26 April Friday

വ്യക്തിയും സമൂഹവും - പി രാജീവ്‌ എഴുതുന്നു

പി രാജീവ്‌Updated: Thursday Apr 16, 2020

കഴിഞ്ഞ ദിവസം ‘ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ്‌’ പത്രത്തിൽ അതിന്റെ എഡിറ്റർ ജി എസ്‌ വാസു എഴുതിയ ലേഖനം പല കാരണങ്ങളാൽ ശ്രദ്ധേയമാണ്‌. ഉദാരവൽക്കരണനയങ്ങളുടെ അപകടകരമായ ഫലം തുറന്നുകാണിക്കുന്ന  ലേഖനത്തിനുശേഷം ഒരു കുറ്റസമ്മതമുണ്ട്‌.  ഈ നയങ്ങളെ പിന്തുണച്ചതിൽ താനും മറ്റുള്ളവരെപ്പോലെ കുറ്റവാളിയാണെന്നാണ്‌ അദ്ദേഹം പറയുന്നത്‌. ഈ നയങ്ങളെ ശക്തമായി പിന്തുണച്ച പത്രത്തിന്റെ എഡിറ്ററുടെ ഈ വാക്കുകൾ ഒറ്റപ്പെട്ടതല്ല. അങ്ങനെ തുറന്നുപറഞ്ഞതിൽ അദ്ദഹത്തെ അഭിനന്ദിക്കുകയും ചെയ്യാം.

യഥാർഥത്തിൽ കോവിഡ്‌കാലം പല തിരിച്ചറിവുകൾക്കും വഴിതെളിക്കുന്നുണ്ട്‌. ഏറ്റവും യോഗ്യനായവനുമാത്രം നിലനിൽക്കാൻ കഴിയുന്ന( സർവൈവൽ ഓഫ്‌ ദി ഫിറ്റസ്‌റ്റ്‌) നയം തന്നെയാണ്‌ ആഗോളവൽക്കരണം പിന്തുടർന്നത്‌. 2005ൽ കത്രീന കൊടുങ്കാറ്റ്‌ അമേരിക്കയിൽ വൻ നാശം വിതച്ചപ്പോൾ എന്തുകൊണ്ട്‌ ക്യൂബയിൽ മരണസംഖ്യ പരിമിതമായിയെന്ന ചോദ്യം പല ഗവേഷണ പ്രബന്ധങ്ങൾക്കും വിഷയമായിട്ടുണ്ട്‌. കാസ്‌ട്രോയുടെ നേതൃത്വത്തിൽ സാമൂഹ്യമായ പങ്കാളിത്തത്തോടെ,  അതിവേഗത്തിലാണ്‌ കത്രീന കൊടുങ്കാറ്റ്‌ വീശാൻ ഇടയുണ്ടെന്ന്‌ മുന്നറിയിപ്പ്‌ കിട്ടിയ പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചത്‌. ക്യൂബൻ ജനസംഖ്യയുടെ 20 ശതമാനം വരുന്ന ജനങ്ങളെ ഒഴിപ്പിച്ചപ്പോൾ എൺപതുശതമാനം പേരെയും താമസിപ്പിച്ചത്‌ മറ്റ്‌ ക്യൂബക്കാരുടെ വീടുകളിലാണ്‌. എന്നാൽ,  അമേരിക്കയിലെ ന്യൂ ഓർലൈൻസിൽ 1800ലധികം പേർ മരണപ്പെട്ടു. ആധുനികമായ സാങ്കേതികവിദ്യയിലും  ദുരന്തമാനേജ്‌മെന്റിലും ഏറെ മികവുള്ള ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തിയായ അമേരിക്കയ്‌ക്ക്‌ എന്തുകൊണ്ട്‌ ഇത്ര വലിയ ആഘാതമുണ്ടായി?  ന്യൂഓർലൈൻസിൽ കൊല്ലപ്പെട്ടതിൽ മഹാഭൂരിപക്ഷവും കറുത്ത വംശജരായിരുന്നു. മുന്നറിയിപ്പ്‌ കിട്ടിയപ്പോൾ പണമുള്ളവർ അവരവരുടെ വാഹനങ്ങളിൽ സ്വന്തം ചെലവിൽ അവിടെനിന്ന്‌ രക്ഷപ്പെട്ടു. പണമുള്ളവന്‌ സ്വയം രക്ഷപ്പെടാനുള്ള വിശാലമായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന അതേനയം തന്നെയാണ്‌ കോവിഡ്‌കാലത്ത്‌ അമേരിക്കയെ  അനിയന്ത്രിതമായ അവസ്ഥയിലേക്ക്‌ തള്ളിവിട്ടത്‌.


 

എല്ലാം കമ്പോളം നിശ്‌ചയിക്കുമെന്നതാണ്‌ ആഗോളവൽക്കരണ നയങ്ങളുടെ അടിസ്ഥാനം. സർക്കാർ എല്ലാ കാര്യങ്ങളിലും ഇടപെടേണ്ടതില്ല. ദുർമേദസുകൾ എല്ലാം കളഞ്ഞ മെലിഞ്ഞ സുന്ദരിയാണ്‌ ഈ കാലത്തെ സർക്കാർ. പൊതു ആരോഗ്യസംരക്ഷണം, പൊതുവിദ്യാഭ്യാസം, പൊതുവിതരണം തുടങ്ങിയവയെല്ലാം ഒഴിവാക്കേണ്ട ദുർമേദസ്സുകളാണ്‌.  അതിൽ സമൂഹത്തെയാകെ കാണുന്ന നയങ്ങൾക്ക്‌ ഇടമില്ല. വ്യക്തികളുടെ സാമ്പത്തികമായ കഴിവിന്‌ സേവനങ്ങളെ വിട്ടുകൊടുത്തു.

സ്വകാര്യമേഖലയ്‌ക്ക്‌ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന സംവിധാനം മാത്രമാണ്‌ സർക്കാർ. ആരോഗ്യവും വിദ്യാഭ്യാസവും സമൂഹത്തിനാകെയുള്ള ഉൽപ്പന്നമോ നന്മയോ ആയി ഈ നയങ്ങൾ കാണുന്നില്ല. രണ്ട്‌ ഇംഗ്ലീഷ്‌ വാക്ക്‌ ഇതുസംബന്ധിച്ച രേഖകളിൽ കാണാൻ കഴിയും. പബ്ലിക്‌ ഗുഡ്‌സും പ്രൈവറ്റ്‌ ഗുഡ്‌സും എന്നതാണവ. തൊണ്ണൂറുകൾവരെ ആരോഗ്യസംരക്ഷണത്തെ സമൂഹത്തിനാകെ ഗുണം ചെയ്യുന്ന ഉൽപ്പന്നമായാണ്‌ കണ്ടിരുന്നത്‌. എന്നാൽ, ഉദാരവൽക്കരണകാലത്തേക്ക്‌ വഴിതെളിച്ച രേഖകളിൽ ലോകബാങ്കും ഐഎംഎഫും അത്‌ സ്വകാര്യമായ ഉൽപ്പന്നമാണെന്ന്‌ (പ്രൈവറ്റ്‌ ഗുഡ്‌) പ്രഖ്യാപിച്ചു. പൊതുനന്മയിൽനിന്ന്‌ സ്വകാര്യനന്മയിലേക്ക്‌ അതിനെ ചുരുക്കി. കമ്പോളത്തിന്റെ കഴുത്തറപ്പൻ മത്സരത്തിന്‌ ആരോഗ്യമേഖലയെ വിട്ടുകൊടുത്തു.

മികച്ച ചികിൽസ ധനികർക്കുമാത്രം
അമേരിക്കയിൽ എല്ലാ ആധുനിക ചികിത്സാ സൗകര്യങ്ങളുമുള്ളതുകൊണ്ടല്ലോ പലരും വിദഗ്‌ധ ചികിത്സയ്‌ക്കായി അങ്ങോട്ടുപോകുന്നതെന്ന ചോദ്യം ചിലർ ചോദിക്കാറുണ്ടല്ലോ. അത്‌ പ്രസക്തവുമാണ്‌. വ്യക്തികൾക്കോ അല്ലെങ്കിൽ അവരുടെ അവയവങ്ങൾക്കോ ആവശ്യമായ പരിശോധനകളിലും അത്യാധുനിക ചികിത്സകളിലും അവർ ലോകത്തിനുമുമ്പിൽത്തന്നെയാണ്‌. എന്നാൽ, മഹാമാരികളിലും പ്രകൃതിക്ഷോഭങ്ങളിലും സമൂഹത്തെ ഉൾക്കൊള്ളുന്ന മാനവികമായ കാഴ്‌ച്പ്പാട്‌ അവർക്ക്‌ അന്യമാണ്‌. ‘ഞങ്ങൾ ജനങ്ങളാകെ ചേർന്ന്‌ ആളുകളെ ഒഴിപ്പിച്ചപ്പോൾ നിങ്ങളുടെ അത്യാധുനിക സൗകര്യങ്ങളും സർവശക്തമായ സൈന്യവും എന്ത്‌ ചെയ്യുകയായിരുന്നു’ എന്ന ഫിദലിന്റെ ചോദ്യം ഇന്നും പ്രസക്തമാണ്‌.



 

പ്രാപ്യതയുള്ളവന്‌ പരിശോധനാ സൗകര്യങ്ങളും വെന്റിലേറ്റർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ ഉപകരണങ്ങളും അവിടെ ലഭ്യമാണ്‌. കമ്പോളത്തിൽ ആവശ്യവും വാങ്ങൽ കഴിവുമാണ്‌ പ്രധാനം. അത്‌ വാങ്ങൽശേഷിയില്ലാത്ത  സാധാരണക്കാരനെ കാണുന്നില്ല. ചെലവുകുറഞ്ഞ ഉപകരണങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനല്ല അവർ ശ്രമിക്കുന്നത്‌. ലാഭമാണ്‌ കമ്പോളത്തെ നയിക്കുന്നത്. മുതലാളിത്തത്തിന്‌ വെന്റിലേറ്റർ ജീവൻ രക്ഷാ ഉപകരണമെന്നതിന്‌ അപ്പുറത്ത്‌ ലാഭം ഉണ്ടാക്കേണ്ട ചരക്കുമാത്രമാണ്‌. എപ്പോഴും ആവശ്യമില്ലാത്ത ചരക്ക്‌. ജീവൻ രക്ഷാമരുന്നുകളിൽ അമേരിക്കപോലും ഇന്ത്യയെ ആശ്രയിക്കുന്നതും മരുന്നുൽപ്പാദനത്തിലെ അമേരിക്കയുടെ കഴിവുകേടല്ല. വല്ലപ്പോഴും വരുന്ന പകർച്ചവ്യാധികൾക്കായി മരുന്ന്‌ ഉൽപ്പാദിപ്പിച്ച്‌ സൂക്ഷിക്കുന്നത്‌ മുതലാളിത്തത്തിന്‌ കെട്ടിക്കിടക്കുന്ന ചരക്കുമാത്രമാണ്‌. അതും പേറ്റന്റ്‌ കഴിഞ്ഞ, കുത്തക സാധ്യതയില്ലാത്ത മരുന്നാകുമ്പോൾ പ്രത്യേകിച്ച്‌. ആയിരങ്ങൾ മരിക്കാനിടയുണ്ടോയെന്ന ചോദ്യം രാജാവാക്കിയ കമ്പോളം ഒരിക്കലും ചോദിക്കില്ല. എത്രയാണ്‌ ലാഭം എന്നതുമാത്രമാണ്‌ ചോദ്യം. മനുഷ്യന്റെ കണ്ടുപിടിത്തങ്ങളുടെ ഗുണഫലം സമൂഹത്തിനാകെ ലഭിക്കുക എന്ന ചിന്ത അവർക്ക്‌ പ്രസക്തമല്ല. ചെലവുകുറഞ്ഞ  രോഗപ്രതിരോധത്തിന് മുൻഗണന നൽകാതെ ചെലവേറിയ രോഗചികിത്സയ്‌ക്ക്‌ പ്രാമുഖ്യം നൽകുന്നതും ലാഭചിന്തയുടെ  ഭാഗമാണ്‌.

‘പണം നൽകാൻ കഴിയാത്തതിന്റെ പേരിൽ ഒരാൾക്കുപോലും ആരോഗ്യസംരക്ഷണം നിഷേധിക്കപ്പെടരുത്‌’ എന്ന്‌ പ്രഖ്യാപിച്ച ബോറെ കമ്മിറ്റി റിപ്പോർട്ട്‌ സ്വാതന്ത്ര്യത്തിനുമുമ്പ്‌ അംഗീകരിച്ച രാജ്യമാണ്‌ ഇന്ത്യ. 1946ലെ  ഈ റിപ്പോർട്ടിനുശേഷം സ്വതന്ത്ര ഇന്ത്യയിൽ നിരവധി കമീഷനുകളുണ്ടായി. ‘എല്ലാവർക്കും ആരോഗ്യം’ എന്ന മുദ്രാവാക്യം ഉയർത്തിയ ലോക ആരോഗ്യസംഘടനയുടെ 1978ലെ അൽമാട്ടി സമ്മേളനത്തിന്റെ പ്രഖ്യാപനത്തിൽ ഇന്ത്യയും ഭാഗമായി. ഇത്‌ നടപ്പാക്കുന്നതിൽ സർക്കാരിനാണ്‌ പ്രധാന ഉത്തരവാദിത്തമെന്നും പ്രഖ്യാപിച്ചു. ഇതിന്റെ തുടർച്ചയിൽ 1983ലാണ്‌ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആരോഗ്യനയം പ്രഖ്യാപിക്കുന്നത്‌.  സർക്കാർ മുൻകൈയുള്ള സംവിധാനങ്ങളിലൂടെ രണ്ടായിരമാകുമ്പോഴേക്ക്‌ എല്ലാവർക്കും ആരോഗ്യമെന്ന ലക്ഷ്യം നേടുമെന്ന്‌ പ്രഖ്യാപിച്ചു.

വിലകൊടുത്ത്‌ വാങ്ങേണ്ട ആരോഗ്യം
1990ൽ ലോക ആരോഗ്യ സംഘടന ‘ആരോഗ്യമേഖലയിൽ നിക്ഷേപിക്കുക’ എന്ന പ്രഖ്യാപനത്തോടെ ഉദാരവൽക്കരണത്തിന്റെ രൂപരേഖ പ്രഖ്യാപിച്ചു. സാമൂഹ്യമായ ഉൽപ്പന്നത്തിൽനിന്ന്‌ വിലകൊടുത്ത്‌ വാങ്ങേണ്ട ചരക്കിലേക്ക്‌ ആരോഗ്യസംരക്ഷണം മാറ്റി. സർക്കാർ പിൻവലിയുകയും സ്വകാര്യമൂലധനത്തിന്‌ സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന പുതിയ ഉത്തരവാദിത്തം നിർവഹിക്കുകയും വേണമെന്ന്‌ പ്രഖ്യാപിച്ചു. സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന പ്രചാരവേല ശക്തിപ്പെടുത്തി. സ്വകാര്യമേഖലയുടെ സാധ്യതയെ അത്‌ ഉയർത്തിക്കാട്ടി. കോവിഡ്‌കാലത്ത്‌ ഇത്‌ വിലയിരുത്തുന്നത്‌ കൗതുകരമാണ്‌.

ഇതിന്റെ തുടർച്ചയിൽ 2002ലേയും 2017ലേയും കേന്ദ്ര ആരോഗ്യനയം ഇതിന്റെ പ്രയോഗപരിസരം ഒരുക്കി. ആശുപത്രിയെ വ്യവസായമായി പ്രഖ്യാപിച്ചു. നൂറുശതമാനം വിദേശമൂലധനവും അനുവദിച്ചു. മരുന്നു നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു. പേറ്റന്റ്‌നിയമം മാറ്റിയെഴുതി. സ്വകാര്യമേഖലയ്‌ക്ക്‌ സബ്‌സിഡികൾ നൽകി. ഉദാരമായ വ്യവസ്ഥകളോടെ വായ്‌പ ഉറപ്പാക്കുന്ന നയങ്ങൾ നടപ്പാക്കി. പൊതുആരോഗ്യമേഖലയ്‌ക്കുള്ള വകയിരുത്തൽ പരിമിതമായി. ഇൻഷുറൻസ്‌ സംവിധാനങ്ങൾ സ്വകാര്യമേഖലയെ ശക്തിപ്പെടുത്താനുള്ള ഉപകരണങ്ങളായി. എല്ലാം വിശദീകരിക്കുന്നില്ല.


 

സമൂഹത്തെ ആകെ കാണാത്ത നയം എന്തുമാറ്റമാണ്‌ ഉണ്ടാക്കിയതെന്ന്‌ചിലർ ഇപ്പോൾ തിരിച്ചറിയുന്നു. 2019ലെ ലോകദാരിദ്ര്യ സൂചിക അനുസരിച്ച്‌ 117 രാജ്യങ്ങളിൽ 102–-ാമത്തെ സ്ഥാനമാണ്‌ ഇന്ത്യക്ക്‌. ആറിനും 23 മാസത്തിനുമിടയിൽ പ്രായമുള്ള കുട്ടികളിൽ 9.6 ശതമാനത്തിനുമാത്രമേ ആരോഗ്യമാനദണ്ഡമനുസരിച്ചുള്ള പോഷണഭക്ഷണം ലഭിക്കുന്നുള്ളു. 2019ലെ ഓക്‌ഫോം റിപ്പോർട്ട്‌പ്രകാരം 119 ശതകോടീശ്വരൻമാരുള്ള രാജ്യത്താണ്‌ ഈ സ്ഥിതി. വ്യക്തികൾക്കും കോർപറേറ്റുകൾക്കും സമ്പത്ത്‌ കോരിക്കൊടുക്കുന്ന നയം അസമത്വം ശക്തമാക്കുന്നു. ശതകോടീശ്വരൻമാരുടെ സ്വത്ത്‌ ഇന്ത്യയുടെ ബജറ്റിനേക്കാളും വലുതാണ്‌. തുണിമില്ലിലെ ഉയർന്ന മാനേജർക്ക്‌ ഇപ്പോൾ ലഭിക്കുന്ന ശമ്പളം സാധാരണ തൊഴിലാളിക്ക്‌ കിട്ടണമെങ്കിൽ 941 കൊല്ലം കാത്തിരിക്കേണ്ടിവരും! ഭാരക്കുറവിലും മരണപ്പെടുന്ന ഗർഭിണികളുടെ എണ്ണത്തിലും അപമാനകരമായ സ്ഥാനം തുടരുന്നു. പണമില്ലാത്തതിന്റെ പേരിൽ അഞ്ചിലൊന്ന്‌ ആളുകൾ ചികിത്സ വേണ്ടെന്ന്‌ സ്വയം തീരുമാനിക്കുന്നു. രാജ്യത്ത്‌ പതിനാറ്‌ ശതമാനം പ്രൈമറി ഹെൽത്ത്‌സെന്ററുകൾ മാത്രമാണ്‌ ഇന്ത്യൻ നിലവാരത്തിലെങ്കിലുമുള്ളത്‌. ഗുണനിലവാരമുള്ള ആരോഗ്യ പ്രാപ്യതയിൽ ഇന്ത്യയുടെ സ്ഥാനം 145 ആണ്‌. മറുവശത്ത്‌ കോർപറേറ്റ്‌ ആശുപത്രികൾ വ്യാപിക്കുന്നു. മെഡിക്കൽ ടൂറിസത്തിൽ ലോകത്തിൽ അഞ്ചാമത്തെ റാങ്കിലേക്ക്‌ ഇന്ത്യ കുതിച്ചു!  ആരോഗ്യമേഖലയിൽ വർഷത്തിൽ ഒരു പൗരന്‌ സർക്കാർ മുടക്കുന്നത്‌ കേവലം 1112 രൂപയാണ്‌. കോർപറേറ്റ്‌ ആശുപത്രികളിലെ വിദഗ്‌ധഡോക്ടറുടെ ഒരു തവണത്തെ കൺസൾട്ടേഷൻ നിരക്കിനോളംമാത്രം!

എത്രകാലം ഈ വൈരുധ്യം തുടരാൻ കഴിയുമെന്ന ചോദ്യം കോവിഡ്‌കാലം ശക്തമായി ഉന്നയിക്കുകയാണ്‌. കമ്പോളം രാജാവായി തുടരുന്ന, ആരോഗ്യത്തെ ചരക്കായി കാണുന്ന നയങ്ങൾ മാറണമെന്ന കാഴ്‌ചപ്പാട്‌ നയത്തിന്റെ പ്രചാരകരിൽ ചിലർതന്നെ ഇപ്പോൾ പ്രകടിപ്പിക്കുന്നു‌. സമൂഹത്തിനാകെ ഗുണമുണ്ടാകുന്ന നയങ്ങൾക്കായി വിശാല യോജിപ്പോടെ നിലപാട്‌ സ്വീകരിക്കണമെന്ന്‌ കോവിഡ്‌കാലം ആവശ്യപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top