06 February Monday

ലോകം ഉറ്റുനോക്കുന്ന
 കമ്യൂണിസ്റ്റ് പാർടി സമ്മേളനം - എം എ ബേബി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 15, 2022

അമേരിക്കയിലെ ഭരണകക്ഷികളായി മാറിമാറി വരുന്ന റിപ്പബ്ലിക്–- ഡെമോക്രാറ്റിക് പാർടികളുടെ സമ്മേളനങ്ങൾ വലിയ മാധ്യമശ്രദ്ധ നേടാറില്ല. ഇംഗ്ലണ്ടിലെയും ഇന്ത്യയിലെയും മറ്റു മിക്ക രാജ്യങ്ങളിലെയും സ്ഥിതിയും വ്യത്യസ്തമല്ല. എഐസിസി  പ്രസിഡന്റ്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ കുറെ മാധ്യമ ചർച്ചകൾ നടക്കുന്നത് ഏതു സാഹചര്യത്തിലാണെന്ന് പ്രസിദ്ധം. ഇതിലൊന്നും തന്റെ രാജ്യം മുന്നോട്ടുപോകുമ്പോൾ പിന്തുടരേണ്ട സാമ്പത്തിക –-സാമൂഹ്യ–- രാഷ്ട്രീയ–- സാംസ്കാരിക നയസമീപനങ്ങൾ മുഖ്യ ചർച്ചയാകാറില്ല എന്നതാണ് വസ്തുത. അഥവാ എന്തെങ്കിലും സംവാദം നടന്നാൽത്തന്നെ അത് നിലവിലുള്ള ചൂഷണാധിഷ്ഠിത  സാമ്പത്തിക–- രാഷ്ട്രീയ നയങ്ങളിൽ വെറും ഉപരിപ്ലവമായി എന്തൊക്കെ മാറ്റങ്ങൾ വേണമെന്നതിൽ ഒതുങ്ങും. ബാക്കി കോലാഹലമെല്ലാം വ്യക്തിയധിഷ്ഠിത ഊഹാപോഹങ്ങൾ കേന്ദ്രീകരിച്ച് ആയിരിക്കും.

ഇതിൽനിന്നും പാടെ വ്യത്യസ്തമാണ് കമ്യൂണിസ്റ്റ് പാർടി സമ്മേളനങ്ങൾ. അടുത്ത ദിവസം ( ഒക്ടോബർ 16) ബീജിങ്ങിൽ തുടക്കംകുറിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർടി കോൺഗ്രസ് ഇതിന് ഉദാഹരണമാണ്. അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന പാർടി കോൺഗ്രസ് രാഷ്ട്രവും കമ്യൂണിസ്റ്റ് പാർടിയും അതിന്റെ  പ്രഖ്യാപിതലക്ഷ്യങ്ങൾ എത്രമാത്രം കൈവരിച്ചു എന്ന പരിശോധനയാണ് സൂക്ഷ്മമായി നടത്തുന്നത്. നേട്ടകോട്ടങ്ങളുടെ പരിശോധനയെത്തുടർന്ന് ഭാവിപ്രവർത്തന പദ്ധതികൾക്ക് അവർ കൂട്ടായി രൂപംകൊടുക്കും. ഒക്‌ടോബർ 9 മുതൽ 12 വരെ ചേർന്ന കേന്ദ്ര കമ്മിറ്റിയുടെ പ്ലീനറി സെഷൻ പാർടി കോൺഗ്രസ് നടപടിക്രമങ്ങൾക്ക് അന്തിമരൂപം നൽകി. ഒക്ടോബർ 16 മുതൽ ഒരാഴ്ചക്കാലം ചേരുന്ന 20–-ാം പാർടി കോൺഗ്രസ് ജനറൽ സെക്രട്ടറി ഷീ ജിൻപിങ് അവതരിപ്പിക്കുന്ന മുഖ്യ പ്രവർത്തന റിപ്പോർട്ട് ചർച്ച ചെയ്യും. ആവശ്യമായ ഭേദഗതികളോടെ അത് അംഗീകരിക്കും. അച്ചടക്ക പരിശോധനയ്ക്കുള്ള കേന്ദ്ര കമീഷന്റെ പ്രവർത്തന റിപ്പോർട്ട് തുടർന്ന് പരിഗണിക്കും. പാർടി ഭരണഘടനാ ഭേദഗതികളുംചർച്ചചെയ്ത് തീരുമാനിക്കും. പുതിയ കേന്ദ്ര കമ്മിറ്റി, അച്ചടക്കത്തിനുള്ള കേന്ദ്ര കമീഷൻ ഇവയെയും തെരഞ്ഞെടുക്കും. ഇതാണ് 20–-ാം പാർടി കോൺഗ്രസിന്റെ മുഖ്യപരിപാടികൾ. ലോകത്തെ ഓരോ കമ്യൂണിസ്റ്റ് പാർടിയും സംഘടനയെ ശക്തിപ്പെടുത്താനും ഉൾപ്പാർടി ജനാധിപത്യം കാര്യക്ഷമമാക്കാനും ഒട്ടേറെ പുതിയ സമ്പ്രദായങ്ങൾ വികസിപ്പിക്കുകയും പരിശോധിച്ചുനോക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ ചൈനീസ് കമ്യൂണിസ്റ്റ്‌ പാർടിയുടെ ചില മാതൃകകൾ പരിശോധിച്ചുനോക്കാം.

പാർടി കോൺഗ്രസിലേക്കുള്ള പ്രതിനിധികളെയെല്ലാം സംബന്ധിച്ച് നിലവിലുള്ള കമ്മിറ്റി സമർപ്പിക്കുന്ന പാനലിൻമേൽ മത്സരമുണ്ടാകുന്നത് പ്രതിനിധികൾ ചില പേരുകൾകൂടി നിർദേശിച്ചാൽ അതിനെ തുടർന്നാണല്ലോ. എന്നാൽ, ചൈനീസ് പാർടിയിൽ 15 ശതമാനംമുതൽ 30 ശതമാനംവരെ അധികം സഖാക്കളെ സമ്മേളന പ്രതിനിധികൾക്കു മുന്നിൽ അവതരിപ്പിച്ച്‌ അവരിൽ ചിലരെ തെരഞ്ഞെടുക്കാനും മറ്റുള്ളവരെ ഒഴിവാക്കാനുമുള്ള സന്ദർഭം ബോധപൂർവം നൽകുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് 19–-ാം പാർടി കോൺഗ്രസിന് മുന്നോടിയായി ജിയാൻഷി പ്രൊവിൻഷ്യൽ കമ്മിറ്റിക്ക് 69 പ്രതിനിധികളെ തെരഞ്ഞെടുക്കാൻ അവകാശമുണ്ടായിരുന്നപ്പോൾ 90 പേരുകൾ ആണ് നിലവിലുള്ള കമ്മിറ്റി സമ്മേളനത്തിനു മുന്നിൽ അവതരിപ്പിച്ചത്. ആവശ്യമുള്ളതിനേക്കാൾ 30 ശതമാനം കൂടുതൽ. അതിനാൽ തെരഞ്ഞെടുപ്പുവഴി 30 ശതമാനംപേർ ഒഴിവാക്കപ്പെടുകയും  69 പേർ മാത്രം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കേന്ദ്ര കമ്മിറ്റി ഉൾപ്പെടെ വിവിധതല കമ്മിറ്റികളുടെ തെരഞ്ഞെടുപ്പിലും ഇതേ മാതൃക പ്രയോഗിക്കപ്പെടുകയുണ്ടായി. 2017ൽ 19–-ാം കോൺഗ്രസിന്റെ കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പിൽ , അധികം അവതരിപ്പിക്കപ്പെട്ട എട്ടു ശതമാനം സ്ഥാനാർഥികൾ ഇപ്രകാരം മത്സരത്തിലൂടെ ഒഴിവാക്കപ്പെടുകയുണ്ടായി. 18–-ാം കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പും ഇതേ രീതിയിലായിരുന്നു.

ഇന്ത്യയിൽ രാഷ്ട്രീയ വിശകലനം ഉൾക്കൊള്ളുന്ന സുദീർഘരേഖ (കരട് രാഷ്ട്രീയപ്രമേയം) പാർടി കോൺഗ്രസിന് രണ്ടുമാസം മുന്നേ, രാജ്യത്തെ  എല്ലാ ഭാഷയിലും (പാർടി ഘടകങ്ങൾ പ്രവർത്തിക്കുന്ന) പ്രസിദ്ധീകരിക്കുന്നതാണ്‌ സിപിഐ എം, സിപിഐ സമ്പ്രദായം എന്നത് ഇതിനോട് ചേർത്ത് വച്ച് പരിഗണിക്കാവുന്നതാണ്.

ഇരുപതാം പാർടി കോൺഗ്രസിന് മുന്നോടിയായി മുഖ്യ പ്രവർത്തന റിപ്പോർട്ട് ബഹുതലങ്ങളിൽ ചർച്ചചെയ്തതും ശ്രദ്ധേയമാണ്. ജനറൽ സെക്രട്ടറി ഷീ ജിൻ പിങ്ങിന്റെ നേതൃത്വത്തിൽ വിവിധ മേഖലയിൽ നിന്നുള്ളവരുടെ യോഗംചേർന്ന് 2022 ആഗസ്‌ത്‌  ഒടുവിൽ കരടുറിപ്പോർട്ടിലെ മുഖ്യ ഭാഗങ്ങളെപ്പറ്റി അഭിപ്രായം ആരായുകയുണ്ടായി.  ഇന്ത്യയിൽ രാഷ്ട്രീയ വിശകലനം ഉൾക്കൊള്ളുന്ന സുദീർഘരേഖ (കരട് രാഷ്ട്രീയപ്രമേയം) പാർടി കോൺഗ്രസിന് രണ്ടുമാസം മുന്നേ, രാജ്യത്തെ  എല്ലാ ഭാഷയിലും (പാർടി ഘടകങ്ങൾ പ്രവർത്തിക്കുന്ന) പ്രസിദ്ധീകരിക്കുന്നതാണ്‌ സിപിഐ എം, സിപിഐ സമ്പ്രദായം എന്നത് ഇതിനോട് ചേർത്ത് വച്ച് പരിഗണിക്കാവുന്നതാണ്. അത് മുഖ്യമായും പാർടി ഘടകങ്ങളിലാണ്, പക്ഷേ നടക്കുന്നത്.

സിപിസിയുടെ 19–-ാം പാർടി കോൺഗ്രസ് തീരുമാനപ്രകാരമാണ് ചൈനയിൽ അവശേഷിച്ചിരുന്ന സാമ്പത്തിക അന്തരത്തിന്റെ ഭാഗമായുള്ള തീവ്രദാരിദ്ര്യം പൂർണമായി തുടച്ചുമാറ്റാൻ നടന്നുവന്നിരുന്ന മഹാപ്രസ്ഥാനം ശ്രദ്ധേയമായ അന്തിമവിജയം കൈവരിച്ചത്. സിപിസി സ്ഥാപിതമായതിന്റെ ശതാബ്ദി 2021ൽ ആഘോഷിച്ചപ്പോൾ, തീവ്രദാരിദ്ര്യ മുക്ത രാജ്യമായി ചൈനയെ മാറ്റാൻ സാധിച്ചതിൽ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഭഗീരഥപ്രയത്നം മാത്രമല്ല, അതൊരു ജനകീയ പ്രസ്ഥാനമാക്കി മാറ്റിയ പാർടിയുടെ പ്രവർത്തനതന്ത്രവും മുഖ്യ പങ്കുവഹിച്ചതായി വിലയിരുത്തപ്പെട്ടു. 77 കോടി ജനതയെയാണ് ദരിദ്രാവസ്ഥയിൽനിന്ന് ,1980 മുതൽ നടത്തിയ തുടർച്ചയായുള്ള പരിശ്രമങ്ങളുടെ ഫലമായി കൈപിടിച്ചുയർത്തപ്പെട്ടത്. ഇതുസംബന്ധിച്ച  അനുഭവങ്ങൾ 20–-ാം പാർടി കോൺഗ്രസ് ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

സിപിസിയുടെ നേതൃനിരയിൽ മുഖ്യ ചുമതലക്കാരനായതിനുശേഷം ഷി ജിൻ പിങ്‌ മൂന്നു മേഖലയിൽ കാര്യമായ ഇടപെടലുകളും തിരുത്തലും ആവശ്യമാണെന്ന് പ്രത്യേകം വ്യക്തമാക്കി. സമത്വപൂർണമായ സമൂഹമായി ചൈനയെ മാറ്റാൻ ശ്രമിക്കുമ്പോഴും സാമ്പത്തിക അന്തരവും അസമത്വവും വ്യക്തികൾ തമ്മിലും പ്രദേശങ്ങൾ തമ്മിലും നിലനിൽക്കുന്നത് അതിവേഗം കുറയ്ക്കണമെന്നതാണ് ഏറ്റവും പ്രധാനമെന്ന് ഷി തുറന്നുപറഞ്ഞു. പാരിസ്ഥിതിക സന്തുലനം കാത്തുസൂക്ഷിക്കാൻ കൂടുതൽ ശ്രദ്ധാപൂർവം ഇടപെടണമെന്നതാണ് മറ്റൊരു പ്രധാന പ്രവർത്തനമേഖലയായി അദ്ദേഹം ഊന്നിപ്പറഞ്ഞത്. വിവിധതലങ്ങളിൽ തുടരുന്ന അഴിമതിക്കെതിരെ ശക്തമായ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നും ഷി അഭിപ്രായപ്പെട്ടു.

 

ദെങ്‌ സിയാവോ പിങ്ങിന്റെ നേതൃകാലംമുതൽ തുടങ്ങിയ പുതിയ സാമ്പത്തിക രാഷ്ട്രീയ നയങ്ങൾ ചൈനയെ അമേരിക്കയുടെ തൊട്ടടുത്തെത്തിയ സാമ്പത്തികശക്തിയായി ഉയർത്തിയെന്നത് പ്രധാനമാണ്. എങ്കിലും അതിന്റെ ഭാഗമായി രൂപപ്പെടുന്ന പുതിയ പ്രശ്നങ്ങളും ചൈനീസ് കമ്യൂണിസ്റ്റ് പാർടി നേതൃത്വം കാണുന്നുണ്ടെന്നാണ് ഷി ജിൻ പിങ്ങിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നത്.

എന്നാൽ, ഇതൊന്നും പരിഗണിക്കാതെ ചൈനാ നോക്കികളെന്ന്‌ അവകാശപ്പെടുന്ന ചില നിരൂപകരും വിദഗ്ധരും ഷി ജിൻപിങ് ഈ സമ്മേളനത്തോടെ സർവാധികാരിയായി മാറുമോ എന്ന ചർച്ചയാണ് മുഖ്യമായി നടത്തുന്നത്. 1980 കളോടെ പാർടി നേതൃത്വത്തിലും പ്രസിഡന്റ്‌ സ്ഥാനത്തും അഞ്ചുവർഷം വീതമുള്ള രണ്ട് സന്ദർഭങ്ങളെന്ന വ്യവസ്ഥ കൊണ്ടുവരികയുണ്ടായി. പ്രസിഡന്റ്‌ സ്ഥാനത്തിന്റെ കാര്യത്തിൽ ആ വ്യവസ്ഥ ചൈനീസ് പാർലമെന്റ്‌ സമ്മേളനം നേരത്തേ നീക്കംചെയ്തു. പാർടി ജനറൽ സെക്രട്ടറി സ്ഥാനത്തെപ്പറ്റി 20–-ാം പാർടി കോൺഗ്രസ് ചർച്ചചെയ്ത് തീരുമാനിച്ചേക്കാം.അത് തുടർന്ന് വ്യക്തമാകേണ്ട കാര്യമാണ്.

കമ്യൂണിസ്റ്റ് പാർടികളിൽ കൂട്ടായ നേതൃത്വമെന്ന സംഘടനാതത്വമാണ് പിന്തുടരുന്നത്. ചില വ്യക്തികൾ അവരുടെ സവിശേഷ കഴിവുകളുടെ അംഗീകാരമെന്നനിലയിൽ കൂടുതൽ പ്രാധാന്യം നേടാം. അപ്പോഴും കൂട്ടായ നേതൃത്വമായാണ് പാർടി പ്രവർത്തിക്കേണ്ടത്. ലെനിനും ഹോചിമിനും മറ്റു കമ്യൂണിസ്റ്റ് നേതാക്കളും അതിനു മാതൃകയാണ്. അതോടൊപ്പം വ്യക്തിപ്രഭാവത്തിന്റെ അതിപ്രസരം ചില സന്ദർഭത്തിൽ ചില പാർടികളിൽ കടന്നുവരാതിരുന്നിട്ടില്ല. അതിനെ മറികടക്കാൻ കമ്യൂണിസ്റ്റ്‌ പാർടികൾ നിതാന്തജാഗ്രത പാലിക്കുകയാണ് വേണ്ടത്.

മൗ സെ ദൊങ്ങിനും ദെങ്‌ സിയാവോ പിങ്ങിനും ശേഷം അതേ പ്രാധാന്യമുള്ള കമ്യൂണിസ്റ്റ് പാർടി നേതാവായി ഷി ജിങ്‌പിങ്‌ ഉയർന്നുവരുന്നുവെന്ന നിരീക്ഷണമുണ്ട്. അതേസമയമാണ് ഷി ജിങ്‌പിങ് വീട്ടുതടങ്കലിലായി എന്ന നുണ പ്രചാരണം അജ്ഞാതകേന്ദ്രങ്ങളിൻ നിന്ന് ചിലർ ആഴ്ചകൾക്കുമുമ്പ് നടത്തിയത്. ഇത് ചൂഷകവർഗതാൽപ്പര്യസംരക്ഷകരായ മാധ്യമങ്ങളുടെ പതിവു കലാപരിപാടിയാണ്. ഒമ്പതു കോടി 60 ലക്ഷത്തിൽപ്പരം അംഗങ്ങളുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർടി എല്ലാത്തരം ദുഷ്പ്രചാരണങ്ങളെയും മറികടന്ന് സമത്വപൂർണമായ സുശക്ത  ചൈന കെട്ടിപ്പടുക്കുന്നതിൽ മുന്നേറുമെന്ന് നമുക്കു പ്രതീക്ഷിക്കാം. ഇന്ത്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായി നിലവിലുള്ളപ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിച്ച് നല്ല സുഹൃത് ബന്ധം വളർത്തിയെടുക്കുവാൻ സഹായകരമായ സാഹചര്യം രൂപപ്പെടുമെന്നും കരുതുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top