപക്ഷ വാർഡിൽ സിപിഐ എം സ്ഥാനാർഥി ലീഡ്‌ നേടി’യെന്നാണ്‌ പത്രം റിപ്പോർട്ട്‌ ചെയ്‌തത്‌. തൃണമൂൽ ഗുണ്ടകൾ അനീഷ്‌ ഖാൻ എന്ന വിദ്യാർഥി നേതാവിനെ വധിച്ചപ്പോഴും  ബിർഭും ജില്ലയിലെ രാംപൂർഹാട്ടിലെ ബൊഗ്‌ടായിയിൽ ഒരു മുസ്ലിം കുടുംബത്തെ ചുട്ടെരിച്ചപ്പോഴും ഇരകൾക്ക്‌ ആശ്വാസവുമായി എത്തിയത്‌ സിപിഐ എമ്മായിരുന്നു.  ഈ രണ്ട്‌ സംഭവവും മുസ്ലിം ജനവിഭാഗത്തെ തൃണമൂൽ കോൺഗ്രസിൽനിന്ന്‌ അകറ്റിയിട്ടുണ്ടെന്ന സൂചനയും ബാലിഗഞ്ച്‌ തെരഞ്ഞെടുപ്പ്‌ ഫലം നൽകുന്നുണ്ട്‌. ഈ തെരഞ്ഞെടുപ്പ്‌ ഫലം നൽകുന്ന സൂചനയെ  സിപിഐ എമ്മിന്റെ തിരിച്ചുവരവിന്റെ ഗർജനമെന്നാണ്‌ സൈറ ഷാ ഹാലിമിന്റെ പ്രതികരണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top