25 April Thursday

ഭീതിവേണ്ട, 
കരുതലാണ് പ്രധാനം

ഡോ. എസ് എസ് സന്തോഷ് കുമാർUpdated: Monday Aug 2, 2021

കോവിഡിന് ഒരു മൂന്നാംതരംഗം ഉണ്ടാകുമോ? നാളുകളായി എല്ലാവരുടെയും ആശങ്കയാണ് ഈ ചോദ്യം. ഉണ്ടാകും എന്നുതന്നെയാണ് ഉത്തരം. പക്ഷേ, ഒന്നും രണ്ടും തരംഗത്തിലേതുപോലെ വലിയ ഭീതിയുടെ ആവശ്യമുണ്ടാകില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം. രണ്ടാംതരംഗത്തിൽനിന്ന് പൂർണമായും മോചനം ഉണ്ടാകാത്ത സാഹചര്യത്തിലും ഡെൽറ്റ പ്ലസ് വൈറസിനെപ്പറ്റിയുള്ള ധാരണകളുടെ അടിസ്ഥാനത്തിലും മൂന്നാംതരംഗം പ്രശ്ന കാരണമായേക്കാമെന്നായിരുന്നു കരുതിയിരുന്നത്‌. എങ്കിലും വ്യാപകമായി നടന്ന വാക്സിനേഷനുൾപ്പെടെയുള്ള കാര്യങ്ങൾ ആശങ്കയുടെ മുൾമുനയിൽനിന്ന് നമ്മെ മോചിപ്പിച്ചിരിക്കുന്നുവെന്നതാണ് വാസ്തവം. കഴിഞ്ഞ വെള്ളിയാഴ്ചമാത്രം കേരളത്തിൽ അഞ്ചുലക്ഷത്തോളം പേർക്ക് വാക്സിൻ നൽകി. ആവശ്യത്തിന് വാക്സിൻ ലഭ്യമായാൽ ഒരു മാസംകൊണ്ട് ഒരുകോടിയിലേറെപ്പേർക്ക് നൽകാനുള്ള സംവിധാനം കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. 

ഒരു ഡോസെങ്കിലും ലഭിച്ചവരുടെ എണ്ണം കേരളത്തിലിപ്പോൾ ഒന്നരക്കോടിക്കടുത്താണ്. അറുപതു ലക്ഷത്തോളം പേർക്ക് രണ്ടു ഡോസ് ലഭിച്ചു. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ രണ്ടുകോടിയിലേറെപ്പേർക്ക് വാക്സിൻ ലഭിച്ചു. രണ്ടാംതരംഗത്തിൽ രോഗം വന്നുപോയവരിലും പ്രതിരോധശേഷി നിലനിൽക്കുന്നുണ്ട്. അതുകൂടി പരിഗണിക്കുമ്പോൾ ഏകദേശം രണ്ടരക്കോടി പേർ സംരക്ഷണവലയത്തിലാണ്‌. ആവശ്യത്തിന്‌ വാക്സിൻ ലഭിച്ചാൽ സെപ്‌തംബർ പകുതിയാകുമ്പോഴേക്കും കേരളത്തിലെല്ലാവർക്കും ഒരു ഡോസ് വാക്സിനെങ്കിലും നൽകാനാകും. പ്രതിദിനം ഇരുപതിനായിരത്തിലേറെ കോവിഡ് കേസ്‌ ഇപ്പോഴുണ്ടാകുന്നുണ്ട്. രോഗസ്ഥിരീകരണ നിരക്കും 12 ശതമാനത്തിനടുത്താണ്. ഒന്നര ലക്ഷത്തിലേറെപ്പേർ ഒരുദിവസം രോഗബാധിതരായുണ്ട്. അതേസമയം, ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഴിഞ്ഞ വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് 350ൽ താഴെമാത്രം കോവിഡ് രോഗികളാണുള്ളത്. രണ്ടു മാസംമുമ്പ്‌ ഇത് ആയിരംവരെ ഉയർന്നു. ഐസിയുകളിൽ 40 ശതമാനത്തോളം മാത്രമേ രോഗികളുള്ളൂ. വെന്റിലേറ്ററുകളുടെ സ്ഥിതിയും ഇങ്ങനെതന്നെ. രണ്ടാംതരംഗത്തിന്റെ തുടക്കത്തിൽ പ്രതിദിനം 20,000 രോഗികളുണ്ടായിരുന്നപ്പോൾ ആശുപത്രികളൊക്കെ ഏകദേശം നിറഞ്ഞു. ഇപ്പോൾ വീട്ടിൽത്തന്നെ ചികിൽസയിലിരിക്കാവുന്നത്ര ലഘുവായ പ്രശ്നങ്ങളേ രോഗം ഉണ്ടാക്കുന്നുള്ളൂ. വാക്സിനേഷൻതന്നെയാണ് ഇതിന്റെ പ്രധാന കാരണം. മരണനിരക്ക് കൂടുന്നത് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം കൂടുകയും അവരെ ഉൾക്കൊള്ളാനുള്ള ശേഷി ആശുപത്രികൾക്ക് ഇല്ലാതെ വരികയും ചെയ്യുമ്പോഴാണ്. ഇപ്പോഴത്തെ അവസ്ഥയിൽ ഇതു രണ്ടും ഉണ്ടാകുന്നില്ല. ഒരു മാസത്തിലേറെയായി രോഗസ്ഥിരീകരണ നിരക്ക് പത്തുശതമാനത്തിനു മുകളിൽ ത്തന്നെ നിന്നിട്ടും സ്ഥിതി ഗുരുതരമായിട്ടില്ല.

രോഗസ്ഥിരീകരണ നിരക്കിനെ അടിസ്ഥാനമാക്കിമാത്രം നടപ്പാക്കുന്ന നിയന്ത്രണങ്ങളിൽ ഇനി ഇളവനുവദിക്കുന്നതിൽ തെറ്റില്ല. പ്രാദേശികമായി കണക്കാക്കുമ്പോൾ ടിപിആറിന് വലിയ പ്രാതിനിധ്യസ്വഭാവം ലഭിക്കണമെന്നില്ല. ഒരിടത്തെ പരിശോധനകളുടെ എണ്ണത്തിന് ആനുപാതികമായിരിക്കണമെന്നില്ല മറ്റൊരിടത്തെ പരിശോധനകളുടെ എണ്ണം. എന്നാൽ, മൈക്രോ കണ്ടെയ്ൻമെന്റ് എടുക്കാൻ ടിപിആർപോലെ ഒരു സൂചകം അത്യാവശ്യവുമാണ്. ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ള രോഗികളുടെ വാർഡുതല എണ്ണംകൂടി പരിഗണിച്ച് നിയന്ത്രണങ്ങളിൽ തീരുമാനമെടുക്കാം. ഇപ്പോഴത്തെ സാഹചര്യത്തിൽ വ്യാപാരസ്ഥാപനങ്ങളുടെയും യാത്രാ വാഹനങ്ങളുടെയുമൊക്കെ കാര്യത്തിൽ ഇളവുകളിലേക്കു പോകുന്നതിൽ തെറ്റില്ല. കടകൾക്കുള്ളിലേക്കു കയറുന്നവരുടെ എണ്ണം നിയന്ത്രിച്ച് തിരക്ക്‌ കുറയ്ക്കാവുന്നതാണ്. ഐസിഎംആറിന്റെയും കേന്ദ്രസർക്കാരിന്റെയും നിർദേശപ്രകാരം ടിപിആർ അടിസ്ഥാനമാക്കി നിയന്ത്രണം തുടരേണ്ടിവരുന്നു. ചർച്ചകളിലൂടെ ഇളവുകളനുവദിക്കുന്ന കാര്യം പരിഗണിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ആറാഴ്ചയ്‌ക്കിടയിലാണ് മാറ്റങ്ങളുണ്ടായതെന്ന കാര്യം പ്രത്യേകം പരിഗണിക്കണം.


 

ടിപിആർ കണക്കാക്കുന്നതിലും ചില പോരായ്മകളുണ്ട്. രോഗമുണ്ടാകാൻ സാധ്യതയുള്ളവരിൽ പരിശോധന കൂടുതലായി നടത്തിയാൽമാത്രമേ രോഗവ്യാപനം നിയന്ത്രിക്കാൻ സാധിക്കൂ. നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആശുപത്രികളിലെ രോഗികളുടെ എണ്ണം പരിഗണിക്കുന്നതുൾപ്പെടെ മറ്റൊരു രീതികൂടി സ്വീകരിക്കുന്നത് ഉചിതമായിരിക്കും. രണ്ടാംതരംഗം വലിയൊരു അനുഭവ കാലമായിരുന്നു. ആരോഗ്യരംഗത്തെ ശേഷിയുടെ അങ്ങേയറ്റത്തുവരെ നാമെത്തി. സർക്കാർമേഖലയിൽ ബെഡുകളും ഐസിയുവും വെന്റിലേറ്ററുകളുമെല്ലാം നിറഞ്ഞു. അതോടെ സ്വകാര്യമേഖലയെ ആശ്രയിക്കാൻ തുടങ്ങി. ചില ജില്ലകളിലെങ്കിലും ബെഡുകൾ അന്വേഷിച്ച് അലയേണ്ട അവസ്ഥയും ഉണ്ടായി. ഒന്നോ രണ്ടോ ആഴ്ചകൂടി അങ്ങനെ മുന്നോട്ടു പോയിരുന്നെങ്കിൽ മരണനിരക്കുൾപ്പെടെ അതിഭീമമായി ഉയരുമായിരുന്നു. ഒന്നാംതരംഗം കഴിഞ്ഞ് ജനങ്ങൾ അൽപ്പം ഉദാസീനരായെന്നതായിരുന്നു പ്രധാനമായും സംഭവിച്ച പിഴവ്. ആളുകൾ ഒരുമിച്ചു കൂടുന്നതുൾപ്പെടെ വർധിച്ചു. ജീവിതം പഴയതുപോലെയായെന്ന ചിന്തയിലാണ് കാര്യങ്ങൾ മുന്നോട്ടു നീങ്ങിയത്. മാസ്ക് ഉപയോഗമൊക്കെ പാലിച്ചെങ്കിലും സാമൂഹ്യ അകലത്തിന്റെ കാര്യത്തിൽ ഉദാസീനത ഉണ്ടായി.

രണ്ടാംതരംഗത്തിൽ സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടിവന്നെങ്കിലും ഏറ്റവുമധികം രോഗികളെ പരിചരിച്ചതും ചികിൽസ ലഭ്യമാക്കിയതും സർക്കാർ മേഖലയിലായിരുന്നു. ഈ സമയത്ത് സർക്കാർമേഖലയിൽ വലിയതോതിൽ ശേഷി വർധിപ്പിക്കൽ നടന്നു. ബെഡുകളുടെ എണ്ണം കൂട്ടി. ഐസിയു, വെന്റിലേറ്റർ, ഓക്സിജൻവിതരണ ശൃംഖല ഉൾപ്പെടെ എല്ലാകാര്യത്തിലും വലിയ മാറ്റം വന്നു. എന്നിട്ടും ശേഷിയുടെ അങ്ങേയറ്റത്തുവരെ നാമെത്തി. ഓക്സിജൻ കോൺസൻട്രേറ്ററുകളും മറ്റും ധാരാളമായി ഉപയോഗിക്കേണ്ടിവന്നു. എല്ലാ മാർഗവും ഉപയോഗിച്ചാണ് ഓക്സിജന്റെ കാര്യത്തിൽ കൃത്യമായ വിതരണം സാധ്യമാക്കിയതും പ്രതിസന്ധിയെ മറികടന്നതും. മൂന്നാംതരംഗം ഭീദിതമല്ലെങ്കിലും ഈ അനുഭവം നമുക്കു മുന്നിലുണ്ടാകണം.

സാമൂഹ്യ അകലം പാലിക്കാനാകാത്ത വിധത്തിൽ ആളുകൾ കൂടിച്ചേരുന്നതാണ് രോഗവ്യാപനത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന്. ജനിതകമാറ്റം വന്ന വൈറസിന്റെ ഏറ്റവും വലിയ സവിശേഷതയും ഇതുതന്നെയാണ്. വീടുകളിൽ ഒരാൾക്ക് രോഗം വന്നാൽ മറ്റുള്ളവർക്കും പെട്ടെന്ന് കിട്ടും. അതുകൊണ്ടുതന്നെ കൂട്ടംചേരലുകൾ കുറയ്ക്കാനുള്ള സോഷ്യൽ എൻജിനിയറിങ്‌ പരമപ്രധാനമാണ്. വീടിനു പുറത്തേക്കു പോകേണ്ട ആവശ്യങ്ങളെപ്പറ്റി ആലോചിച്ച് ചിലത്‌ ഒഴിവാക്കണം. വാക്സിനേഷൻ 80 ശതമാനമെത്തുന്നതുവരെ ഉൽസവം, വിവാഹം, മരണം തുടങ്ങി എല്ലാ ചടങ്ങിലും ആൾക്കൂട്ട നിയന്ത്രണം വേണം. രണ്ടാംതരംഗത്തിന്റെ അതിഭീകരമായേക്കാമായിരുന്ന ദുരന്തത്തിൽനിന്ന് കഷ്ടിച്ചാണ് നാം രക്ഷപ്പെട്ടതെന്ന ഓർമ മനസ്സിലുണ്ടാകണം.

പ്രതിദിനം അഞ്ചുലക്ഷം പേർക്ക് വാക്സിൻ നൽകാനുള്ള സംവിധാനം കേരളത്തിലുണ്ട്‌. അതിനനുസരിച്ച് വാക്സിൻ ലഭ്യമാകുന്നില്ലെന്നതാണ് പ്രധാന പ്രതിസന്ധി. ഇന്ത്യയിൽ രണ്ട് സ്വകാര്യ കമ്പനിയാണ് വാക്സിൻ ഉൽപ്പാദിപ്പിക്കുന്നത്. ഭാരത് ബയോടെക്കിൽ നാലുകോടിയും സിറത്തിൽ പത്തുകോടിയും ഉൾപ്പെടെ ഒരുമാസം പതിനാലുകോടി ഡോസാണ് ഉൽപ്പാദിപ്പിക്കുന്നത്. ഇപ്പോൾ സ്പുട്നിക്കിന്റെ ഉൽപ്പാദനം റെഡ്ഡീസ് ലാബിൽ നടക്കുന്നുണ്ട്. അത് സ്വകാര്യ ആശുപത്രികൾവഴി ലഭ്യമായിത്തുടങ്ങി. വാക്സിനേഷൻ എൺപതുശതമാനം ആളുകളിലേക്കെങ്കിലും എത്തുംവരെ രണ്ടാം തരംഗകാലത്ത് അവലംബിച്ച വ്യക്തിഗത പ്രതിരോധ മാർഗങ്ങളൊക്കെ തുടരുകതന്നെയാണ് ഉചിതം. ഒന്നു മനസ്സുവച്ചാൽ, സാഹചര്യം അനുകൂലമായാൽ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ കോവിഡിന്റെ പൂട്ട് ഏറെക്കുറെ അഴിക്കാനാകുമെന്നർഥം.

(തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ ഡെപ്യൂട്ടി സൂപ്രണ്ടാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top