28 March Thursday

തട്ടിക്കൂട്ടിയ വാക്‌സിൻ പ്രഖ്യാപനമെന്തിന്‌ ? ഡോ. ബി ഇക്‌ബാൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020

ചൈനയിൽ 2019 അവസാനം ആരംഭിച്ച കോവിഡ് ‐19 ഇപ്പോഴും നിരവധി രാജ്യങ്ങളിൽ ലക്ഷക്കണക്കിനാളുകളുടെ ജീവനപഹരിച്ച്  വ്യാപിച്ചുകൊണ്ടിരിക്കയാണ്, ഫലപ്രദമായ വാക്സിൻ കണ്ടെത്തുന്നതിലൂടെ കോവിഡിനുമേൽ അന്തിമവിജയം നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ.   രോഗാണു ബാധയുണ്ടാകുമ്പോൾ രോഗാണുക്കൾക്കെതിരെ മനുഷ്യശരീരത്തിൽ  പ്രതിവസ്തുക്കൾ (ആന്റിബോഡികൾ) ഉണ്ടാകുന്നതിലൂടെയാണ് രോഗവിമുക്തിയുണ്ടാകുന്നത്. മനുഷ്യശരീരത്തിൽ  തുടർന്നും നിലനിൽക്കുന്ന ആന്റിബോഡികളുടെ സാന്നിധ്യം മൂലമാണ് പിന്നീട് രോഗം പകരാതിരിക്കുന്നത്. വാക്‌സിൻ നൽകുന്നത് വഴി വൈറസിനെതിരെ പ്രതിരോധശേഷി  കൃത്രിമമായി സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ജീവനുള്ള എന്നാൽ നിർവീര്യമാക്കപ്പെട്ട രോഗാണുക്കൾ, സജീവത നശിപ്പിക്കപ്പെട്ട രോഗാണുക്കൾ, രോഗാണുക്കളുടെ പ്രോട്ടീൻ, ജീൻ ഘടകങ്ങൾ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ചാണ് വാക്‌സിൻ നിർമിക്കുന്നത്.

രോഗാണുജീനുകൾ നിരുപദ്രവകാരികളായ വൈറസ് വാഹകരിൽ കടത്തിവിട്ടുള്ള വാക്‌സിനുകളുമുണ്ട്. ഏത് തരം വാക്‌സിൻ നിർമിക്കണമെന്നത് സംബന്ധിച്ചുള്ള മാതൃക തയ്യാറാക്കൽ, മൃഗ മനുഷ്യ പരീക്ഷണം എന്നിവയാണ്  പ്രയോജനകരമായ  വൈറസ് കണ്ടെത്തുന്നതിനുള്ള ഗവേഷണത്തിന്റെ  പ്രധാനഘട്ടങ്ങൾ. മൃഗ മനുഷ്യ പരീക്ഷണം  മറ്റൊരു മൂന്നു ഘട്ടങ്ങളിലായാണ്‌ നടത്തേണ്ടത്. ഇവയിൽ വിജയിച്ചാൽ ഗുണനിലവാര പരിശോധനാ ഏജൻസികളുടെ വിലയിരുത്തൽ, അംഗീകാരം, നിർമാണം, മാർക്കറ്റിങ്‌ എന്നീ നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് വാക്‌സിൻ സമൂഹത്തിലെത്തുക.  ഇതുവരെ നടന്നിട്ടുള്ള വാക്‌സിൻ സംരംഭങ്ങൾ പരിശോധിച്ചാൽ സുരക്ഷിതവും ഫലപ്രദവുമായി വാക്‌സിൻ മാർക്കറ്റ് ചെയ്യാൻ കുറഞ്ഞത് നാലുമുതൽ പത്ത് വർഷങ്ങൾവരെയെടുക്കാം. എന്നാൽ ആദ്യഘട്ട മാതൃക കണ്ടെത്തൽ സമയം ചുരുക്കിയും പരീക്ഷണ ഘട്ടത്തിൽ തന്നെ അവശ്യമായ ഡോസ് വാക്‌സിനുകൾ മുൻകൂട്ടി തയ്യാറാക്കിവച്ചും കാലയളവ് ഒന്നോ രണ്ടോ വർഷമായി കുറയ്‌ക്കാൻ കഴിഞ്ഞേക്കാം. അതിനുള്ള ശ്രമങ്ങളാണ് പല രാജ്യങ്ങളിലായി ഇപ്പോൾ നടക്കുന്നത്.  എന്നാൽ മനുഷ്യ പരീക്ഷണത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാനാകില്ല  എന്ന് ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡിന് കാരണമായ സാർസ് കൊറോണ വൈറസ് 2 ഒരു ആർ എൻ എ വൈറസാണ്. ആർ എൻ എ വൈറസുകൾ നിരന്തരം ജനിതകവ്യതിയാനത്തിന്  വിധേയമാകുന്നത് വാക്‌സിൻ  നിർമാണം ബുദ്ധിമുട്ടുണ്ടാക്കും. എല്ലാത്തരം ജനിതകഘടനകൾക്കും യോജിച്ച വാക്‌സിൻ നിർമിക്കുക എളുപ്പമല്ല. സാർസ് കൊറോണ വൈറസ് 2 ന്റെ ജനിതക ഘടന വിവിധ രാജ്യങ്ങളിലായി രേഖപ്പെടുത്തി വരുന്നുണ്ട്. 9000 ത്തോളം വൈറസ് ഘടനകൾ  കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ കാര്യമായ വ്യത്യാസം കാണുന്നില്ല എന്നത് ആശ്വാസകരമാണ്. അതുകൊണ്ട്  വാക്‌സിൻ നിർമാണം വേഗത്തിലാവാൻ സാധ്യതയുണ്ട്. മനുഷ്യരിൽ പരീക്ഷണം നടത്തേണ്ട  ക്ലിനിക്കൽ ട്രയൽ ഘട്ടത്തിൽ  10 എണ്ണം  എത്തിയിട്ടുണ്ട്. 126 എണ്ണം അതിനുമുമ്പുള്ള ഘട്ടത്തിലാണ്.


 

അതീവ സൂക്ഷ്മത വേണം
കോവിഡിനെതിരെ വാക്‌സിൻ വികസിപ്പിച്ചെടുക്കാൻ മൂന്ന് ശ്രമങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്:പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട്, യുകെ ഓക്സ്ഫോർഡ് സർവകലാശാല, ആസ്ട്ര സെനെക്ക എന്നിവരും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, (ഐ സി എം ആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ ഐ വി) ഹൈദരാബാദിലെ ഭാരത് ബയോടെക്ക് എന്നിവരും സംയുക്തമായിട്ടും സൈഡസ് കാഡില അഹമ്മദാബാദ് തനിച്ചും നടത്തുന്ന സംരംഭങ്ങളാണിവ.

ഗവേഷണത്തിനുള്ള പദ്ധതി അതീവ സൂക്ഷ്മതയോടെ നടപ്പിലാക്കിയില്ലെങ്കിൽ വാക്‌സിൻ പ്രയോജനം ചെയ്യില്ലെന്ന് മാത്രമല്ല  രോഗവ്യാപനമടക്കം ഗുരുതരമായ ആരോഗ്യ പാർശ്വഫലങ്ങൾ  ഉണ്ടാകാനുമിടയുണ്ട്. ഏറ്റവും മികച്ച നിലയിൽ ഗവേഷണത്തിൽ ഏർപ്പെട്ടുവരുന്ന  അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തും (എൻ ഐ എച്ച്) ജനുവരിയിൽ തന്നെ ഗവേഷണം ആരംഭിച്ചിരുന്നു. എങ്കിൽ പോലും ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ മാത്രമേ തങ്ങളുടെ ഗവേഷണം പൂർത്തിയാക്കാനാകൂ എന്നാണ് എൻ ഐ എച്ച് ഡയറക്ടർ പ്രസിദ്ധ ശാസ്ത്രജ്ഞൻ ഫ്രാൻസിസ് കോളിൻസ് അഭിപ്രായപ്പെട്ടിട്ടുള്ളത്. മൂന്നാംഘട്ട മനുഷ്യപരീക്ഷണം 30,000 പേരിൽ നടത്തേണ്ടിവരുമെന്നും അത് പൂർത്തിയാക്കാൻ 45 മാസമെടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.

തങ്ങളുടെ സംരംഭം മനുഷ്യരിലുള്ള ക്ലിനിക്കൽ ട്രയലിന്റെ മൂന്നാം ഘട്ടത്തിൽ എത്തിയിട്ടുണ്ടെന്ന് ഐസിഎംആർ അവകാശപ്പെടുന്നു. ആഗസ്‌ത്‌ പതിനഞ്ചിന് തന്നെ പുറത്തിറക്കേണ്ടതുള്ളത്കൊണ്ട് മനുഷ്യപരീക്ഷണം അതിവേഗം പൂർത്തിയാക്കാനുള്ള നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ട് ഐസിഎംആർ ക്ലിനിക്കൽ ട്രയൽ നടത്താനായി തെരഞ്ഞെടുത്തിട്ടുള്ള 12 ആശുപത്രികൾക്ക് ഭീഷണിയുടെ സ്വരത്തിൽ കത്തയച്ചത് വിവാദമായിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ ഏറ്റവും ഉന്നതതലത്തിലെ നിർദേശപ്രകാരമാണ് കത്തയക്കുന്നതെന്നും പറയുന്നു. ‘ഉന്നതതലം’ ഏതെന്ന് വ്യക്തമാണല്ലോ?

ഐസിഎംആറിന്റെ ക്ലിനിക്കൽ ട്രയൽസ്  രജിസ്ട്രിയനുസരിച്ച്   വാക്‌സിന്റെ  സുരക്ഷ പരിശോധിക്കാനുള്ള ഒന്നാംഘട്ട പരീക്ഷണം ജൂലൈ 13 നാണ് ആരംഭിക്കേണ്ടത്. ഇതിന്‌ ഒരാഴ്ചയും പ്രതിരോധ ശേഷി ഉറപ്പാക്കാൻ കഴിവുണ്ടോ എന്ന രണ്ടാം ഘട്ട പരീക്ഷണത്തിന് കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടി വരും. രോഗത്തിനെ പൂർണമായും തടയാൻ കഴിയുമോ എന്ന അന്തിമഘട്ട പരീക്ഷണം പതിനായിരക്കണക്കിനാളുകളിൽ നടത്തേണ്ടിവരും അതിനാകട്ടെ നാലഞ്ചു മാസമെങ്കിലും വേണ്ടതാണ്. ഇതെല്ലാ ലംഘിച്ച് ഉന്നതതലത്തിലുള്ളവരെ തൃപ്തിപ്പെടുത്താൻ ധൃതിപിടിച്ച് വാക്‌സിൻ മാർക്കറ്റ് ചെയ്യാനാ‍ണ് ഐസിഎംആർ ശ്രമിക്കുന്നത്. മാത്രമല്ല ക്ലിനിക്കൽ പരീക്ഷണത്തിനായി തെരഞ്ഞെടുത്തിട്ടുള്ള പല ആശുപത്രികൾക്കും അതിനുള്ള ശേഷിയില്ലെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.


 

ശാസ്ത്രസമൂഹം പ്രതിഷേധത്തിൽ
സംസ്ഥാനങ്ങളിൽനിന്ന്‌  ഔഷധ ഗവേഷണത്തിനും മറ്റുമായി ലഭിക്കുന്ന അപേക്ഷകളിൽ തീരുമാനമെടുക്കാൻ കുറ്റകരമായ അനാസ്ഥകാട്ടുന്ന സ്ഥാപനമാണ് ഐസിഎംആർ എന്നുകൂടി ചൂണ്ടിക്കാട്ടേണ്ടതുണ്ട്. സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാംഘട്ട ക്ലിനിക്കൽ ട്രയലിനുള്ള അനുമതി ഐസിഎംആർ വൈകിച്ചുവെന്ന ആരോപണവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

അംഗീകൃത മാനദണ്ഡങ്ങൾ അനുസരിച്ച് ക്ലിനിക്കൽ ട്രയൽ നടത്തുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ എടുക്കേണ്ടത് ആശുപത്രികളിലെ നൈതിക കമ്മിറ്റികളാണ് (ഇന്റർനാഷനൽ എത്തിക്‌സ്‌ കമ്മിറ്റി). ഗവേഷണ മാനദണ്ഡങ്ങളും പെരുമാറ്റച്ചട്ടങ്ങളും തയ്യാറാക്കുകയും അവ നടപ്പിലാക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ട സമിതി കൂടിയാണ് ഐസിഎംആർ. അവർ തന്നെ എല്ലാ മരുന്നുപരീക്ഷണ കരുതൽ നടപടികളും ലംഘിക്കാൻ നിർബന്ധിക്കുന്ന തരത്തിൽ ഇങ്ങനെയൊരു നിർദേശം നൽകിയതിനെതിരെ രാജ്യത്തെ ശാസ്ത്രസമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിച്ചിരിക്കുകയാണ്. റഫറി തന്നെ ഫൗൾ ചെയ്യാൻ കളിക്കാരെ നിർബന്ധിക്കുന്നതിന് തുല്യമാണ്‌ ഐസിഎംആർ നിർദേശം. 

വാക്‌സിൻ  പരീക്ഷണത്തിലെ അപാകത ചൂണ്ടിക്കാട്ടുന്നവരെ രാജ്യദ്രോഹികൾ എന്നും വിശേഷിപ്പിക്കാൻ സാധ്യതയുണ്ട്. ഭാഗ്യത്തിന്‌ സർക്കാരിനെ പിന്തുണയ്‌ക്കുന്ന മാധ്യമങ്ങൾ പോലും ഐസിഎംആറിന്റെ വൈദ്യശാസ്‌ത്ര ധാർമികതയ്‌ക്കും ഔഷധപരീക്ഷണ പെരുമാറ്റച്ചട്ടങ്ങൾക്കും എതിരായ നിലപാടിനെ അപലപിച്ച സാഹചര്യത്തിൽ  അങ്ങനെ സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കാം. എങ്കിലും വിമർശകർ  ചൂണ്ടിക്കാട്ടിയ  വസ്‌തുതകൾ നിഷേധിച്ച്  സ്വയം നീതീകരിച്ച്  ഐസിഎംആർ പ്രസ്‌താവനയുമായി രംഗത്തെത്തിയിരിക്കുന്ന  സാഹചര്യത്തിൽ ഒരു ‘ദേശീയ’ തട്ടിക്കൂട്ട്‌ വാക്‌സിൻ   പ്രഖ്യാപിക്കപ്പെടുമെന്ന്  ഭയപ്പെടേണ്ടിയിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top