19 May Thursday

മറികടക്കാം മൂന്നാം തരംഗത്തെയും - മുഖ്യമന്ത്രി പിണറായി വിജയൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022

രാജ്യത്ത് ആദ്യത്തെ കോവിഡ് ബാധ സ്ഥിരീകരിച്ചപ്പോൾത്തന്നെ ഉണർന്നു പ്രവർത്തിച്ച സംസ്ഥാനമാണ് കേരളം. ഏറ്റവും ശാസ്ത്രീയമായ കോവിഡ് പ്രതിരോധ നടപടികൾ കൊണ്ടുവരാനും സുസജ്ജമായ ആരോഗ്യസംവിധാനങ്ങളും മറ്റു ക്രമീകരണങ്ങളും ഏർപ്പെടുത്താനും നമുക്കു സാധിച്ചു. കോവിഡ്‌ ലോകവ്യാപകമായി ജീവനെടുക്കുന്ന ഘട്ടത്തിലും ഇവിടെ മരണനിരക്ക് കുറച്ചു നിർത്താനായത് ക്രിയാത്മകമായ ഈ ഇടപെടൽ മൂലമാണ്. കേരളത്തിന്റെ പ്രതിരോധ മികവ് ദേശീയ–-അന്തർദേശീയ തലങ്ങളിൽ പ്രകീർത്തിക്കപ്പെട്ടു. ഈ നേട്ടം കൂട്ടായ പ്രവർത്തനത്തിന്റെകൂടി ഫലമായാണ്.

ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനത്തോടെ നാം മൂന്നാംതരംഗത്തെ നേരിടുകയാണ്. ആദ്യ രണ്ടുഘട്ടത്തിലും സമ്പൂർണ അടച്ചിടലിലേക്ക് സംസ്ഥാനത്തിനു പോകേണ്ടിവന്നു. അന്ന്, പൂർണമായ അടച്ചിടൽ ജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന് നമുക്കറിയാം. അത്തരമൊരു നടപടിയിലേക്കു കടക്കേണ്ട സാഹചര്യം സംജാതമായിട്ടില്ല എന്നത് ആശ്വാസകരമാണ്. സംസ്ഥാനത്ത് 18 വയസ്സിനു മുകളിൽ, ലക്ഷ്യം വച്ച ജനസംഖ്യയുടെ 100 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിനും 83 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിക്കഴിഞ്ഞു എന്നത് മൂന്നാം തരംഗത്തെ ആത്മവിശ്വാസത്തോടെ നേരിടാൻ പ്രാപ്തരാക്കുന്നു. ഇതിനു പുറമേ, കരുതൽ ഡോസിന് അർഹതയുള്ളവരിൽ 33 ശതമാനം (2,91,271) പേർക്കും വാക്‌സിൻ നൽകി. 15നും 17നും ഇടയ്ക്ക് പ്രായമുള്ള 66 ശതമാനം പേർക്കും (10,07,879) ലഭ്യമാക്കി. എല്ലാ വിഭാഗത്തിലുമായി അഞ്ചു കോടിയിലധികം ഡോസാണ് വിതരണം ചെയ്തത്.

വളരെയധികം പേർക്ക് കോവിഡ് വന്നു പോയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഭൂരിപക്ഷം പേരും സമ്മിശ്ര (ഹൈബ്രിഡ്) പ്രതിരോധശേഷി നേടിയിട്ടുണ്ട് എന്നുള്ളത് തീവ്രരോഗബാധയും മരണങ്ങളും കുറയ്ക്കാൻ സഹായകമാകും. അതുകൊണ്ടുതന്നെ ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം ഇത്തവണ കുറവാണ്. ഇനിയും വാക്‌സിൻ സ്വീകരിക്കാത്തവരുണ്ടെങ്കിൽ ഉടൻ തന്നെ എടുക്കേണ്ടതാണ്. വാക്‌സിൻ എടുക്കാത്തവരിലാണ് മരണസംഖ്യ ഉയർന്ന് നിൽക്കുന്നതെന്ന് പഠനത്തിൽ (ഡെത്ത് ഓഡിറ്റിങ്‌) വ്യക്തമായിട്ടുണ്ട്. പുതിയ ജനിതകഭേദമായ ഒമിക്രോൺ രോഗ തീവ്രതയുണ്ടാക്കാത്തത് വാക്‌സിനെടുത്തവരിലാണ്.

ആരോഗ്യവും ജീവനും
 സംരക്ഷിക്കുക
ജനുവരി 20ലെ കണക്ക് അനുസരിച്ച് 1,99,000 സജീവ രോഗികളിൽ 96.9 ശതമാനവും വീട്ടിൽതന്നെ കഴിയുകയാണ്. ലക്ഷണങ്ങളില്ലാത്തതോ ചെറിയ രോഗലക്ഷണങ്ങളോടു കൂടിയതോ ആയവയാണിത്. ആശുപത്രികളിലെത്തുന്നത് 2.7 ശതമാനമാണ്. ഇതിൽ 1.6 ശതമാനം സാധാരണ കിടക്കകളും 0.6 ശതമാനം മാത്രം ഓക്‌സിജൻ കിടക്കകളും ഉപയോഗിക്കുന്നു. 0.4 ശതമാനം പേർ മാത്രമാണ് ഐസിയുവിലുള്ളത്. 0.1 ശതമാനം മാത്രമാണ് വെന്റിലേറ്റർ സേവനം വിനിയോഗിക്കുന്നത്. എന്നാൽ, പുതിയ കേസുകളുടെ വളർച്ചനിരക്കിൽ മുൻആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ വർധനയാണുള്ളത്. രോഗബാധിതരുടെ ആരോഗ്യവും ജീവനും സംരക്ഷിക്കുക എന്നതാണ് ആദ്യഘട്ടം മുതൽ തന്നെ കേരളം സ്വീകരിച്ചു വരുന്ന നയം. പൂർണമായ അടച്ചിടലിലേക്ക് പോകുന്നതിനു പകരം മേഖലാടിസ്ഥാനത്തിലുള്ള നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ തിരിച്ചാണ് നിയന്ത്രണം.


 

രോഗവർധന നിശ്ചയിക്കുന്നതിനും മാനദണ്ഡങ്ങളുണ്ട്. ഒരു ജില്ലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ആദ്യ തീയതിൽ നിന്ന് ഇരട്ടിയാകുകയോ ഐസിയുവിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 50 ശതമാനത്തിൽ കൂടുകയോ ചെയ്താൽ കാറ്റഗറി ഒന്നിൽ കടന്നതായി കണക്കാക്കും. ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം ഒറ്റയടിക്ക് ഇരട്ടിയാകുകയോ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളുടെ 10 ശതമാനം കോവിഡ് രോഗികളായിരിക്കുകയോ ചെയ്യുമ്പോൾ ജില്ല കാറ്റഗറി രണ്ടിൽപ്പെടും. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 25 ശതമാനത്തിൽ കൂടുതൽ ആയാൽ കാറ്റഗറി മൂന്നിൽപ്പെടും.

കാറ്റഗറി ഒന്നിൽ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്കു പങ്കെടുക്കാം. കാറ്റഗറി രണ്ടിൽ ഒരു പൊതുപരിപാടിയും അനുവദിക്കില്ല. മതപരമായ ആരാധനകളും ഓൺലൈനായി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. ഏതെങ്കിലും ജില്ല കാറ്റഗറി മൂന്നിലേക്കു വന്നാൽ അവിടെ കർശന നിയന്ത്രണങ്ങളുണ്ടാകും. പൊതുപരിപാടികൾ ഒന്നും അവിടെ അനുവദിക്കില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കായിരിക്കും അനുമതി. സിനിമാ തിയറ്ററുകൾ, നീന്തൽകുളങ്ങൾ, ജിമ്മുകൾ എന്നിവയും അനുവദിക്കില്ല. അതോടൊപ്പം അടുത്ത ഞായറാഴ്ച കർഫ്യൂ പാലിക്കാനും തയ്യാറാകണം.

സ്വയംപ്രതിരോധം സുപ്രധാനം
സമ്പൂർണ അടച്ചിടൽ ജനങ്ങളുടെ ജീവിതത്തെയും ജീവിതോപാധിയെയും ബാധിക്കും. ജനങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലേക്കു പോകും. കടകൾ അടച്ചിട്ടാൽ വ്യാപാരികളെ ബാധിക്കും. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ശാസ്ത്രീയമായ തന്ത്രമാണ് കേരളം ആവിഷ്‌കരിച്ചിരിക്കുന്നത്. സാമൂഹികമായി ആർജിച്ച രോഗപ്രതിരോധശേഷിയും വാക്‌സിനേഷന്റെ തോതും ആരോഗ്യസംവിധാനങ്ങളുടെ ലഭ്യതയും ഒക്കെ കണക്കിലെടുത്ത് വ്യത്യസ്തമായ സാമൂഹ്യനിയന്ത്രണ രീതികൾ ആണ് നടപ്പാക്കുന്നത്. പലയിടത്തും സാമൂഹ്യജീവിതം പൂർണമായും സ്വതന്ത്രമാക്കുന്നതു വരെ കാണാൻ സാധിച്ചിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചാണ് ഇപ്പോഴത്തെ പ്രതിരോധമാർഗം സ്വീകരിച്ചിരിക്കുന്നത്. സമാനമായ രീതി തന്നെയാണ് ഭാവിയിലും പിന്തുടരുക. അതു വിജയിക്കണമെങ്കിൽ ജനങ്ങളുടെ പൂർണ പിന്തുണ അനിവാര്യമാണ്. മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തരുത്. സാമൂഹ്യ അകലം പാലിക്കാനും ശ്രദ്ധിക്കണം. മുറികളിൽ വായുസഞ്ചാരം ഉറപ്പുവരുത്തണം. അടഞ്ഞ എസി മുറികൾ ഒഴിവാക്കണം.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസം 40 കടന്നിരിക്കുകയാണ്. എന്നാൽ, അതിൽ ഭയപ്പെടേണ്ട കാര്യമില്ല. ആദ്യ രണ്ടു ഘട്ടത്തിലും പരമാവധി ആളുകളെ പരിശോധിക്കാനാണ് ശ്രമിച്ചത്. അതിൽ രോഗലക്ഷണമില്ലാത്തവരും പെടും. അപ്പോൾ ടിപിആറിലെ വർധന ആശങ്ക സൃഷ്ടിച്ചിരുന്നു. പരിശോധനാ രീതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. രോഗലക്ഷണമുള്ളവരെ മാത്രമാണ് പരിശോധിക്കുന്നത്. അതുകൊണ്ട് ടിപിആറിന് പഴയ പ്രസക്തി ഇപ്പോഴില്ല.


 

ഇപ്പോഴത്തെ സ്ഥിതിയിൽ കോവിഡ് ബാധിക്കുന്നവർ വീടുകളിൽതന്നെ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയാകും. രോഗം കടുക്കുന്ന സ്ഥിതിയുണ്ടായാൽ ആശുപത്രി സേവനം തേടണം. മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവരും പ്രായാധിക്യമുള്ളവരും ശ്രദ്ധിക്കണം. പനി നിയന്ത്രണവിധേയമാകാതിരുന്നാലും ഡോക്ടറുടെ അഭിപ്രായം തേടണം. ഗാർഹിക പരിചരണത്തിനും ക്വാറന്റൈനും പുതിയ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. വീടുകളിൽ കഴിയുമ്പോൾ ഓക്സിജന്റെ അളവും ശരീരോഷ്മാവും നിരീക്ഷിക്കണം. കുടുംബാംഗങ്ങളിൽനിന്ന് അകലം പാലിക്കുകയും വായുസഞ്ചാരമുള്ള മുറിയിൽ കഴിയുകയും വേണം. പരിപാലിക്കുന്നവരും രോഗം പകരാതിരിക്കാൻ ശ്രദ്ധിക്കണം. ഇവർ എൻ 95 മാസ്‌കോ ഡബിൾ മാസ്‌കോ ഉപയോഗിക്കണം. ഇ–- സഞ്ജീവനി പോലെയുള്ള ടെലി കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തണം.

വീട്ടിൽ ഏഴു ദിവസം നിരീക്ഷണത്തിൽ കഴിയണം. മൂന്നുദിവസം തുടർച്ചയായി പനിയും മറ്റു ചുമ തുടങ്ങിയ രോഗലക്ഷണങ്ങളും ഇല്ലാതിരുന്നാൽ ഗൃഹനിരീക്ഷണം അവസാനിപ്പിക്കാം. ദിവസവും ആറുമിനിറ്റ് നടത്ത പരിശോധന നടത്തണം. അപായ സൂചനകൾ കണ്ടാൽ ടോൾ ഫ്രീ നമ്പരായ ദിശ 104, 1056 ലോ ആശുപത്രിയിലോ അറിയിക്കണം.

ആരോഗ്യ സംവിധാനങ്ങൾ
 സുസജ്ജം
മൂന്നാം തരംഗം നേരിടുന്നതിനായി ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ, പീഡിയാട്രിക് സൗകര്യങ്ങൾ എന്നിവ വലിയ തോതിൽ വർധിപ്പിച്ചു. 25 ആശുപത്രിയിൽ 194 പുതിയ ഐസിയു യൂണിറ്റ്‌, 19 ആശുപത്രിയിലായി 146 എച്ച്ഡിയു യൂണിറ്റ്‌, 10 ആശുപത്രിയിലായി 36 പീഡിയാട്രിക് ഐസിയു യൂണിറ്റ്‌ എന്നിവ സജ്ജമാക്കി. കുട്ടികൾക്കുള്ള 99 വെന്റിലേറ്റർ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള 66 വെന്റിലേറ്റർ, 100 പീഡിയാട്രിക് അഡൾട്ട് വെന്റിലേറ്റർ, 116 നോൺ ഇൻവേസീവ് വെന്റിലേറ്റർ ഉൾപ്പെടെ ആകെ 381 പുതിയ വെന്റിലേറ്റർ സജ്ജമാക്കി. ഇതുകൂടാതെ 147 ഹൈ ഫ്‌ളോ വെന്റിലേറ്ററിന്റെ വിതരണം പുരോഗമിക്കുന്നു.

മെഡിക്കൽ കോളേജുകളിൽ 239 ഐസിയു, ഹൈ കെയർ കിടക്കകൾ, 222 വെന്റിലേറ്റർ, 85 പീഡിയാട്രിക് ഐസിയു കിടക്ക, 51 പീഡിയാട്രിക് വെന്റിലേറ്റർ, 878 ഓക്‌സിജൻ കിടക്ക, 113 സാധാരണ കിടക്ക എന്നിവ ഉൾപ്പെടെ 1588 കിടക്ക സജ്ജമാക്കി . ലിക്വിഡ് ഓക്‌സിജന്റെ സംഭരണശേഷിയും വർധിപ്പിച്ചു. സർക്കാർ–- സ്വകാര്യ മേഖലകളിലായി 1817.54 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ സംഭരണശേഷിയുണ്ട്.

സ്ഥാപനങ്ങളിലും ഓഫീസുകളിലും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ക്ലസ്റ്റർ മാനേജ്‌മെന്റിനു രൂപം നൽകി. എല്ലാ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഒരു ഇൻഫെക്‌ഷൻ കൺട്രോൾ ടീം (ഐസിടി) രൂപീകരിക്കുകയും തെരഞ്ഞെടുത്ത അംഗങ്ങൾക്ക് പരിശീലനം നൽകുകയും ചെയ്യും. ഉയർന്ന അപകടസാധ്യതയുള്ള എല്ലാ സമ്പർക്കങ്ങളും ഈ സംഘം തിരിച്ചറിഞ്ഞ്‌ ക്വാറന്റൈൻ ചെയ്യിക്കും.

പത്തിലധികം ആളുകൾക്ക് കോവിഡ് ബാധിച്ചാൽ ആ പ്രദേശം ലാർജ് ക്ലസ്റ്ററാകും. അത്തരത്തിൽ അഞ്ച്‌ ക്ലസ്റ്ററിലധികം ഉണ്ടെങ്കിൽ സ്ഥാപനം അല്ലെങ്കിൽ ഓഫീസ് അഞ്ചുദിവസത്തേക്ക് അടച്ചിടാൻ തീരുമാനിക്കാം. സാധ്യമാകുന്നിടത്തെല്ലാം തുറന്ന് പ്രവർത്തിക്കണമെന്നാണ് സർക്കാർ സമീപനം.

കോവിഡ് രോഗപ്രതിരോധം എല്ലാവരും കൈകോർത്ത് നടത്തേണ്ട ഒന്നാണ്. ആരോഗ്യപ്രവർത്തകരും പൊലീസടക്കമുള്ള സേനകളും സന്നദ്ധപ്രവർത്തകരും അവിശ്രമം പ്രവർത്തിക്കുന്നു. സാധാരണജീവിതത്തിനും നാടിന്റെ പുരോഗതിക്കും പരിക്കേൽക്കാതിരിക്കാനുള്ള ജാഗ്രതയാണ് ഈ കൂട്ടായ്മയ്‌ക്ക് അടിസ്ഥാനം. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത്‌. വീടുകളിൽ അടുപ്പ് പുകയേണ്ടതുണ്ട്. പുതിയ കാലത്ത് ഏറ്റെടുക്കാനുള്ള വെല്ലുവിളി പുതിയ തരത്തിലുള്ളതാണെന്നു തിരിച്ചറിഞ്ഞ്‌ എല്ലാവരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അണിചേരുകയും സ്വയംകരുതലുകൾ സ്വീകരിക്കുകയും ചെയ്യണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top