25 April Thursday

ദാരിദ്ര്യനിർമാർജനത്തിനുള്ള സിപിസിയുടെ ശ്രമം

ആർ അരുൺകുമാർUpdated: Wednesday Apr 7, 2021

ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി (സിപിസി) രൂപീകരണത്തിന്റെ ശതാബ്ദി വർഷമാണ്‌ 2021. ആധുനിക സോഷ്യലിസ്റ്റ്‌ ചൈന സ്ഥാപിക്കുന്നതിലേക്കുള്ള പുതിയ വഴിത്താരയിലേക്കുള്ള തുടക്കം കൂടിയാണിത്‌. സമ്പൂർണ ദാരിദ്ര്യത്തിൽനിന്ന്‌ മോചിതമായിക്കൊണ്ടുള്ള പ്രഖ്യാപനത്തിനുശേഷം ‘എല്ലാമേഖലയിലും ആധുനികവും ഐശ്വര്യപൂർണവുമായ സമൂഹം’ കെട്ടിപ്പടുക്കാനുള്ള സുപ്രധാനമായ ലക്ഷ്യം കൈവരിക്കാനുള്ള പരിശ്രമത്തിലാണ്‌ സിപിസിയുടെ നൂറാം വർഷത്തിൽ ചൈന.
ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി ദീർഘകാലത്തേക്കും മധ്യ, ഹ്രസ്വകാലത്തേക്കുമുള്ള ആസൂത്രണത്തിലൂടെയും അതിന്റെ തന്ത്രപരമായ ലക്ഷ്യം കൈവരിക്കുന്നതിലുമുള്ള കേന്ദ്രീകരണത്തിലാണ്‌ അറിയപ്പെടുന്നത്‌. സിപിസിയുടെ പരിപാടി വ്യക്തമാക്കുന്നത്‌ ചൈന സോഷ്യലിസത്തിന്റെ പ്രാരംഭഘട്ടത്തിലാണ്‌ എന്നാണ്‌. ഈ നിലയിൽ ദീർഘകാലം തുടരുമെന്നും പറയുന്നു. ഈ ഘട്ടത്തിൽ സാമ്പത്തികവും സാംസ്‌കാരികവുമായി മുൻപന്തിയിലെത്താൻ രാജ്യത്തെ ‘സോഷ്യലിസ്റ്റ്‌ ആധുനികവൽക്കരണത്തിന്റെ’ പാതയിലൂടെ നയിക്കുമെന്നും പ്രഖ്യാപിക്കുന്നു.

നമ്മുടെ പ്രത്യേക സാഹചര്യത്തിൽനിന്ന്‌ ചൈനീസ്‌ തനത്‌ സ്വഭാവ സവിശേഷതയോടുകൂടിയ പാതയിലൂടെയായിരിക്കും സോഷ്യലിസ്റ്റ്‌ നിർമാണപാത സ്വീകരിക്കുക. പ്രത്യയശാസ്‌ത്രപരമായ ഈ ഉൾക്കൊള്ളലിൽ നിന്നാണ്‌ ചൈന അതിന്റെ വികസനലക്ഷ്യവും തന്ത്രപരമായ പ്രാധാന്യവും കൈവരിക്കാനുള്ള ആസൂത്രണത്തിന്‌ രൂപം നൽകുന്നത്‌. ശതാബ്ദിലക്ഷ്യം എന്ന പേരിൽ അറിയപ്പെടുന്ന രണ്ട്‌ ദീർഘദൂര കർമപദ്ധതിയാണ് മുമ്പ്‌ ‌ സിപിസി അംഗീകരിച്ചിരുന്നത്‌. ഒന്ന്: 2021ൽ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ ശതാബ്ദി ആഘോഷിക്കുമ്പോൾ എല്ലാ മേഖലയിലും ആധുനികവും സമ്പൽസമൃദ്ധവുമായ സമൂഹം കെട്ടിപ്പടുക്കുക എന്നതാണ്‌. രണ്ട്‌: 2049ൽ ജനകീയ ചൈനയുടെ ശതാബ്ദി ആഘോഷിക്കുമ്പോൾ സമ്പന്നവും ശക്തവും ജനാധിപത്യപരവും സാംസ്‌കാരികവുമായി ഉന്നതിയിലും ശ്രുതിമധുരവുമായ ആധുനിക സോഷ്യലിസ്റ്റ്‌ രാജ്യം കെട്ടിപ്പടുക്കുക. തന്ത്രപ്രധാനമായ ഈ ദീർഘകാലലക്ഷ്യം കൈവരിക്കുന്നതിനായി വിവിധങ്ങളായ ഹ്രസ്വ, മധ്യകാല ലക്ഷ്യങ്ങളും പഞ്ചവത്സര പദ്ധതികളും ഉണ്ട്‌. 2020 ഒക്‌ടോബറിൽ ചേർന്ന സിപിസിയുടെ കേന്ദ്രകമ്മിറ്റി പതിനാലാം പഞ്ചവത്സര പദ്ധതിയുടെ (2021–-25) നിർദേശങ്ങൾ അംഗീകരിച്ചു. ദേശീയ സമ്പദ്‌വ്യവസ്ഥയ്‌ക്കും സാമൂഹ്യവികസനത്തിനും ഊന്നൽ നൽകുന്ന നിർദേശങ്ങളിൽ 2035ൽ കൈവരിക്കേണ്ട ലക്ഷ്യങ്ങൾ എടുത്തുപറയുന്നു. മൊത്തം ആഭ്യന്തര ഉൽപ്പാദന (ജിഡിപി)‌ത്തെ അടിസ്ഥാനമാക്കിമാത്രം വളർച്ചയെ വിലയിരുത്താൻ കഴിയില്ലെന്ന പ്രധാനപ്പെട്ട പാഠം ചൈന മനസ്സിലാക്കിയിട്ടുണ്ട്‌. വളർച്ച നിരക്ക്‌ ലക്ഷ്യമിടുമ്പോഴും മറ്റ്‌ മേഖലകളിലും നിരവധി ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നുണ്ട്‌. ശാസ്‌ത്ര–-സാങ്കേതിക വിദ്യയിൽ കുതിച്ചുകയറ്റം, തൊഴിലവസരം വർധിപ്പക്കൽ, കാർബൺ ബഹിർഗമനം കുറയ്‌ക്കൽ തുടങ്ങിയവയും പ്രധാന ലക്ഷ്യങ്ങളാണ്‌. സമീപവർഷങ്ങളിൽ ‘അതിവേഗ സാമ്പത്തികവളർച്ച’ എന്നതിൽനിന്ന്‌ ‘ഉന്നത ഗുണനിലവാരം വികസനം’ എന്നതിലേക്ക്‌ മാറാനുള്ള തന്ത്രപ്രധാനമായ ചുവടുവയ്‌പും സ്വീകരിച്ചു.

വിദ്യാഭ്യാസവും പരിശീലനവും, തൊഴിലവസര പ്രോത്സാഹനം തുടങ്ങിയ കാര്യങ്ങളിൽ സമഗ്രമായ സമീപനമാണ്‌ ചൈനീസ്‌ സർക്കാർ സ്വീകരിച്ചിരിക്കുന്നത്‌. ഇതോടൊപ്പം അവരുടെ വികസനസാധ്യതകൾ പരമാവധി വിനിയോഗിക്കുന്നതിന്‌ പുതിയ സംരംഭങ്ങൾ തുടങ്ങാനും സഹായിക്കുന്നു

നിശ്ചിത വരുമാനം നിജപ്പെടുത്തിയാണ്‌ ദരിദ്രരെ നിർവചിച്ചിരിക്കുന്നത്‌. ദരിദ്രരിൽത്തന്നെ ഒരു ദ്വന്ദ്വസ്വഭാവം ഉണ്ടെന്നാണ്‌ സിപിസി വിലയിരുത്തിയത്‌. ദാരിദ്ര്യനിർമാർജന പദ്ധതിയുടെ സ്വീകർത്താക്കൾ മാത്രമല്ല അവർ, മറിച്ച്‌ ദാരിദ്ര്യനിർമാർജനത്തിന്റെയും സമൃദ്ധിയുടെയും ഏജന്റുമാരായും അവർ വർത്തിക്കുന്നു. ഇക്കാര്യം മനസ്സിലാക്കിക്കൊണ്ട്‌ വിപണിയിലേക്ക്‌ പ്രവേശിക്കുന്നതിനായി പാവപ്പെട്ടവരെ സഹായിക്കുന്നു. വിദ്യാഭ്യാസവും പരിശീലനവും, തൊഴിലവസര പ്രോത്സാഹനം തുടങ്ങിയ കാര്യങ്ങളിൽ സമഗ്രമായ സമീപനമാണ്‌ ചൈനീസ്‌ സർക്കാർ സ്വീകരിച്ചിരിക്കുന്നത്‌. ഇതോടൊപ്പം അവരുടെ വികസനസാധ്യതകൾ പരമാവധി വിനിയോഗിക്കുന്നതിന്‌ പുതിയ സംരംഭങ്ങൾ തുടങ്ങാനും സഹായിക്കുന്നു. സ്വതന്ത്രവും സ്വയംസമർപ്പിതവുമായ സംരംഭങ്ങൾ, തൊഴിലാളി, കർഷക പങ്കാളിത്തത്തോടെയുള്ള സഹകരണസംഘങ്ങൾ, സാമൂഹ്യ പൊതുസേവന ധാതാക്കൾ, പാരിസ്ഥിതിക സംരക്ഷകർ തുടങ്ങിയ മേഖലകളിലാണ്‌ പ്രോത്സാഹനം നൽകുന്നത്‌.

2020ൽ ദാരിദ്ര്യം ഇല്ലാതാക്കുന്നതിനാവശ്യമായ രീതിയിൽ സിപിസി ഭരണപരമായ തീരുമാനങ്ങൾ നടപ്പാക്കിയിരുന്നു. ഇതിലൂടെ യഥാർഥ ദാരിദ്ര്യത്തിൽനിന്ന്‌ കരകയറിയവർ വീണ്ടും അതിലേക്ക്‌ പതിക്കാതിരിക്കാനുള്ള മുൻകരുതലുകളും ഇപ്പോൾ എടുത്തിട്ടുണ്ട്‌. ഇതിനായി ദീർഘകാല സംവിധാനം ആരംഭിക്കാനും സിപിസി അതിന്റെ അനുഭവങ്ങൾ വിലയിരുത്തി തീരുമാനിച്ചിട്ടുണ്ട്‌. രാജ്യത്തിന്റെ ദാരിദ്ര്യനിർമാർജന സമീപനങ്ങളെ ചൈനയുടേതായ പ്രത്യേകതയോടുകൂടിയ സോഷ്യലിസ്റ്റ്‌ സമ്പദ്‌വ്യവസ്ഥയിൽനിന്നുവേണം വിലയിരുത്താൻ. ദാരിദ്ര്യനിർമാർജനവും വികസനവും എന്ന രണ്ട്‌ ലക്ഷ്യത്തിനായുള്ള രാഷ്ട്രീയ, സാമ്പത്തിക, പ്രത്യയശാസ്‌ത്രമാണ്‌ സിപിസി അംഗീകരിച്ചിരിക്കുന്നത്‌.

അതിന്റെ മുഖ്യമായ തത്വം രാഷ്ട്രത്തിന്റെ മൊത്തത്തിലുള്ള അഭിവൃദ്ധി നിലനിർത്തുക എന്നതാണ്‌. പാവപ്പെട്ടവർക്ക്‌‌ അനുകൂലമായ രീതിയിൽ വിപണി വളർത്തിയെടുക്കുക, ഒപ്പം സർക്കാരും വിപണിയും സമൂഹവും ഒന്നിച്ച്‌ പ്രവർത്തിച്ച്‌ പാവപ്പെട്ടവരുടെ ഉൽപ്പാദനക്ഷമത കെട്ടഴിച്ചുവിടുക, അതിലൂടെ ദേശീയ വളർച്ചയിൽ അവരുടെ സംഭാവന ഉറപ്പാക്കുക.
പാവപ്പെട്ടവർക്ക്‌ അനുകൂലമായ വിപണി എന്നാൽ നിലവിലെ വിപണിവ്യവസ്ഥയെ പൊളിച്ചടുക്കലല്ല, മറിച്ച്‌ പുനഃസംവിധാനം ചെയ്യുകയാണ്‌. ചൈനയുടെ അടിസ്ഥാന സാമ്പത്തികമേഖലയിൽ പൊതുഉടമസ്ഥാവകാശം മുഖ്യമായ പങ്കുവഹിക്കുന്നതായി കാണാം. വിവിധ രീതിയിലുള്ള ഉടമസ്ഥാവകാശം സമാന്തരമായി വികസിപ്പിക്കുകയും ചെയ്യുന്നു.

സോഷ്യലിസ്റ്റ്‌ സാമൂഹ്യനിർമാണത്തിലേക്കുള്ള പാതയിൽ മുന്നേറുന്നതിനിടയിൽ ‘സോഷ്യലിസ്റ്റ്‌ വിപണി സമ്പദ്‌‌വ്യവസ്ഥ’ അത്യാവശ്യമാണെന്ന്‌ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി സൈദ്ധാന്തികവൽക്കരിച്ചിട്ടുണ്ട്‌. ഉൽപ്പാദനവ്യവസ്ഥ നിലനിൽക്കുന്നതിനാൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ കൈമാറ്റത്തിന്‌ വിപണി അനിവാര്യമാണ്‌. പാവപ്പെട്ടവർക്കും പിന്നോക്കപ്രദേശങ്ങളിലുള്ളവർക്കും ഫലപ്രദമായി വിപണിയിൽ പങ്കാളികളാകാൻ സാധിക്കുന്നില്ല. ഭൂമിശാസ്‌ത്രപരമായി ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ പിന്നോക്കാവസ്ഥ, വികസനശേഷിയുടെ അപര്യാപ്‌തത തുടങ്ങിയ കാരണങ്ങൾ വിപണി പങ്കാളിത്തത്തിന്‌ വിഘാതമാകുന്നു. ഇത്‌ മൊത്തത്തിലുളള വിതരണ സംവിധാനത്തിൽ ഇവരുടെ നില മോശമാകാൻ കാരണമാകുന്നു. ഈ അസാധാരണത്വം പരിഹരിക്കുന്നതിനായി സർക്കാർ പ്രാഥമിക വിതരണശൃംഖലയെ പുനഃക്രമീകരിക്കേണ്ടതും കൂടുതൽ കാര്യക്ഷമമായ പുനർവിതരണ സംവിധാനം ഉണ്ടാക്കേണ്ടതുമാണ്‌. ദരിദ്രരുടെ ആവശ്യത്തിനനുസരിച്ചും അവർക്ക്‌ സ്വരുക്കൂട്ടുന്നതിനുള്ള ശേഷി വർധിപ്പിക്കുന്നതിനും സഹായകമായ രീതിയിൽ വിഭവങ്ങൾ അനുവദിക്കുന്നതിൽ സർക്കാരിന്‌ സ്വാധീനിക്കാൻ കഴിയും.

പൊതുസേവനങ്ങളുടെ ലഭ്യത വർധിപ്പിക്കുക, ദാരിദ്ര്യനിർമാർജനത്തിനുള്ള വിഭവങ്ങളുടെ വിതരണം കാര്യക്ഷമമാക്കുക, പാവപ്പെട്ടവർക്ക്‌ അനുകൂലമായ നയങ്ങൾ നടപ്പാക്കുക, സാമൂഹ്യമേഖലയിലെ നിക്ഷേപം വർധിപ്പിക്കുക, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിന്റെ അവസരങ്ങൾ വർധിപ്പിക്കാനായി ആസ്തിയിൽ നിന്നുള്ള വരവിന്റെ കൈമാറ്റം പ്രോൽസാഹിപ്പിക്കുക തുടങ്ങിയവയാണ്‌ പ്രധാന ലക്ഷ്യങ്ങളായി കാണുന്നത്‌. വിപണി സമ്പദ്‌വ്യവസ്ഥയുടെ നേട്ടത്തിൽ മുഴുവൻ ഊന്നിനിന്നുകൊണ്ട്‌ മാത്രമല്ല, എവിടെയാണോ ആവശ്യമുള്ളത്‌ അവിടേക്ക്‌ വിഭവങ്ങൾ ശേഖരിക്കുന്നതിന്‌ മുൻഗണന നൽകുന്ന സോഷ്യലിസത്തിന്റെ മേൽക്കൈക്ക്‌ പ്രാധാന്യം ലഭിക്കുന്നു. ദാരിദ്ര്യത്തിൽ കഴിയുന്നവരിൽ തൊഴിൽ നൈപുണ്യം ഉറപ്പാക്കിക്കൊണ്ട്‌ അവരെ ദാരിദ്ര്യത്തിൽനിന്ന്‌ കരകയറ്റാൻ സർക്കാരിന്റെ ഇടപെടലിലൂടെ സാധിക്കുന്നു.

അതിലുപരിയായി വരുമാനവർധന സൃഷ്ടിക്കുന്നതിലൂടെ അവരുടെ വാങ്ങൽശേഷിയും ആവശ്യകതയും വർധിക്കുന്നു. ഇതിലൂടെ ഉൽപ്പാദനവും കൈമാറ്റവും പ്രോത്സാഹിപ്പിക്കാനും പരമാവധി വിതരണത്തിനുള്ള സ്ഥിതി സംജാതമാക്കാനും കഴിയും. രാജ്യത്തെ പ്രധാന സംരംഭങ്ങളോടും സംരംഭകരോടും പാവപ്പെട്ടവർക്ക്‌ നേട്ടമുണ്ടാക്കുന്ന രീതിയിൽ പ്രത്യേക വിപണികൾ സ്ഥാപിക്കാനും ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക്‌ സഹായകമായ രീതിയിൽ പദ്ധതികൾക്ക്‌ രൂപം നൽകാനും സർക്കാർ സഹായം വാഗ്‌ദാനം ചെയ്യുന്നു. ‘10,000 സംരംഭകർ 10,000 ഗ്രാമത്തെ’ സഹായിക്കുക എന്ന പ്രത്യേക പദ്ധതിതന്നെ നടപ്പാക്കി. സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന പ്രവിശ്യകൾ പിന്നോക്കം നിൽക്കുന്ന പ്രവിശ്യകളെ സഹായിക്കാൻ പ്രത്യേക നിർദേശങ്ങൾ നൽകാനും സർക്കാർ ആവശ്യപ്പെട്ടു. സർക്കാർ നിർദേശങ്ങൾ വൻകിട സംരംഭകർ ഏറ്റെടുത്തതോടെ പതിനായിരക്കണക്കിന്‌ കോടി യുവാൻ സാമൂഹ്യനിക്ഷേപമായി സൃഷ്ടിക്കപ്പെട്ടു. ഇതിലൂടെ ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തതയും പൊതുസേവനങ്ങളും മെച്ചപ്പെടുത്താൻ സാധിച്ചു.

ചൈനയുടെ സാഹചര്യത്തിനനുസരിച്ച്‌ മാർക്‌സിസം പ്രയോഗത്തിൽ വരുത്തിക്കൊണ്ടും വിപ്ലവനേതാക്കൾ കാണിച്ചുതന്ന വഴികളിലൂടെയും ചൈന സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള പാതയിലൂടെ മുന്നേറുകയാണെന്ന്‌ സിപിസിതന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. ശതാബ്ദി ആഘോഷത്തിന്‌ തുടക്കമിട്ടുകൊണ്ടുള്ള ചടങ്ങിൽ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി ജനറൽ സെക്രട്ടറി ഷി ജിൻപിങ്‌ പാർടിയുടെ അസാധാരണമായ ചരിത്രത്തിൽനിന്ന്‌ പാഠം ഉൾക്കൊള്ളാനും മാർക്‌സിസം എങ്ങനെ ചൈനയെയും ലോകത്തെയും മാറ്റിമറിച്ചെന്നും മനസ്സിലാക്കാനും പാർടി കേഡർമാരോട്‌ ആഹ്വാനം ചെയ്‌തു. ‘‘ചൈനയിലെ സാഹചര്യത്തിൽ തുടർച്ചയായി മാർക്‌സിസം പ്രയോഗത്തിൽ വരുത്തിക്കൊണ്ടിരിക്കുന്ന ചരിത്രമാണ്‌ നമ്മുടെ പാർടിയുടെ ചരിത്രം. പാർടിയുടെ 100 വർഷത്തെ ചരിത്രത്തിലുടനീളം ജനങ്ങളുമായി ഒറ്റമനസ്സാണ്‌ പാർടിക്ക്‌, ജനങ്ങൾ ശ്വസിക്കുന്നതുപോലെ പാർടിയും ശ്വസിക്കുന്നു. ജനങ്ങളുടെ വിശ്വാസവും പിന്തുണയുംകൊണ്ട്‌ എല്ലാ തടസ്സത്തെയും നേരിട്ട്‌ അജയ്യമായി കമ്യൂണിസ്റ്റ്‌ പാർടിക്ക്‌‌ മുന്നോട്ടുപോകാനാകുന്നു. 140 കോടി ജനങ്ങളിൽ ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ട്‌ ചൈന എന്ന രാജ്യത്തെ ഏറ്റവും വലിയ പുനരുജ്ജീവനത്തിലൂടെ ആർക്കും തടയാനാകാത്ത ശക്തിയായി കുതിപ്പിക്കാനുള്ള കടമയാണ്‌ സിപിസി ഏറ്റെടുത്തിരിക്കുന്നതെന്നും'' ഷി ജിൻപിങ്‌‌ ചടങ്ങിൽ പ്രഖ്യാപിച്ചു. ദാരിദ്ര്യം പൂർണമായും നിർമാർജനം ചെയ്‌ത്‌ ചൈന സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള പാതയിലൂടെ മുന്നേറി‌ അതിന്റെ സുപ്രധാനമായ ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.

(സിപിഐ എം കേന്ദ്ര കമ്മിറ്റി 
അംഗമാണ്‌ ലേഖകൻ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top