23 May Monday

രോഗാതുരം ആരോഗ്യമേഖല ; രാജ്യത്ത്‌ മൂന്നാം തരംഗം

ടി ചന്ദ്രമോഹൻUpdated: Monday Jan 10, 2022

പ്രാണവായു ലഭിക്കാതെ  മരിച്ചുവീഴുന്ന കോവിഡ്‌ രോഗികൾ, ഒരു ആശുപത്രി കിടക്കയ്‌ക്കായി അത്യാസന്ന നിലയിലുള്ള രോഗികളുമായി ആശുപത്രികൾ തോറും കയറിയിറങ്ങുന്ന ബന്ധുക്കൾ, ഡോക്‌ടറും മറ്റ്‌ ജീവനക്കാരും അടിസ്ഥാനസൗകര്യവുമില്ലാത്ത സർക്കാർ ആശുപത്രികൾ, കോവിഡ്‌ ബാധിച്ച്‌  മരിച്ചവരുടെ മൃതദേഹങ്ങൾ നദികളിലേക്ക്‌ തള്ളുന്ന ദയനീയ കാഴ്‌ചകൾ... കോവിഡ്‌ രണ്ടാംതരംഗം രൂക്ഷമായ 2021 ഏപ്രിൽ, മെയ്‌ മാസങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സ്ഥിതി ഇതായിരുന്നു.  കോവിഡ്‌ മൂന്നാംതരംഗത്തിന്‌ തുടക്കമിടുമ്പോഴും കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളൊഴികെ  രാജ്യത്തെ ആരോഗ്യമേഖല രോഗാതുരമാണ്‌. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആവശ്യമായ  ജീവനക്കാരെ നിയമിക്കുന്നില്ല. രണ്ടാംതരംഗം നേരിടുന്നതിൽ പൂർണമായും പരാജയപ്പെട്ട കേന്ദ്രസർക്കാർ 2021 ജൂലൈ എട്ടിന്‌ ആരോഗ്യമേഖലയിൽ പ്രത്യേക പാക്കേജ്‌  പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും  മൂന്നാം തരംഗത്തെ നേരിടുന്നതിനുമെന്ന പേരിൽ 25,000 കോടിയുടെ പാക്കേജാണ്‌ പ്രഖ്യാപിച്ചത്‌. ആറ്‌ മാസം പിന്നിടുമ്പോൾ പല സംസ്ഥാനത്തും ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നുണ്ടെങ്കിലും മറ്റ്‌ അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമായിട്ടില്ല.

ഒന്നാം പാക്കേജ്‌ പോലെതന്നെ കോവിഡ്‌  രണ്ടാം പാക്കേജിലും  മനുഷ്യവിഭവശേഷിയുടെ ആവശ്യകതയെയും ലഭ്യതയെയും പാടേ  അവഗണിച്ചിരുന്നു. ആശുപത്രികളിൽ കിടക്കകൾ വർധിപ്പിക്കൽ, ഓക്സിജന്റെ ലഭ്യതയും വിതരണവും മെച്ചപ്പെടുത്തൽ, അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ അവശ്യമരുന്നുകളുടെ ശേഖരണം, ഐസിയുവിൽ ഉൾപ്പെടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുക, കുട്ടികൾക്കായി കൂടുതൽ കിടക്കകൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാനാണ്‌ രണ്ടാംപാക്കേജിലൂടെ ലക്ഷ്യമിട്ടത്‌. ഡോക്ടർമാർ, നഴ്‌സുമാർ ഉൾപ്പെടെ മനുഷ്യവിഭവശേഷിയുടെ ലഭ്യത മെച്ചപ്പെടുത്തുന്നതിൽ പാക്കേജിൽ ഒരു പരാമർശവുമുണ്ടായിരുന്നില്ല. രാജ്യത്തെ ആരോഗ്യമേഖല നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ആവശ്യത്തിന്‌ ഡോക്ടർമാരും മറ്റ്‌ ജീവനക്കാരും ഇല്ല എന്നതാണ്‌.

കോവിഡിനുമുമ്പുതന്നെ,  സർക്കാർ ഔദ്യോഗികമായി പുറത്തിറക്കിയ ഗ്രാമീണമേഖലയിലെ ആരോഗ്യ സ്ഥിതിവിവരക്കണക്കുകളിലും ദേശീയ ആരോഗ്യ രൂപരേഖാ റിപ്പോർട്ടിലും  സർക്കാർ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ജീവനക്കാരുടെ നിരവധി ഒഴിവുകൾ ഉണ്ടെന്ന്‌ വ്യക്തമാക്കിയിരുന്നു. മെഡിക്കൽ ഓഫീസർമാർ, സ്പെഷ്യലിസ്റ്റ് ഡോക്ടർമാർമുതൽ നഴ്സുമാർ, ലബോറട്ടറി ടെക്‌നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ, റേഡിയോഗ്രാഫർമാർ ഉൾപ്പെട്ട ജീവനക്കാരുടെ ശൃംഖലയിൽ 30മുതൽ 80 ശതമാനംവരെ  ഒഴിവുണ്ട്‌.  ആരോഗ്യ സൂചികയുടെ കാര്യത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലാണ്‌ ഏറ്റവും കൂടുതൽ ഒഴിവുകൾ. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള എയിംസ്‌ ഉൾപ്പെടെയുള്ള ഉന്നത ആരോഗ്യ സ്ഥാപനങ്ങളിൽ ആയിരക്കണക്കിന്‌ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഒഴിവുണ്ട്‌.  ദേശീയ ഗ്രാമീണ ആരോഗ്യമിഷനുള്ള കേന്ദ്രവിഹിതം വെട്ടിക്കുറച്ചതോടെ സംസ്ഥാനങ്ങൾക്ക്‌ താൽക്കാലികാടിസ്ഥാനത്തിലും  ജീവനക്കാരെ നിയമിക്കാനാകുന്നില്ല.


 

അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ വലിയ കുറവുണ്ടെന്ന്‌  കേന്ദ്രസർക്കാർ തിരിച്ചറിഞ്ഞെങ്കിലും ആരോഗ്യപ്രവർത്തകരുടെ കുറവ് ഗൗരവമായി ചർച്ച ചെയ്യപ്പെട്ടിട്ടില്ല.  ആധുനിക ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പരിശീലനം ലഭിച്ച ജീവനക്കാരും പരിചരിക്കാൻ ആവശ്യത്തിന്‌ നഴ്‌സുമാരും ഡോക്ടർമാരും ഇല്ലെങ്കിൽ തീവ്രപരിചരണ വിഭാഗത്തിൽ കിടക്കയോ വെന്റിലേറ്ററോ സ്ഥാപിച്ചാൽ രോഗികൾക്ക്‌  പ്രയോജനമില്ല. അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനൊപ്പം കോവിഡ്‌ മൂന്നാംതരംഗത്തെ നേരിടാൻ എല്ലാ തലത്തിലുമുള്ള ആരോഗ്യ ജീവനക്കാരുടെ ഒഴിവുകൾ നികത്താൻ പ്രത്യേക പദ്ധതി അടിയന്തരമായി നടപ്പാക്കേണ്ടതുണ്ട്‌. ആരോഗ്യമേഖലയിൽ സുസ്ഥിരമായ സേവനം ഉറപ്പുവരുത്താൻ ഇത്‌ അനിവാര്യമാണ്‌.  ഇതിനാവശ്യമായ ഫണ്ട്‌ സംസ്ഥാനങ്ങൾക്ക്‌ കേന്ദ്രസർക്കാർ ലഭ്യമാക്കുകയാണ്‌ വേണ്ടത്‌.  താൽ‌ക്കാലിക നടപടികളിലൂടെയോ ചെറിയ പാക്കേജുകളിലൂടെയോ ആരോഗ്യമേഖലയെ മെച്ചപ്പെടുത്താനാകില്ലെന്നതാണ്‌ ഇതുവരെയുള്ള അനുഭവം വ്യക്തമാക്കുന്നത്‌.  അടിസ്ഥാനപരമായി നയംമാറ്റുകയാണ്‌ വേണ്ടത്‌.

അടിസ്ഥാന സൗകര്യവികസനങ്ങളിലൂടെമാത്രം ആരോഗ്യസേവനങ്ങൾ മെച്ചപ്പെടുത്താമെന്നത്‌ തെറ്റിദ്ധാരണയാണ്‌. 1980കളുടെ മധ്യത്തിൽ രാജ്യത്തുടനീളം നിരവധി സർക്കാർ ആശുപത്രികളുടെ അടിസ്ഥാനസൗകര്യം ഒരുക്കാൻ വിദേശസഹായത്തോടെ പദ്ധതി നടപ്പാക്കിയതിന്‌ സമാനമാണ്‌ മഹാമാരി വ്യാപിക്കുമ്പോഴും കാര്യങ്ങളുടെ നടത്തിപ്പ്‌. അന്ന്‌ നിർമിച്ച കെട്ടിടങ്ങൾ, കുറ്റമറ്റ ലിനോലിയം തറകൾ, ഇറക്കുമതി ചെയ്ത അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ, ശിശു റേഡിയന്റ്‌ വാമറുകൾ, ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥർക്ക്‌ വിദേശനിർമിത കാറും ജീപ്പും തുടങ്ങിയവ ഒരുക്കി.

അടിസ്ഥാന സൗകര്യം ഒരുക്കിയെങ്കിലും ജനങ്ങൾക്ക്‌ ചികിത്സ ഉറപ്പുവരുത്താൻ ആവശ്യത്തിന്‌ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ്‌ പാരാമെഡിക്കൽ ജീവനക്കാർ എന്നിവരെ നിയമിച്ചില്ല.  അടിസ്ഥാനസൗകര്യങ്ങളുള്ള ആശുപത്രികളെപ്പോലും  രോഗികൾ കൈയൊഴിഞ്ഞതോടെ ആധുനിക ഉപകരണങ്ങൾ സ്റ്റോർ റൂമുകളിൽ  വിശ്രമിച്ചു. ഇത്തരത്തിൽ  നവീകരിച്ച അടിസ്ഥാനസൗകര്യങ്ങളിൽ ഭൂരിഭാഗവും പാവപ്പെട്ടവരുടെ ചികിത്സാആവശ്യം നിറവേറ്റുന്നതിൽ പരാജയപ്പെട്ടു. അടിസ്ഥാന സൗകര്യവികസനം ഒരുക്കുന്നതോടൊപ്പം ഡോക്‌ടർമാർ, നഴ്സുമാർ തുടങ്ങി ആവശ്യമായ മനുഷ്യവിഭവശേഷി ഉറപ്പുവരുത്താത്തതായിരുന്നു ഇതിന്റെ കാരണം.  നാല് പതിറ്റാണ്ടിനുശേഷവും ഇതേ തെറ്റ് ആവർത്തിക്കുകയാണ്‌ കേന്ദ്രസർക്കാർ. ഈ അടിസ്ഥാനപ്രശ്‌നം അഭിമുഖീകരിക്കാൻ കേന്ദ്രസർക്കാർ ഇപ്പോഴും തയ്യാറായിട്ടില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top