28 March Thursday

സിപിസിയുടെ നേട്ടങ്ങളിലൂന്നി ചരിത്രപ്രമേയം

വി ബി പരമേശ്വരൻUpdated: Tuesday Nov 16, 2021


കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ചൈനയുടെ(സിപിസി) 19–-ാമത്‌ കേന്ദ്ര കമ്മിറ്റിയുടെ ആറാമത്‌ പ്ലീനം നവംബർ 11ന്‌ സമാപിച്ചു. നാല്‌ ദിവസംനീണ്ട പ്ലീനത്തിലെ പ്രധാന അജൻഡ നൂറ്റാണ്ട് പിന്നിട്ട യാത്രയിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ മഹത്തായ നേട്ടങ്ങളും ചരിത്രപരമായ അനുഭവങ്ങളും സംബന്ധിച്ച ചരിത്രപരമായ പ്രമേയമായിരുന്നു. 1945ൽ മൗ സെ ദൊങ്ങിന്റെ നേതൃത്വത്തിലും 1981ൽ ദെങ് സിയാവോ പിങ്ങിന്റെ നേതൃത്വത്തിലുമായിരുന്നു മുൻ പ്രമേയങ്ങൾ അവതരിപ്പിച്ചത്‌. ഷി ജിൻ പിങ്ങിനെ മുഖ്യ നേതാവായി ഉയർത്തിക്കാട്ടുന്ന അദ്ദേഹത്തിന്റെ പ്രത്യയശാസ്‌ത്ര സംഭാവനകളെ പാർടി ചരിത്രത്തിന്റെ ഭാഗമാക്കുന്ന മൂന്നാമത്തെ ചരിത്രപരമായ പ്രമേയമാണ്‌ ഇപ്പോൾ അവതരിപ്പിക്കപ്പെട്ടത്‌.

സിപിസി മുന്നോട്ടുവച്ച പ്രമേയം പലതുകൊണ്ടും പ്രാധാന്യമർഹിക്കുന്നതാണ്‌. നൂറുവർഷത്തെ സംഭവബഹുലമായ ചരിത്രം വിവരിക്കുന്ന പ്രമേയം മുൻ പ്രമേയങ്ങളുടെ അന്തസ്സത്തയെ ഒരു തരത്തിലും ചോദ്യം ചെയ്യുന്നില്ല. നൂറ്‌ വർഷത്തെ ചരിത്രത്തെ നാലായി വിഭജിച്ച്‌ ഒാരോഘട്ടത്തിലും പാർടി ഏറ്റെടുത്ത കടമകളെക്കുറിച്ചാണ്‌ പ്രമേയം പറയുന്നത്‌. മൗ മുതൽ ഷി വരെയുള്ള എല്ലാ നേതാക്കളുടെയും പങ്കാളിത്തത്തെക്കുറിച്ച്‌ പ്രമേയം പരാമർശിക്കുന്നുമുണ്ട്‌. ബൂർഷ്വാ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ ജിയാങ് സെമിൻ, ഹു ജിന്താവോ എന്നിവരുടെ സേവനങ്ങളെ സിപിസി കുറച്ചുകാണുന്നില്ല. വ്യക്തികളുടെ മഹിമയേക്കാൾ അവർ വഹിച്ച ചരിത്രഘട്ടത്തിലെ നേതൃത്വത്തെയാണ്‌ ഇവിടെ പ്രധാനമായും വിലയിരുത്തുന്നത്‌.

ചൈനീസ്‌ സവിശേഷതകളോടെയുള്ള സോഷ്യലിസത്തിന്റെ പതാക ഉയർത്തിപ്പിടിക്കുമെന്ന്‌ ആണയിട്ട സിപിസി, മാർക്‌സിസം –-ലെനിനിസവും മൗ വിന്റെ ചിന്തകളും ദെങ് സിയാവോ പിങ്ങിന്റെ സിദ്ധാന്തങ്ങളും പുതിയ യുഗത്തിലെ ചൈനീസ്‌ സവിശേഷതകളോടുകൂടിയുള്ള സോഷ്യലിസം സംബന്ധിച്ച ഷി ജിൻ പിങ്ങിന്റെ ചിന്തകളും പാർടിക്ക്‌ വഴികാട്ടിയായെന്ന്‌ വിലയിരുത്തുന്നു. രാജ്യസുരക്ഷയോടൊപ്പം വികസനത്തിനും തുല്യ പ്രാധാന്യം നൽകുമെന്നും സുസ്ഥിരത ഉറപ്പുവരുത്തിക്കൊണ്ടുതന്നെ പുരോഗതി കൈവരിക്കുമെന്നും സിപിസി വ്യക്തമാക്കുന്നു. ദാരിദ്ര്യത്തിനെതിരായ പോരാട്ടം അന്തിമ വിജയം നേടിയകാര്യം എടുത്തുപറയുന്നുണ്ട്‌. പാർടി രൂപംകൊണ്ടതുമുതൽ ജനങ്ങളുടെ സന്തോഷം ഉറപ്പുവരുത്തുന്നതിലാണ്‌ ഊന്നിയതെന്നും അത്‌ ഇനിയും തുടരുമെന്നും അർഥശങ്കയ്‌ക്കിടയില്ലാത്തവിധം വ്യക്തമാക്കുകയും ചെയ്യുന്നു.

നൂറ്റാണ്ടിലെത്തിയ സിപിസിയുടെ ആദ്യത്തെ രണ്ട്‌ ഘട്ടത്തിന്‌ നേതൃത്വം നൽകുന്നത്‌ മൗ ആണ്‌. ആദ്യഘട്ടം ജനാധിപത്യ വിപ്ലവത്തിന്റേതാണ്‌. സാമ്രാജ്യത്വത്തെയും ഫ്യൂഡലിസത്തെയും ഉദ്യോഗസ്ഥ മുതലാളിത്തത്തെയും ചെറുത്ത്‌ ദേശീയ സ്വാതന്ത്ര്യവും ജനങ്ങളുടെ വിമോചനവും ഉറപ്പുവരുത്തി ദേശീയ പുനരുജ്ജീവനം യാഥാർഥ്യമാക്കുന്ന ഘട്ടമാണിത്‌. മാർക്‌സിസം–-ലെനിനിസം ചൈനയുടെ സവിശേഷമായ സാഹചര്യത്തിൽ പ്രയോഗത്തിൽ വരുത്തിയ ഘട്ടംകൂടിയാണിത്‌. ഗ്രാമങ്ങളിൽനിന്ന്‌ നഗരത്തെ വളഞ്ഞ്‌ സൈനികശക്തി ഉപയോഗിച്ച്‌ അധികാരം പിടിച്ചെടുക്കുകയെന്ന രീതിയാണ്‌ മൗവിന്റെ നേതൃത്വത്തിൽ കൈക്കൊണ്ടത്‌. ചൈനയുടെ അർധ കൊളോണിയൽ അർധ ഫ്യൂഡൽ ചൂഷണത്തിന്‌ അന്ത്യമിട്ട്‌ അസമമായ എല്ലാ സന്ധിബന്ധത്തെയും അറുത്തെറിഞ്ഞ്‌, സാമ്രാജ്യത്വം അനർഹമായി അനുഭവിച്ച എല്ലാ ആനുകൂല്യവും ഇല്ലാതാക്കി ജനകീയ ജനാധിപത്യത്തിലേക്കുള്ള കാൽവയ്‌പ്‌ നടന്ന ഘട്ടമാണിത്‌. ലോകമെമ്പാടും വിമോചന പ്രക്ഷോഭങ്ങൾക്ക്‌ തിരികൊളുത്താൻ ഈ വിപ്ലവം സഹായിച്ചു.

സോഷ്യലിസ്‌റ്റ്‌ വിപ്ലവത്തിന്റെയും സോഷ്യലിസ്‌റ്റ്‌ നിർമാണത്തിന്റെയും രണ്ടാം ഘട്ടത്തിനും നേതൃത്വം നൽകിയത്‌ മൗ തന്നെയായിരുന്നു. പുതിയ ജനാധിപത്യത്തിൽനിന്ന്‌ സോഷ്യലിസത്തിലേക്ക്‌ ചൈനീസ്‌ സമൂഹത്തെ നയിക്കുകയും സോഷ്യലിസ്‌റ്റ്‌ നിർമാണത്തിൽ പങ്കാളികളാക്കുകയും ചെയ്യുക എന്നതായിരുന്നു അന്ന്‌ പാർടിയുടെ കടമ. അതിനാവശ്യമായ രാഷ്ട്രീയ സാഹചര്യം ഒരുക്കുക മാത്രമല്ല, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും രൂപീകരണവും ഇക്കാലത്ത്‌ ഏറ്റെടുത്തു. നിലവിലുള്ള വ്യവസ്ഥയെ തകർക്കാൻ മാത്രമല്ല, പുതിയ വ്യവസ്ഥ കെട്ടിപ്പടുക്കാനും കഴിയുമെന്ന്‌ മൗ വിന്റെ നേതൃത്വത്തിൽ സിപിസി തെളിയിച്ചു. ഏറെ ജനസംഖ്യയുള്ള ദരിദ്രവും പിന്നാക്കം നിൽക്കുന്നതുമായ ഒരു കിഴക്കൻ ഏഷ്യൻ രാഷ്ട്രം ഒരു സോഷ്യലിസ്‌റ്റ്‌ രാജ്യമായി മാറിയ ഘട്ടമാണിത്‌. എല്ലാ അർഥത്തിലും ആധുനിക ചൈനയ്‌ക്ക്‌ അടിത്തറയിട്ട ഘട്ടം.

ഈ അടിത്തറയിൽ നിന്നുകൊണ്ടാണ്‌ ദെങ് സിയാവോ പിങ് ‘സാമ്പത്തിക പരിഷ്‌കാരവും തുറന്നുകൊടുക്കലും’ എന്ന സോഷ്യലിസ്‌റ്റ്‌ ആധുനികവൽക്കരണമെന്ന മൂന്നാം ഘട്ടത്തിന്‌ തുടക്കമിടുന്നത്‌. സോഷ്യലിസ്‌റ്റ്‌ നിർമാണത്തിന്‌ ശരിയായ പാത കാട്ടിക്കൊണ്ട്‌ ഉൽപ്പാദനശക്തികളെ കെട്ടഴിച്ചുവിടുകയും ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന്‌ മോചിപ്പിച്ച്‌ അഭിവൃദ്ധിയിലേക്കും സന്തോഷകരമായ ജീവിതത്തിലേക്കും നയിക്കുക എന്നതായിരുന്നു ഈ ഘട്ടത്തിലെ സിപിസിയുടെ കടമ. ഇതിന്‌ നേതൃത്വം നൽകിയത്‌ ദെങ് ആയതിനാൽ അദ്ദേഹത്തിന്റെ പേരിലുള്ള സിദ്ധാന്തമായി ഇത്‌ അറിയപ്പെട്ടു. ചൈനയുടെ സർവതോന്മുഖമായ സാമ്പത്തികവികാസമായിരുന്നു ലക്ഷ്യം. ദെങ്ങിനുശേഷം ജിയാങ് സെമിനും ഈ പാത മുന്നോട്ടുകൊണ്ടുപോകുന്നതിൽ പ്രധാന പങ്കുവഹിച്ചു. ലോക സോഷ്യലിസത്തിന്‌ ആഭ്യന്തരമായും സാർവദേശീയമായും വൻ വെല്ലുവിളികൾ നേരിട്ട കാലഘട്ടമായിരുന്നു ഇത്‌. ഈ ഘട്ടത്തിലും ചൈനീസ്‌ സോഷ്യലിസത്തെ സംരക്ഷിക്കാനും രാജ്യത്തെ കമ്പോള സോഷ്യലിസത്തിലേക്ക്‌ നയിക്കാനും ജിയാങ് വഹിച്ച പങ്ക്‌ നിസ്‌തുലമാണ്‌. തുടർന്ന്‌, ഹു ജിന്താവോവും ചൈനീസ്‌ സോഷ്യലിസത്തെ പരിക്കേൽക്കാതെ മുന്നോട്ടുകൊണ്ടുപോയി. ജനങ്ങളെ മുന്നിൽ നിർത്തിക്കൊണ്ടുള്ള സന്തുലവും സുസ്ഥിരവും സമഗ്രവുമായ വികസനത്തിനാണ്‌ ഈ മൂന്ന്‌ നേതാക്കളും നേതൃത്വം നൽകിയത്‌.

ഷി ജിൻ പിങ് പാർടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട 18–-ാം പാർടി കോൺഗ്രസോടെ ചൈനീസ്‌ സവിശേഷതകളോടെയുള്ള സോഷ്യലിസ്‌റ്റ്‌ ചൈന പുതുയുഗത്തിലേക്ക്‌ പ്രവേശിച്ചു. ചരിത്രപരമായ അനുഭവങ്ങളും പുതിയ യാഥാർഥ്യങ്ങളും കണക്കിലെടുത്തുള്ള നടപടികളാണ്‌ ഇക്കാലത്തുണ്ടായത്‌. പല പ്രശ്‌നത്തിനും പരിഹാരം കാണാനുള്ള ധൈര്യവും രാഷ്ട്രീയ ഇച്ഛാശക്തിയും ഷിയുടെ കാലത്ത്‌ കാണിച്ചതായി പ്രമേയം പറയുന്നു.(ഹോങ്കോങ്, സിങ് ജിയാങ്, അഴിമതിക്കെതിരായ പോരാട്ടം) പാർടി നേതൃത്വത്തെ ശക്തിപ്പെടുത്തി, പ്രത്യയശാസ്‌ത്രരംഗത്ത്‌ നൂതന ആശയങ്ങൾ മുന്നോട്ടുവച്ച്‌, സാർവദേശീയ വീക്ഷണം മുറകെ പിടിച്ച്‌, സ്വന്തം കാലിൽ നിലയുറപ്പിച്ച്‌ ചൈനയെ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയായി മാറ്റിയത്‌ ഷി യുടെ കാലഘട്ടത്തിലാണ്‌. പാർടിയുടെയും രാജ്യത്തിന്റെയും ഗതിയിൽ ചരിത്രപരമായ മാറ്റത്തിന്‌ വഴിമരുന്നിട്ട കാലമാണിത്‌. ചൈനയെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള അമേരിക്കയുടെയും ശിങ്കിടികളുടെയും നീക്കത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ പാർടിയിൽ ഐക്യം ഊട്ടിയുറപ്പിച്ച്‌ ശക്തമായ ഒരു നേതൃത്വത്തിലേക്ക്‌ സിപിസി മാറുന്നത്‌. സോവിയറ്റ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ അനുഭവവും വഴികാട്ടിയാണ്‌. വിപ്ലവത്തിന്റെ നൂറാം വാർഷികവേളയിൽ പൂർണമായും വികസിച്ച ശക്തവും സമ്പന്നവുമായ രാഷ്ട്രമെന്ന ലക്ഷ്യത്തിലേക്കാണ്‌ ചൈന കുതിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top